NEWS DETAILS

01 June 2023

ഭാരതീയ സംസ്കാരത്തിന്റെ വേരുകൾ തൊടുമ്പോൾ, സുരേന്ദ്രൻ നായർ; ജീവിതവും സന്ദേശവും (വഴിത്താരകൾ)

അനിൽ  പെണ്ണുക്കര  

"ഏത് ആകാശത്തിന് കീഴിലാണ് മനുഷ്യ മനസ്സ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്തുവെന്ന് എന്നോട് ചോദിച്ചാൽ, ഞാൻ ഭാരതത്തിലേക്ക്  വിരൽ ചൂണ്ടും ."

ഭാരതീയ സംസ്കാരത്തിൽ ഊന്നിക്കൊണ്ട് ജീവിക്കുക എന്നുള്ളത് ഒരു ഭാരതീയൻ  അവനോടും അവന്റെ സമൂഹത്തോടും ചെയ്യുന്ന ഏറ്റവും വലിയ ധർമ്മമാണ്. നമ്മുടെ കിണറ്റിലുള്ള വെള്ളം നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ദാഹമകറ്റാൻ കൂടി പകുത്തു നൽകുന്ന തരത്തിൽ ഭാരതത്തിന്റെ  സംസ്കാരം പഠിപ്പിക്കുമ്പോൾ അതിനെ പിന്തുടരുന്ന ജീവിതം ഒരു വലിയ പുണ്യഭൂമി പോലെ തന്നെയാണ്.

ലോകത്തിന്റെ ഏതു കോണിൽ പോയാലും  ഒരു ഭാരതീയൻ ഭാരതീയനായിരിക്കുക ,അതിന്റെ വൈവിധ്യത്തിൽ അഭിമാനം കൊണ്ട് ജീവിക്കുക,അതിന്റെ ജീവനും,യശസ്സിനും  വേണ്ടി ജീവിതകാലം മുഴുവൻ മാറ്റിവെയ്ക്കുക എന്ന് ചിന്തിക്കുകയും സ്വജീവിതം അങ്ങനെ രൂപപ്പെടുത്തുകയും ചെയ്ത ഒരാളുണ്ട് അമേരിക്കയിൽ-സുരേന്ദ്രൻ നായർ .

വേരുകൾ തൊടുമ്പോൾ

തിരുവനന്തപുരം  ജില്ലയിലെ വട്ടിയൂർക്കാവ് തിട്ടമംഗലത്ത് അമ്പനാട് വാസുദേവൻ നായരുടെയും സുകുമാരിയമ്മയുടേയും ഏക മകനായിട്ടാണ് സുരേന്ദ്രൻ നായർ ജനിക്കുന്നത്. സുരേന്ദ്രൻ നായരെക്കൂടാതെ മൂന്ന് സഹോദരിമാരും വാസുദേവൻ-സുകുമാരി ദമ്പതികൾക്കുണ്ടായിരുന്നു.തിരുമല സ്കൂളിൽ ജീവിതത്തിന്റെ ആദ്യപാഠങ്ങൾ നുണഞ്ഞ് സുരേന്ദ്രൻ നായർ  വളർന്നു. തുടർന്ന് സെന്റ് ജോസഫ് ഹൈസ്കൂളിൽ  പത്താം ക്ലാസ് വരെ  പഠിച്ചു.ജീവിതത്തിൽ എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള തുടക്കം ഈ  സ്‌കൂളിൽ  നിന്നായിരുന്നു.സ്കൂൾ ലീഡറായി അന്ന് തെരഞ്ഞെടുക്കപ്പെട്ടത് ഒരു സ്‌കൂളിനെ  മുഴുവൻ നല്ല രീതിയിലേക്ക് നയിക്കാനുള്ള സംഘാടക മികവിനുള്ള തുടക്കമായി .ഈശോസഭ വൈദികർ നടത്തുന്ന  സ്‌കൂൾ ആയതിനാൽ എല്ലാ വെള്ളിയാഴ്ചയും സമീപത്തുള്ള തിരുവനന്തപുരം  ജനറൽ ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കുവാൻ വൈദികക്കൊപ്പം പോകുമായിരുന്നു .ആ യാത്ര ചെറിയ പ്രായത്തിൽ തന്നെ മനസിനെ മറ്റൊരു തരത്തിൽ പാകപ്പെടുത്തി . അങ്ങനെയാണ് രോഗികളുമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യരുമായും ,അവരുടെ പ്രശ്നങ്ങളുമായും  താല്പര്യമുണ്ടാകുന്നത് .

