വിലക്കയറ്റ നിയന്ത്രണ നിയമത്തിലൂടെ പരിസ്ഥിതി സംരക്ഷണവും ചികിത്സാ സഹായവും (ജോസ് കല്ലിടിക്കില്‍)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

23 August 2022

വിലക്കയറ്റ നിയന്ത്രണ നിയമത്തിലൂടെ പരിസ്ഥിതി സംരക്ഷണവും ചികിത്സാ സഹായവും (ജോസ് കല്ലിടിക്കില്‍)

ജോസ് കല്ലിടിക്കില്‍
ചിക്കാഗോ: ഓഗസ്റ്റ് 16-ന് പ്രസിഡണ്ട് ജോ ബൈഡന്‍ കയ്യൊപ്പിട്ട് നിയമമാക്കിയ വിലക്കയറ്റ നിയന്ത്രണ വ്യവസ്ഥയില്‍ പരിസ്ഥിതി സംരക്ഷണത്തിനും ചികിത്സാ സഹായത്തിനുമായുള്ള നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള താപനം നിയന്ത്രിക്കുവാന്‍ മാത്രം 369 ബില്ല്യണ്‍ ഡോളര്‍ അടുത്ത 10 വര്‍ഷം ചെലവഴിക്കുവാന്‍ ബില്ലില്‍ വകയിരുത്തിയിട്ടുണ്ട്. സോളാര്‍ പാനല്‍ ഉപയോഗം വ്യാപിപ്പിക്കുക, ഇലക്ട്രിക് കാറുകളുടെ ഉല്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുവാന്‍ 7500 ഡോളര്‍ വരെ ഫെഡറല്‍ റിബേറ്റ് അനുവദിക്കുക, വനസംരക്ഷണം, വരള്‍ച്ചയും പാരിസ്ഥിതിക പ്രശ്നങ്ങളും നേരിടുന്ന ഇടങ്ങളില്‍ അടിയന്തര സഹായം എത്തിക്കുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുക വഴി അന്തരീക്ഷത്തില്‍ പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ വാതകത്തിന്‍റെ അളവ് 40% വരെ കുറയുമെന്ന് കരുതപ്പെടുന്നു.
പുതിയ നിയമത്തിലെ ശ്രദ്ധേയമായ ഒരു വ്യവസ്ഥ സാധാരണക്കാരുടെയും താഴ്ന്ന വരുമാനമുള്ളവരുടെയും ആരോഗ്യ സംരക്ഷണത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്ന വകുപ്പുകളാണ്. 13 മില്ല്യണ്‍ താഴ്ന്ന വരുമാനമുള്ള അമേരിക്കക്കാര്‍ക്ക് അഫോര്‍ഡബിള്‍ കെയര്‍ ആക്ടിലൂടെ സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് ലഭ്യമാക്കുവാന്‍ 64 ബില്ല്യണ്‍ ഡോളര്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഔഷധ നിര്‍മ്മാണ കമ്പനികളുമായി വിലപേശലിലൂടെ നിരവധി ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറയ്ക്കുവാന്‍ മെഡികെയര്‍ അധികൃതര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ ബില്ലില്‍ ഉണ്ട്. ഇതുവഴി 2025 മുതല്‍ മെഡികെയറില്‍ ഉള്‍പ്പെട്ടിട്ടുള്ള മുതിര്‍ന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പോടെ വാങ്ങുന്ന മരുന്നുകള്‍ക്ക് ചെലവഴിക്കേണ്ട തുക പ്രതിവര്‍ഷം 2000 ഡോളറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്‍സുലിനെ ആശ്രയിച്ച് കഴിയുന്ന പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിനായി ചെലവഴിക്കേണ്ട തുക പ്രതിമാസം 35 ഡോളര്‍ മാത്രമാകും.
വിലക്കയറ്റം തടയുവാനും, ഫെഡറല്‍ ബഡ്ജറ്റ് കമ്മി ചുരുക്കുവാനുമുള്ള ലക്ഷ്യത്തിനായി അതിസമ്പന്നരുടെമേല്‍ പുതിയ നികുതി ഏര്‍പ്പെടുത്തുകയും നികുതി പിരിവ് ഫലപ്രദമായി നടപ്പാക്കുവാനുമുള്ള വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ ഭാഗമായി ഒരു ബില്ല്യണ്‍ ഡോളറിനുമേല്‍ വരുമാനമുള്ള വ്യക്തികളുടെയും കോര്‍പ്പറേഷനുകളുടെയും മേല്‍ 15% കോര്‍പ്പറേറ്റ് ടാക്സ് ഈടാക്കപ്പെടും. 324 ബില്ല്യണ്‍ ഡോളര്‍ ഇതുവഴി സമാഹരിക്കും. കൂടാതെ പഴുതുകള്‍ അടച്ച് നികുതി പിരിവ് കാര്യക്ഷമമാക്കുക വഴി ഏതാണ്ട് 124 ബില്ല്യണ്‍ ഡോളര്‍ അധിക വരുമാനമുണ്ടാക്കും. നാല് ലക്ഷത്തിലധികം ഡോളര്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമേ പുതിയ നികുതികള്‍ ബാധകമാകൂ. പുതിയ നികുതിയിലൂടെ സമാഹരിക്കുന്ന തുകയില്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് മാറ്റിവച്ചതിന് ശേഷം ഏതാണ്ട് 305 ബില്ല്യണ്‍ ഡോളര്‍ ഫെഡറല്‍ ബഡ്ജറ്റ് കമ്മി കുറയ്ക്കുവാനായി ഉപകരിക്കും.
10 വര്‍ഷത്തേയ്ക്ക് 3.5 ട്രില്ല്യന്‍ ചെലഴിക്കുന്ന ബൃഹത്തായ ഒരു പദ്ധതിയാണ് പ്രസിഡണ്ട് ബൈഡന്‍ വിഭാവന ചെയ്തത്. സൗജന്യ കിന്‍ഡര്‍ ഗാര്‍ഡന്‍ വിദ്യാഭ്യാസം, ചികിത്സയ്ക്കായി വേതനത്തോടു കൂടിയുള്ള അവധി, മെഡികെയര്‍ കൂടുതല്‍ താഴ്ന്ന വരുമാനക്കാരിലേക്ക് വ്യാപിപ്പിക്കുക, കുടിയേറ്റ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക എന്നിവയെല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഏതാനും ഡെമോക്രാറ്റിക് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇവയെല്ലാം ഒഴിവാക്കപ്പെട്ടു. ഓഗസ്റ്റ് 7-ന് യുഎസ് സെനറ്റ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്‍റെ വോട്ടോടുകൂടിയും, 51-50 സെനറ്റര്‍മാരുടെ പിന്തുണയോടുംകൂടി ഈ നിയമം പാസ്സാക്കി. ഓഗസ്റ്റ് 12-ന് ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസ് ഓഫ് റെപ്രസെന്‍റേറ്റിവ്സ് 220-207 അംഗങ്ങളുടെ പിന്തുണയോടു കൂടിയും പുതിയ നിയമം അംഗീകരിച്ചു. ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പക്ഷത്തുനിന്ന് ഒരംഗം പോലും ബില്ലിനെ പിന്തുണച്ചില്ലെന്നത് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.

ജോസ് കല്ലിടിക്കില്‍