അന്താരാഷ്‌ട്ര ചലച്ചിത്ര മേള തുടങ്ങി തിരുവനന്തപുരം ഉത്സവത്തിമിർപ്പിൽ (അനിൽ പെണ്ണുക്കര)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

11 December 2022

അന്താരാഷ്‌ട്ര ചലച്ചിത്ര മേള തുടങ്ങി തിരുവനന്തപുരം ഉത്സവത്തിമിർപ്പിൽ (അനിൽ പെണ്ണുക്കര)

അനിൽ പെണ്ണുക്കര
കേരളത്തിന്റെ ഇരുപത്തിയേഴാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് തുടങ്ങി .പതിമൂവായിരത്തിലധികം ഡെലിഗേറ്റുകളും നൂറ്റിയമ്പതോളം സിനിമകളും ഈ മേളയുടെ പ്രത്യേകതയാകുമ്പോൾ തിരുവനന്തപുരം ഉത്സവത്തിമിർപ്പിലാണ്.

സിദ്ധാർത്ഥ ശിവയുടെ yes
“ആൺ” ന്റെ ആദ്യ പ്രദർശനം കലാഭവനിൽ നടന്നു.സജിത മഠത്തിലിന്റെ തിരക്കഥയിൽ ഒരുക്കിയ ഈ സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി .

ഇന്നത്തെ വിശേഷങ്ങളിലൂടെ

നാലാം ദിനത്തിൽ 67 ചിത്രങ്ങൾ
നൻപകൽ നേരത്ത് മയക്കമടക്കം ഒൻപതു മത്സര ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ ഒൻപതു മത്സര ചിത്രങ്ങളടക്കം 67 സിനിമകൾ പ്രദർശിപ്പി ക്കും. ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പലസ്തീൻ ചിത്രം ആലം, ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാർ, ബ്രസീൽ ചിത്രം കോര്‍ഡിയലി യുവേഴ്സ്, മണിപ്പൂരി ചിത്രം ഔർ ഹോം, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം മെമ്മറിലാൻഡ് തുട‌ങ്ങിയവയാണ് തിങ്കളാഴ്ചത്തെ മത്സര ചിത്രങ്ങൾ.

പ്രോസിക്യൂട്ടറുടെ കലുഷിതമായ ജീവിത കഥ പറയുന്ന എമിൻ ആൽഫെർ ചിത്രം ബർണിങ് ഡേയ്സ്, ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ ജോനാസ് ട്രൂ ഏബയുടെ യു ഹാവ് ടു കം ആൻഡ് സീ ഇറ്റ്, എ ലവ് പാക്കേജ്,ബ്ലൂ കഫ്‌താൻ,നൈറ്റ്‌ സൈറൺ ,ഡിയർ സത്യജിത് തുടങ്ങി 24 ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

മെമ്മറിലാൻഡ് ഉൾപ്പടെ ഒൻപതു മത്സര ചിത്രങ്ങൾ 

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത്‌ മയക്കം അടക്കം ഒൻപതു മത്സര ചിത്രങ്ങൾ തിങ്കളാഴ്ച പ്രദർശിപ്പിക്കും.ബ്രസീലിയൻ ചിത്രം കോർഡിയലി യുവേർസ് ,മണിപ്പൂരി ചിത്രം അവർ ഹോം ,വിയറ്റ്‌നാം സംവിധായിക കിം ക്യൂ ബൈ യുടെ മെമ്മറിലാൻഡ്, അമിൽ ശിവ്ജി ചിത്രം ടഗ് ഓഫ് വാർ എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദർശനമാണ് തിങ്കളാഴ്ച നടക്കുക.

പത്ത്‌ വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ സ്വാതന്ത്ര്യനിഷേധമാണ് കോർഡിയലി യുവേഴ്സ്, എന്ന ചിത്രത്തിന്റെ പ്രമേയം .പ്രതിസന്ധികളെ അതിജീവിച്ചു വിദ്യാഭ്യാസം തുടരാൻ ശ്രമിക്കുന്ന ബാലന്റെ ജീവിതമാണ് അവർ ഹോമിന്റെ ഇതിവൃത്തം .കിം ക്യു ബൈയാണ് വിയോഗവും വിലാപങ്ങളും പ്രമേയമായ മെമ്മറിലാൻഡിന്റെ സംവിധായിക.

അറിയിപ്പ് ,ആലം ,ക്ളോണ്ടൈക്,ഹൂപ്പോ എന്നീ ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും തിങ്കളാഴ്ച നടക്കും.