പഠനമാണ് ജീവിതത്തിന്റെ എല്ലാമെന്ന് തിരിച്ചറിഞ്ഞതോടെ പ്രീഡിഗ്രിക്ക് കാട്ടാക്കടയിലെ ക്രിസ്ത്യൻ കോളജിൽ ചേർന്ന സുരേന്ദ്രൻ നായർ ഡിഗ്രിയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇക്കണോമിക്സിന് ചേർന്നു. സംഘപ്രവർത്തനവും, സാമൂഹ്യ പ്രവർത്തനവുമായി കടന്നു പോയ കോളേജ് കാലം സുരേന്ദ്രൻ നായരുടെ ഓർമ്മകളിലെ ഏറ്റവും ഭംഗിയുള്ള നിമിഷങ്ങളാണ്. അടിയന്തിരാവസ്ഥയുടെ പ്രശ്നങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന ഒരു കാലമായിരുന്നു അത്. പോലീസ് അതിക്രമങ്ങളും മറ്റും ഒരുപാട് നേരിടേണ്ടി വന്നു. എങ്കിലും സുരേന്ദ്രൻ നായർ  ആദർശം വിട്ട് ഒന്നും ചെയ്തില്ല. സംഘപ്രവർത്തനം രാജ്യസേവനമാണെന്ന ബോധം അദ്ദേഹത്തെ ഒരു നല്ല രാഷ്ട്രീയ പ്രവർത്തകനാക്കി മാറ്റി. തുടർന്ന് എൻഡിപിയുമായി ചേർന്ന് പ്രവർത്തിച്ച സുരേന്ദ്രൻ എൻഡിവൈഎഫ്ന്റെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആയിരുന്നു.

ഡിഗ്രി കഴിഞ്ഞതോടെ  പഠിക്കാനുള്ള താല്പര്യം മൂലം പി.ജി. ക്ക് ചേർന്നെങ്കിലും അത് തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാൽ അപ്രതീക്ഷിതമായി പി.എസ്.സി ജോലി കിട്ടുകയും ജീവിതം മറ്റൊരു തലത്തിലേക്ക് മാറുകയും ചെയ്തു. രണ്ട് പിഎസ്സി ടെസ്റ്റ് ആണ് അദ്ദേഹം എഴുതിയത്. അതിൽ ആദ്യത്തേത്  വിളിച്ചെങ്കിലും പോയില്ല. തുടർന്ന് രണ്ടാമത്തെ ടെസ്റ്റിൽ സിവിൽ സപ്ലൈസിൽ ജോലിയ്ക്ക് കയറി. 21 വർഷം നീണ്ട ജോലി. അതിനിടയിൽ സാഹിത്യം, സാംസ്കാരിക പ്രവർത്തനങ്ങളിൽ  തിരുവനന്തപുരത്ത് സജീവമായി. ഈ  സമയങ്ങളിലാണ് ഒരുപാട് വായിക്കാനും ചിന്തിക്കാനും അദ്ദേഹത്തിന് സമയം കിട്ടിയത്. അവ  കൃത്യമായി തന്നെ ഉപയോഗിച്ചു. അന്ന് കിട്ടിയ രാഷ്ട്രീയ ബന്ധങ്ങളും സാമൂഹിക സാംസ്കാരിക ബന്ധങ്ങളും ഇപ്പോഴും അതുപോലെതന്നെ നിലനിർത്തുകയും  ചെയ്തുപോരുന്നു .

