ശ്രീജ രാമന്റെ ഇടതുകൈയ്യക്ഷരങ്ങൾ (സജിത വിവേക്)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 August 2022

ശ്രീജ രാമന്റെ ഇടതുകൈയ്യക്ഷരങ്ങൾ (സജിത വിവേക്)

പുസ്തകം വായിച്ചു കഴിഞ്ഞതിനുശേഷം എഴുത്തുകാരെ കാണാൻ തോന്നിയ നിരവധി അനുഭവങ്ങൾ എനിക്കുണ്ടാവാറുണ്ട്. അവരുടെ എഴുത്തിന്റെ ശക്തിയിൽ ഭ്രമിച്ചു പോവുന്ന അവസ്ഥ. ഈ പുസ്തകം വായിച്ചു തുടങ്ങുമ്പോൾ ഞങ്ങൾ പരസ്പരം കൈകോർത്തു പിടിച്ചു സംസാരിച്ച ആ നിമിഷമാണ് ഓർമയിൽ തെളിഞ്ഞത്. ആ വിരലുകൾക്കുള്ളിലെ മാന്ത്രികതയിൽ വിരിഞ്ഞ പത്തുകഥകളുടെ സമാഹാരം ‘ഇടതുകൈയ്യക്ഷരങ്ങൾ’ ഞാൻ വായിച്ചു തീർന്നപ്പോൾ വായിക്കാൻ വൈകിപോയെന്നൊരു തോന്നലാണ് മനസ്സിലവശേഷിച്ചത്. കണ്ടുമുട്ടലുകൾ യാദൃശ്ചികമായിരുന്നെങ്കിലും നാളെ സാഹിത്യ ലോകത്തിൽ തന്റേതായൊരു ഇടം പിടിക്കുമെന്നുറപ്പുള്ള വലിയൊരു എഴുത്തുകാരിയെ നേരിട്ട് കണ്ട സന്തോഷം ഞാനിപ്പോൾ അനുഭവിക്കുന്നു. ഇനിയും കണ്ടുമുട്ടണമെന്നു ആത്മാർഥമായി ആഗ്രഹിക്കുന്നു.

തൃശ്ശൂർ സ്വദേശിനിയും സ്വതന്ത്രമാധ്യമ പ്രവർത്തകയുമായ ശ്രീമതി ശ്രീജാരാമന്റെ ‘ഇടതുകൈയക്ഷരങ്ങൾ’ എന്ന കഥാസമാഹാരം ജീവിതയാത്രയിൽ നിന്നും അനുഭവങ്ങളിൽ നിന്നും അരിച്ചെടുത്ത കഥകൾ തന്നെയാണെന്ന് നിസംശ്ശയം പറയാം. ഭാഷാശൈലിയിലുള്ള പ്രത്യേകതകളും പുതുമയുള്ള ആവിഷ്ക്കാരവും സ്ത്രീ-പുരുഷ ആത്മസംഘർഷങ്ങളും സമൂഹം നേരിടുന്ന പ്രശ്നങ്ങളെ അക്ഷരങ്ങളുടെ മഴു എറിഞ്ഞു പുതിയൊരു ചിന്താതലത്തിലേക്ക് എത്തിക്കാൻ ധീരതയോടെ നേരിടാൻ പ്രചോദനമാകുന്ന കഥകൾ.

കൈയിലെ പത്തുവിരലുകൾ പോലെ മനോഹരമായ കഥകൾ. ആനച്ചന്തം, ഇടതുകൈയ്യക്ഷരങ്ങൾ . കടലിടുക്കുകൾ, മായ, മേൽവിലാസം., മുഖങ്ങളില്ലാതാവുന്നത്, സിതാര, ഉച്ചാടനം, ഉത്തരത്തിൽ ചതിരിക്കും, വിശപ്പ് എന്നീ കഥകളിലൂടെ വായന പൂർത്തിയായപ്പോൾ ഒരു വാർത്ത എഴുത്തുകാരി മാത്രമാണ് ഞാൻ, അന്നും ഇന്നും ആമുഖത്തിൽ കഥാകാരി പറയുന്നു. അതിൽ ഒന്നുകൂടി കൂട്ടിച്ചേർത്തണം തികഞ്ഞൊരു കഥാകാരിയും കൂടി ആണ്.

വളരെ മികച്ച കഥകൾ വിശപ്പെന്ന കഥ മനുഷ്യന്റെ പലതരം വിശപ്പുകളെ ഓര്മിപ്പിക്കുന്നു. ഒരു സൈക്കോ ത്രില്ലെർ വായനാനുഭവം തന്ന മായ. പഞ്ചാരകൂടിയ ശാരദ ടീച്ചറും പ്രബന്ധ ഭാഷയും മനസ്സിൽ മായാതെ അവശേഷിക്കുന്നു. മേൽവിലാസം നേടുന്നതും നഷ്ടപ്പെടുന്നതും വളരെ വലിയ കാര്യമാണെന്ന് ഓർമിപ്പിക്കുന്ന മേൽവിലാസവും മനസ്സിനെ സ്പർശിക്കുന്നു.

എല്ലാ കഥകളും പുതിയലോകത്തിന്റെ മാറ്റങ്ങളിലും സ്ത്രീകൾ നേരിടേണ്ടിവരുന്ന പലവിധ സാമൂഹ്യ പ്രശ്നങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. മികച്ച കഥകൾ ഉൾപ്പെടുന്ന ഇടതുകൈയ്യക്ഷരങ്ങൾ വായിക്കപ്പെടേണ്ടതുതന്നെയാണ്..

വൈശാഖൻ മാഷിന്റെ അവതാരികയിൽ മഴത്തുള്ളി പബ്ലിക്കേഷൻസിന്റെ മനോഹരമായ ആവിഷ്ക്കാരത്തിൽ ജീവിതയാത്രയിലെ യാഥാർഥ്യങ്ങളെ ഭാവനയിലൂടെ മനോഹരമായ കഥകളാക്കി വായനക്കാരിലെത്തിച്ച ശ്രീമതി ശ്രീജാരാമനും ഹൃദയംനിറഞ്ഞ ആശംസകൾ…ഇനിയും ഈ തൂലികയിൽ നിന്നും അനേകം കഥകൾ പിറവിയെടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു…

ശ്രീജ രാമൻ
സജിത വിവേക്