രാത്രിക്ക്
കറുത്തവാവിൻ്റെ
പരവേശം.
വെന്തുണങ്ങിയ ഇരുട്ട്
ഇലയനക്കങ്ങളിലെ
കാറ്റിനോട്
ചേർന്നിരിക്കുന്നത്
ഇരട്ടത്തലച്ചിയുടെ
കൂടിനടിയിലാണ്.
വെള്ളം വറ്റിയുറങ്ങിയ
നാട്ടീന്നൊരുത്തൻ
നാടുവിട്ടത്
ടിപ്പർ ലോറിയിലാണന്ന്
മുക്കിലെ കാപ്പിക്കടകൾ
മുറുക്കാൻ കടകളോട്
വാക്കും കാതുമയച്ചു.
മനംനൊന്തിറങ്ങി പോയതാണന്ന്
പിറുപിറുത്തോരോട്
പ്രായപൂർത്തിയായതു കൊണ്ട്
സംരക്ഷണം ഉറപ്പെന്ന്
വാർഡ് മെമ്പറുടെ സാക്ഷ്യം.
ടിപ്പർ ലോറി തട്ടി
പരിക്കേറ്റ മാവ് മൂടോടെ
വെട്ടിയടുക്കിയ അന്ന്
മൂത്ത മുത്തശ്ശി
നാടുവിട്ടവൻ്റെയോർമ്മയിൽ
നാടുനീങ്ങി.