  • രാഷ്ട്രീയ ബോധവും, ഭാരതീയ സംസ്കാരവും

തിരുവനന്തപുരം നാഷണൽ ക്ലബ് ,ഐരാണിമുട്ടം തുഞ്ചൻ സ്മാരകസമിതി,മന്നം ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്നിവകളിൽ സജീവ പ്രവർത്തകനായിരുന്നു സുരേന്ദ്രൻ നായർ .പ്രശസ്ത എഴുത്തുകാരനും ഭാഷാപണ്ഡിതനും തുഞ്ചൻ സ്മാരകസമിതിയുടെ സഹയാത്രികനും  ആയിരുന്ന   ശൂരനാട് കുഞ്ഞൻപിള്ള  സാറിന്റെ കൂടെയുള്ള നല്ല അനുഭവങ്ങളും, സംസാരങ്ങളും പുതിയ ഒരു വഴി തന്നെ  ജീവിതത്തിൽ സമ്മാനിച്ചു. എൻ ജി ഓ  അസോസിയേഷനിലും സജീവമായിരുന്ന സുരേന്ദ്രൻ,കോൺഗ്രസ് അനുഭാവി ആയിരുന്നു.ജി.കാർത്തികേയനുമായി  വളരെ നല്ല ഒരു സൗഹൃദം പുലർത്തി. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥി പരിചയ പര്യടനങ്ങളിൽ ഒപ്പം സുരേന്ദ്രൻ നായരും ഉണ്ടായിരുന്നു.ഓരോ തെരഞ്ഞെടുപ്പ് പോയിന്റുകളിൽ പ്രസംഗിക്കുന്ന ഉത്തരവാദിത്വം അദ്ദേഹത്തിനായിരുന്നു .സർക്കാർ  ജോലി കിട്ടിയ ശേഷമാണ് സുരേന്ദ്രൻ നായർ രാഷ്ട്രീയ പ്രവർത്തനം കുറച്ചത്. സിവിൽ സപ്ലൈ  ഓഫീസേഴ്സ് അസോസിയേഷൻ  ഭാരവാഹിയും തപസ്യ  കലാ സാഹിത്യ വേദിയിലും സജീവമായി.തന്റെ സംഘപ്രവർത്തനത്തെ രാഷ്ട്രീയമായി കാണാൻ ശ്രമിച്ച വ്യക്തിയായിരുന്നില്ല അദ്ദേഹം.അത് ഭാരതീയമാണ് ,രാജ്യസ്നേഹമാണ് എന്നായിരുന്നു അന്നും ഇന്നും അദ്ദേഹത്തിന്റെ പക്ഷം . രാഷ്ട്രീയവും കലയും ,സാഹിത്യപ്രവർത്തനങ്ങളും  എല്ലാം അദ്ദേഹം ഒന്നിച്ച് കൊണ്ടുനടന്നു. ഒന്നിനെയും ഉപേക്ഷിച്ചില്ല. ഒന്നും കൂട്ടിക്കുഴച്ചതുമില്ല. നിലപാടില്ലായ്മയാണ് ഒരു വ്യക്തിയുടെ പ്രശ്നം എന്ന്  അദ്ദേഹത്തിന് മനസ്സിലായിരുന്നു.കാരണം താൻ ഉറച്ചുനിൽക്കുന്ന നിലപാടുകൾ അത്രത്തോളം ശക്തമായതുകൊണ്ടാണ് തനിക്ക് ശത്രുക്കളോ അല്ലെങ്കിൽ മറ്റു പ്രശ്നങ്ങളോ നേരിടേണ്ടി വരാതിരുന്നത് എന്ന് അദ്ദേഹം  തിരിച്ചറിഞ്ഞു.സുരേന്ദ്രൻ നായരെ ഇന്ന് സമൂഹം തിരിച്ചറിയുന്നതിന്റെ അളവുകോലും ഈ ഉറച്ച  നിലപാടുകൾ തന്നെയാണ്.