നിത്യ ലളിത- കെ പി എ സി ലളിതയുടെ അഭിനയജീവിതം പ്രകാശിപ്പിച്ചു

അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം കെ പി എ സി ലളിതയുടെ അരനൂറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തെ ആസ്‌പദമാക്കി ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ നിത്യ ലളിത- കെ പി എ സി ലളിതയുടെ അഭിനയജീവിതം എന്ന പുസ്തകം പ്രകാശനം ചെയ്തു.എസ് .ശാരദക്കുട്ടി രചിച്ച പുസ്തകം നടി ചിപ്പി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരന് നൽകിയാണ് പ്രകാശിപ്പിച്ചത്.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി .അജോയ് , കെ പി എ സി ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ,എസ്. ശാരദക്കുട്ടി ,ഭാഗ്യലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി നന്ദിതാ ദാസ്

സിനിമയിലെ സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി പ്രമുഖ ചലച്ചിത്ര പ്രവർത്തക നന്ദിതാ ദാസ്. സിനിമാ രംഗത്ത് കോർപറേറ്റ് ഇടപെടലുകൾ സാധാരണകാര്യമായി മാറിയതായും അവർ പറഞ്ഞു.രാജ്യാന്തര മേളയോടനുബന്ധിച്ച് മീറ്റ് ദി ഡയറക്റ്റേഴ്സിൽ പങ്കെടുക്കുകയായിരുന്നു അവർ.

പ്രേക്ഷകരെ വിവിധ വിഭാഗങ്ങളായി കണ്ടുള്ള സിനിമാ നിർമ്മാണത്തിൽ മാറ്റം വന്നതായി സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു . എല്ലാ സിനിമകളും ഏവർക്കും ആസ്വദിക്കാവുന്നതാണെന്ന് പുതിയകാല ചിത്രങ്ങൾ തെളിയിക്കുന്നതാണ് അദ്ദേഹം പറഞ്ഞു .സെൻസർഷിപ്പിനൊപ്പം സ്പോൺസർഷിപ്പും സിനിമാരംഗത്ത് സജീവമാണെന്ന് സംവിധായകൻ കമൽ കെ എം പറഞ്ഞു.

അസമീസ് സംവിധായകൻ മൊഞ്ജുൾ ബറുവ, നടി ഡോ. ജഹനാര ബീഗം,ഉക്രൈൻ താരം ഓക്‌സാന ചെർകാഷിന, ഹാദി ഖസൻഫാരി, ശ്രീലങ്കൻ സംവിധായകൻ അരുണ ജയവർദ്ധന,മഹേന്ദ്ര പെരേര തുടങ്ങിയവർ പങ്കെടുത്തു. മീര സാഹിബ് മോഡറേറ്ററായിരുന്നു .

ഉപഭോക്തൃ സമീപനം സിനിമയുടെ കലാമൂല്യത്തെ ബാധിക്കുന്നുവെന്ന് ഷാജി എൻ കരുൺ

എന്തിനെയും ലാഭക്കണ്ണുകളോടെ കാണുന്ന സമീപനം സിനിമയുടെ കലാമൂല്യത്തെ ബാധിക്കുന്നതായി ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ.കാലത്തെ അതിജീവിക്കുന്നവയാണ് സിനിമ എന്ന മാധ്യമമെന്നും യഥാർത്ഥ വികാരങ്ങൾ പങ്കുവെയ്ക്കാൻ അതിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര മേളയോടനുബന്ധിച്ച് ഇൻ കോൺവെർസേഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര മേളകൾ കാണികളിൽ സാംസ്കാരിക അവബോധം സൃഷ്ടിക്കാൻ സഹായകരമാണെന്നും മൊബൈൽ ഫോൺ ഉപയോഗിച്ചും സിനിമ എടുക്കാവുന്ന അവസ്ഥയിലേക്ക് കാലം മാറിയത് സിനിമയുടെ വളർച്ചയ്ക്ക് ഉതകുമെന്നും എഴുത്തുകാരിയയായ മാലതി സഹായ് പറഞ്ഞു.സംവിധായകൻ ജബ്ബാർ പട്ടേലും ചർച്ചയിൽ പങ്കെടുത്തു.

പ്രേക്ഷകന്റെ ആരവം സംഗീതജ്ഞന്റെ ആത്മസംതൃപ്തിയെന്ന് ജോണി ബെസ്റ്റ്

നിശബ്ദ ചിത്രങ്ങൾക്ക് അകമ്പടിയായി തത്സമയ സംഗീതം ഒരുക്കുമ്പോൾ പ്രേക്ഷകന്റെ ആരവമാണ് സംഗീതജ്ഞന്റെ ആത്മസംതൃപ്തിക്ക് ഇന്ധനമാകുന്നതെന്ന് പ്രശസ്ത പിയാനിസ്റ്റ് ജോണി ബെസ്റ്റ്.

