ഐ.എം.എ ഓണം കെങ്കേമമായി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

21 September 2022

ഐ.എം.എ ഓണം കെങ്കേമമായി

ജോര്‍ജ് പണിക്കര്‍
ചിക്കാഗോ: ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയൊന്ന് നവംബര്‍ 24-ന് രൂപംകൊണ്ട, ചിക്കാഗോയിലെ ജനങ്ങള്‍ നെഞ്ചിലേറ്റിയ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്‍റെ ഓണം കെങ്കേമമായി നടത്തപ്പെട്ടു. തൂശനിലയില്‍ ഓണത്തിന്‍റെ എല്ലാ കറികളും വിളമ്പിയതിനുശേഷം ആഗതരായ എല്ലാ അതിഥികളെയും ഇരുത്തി സമൃദ്ധമായ ഓണസദ്യ കഴിച്ചപ്പോള്‍ നാട്ടില്‍ അമ്മ വിളമ്പിത്തരുന്ന ഓണത്തെ സ്മരിക്കാതിരിക്കാന്‍ സാധിക്കുന്നില്ലായെന്ന് കര്‍ണ്ണപുടങ്ങള്‍ മന്ത്രിച്ചു എന്ന് ചിലരൊക്കെ അഭിപ്രായപ്പെട്ടു. സദ്യവട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയത് അനില്‍കുമാര്‍ പിള്ള, ജോര്‍ജ് മാത്യു, സാമുവല്‍ വര്‍ക്കി, ഷാനി ഏബ്രഹാം, പ്രവീണ്‍ തോമസ്, സിബു കുളങ്ങര എന്നിവരായിരുന്നു.
സമൃദ്ധമായ സദ്യവട്ടങ്ങള്‍ക്കു ശേഷം ചെണ്ടമേളത്തോടും വാദ്യങ്ങളോടും കൂടി മുഖ്യാതിഥികളേയും മാവേലി മന്നനേയും മറ്റു സംഘാടകരെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സദസ്സിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡണ്ട് സിബു മാത്യു കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം അലോന ജോര്‍ജിന്‍റെ പ്രാര്‍ത്ഥനാഗാനത്തോടും വൈസ് പ്രസിഡണ്ട് ഷാനി ഏബ്രഹാമിന്‍റെ സ്വാഗതപ്രസംഗത്തോടും കൂടി ആരംഭിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അന്തര്‍ദേശീയ ചെസ് ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍ തുടങ്ങി ഐ.എം.എയുടെ വിവിധ പരിപാടികളെക്കുറിച്ച് പ്രസിഡണ്ട് സിബു കുളങ്ങര സംസാരിച്ചു.
മുഖ്യാതിഥിയായി എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തലമുതിര്‍ന്ന വൈദികന്‍, അമേരിക്കന്‍ ഗവണ്‍മെന്‍റിലെ സീനിയര്‍ എക്സിക്യൂട്ടീവ്, സീനിയര്‍ ഡയറക്ടര്‍, സീനിയര്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നിങ്ങനെ വിവിധ ചുമതലകള്‍ വഹിക്കുന്ന അലക്സാണ്ടര്‍ ജെയിംസ് കുര്യന്‍ അച്ചനെ ഐ.എം.എ മുന്‍ പ്രസിഡണ്ടും ഫൊക്കാനാ അഡീ. അസോസിയേറ്റ് ട്രഷററുമായ ജോര്‍ജ് പണിക്കര്‍ സദസ്സിനു പരിചയപ്പെടുത്തി. സമ്പന്നതയില്‍ കഴിയുന്ന നാം ഓരോരുത്തരും സഹജീവികളോടും ഈ നാടിനോടുള്ള ബന്ധങ്ങളും കടപ്പാടും ഓണം ആഘോഷിക്കുമ്പോള്‍ മറന്നുപോകരുതെന്ന് അച്ചന്‍ എല്ലാവരെയും ഉദ്ബോധിപ്പിച്ചു. ഫോമാ വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം, വേള്‍ഡ് ബിസിനസ് ചിക്കാഗോ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് എബിന്‍ കുര്യാക്കോസ് എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