ഒരു വിഷയം അദ്ദേഹത്തെ എങ്ങനെ ബാധിക്കും എന്നതിലല്ല, സമൂഹത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നയാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ ഭാരതീയ സംസ്കാരത്തിന് സാധിക്കും എന്നദ്ദേഹത്തിന് മനസ്സിലായി. തുടർന്ന് ആ സംസ്കാരത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുകയും, ഭാരതീയ സംസ്കാരത്തെ ഭൗതികതയുമായി ബന്ധപ്പെടുത്തി ചിന്തിക്കാനും തുടങ്ങി. അങ്ങനെ ചിന്തിച്ചാൽ നന്നായി ജീവിതത്തെ കൊണ്ട് പോകാം എന്ന തിരിച്ചറിവാണ് ജീവിതത്തിൽ അദ്ദേഹത്തിന്റെ സമ്പാദ്യം . ഭാരതീയതയുടെ നന്മകൾ ഉൾക്കൊള്ളാൻ സാധിച്ചാൽ ജീവിത വിജയം കൈവരിക്കാം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു .അമേരിക്കയിൽ ജീവിക്കുന്ന പുതുതലമുറയ്ക്ക് നൽകുന്ന ഉപദേശവും ഇതാണ് .ജീവിതത്തിന്റെ മനോഹാരിതയ്ക്ക് ഭാരതം നൽകുന്ന നിർവ്വചനത്തോളം മഹത്തായ ഒന്ന് ലോകത്ത് ഒരു രാജ്യത്തിനും നൽകാൻ കഴിയില്ല എന്ന ചിന്താഗതിയാണ് അദ്ദേഹത്തിനുള്ളത് .

അമേരിക്കൻ ജീവിതവും,സാമൂഹ്യ പ്രവർത്തനങ്ങളും

രാജ്ഭവനിൽ നേഴ്സായിരുന്ന ഭാര്യ ജയ സുരേന്ദ്രൻ ഓൺലൈൻ അഭിമുഖം  പാസായി അമേരിക്കയിൽ എത്തിയതോടെ  സുരേന്ദ്രൻ നായരുടെ ജീവിതത്തിൽ പുതിയ സാധ്യതകൾ രൂപപ്പെടുന്നത്. തുടർന്ന് 2006 ൽ ഫാമിലി ഗ്രീൻ കാർഡിൽ  അമേരിക്കയിലെത്തി .ഭാര്യ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ജോലി കിട്ടിയതോടെ പുതിയ ഒരു ലോകം അദ്ദേഹത്തിന്റെ  ജീവിതത്തിൽ തുറന്നു കിട്ടി. അവിടെ പേഷ്യന്റ് കെയറിൽ പതിനാറ് വർഷത്തോളം ജോലി ചെയ്തു. നാട്ടിലെത് പോലെ തന്നെ ജോലിയും സാമൂഹ്യ പ്രവർത്തനവും  ഒന്നിച്ചു കൊണ്ടുപോയി. ഡിട്രോയിറ്റ് മലയാളി അസോസിയേഷനിൽ വിവിധ പദവികൾ അലങ്കരിച്ച സുരേന്ദ്രൻ നായർ മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷന്റെ (മിലൻ) പ്രസിഡന്റായി ആറ്  വർഷത്തോളം ഉണ്ടായിരുന്നു.ഇതിനിടയിൽ ധാരാളം എഴുത്തുകാരെ അദ്ദേഹം അമേരിക്കയിലേക്ക് കൊണ്ടുവന്നു.കെ.പി. രാമനുണ്ണി, ജോർജ് ഓണക്കൂർ,വി.മധുസൂദനൻ നായർ,സക്കറിയ, എം.എൻ കാരശ്ശേരി മാഷ് എന്നിവരെല്ലാം അവരിൽ പ്രമുഖരായിരുന്നു.കോവിഡ് കാലത്ത് കേരളാ സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന വൈശാഖൻ മാഷ്,കെ.വി മോഹൻ കുമാർ ,ടി .ഡി രാമകൃഷ്ണൻ ,മുരളി തുമ്മാരുകുടി ,ഡോ.ഉദയകല,ബി.മുരളി എന്നിവരെ ഉൾപ്പെടുത്തി മിലൻറെ ഇരുപതാം വാർഷികം വിപുലമായി ഓൺലൈനിലൂടെ ആഘോഷിക്കുവാനും സാധിച്ചു .കൂടാതെ അമേരിക്കയിലെ സാഹിത്യ സംഘടനയായ ലാനയുടെ കൺവൻഷൻ ഡിട്രോയിറ്റിൽ കൊണ്ടുവന്നതോടെ നാട്ടിൽ ചെയ്യാൻ കഴിയാത്ത പല പരിപാടികളും അമേരിക്കയിൽ സംഘടിപ്പിക്കുവാൻ സുരേന്ദ്രൻ നായർക്ക് കഴിഞ്ഞു.