നോസ്ഫെറാറ്റു പോലെയുള്ള നിശബ്ദ ഹൊറർ ചിത്രങ്ങൾക്ക് അകമ്പടിയാകാൻ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന് അനന്ത സാധ്യതകൾ ഉണ്ടെന്നും മീഡിയാ സെന്ററിന് അനുവദിച്ച മുഖാമുഖത്തിൽ പറഞ്ഞു . തത്സമയ സംഗീതം സദസ്സിൽ സൃഷ്ടിക്കുന്നത് സവിശേഷമായ ഊർജ്ജമാണ്. തത്സമയ സംഗീതം ലളിതവും ഒഴുക്കുള്ളതും ചലച്ചിത്ര രംഗത്തോട് നീതി പുലർത്തുന്നതുമാകണം. കേരളത്തിലെ പ്രേക്ഷകർക്ക് മുമ്പിൽ തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ ചിത്രം പ്രദർശിപ്പിക്കുന്ന രീതി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേളയിൽ പ്രദർശിപ്പിക്കുന്ന ഫൂളിഷ് വൈഫ് എന്ന ചിത്രത്തിന് താൻ ആദ്യമായാണ് സംഗീതം ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വൈശാലിയിലെ ലോമപാദനെത്തി, നിർമ്മാതാവിന് ആദരമർപ്പിക്കാൻ

അന്തരിച്ച ചലച്ചിത്ര നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രന് മേളയുടെ ആദരം. ഭരതൻ ചിത്രം വൈശാലി പ്രദർശിപ്പിച്ചുകൊണ്ടാണ് മേള സിനിമയുടെ നിർമ്മാതാവിന് സ്മരണാഞ്ജലി ഒരുക്കിയത്.

പ്രദർശനത്തിന് മുന്നോടിയായി നടന്ന അനുസ്‌മരണത്തിൽ ചിത്രത്തിലെ ലോമപാദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബു ആന്റണിയും പങ്കെടുത്തു.രാമചന്ദ്രനും വൈശാലിയും തന്റെ കലാജീവിതത്തിലെ നാഴിക കല്ലുകളാണെന്നും ഒരു വ്യവസായി എന്നതിലുപരി കലാസ്നേഹി എന്ന നിലയിലാണ് രാമചന്ദ്രൻ അനുസ്മരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര അക്കാദമി വൈസ് ചെയർമാന്‍ പ്രേം കുമാർ, സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുത്തു.

 

സിനിമാ നിരൂപണം നടത്തേണ്ടത് സിനിമാരംഗത്തെക്കുറിച്ചു അറിവുള്ളവരാകണമെന്ന് റീമാ ബൊറ

ചലച്ചിത്ര രംഗത്തെ കുറിച്ചുള്ള ധാരണയുള്ളവരാകണം സിനിമാ നിരൂപണം നടത്തേണ്ടതെന്ന് അസാമീസ് സംവിധായികയും ജൂറി അംഗവുമായ റീമാ ബൊറ.സിനിമ നിർമ്മിക്കാനുള്ള ധന സമാഹരണത്തിന് സമൂഹ മാധ്യമങ്ങൾ ഉപകരിച്ചിട്ടുണ്ട് .എന്നാൽ അതേ മാധ്യമങ്ങളിൽ തന്റെ ചിത്രത്തെകുറിച്ച് വസ്തുതാ വിരുദ്ധമായ വിശകലനങ്ങൾ വന്നിട്ടുണ്ടെന്നും സിനിമാ രംഗത്തെ കുറിച്ച് ധാരണയുണ്ടാക്കിയ ശേഷമാകണം നിരൂപകർ വിമർശനതിന് ഇറങ്ങേണ്ടതെന്നും അവർ പറഞ്ഞു .രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചു ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുയായിരുന്നു റീമാ ബൊറ.

സിനിമ നിരൂപണത്തെ അക്കാദമികതലത്തിൽ നിന്നും സാധാരണക്കാരിലേക്ക് എത്തിക്കാൻ നവ മാധ്യമ ചർച്ചകൾ ഉപകരിക്കുന്നതായി ചർച്ചയിൽ പങ്കെടുത്ത നിരൂപകനായ പി പ്രേമചന്ദ്രൻ പറഞ്ഞു . എല്ലാ തരം എഴുത്തുകളും അഭിപ്രായങ്ങളും ഉണ്ടാകണമെന്നും പ്രേക്ഷകരാണ് അഭിപ്രായങ്ങൾ വേർതിരിച്ചെടുക്കേ ണ്ടതെന്നും സംവിധായകൻ കൃഷ്‌ണേന്ദു കലേഷ് പറഞ്ഞു .എൻ മമ്മദ് ,ശൈലൻ , സ്വാതി ലക്ഷ്മി വിക്രം , ശ്രേയ തുടങ്ങിയവർ പങ്കെടുത്തു.

ഫെസ്റ്റിവൽ ദൃശ്യങ്ങളിലൂടെ

ചിത്രങ്ങൾ
അനിൽ പെണ്ണുക്കര
ഷറഫുദ്ദീൻ എ.കെ

ചലച്ചിത്ര അക്കാദമി