തുടര്‍ന്ന് കണ്ണിനും കാതിനും ഇമ്പകരമായ കലാപരിപാടികളുടെ അരങ്ങേറ്റമായിരുന്നു. തിരുവാതിരകളിക്ക് നേതൃത്വം നല്കിയത് ജോ. സെക്രട്ടറി ശോഭാ നായരും ഡോ. സുനിതാ നായരുമായിരുന്നു. ആദ്യവസാനം എംസിയായി സെക്രട്ടറി ഡോ. സുനൈനാ ചാക്കോ പ്രശംസനീയമായി പ്രവര്‍ത്തിച്ചു.
ഫൊക്കാനാ, ഫോമാ എന്നീ ദേശീയ സംഘടനകളുടെ നേതൃസ്ഥാനത്ത് ഐഎംഎയില്‍ നിന്നും വിജയിച്ച ജോര്‍ജ് പണിക്കര്‍ (ഫൊക്കാനാ അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍), ജോയി ഇണ്ടിക്കുഴി (ഫോമാ നാഷണല്‍ കമ്മിറ്റി അംഗം), ജോസി കുരിശുങ്കല്‍ (ഫോമാ അഡ്വൈസറി കൗണ്‍സില്‍ ജോ. സെക്രട്ടറി) എന്നിവരെയും ഫോമായുടെ മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ലഭിച്ച ഫോമാ അഡ്വൈസറി കൗണ്‍സില്‍ വൈസ് ചെയര്‍മാനും ഐഎംഎയുടെ അഭ്യദയകാംക്ഷിയുമായ പീറ്റര്‍ കുളങ്ങരയെയും പ്രസിഡണ്ട് സിബു കുളങ്ങര അനുമോദിച്ചു.
ഐഎംഎയുടെ ഓണം സമാനതകളില്ലാതെ ചിക്കാഗോയിലെ പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യംകൊണ്ട് സമ്പന്നമായിരുന്നു. അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ നിന്ന് ഫ്ളവേഴ്സ് ടിവി ഡയറക്ടറും ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ വൈസ് പ്രസിഡണ്ടുമായ ബിജു സക്കറിയ, അനില്‍ മറ്റത്തിക്കുന്നേല്‍ (ഏഷ്യാനെറ്റ്), സാജു കണ്ണമ്പള്ളി (കെവി ടിവി), ജോസ് ചെന്നിക്കര (വാചകം ന്യൂസ്), ബിജു കിഴക്കേക്കുറ്റ് (ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡണ്ടും ഇപ്പോഴത്തെ അഡ്വൈസൈറി ബോര്‍ഡ് ചെയര്‍മാന്‍) എന്നിവരും ചിക്കാഗോയിലെ വിവിധ അസോസിയേഷന്‍ നേതാക്കളായ ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് (പ്രവാസി കേരളാ കോണ്‍ഗ്രസ് ചിക്കാഗോ പ്രസിഡണ്ടും ഗ്രാന്‍ഡ് സ്പോണ്‍സറും) ജോഷി വള്ളിക്കളം (ചിക്കാഗോ മലയാളി അസോസിയേഷന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, റോയി നെടുഞ്ചിറ (മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍), ബിജി എടാട്ട് (കേരളൈറ്റ് അമേരിക്കന്‍ മലയാളി അസോസിയേഷന്‍), പീറ്റര്‍ കുളങ്ങര (ഫോമ), ബിനോയി സെറാഫിന്‍ (കേരളാ അസോസിയേഷന്‍), ഫാ. ഹാം ജോസഫ്, തോമസ് പൂതക്കരി (ചിക്കാഗോ കെ.സി.എസ്), ജോസ് മണക്കാട്ട് (ഫോമാ), റ്റോമി എടത്തില്‍ (ഫോമാ), ബ്രിജിറ്റ് ജോര്‍ജ് (ഫൊക്കാന), ഐഎംഎ മുന്‍ പ്രസിഡണ്ടുമാരായ ജെയ്ബു കുളങ്ങര, ഷാജന്‍ ആനിത്തോട്ടം, അനില്‍കുമാര്‍ പിള്ള, ചന്ദ്രന്‍പിള്ള എന്നിങ്ങനെ പല പ്രമുഖരും സന്നിഹിതരായിരുന്നു. മോനു വര്‍ഗീസ്, തോമസ് കോഴഞ്ചേരി എന്നിവരുടെ നിശ്ചല ഛായാഗ്രഹണം സമൂഹമാധ്യമങ്ങളില്‍ ലോകമെമ്പാടും നിറഞ്ഞുനില്‍ക്കുന്നു.
ചെണ്ടമേളത്തിനു കൊഴുപ്പു കൂട്ടി ചിക്കാഗോ മേളം ചെണ്ട ടീം അരങ്ങുതകര്‍ത്തു. വന്നുചേര്‍ന്ന എല്ലാവര്‍ക്കും ഐഎംഎ ട്രഷറര്‍ ജോസി കുരിശുങ്കല്‍ നന്ദി രേഖപ്പെടുത്തി.