സംഘടനകളും, സാംസ്കാരിക മുന്നേറ്റങ്ങളും

ഭാരതീയ മൂല്യങ്ങൾ ഏതു ഭൗതിക സാഹചര്യങ്ങളിലും  കൂട്ടിച്ചേർത്താൽ  അവിടെ വലിയ വിജയം ഉണ്ടാകുമെന്ന് കണ്ടെത്തി പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ പ്രചോദനം നൽകിയത് കെ എച്ച് എൻ എ ആണ് .2015 - 2017 ൽ കെ എച്ച് എൻ എ യുടെ പ്രസിഡന്റായി പ്രവർത്തിച്ച കാലം ഈ സംഘടനയുടെ സുവർണ്ണ കാലം ആയിരുന്നു .തന്റെ ആദർശങ്ങളെ  മതം, ജാതി എന്നിവയിലൂടെ കാണാൻ ശ്രമിക്കരുതെന്ന് സുരേന്ദ്രൻ നായർ എപ്പോഴും പറയും, എല്ലാ മൂല്യങ്ങളേയും ഉൾക്കൊള്ളണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.ഭാരതീയത നമ്മെ പഠിപ്പിക്കുന്നതും അതാണ് .ഒരു ജാതിയെയും മതത്തേയും ഇല്ലാതാക്കി ഭാരതത്തിനു മുന്നോട്ടു പോകാനാവില്ല  .ആർഷ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത് എല്ലാം ഉൾക്കൊള്ളുക എന്ന വലിയ തത്വമാണ് .അദ്ദേഹത്തിന്റെ പ്രവർത്തന കാലത്താണ് കെ എച്ച് എൻ എ ആർഷദർശന പുരസ്കാരം ഏർപ്പെടുത്തിയത്.ആദ്യ പുരസ്‌കാരം മഹാകവി അക്കിത്തത്തിന് നൽകി.എം  ലീലാവതി ടീച്ചർ, ശ്രീകുമാരൻ തമ്പി, മാടമ്പ്  കുഞ്ഞുകുട്ടൻ ,വി.മധുസൂദനൻ നായർ, ചിദാനന്ദപുരി സ്വാമി തുടങ്ങി നിരവധി പ്രഗത്ഭർ അണിനിരന്ന മഹത്തായ വേദികൂടി ആയിരുന്നു അക്കിത്തത്തിനു പുരസ്കാരം നൽകിയ ചടങ്ങ് . 2015 - 17 ൽ ആർഷദർശന പുരസ്കാരം കൊണ്ടുവന്ന സുരേന്ദ്രൻ നായർ  സാഹിത്യത്തെ സംരക്ഷിക്കാനുള്ള ഒരു വലിയ ശ്രമം നടത്തുകയായിരുന്നു. സാഹിത്യത്തിൽ ഭാരതീയ മൂല്യങ്ങൾ തിരിച്ചു പിടിക്കുക എന്ന ഉദേശത്തോടെയാണ് ഈ പുരസ്‌കാരം സംഘടിപ്പിച്ചത്. സി. രാധാകൃഷ്ണനായിരുന്നു പുരസ്‌കാര നിർണ്ണയസമിതി ചെയർമാൻ. ആശയപരമായ അടിത്തറയായിരുന്നു ഈ  പ്രവർത്തനങ്ങളെ ഭംഗിയുള്ളതാക്കിയത്. ആഷാമേനോൻ, പി.നാരായണക്കുറുപ്പ് എന്നിവരടങ്ങുന്ന കമ്മിറ്റി ആയിരൂന്നു അന്ന് ഉണ്ടായിരുന്നത്.

2009 മുതൽ കെ.എച്ച്.എൻ.എ  യുടെ  ബോർഡ് മെമ്പറായിരുന്നു സുരേന്ദ്രൻ നായർ . യുവജനങ്ങളിൽ ഭാരതീയ മൂല്യങ്ങൾ  പുലർത്തുക എന്നതായിരുന്നു സംഘടനയുടെ ലക്‌ഷ്യം . അക്കാലത്ത്  100 ഹിന്ദു സംഘടനകൾ ഉണ്ടാക്കാൻ തുടക്കം കുറിച്ച സുരേന്ദ്രൻ നായർക്ക്  ഇരുപതോളം  സംഘടനകൾ  രൂപീകരിക്കാൻ കഴിഞ്ഞു.  ഇതിനിടയിലാണ് അട്ടപ്പാടിയിൽ നിരവധി പ്രവർത്തനങ്ങൾ കെ.എച്ച്ചെ .എൻ.എയുടെ ആഭിമുഖ്യത്തിൽ നടത്തുവാൻ  സുരേന്ദ്രൻ നായർക്ക്  കഴിഞ്ഞത് . തൃശൂരിൽ അന്ധരായ തൊഴിൽരഹിതർക്കായി     കുടനിർമ്മാണ യൂണിറ്റിന് ധനസഹായവും, പ്രൊഫഷണൽ വിദ്യാർത്ഥികളായ   135  പേർക്ക്   സ്കോളർഷിപ്പ് നൽകുകയും ചെയ്ത കെ.എച്ച്.എൻ.എ  ജനങ്ങൾക്കിടയിൽ വലിയ അഭിമാനം നിലനിർത്തിപ്പോന്നു.

അമേരിക്കയിൽ തന്റെ നേതൃത്വത്തിൽ നടന്ന കെ എച്ച് എൻ എ കൺവൻഷനിൽ ഇതര മതസ്ഥരായ ആളുകളും പങ്കെടുത്തത് ചരിത്രമായിരുന്നു .  ഭാരതീയത എന്താണ് എന്നറിയാനുള്ള ഒരു ശ്രമമായിരുന്നു അത് .ആധുനിക മത സങ്കല്പങ്ങൾക്ക് അതീതമായി മനുഷ്യനെ  അറിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും അടിത്തറ. 2017 - ജൂലൈ 2, 3, 4 ദിവസങ്ങളിൽ നടന്ന കൺവൻഷൻ വലിയ വിജയമായിരുന്നു. 2015 - 17 വരെ 36 സിറ്റിയിൽ  ചെറിയ കൺവൻഷനുകൾ സംഘടിപ്പിച്ച് 37-ാമത്തെ കൂട്ടായ്മ  കെ എച് എൻ എ നാഷണൽ കൺവെൻഷനായി നടത്തുവാൻ   സംഘടനയ്ക്ക് കഴിഞ്ഞു.

അയ്യന് വേണ്ടി അമേരിക്കയിൽ

ശബരിമല പ്രശ്നം വന്ന സമയത്ത് അമേരിക്കയിൽ സേവ് ശബരിമല മൂവ്മെന്റിന് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ  നേതൃത്വത്തിലായിരുന്നു. ശബരിമല ആചാരങ്ങളെക്കുറിച്ച് അമേരിക്കയിലെ പുതുതലമുറയെ പഠിപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം , 50 ലക്ഷത്തോളം രൂപ  അമേരിക്കൻ മലയാളികളിൽ നിന്ന് ശേഖരിച്ചു ശബരിമല കേസ് നടത്താൻ കേരളത്തിലെ വിവിധ ഹിന്ദു സംഘടനകൾക്ക്   നൽകുകയും ചെയ്തു. തുടർന്ന് ശബരി ശരണാശ്രമത്തിന് ധനസഹായം 15 ലക്ഷത്തോളം രൂപ സംഘടന നൽകി. ആകെ  65 ലക്ഷം രൂപയാണ് ശബരിമലയ്ക്ക്  വേണ്ടി അമേരിക്കയിൽ നിന്ന് മാത്രം പിരിഞ്ഞു കിട്ടിയത്. രാജു നാരായണ സ്വാമി,ഡോ.എൻ.ഗോപാലകൃഷ്ണൻ  തുടങ്ങിയ പ്രഗത്ഭരെ  അമേരിക്കയിൽ എത്തിച്ചു മലയാളി സമൂഹത്തിനു  ബോധവൽക്കരണം നടത്താൻ മുൻകൈ എടുത്തു. ശബരിമല ആചാര സംരക്ഷണത്തിന്റെ സന്ദേശം  അമേരിക്കൻ സമൂഹത്തിന് പ്രഗത്ഭ വ്യക്തിത്വങ്ങൾ  വഴി നൽകി.ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി  ട്രൈബൽ കുട്ടികളെ ദത്തെടുത്ത് താമസിപ്പിച്ചു പഠിപ്പിക്കുന്ന  ശബരി ശരണാശ്രമത്തിന് ധനസഹായം നൽകി അവർക്ക് വേണ്ടതെല്ലാം നൽകാൻ ശ്രമിച്ചുപോരുന്നു .നിർദ്ധനരായ 18 കുട്ടികൾ ഇപ്പോൾ അവിടെ പഠിച്ചു വളരുന്നു .അവർ ഭാവിയുടെ വാഗ്ദാനങ്ങൾ ആയി വളരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു .

സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങൾ

സംഘടനാ പ്രവർത്തനങ്ങൾ ജീവവായുപോലെ സുരേന്ദ്രൻ നായർക്ക് ഒപ്പമുണ്ട് .അമേരിക്കയിൽ എത്തിയപ്പോഴും നിരവധി സംഘനകളുടെ ഭാഗമായി പ്രവർത്തിച്ചുവെങ്കിലും  അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ പ്രവർത്തനങ്ങളിൽ സജീവമായി .കഴിഞ്ഞ ഭരണഘടനാ കമ്മറ്റിയിൽ അംഗമായിരൂന്നു. കോടതിയിൽ പോകാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരു ഭരണഘടനയുണ്ടാക്കാൻ  കമ്മറ്റിക്ക് കഴിഞ്ഞു. ഇപ്പോൾ ഫോമയുടെ മെമ്പർ റിലേഷൻ കമ്മറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.സംഘടനകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാനും ബന്ധങ്ങൾ ഊഷ്മളമാക്കുവാനും അവിടുത്തെ  പ്രവർത്തനങ്ങൾകൊണ്ട് സാധിച്ചിട്ടുണ്ട് .

മാധ്യമ പ്രവർത്തനം

വായന,എഴുത്ത്,മാധ്യമ പ്രവർത്തനം എന്നിവയിൽ  സജീവമായ സുരേന്ദ്രൻ നായർക്ക്   നല്ല പുസ്തകശേഖരം സ്വന്തമായുണ്ട് .എല്ലാ തവണയും നാട്ടിൽ വരുമ്പോൾ  നിരവധി  പുസ്തകങ്ങൾ വായനശാലകൾക്ക് നൽകും. 800 പുസ്തകങ്ങളോളം അമേരിക്കയിലെ സ്വന്തം ലൈബ്രറിയിലുണ്ട് .വായിച്ചു തീർത്തവ പുനർവായന നടത്തുവാനും പുതിയ എഴുത്തുകാരുടെ ശൈലി മനസിലാക്കുവാനും ,അവരെ അറിയുവാനും അദ്ദേഹം ഇപ്പോഴും ശ്രമിക്കും .മാതൃഭൂമി സ്ഥിരമായി വായിക്കുന്നു.ഭാഷയോടുള്ള അഭിനിവേശം

മലയാളത്തോട് ഉള്ള സ്നേഹമാണ് . വായന,എഴുത്ത് എന്നിവ ജീവശ്വാസം പോലെയാണ്.

കുടുംബത്തിന്റെ കാവ്യഭംഗി

സുരേന്ദ്രൻ നായരുടെ  ജീവിതത്തിൽ നിഴലുപോലെ ഭാര്യയും രണ്ട് മക്കളുമുണ്ട്. മകൾ നീതു സുരേന്ദ്രൻ ഇൻഫോമാറ്റിക് നേഴ്സിംഗ് മാസ്റ്റേഴ്സിൽ ഡാളസിൽ ജോലി ചെയ്യുന്നു. മകൻ ശബരി സുരേന്ദ്രൻ ഫാർമസി പി എച്ച്.ഡി ക്ക് ശേഷം   ജോൺസൺ ആൻഡ് ജോൺസണിൽ ജോലി ചെയ്യുന്നു. എഴുത്തിനോട്  താല്പര്യമുള്ള ശബരി സുരേന്ദ്രന്റെ കുഞ്ഞിക്കിനാവുകൾ എന്ന പുസ്തകം സ്‌കൂൾ പഠനകാലത്ത് കേരളാ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്  പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തോട് എന്നും സ്നേഹം പുലർത്തുന്ന സുരേന്ദ്രൻ നായർ  മന്ത്രി ആർ.രാമചന്ദ്രൻ നായരുടെ പി.എ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്  .ഇപ്പോൾ ജീവിതത്തിന്റെ ഭംഗിയുള്ള നിമിഷങ്ങളുമായി അമേരിക്കൻ മണ്ണിൽ സുരേന്ദ്രൻ ജീവിതം തുടരുമ്പോഴും തനി ഭാരതീയനായി നൂറുശതമാനവും ജീവിക്കുവാൻ സാധിക്കുന്നതിന്റെ കാരണം സനാതന ധർമ്മവും ആർഷ സംസ്കാരവും ഒരു വ്യക്തിക്ക് നൽകുന്ന സുരക്ഷിതത്വവും നന്മയും  ജീവിതത്തിൽ സത്യസന്ധമായി തുടരുവാൻ സാധിക്കുന്നതുകൊണ്ടാണ് .

സുരേന്ദ്രൻ നായർ മലയാളി സമൂഹത്തിന്‌ ഒരു മാതൃകയാണ് .ഏതൊരു യുവ സമൂഹത്തിനും നന്മയൊടെ  ചൂണ്ടിക്കാണിക്കാവുന്ന ഒരു കറകളഞ്ഞ വ്യക്തിത്വം .അദ്ദേഹം ഈ പാതയിൽ തുടരട്ടെ..പ്രാർത്ഥനകളും ആശംസകളും . 

സുരേന്ദ്രൻ നായർ