ഒരു വാക്കിൻ്റെ മൂർച്ചയേറ്റ്
സൂര്യനറ്റു വീണ മഹാരാജ്യങ്ങൾ.
പകലുകൾ പടിയിറങ്ങിപ്പോയ
വ്രണിത ശൈശവങ്ങൾ
ഒരു മിന്നൽപ്പിണർത്തുമ്പിൽ
ആളിയണഞ്ഞ പ്രണയേതിഹാസങ്ങൾ…
പണിയാളനും പടയാളിയും
ഞെട്ടറ്റുവീണ
രുധിരചരിതങ്ങൾ.
ഉയിരടുപ്പങ്ങളിൽ നിന്ന്
ഉള്ളകലങ്ങളിലേക്ക്
ഉലകം വഴുതിവീണുകൊണ്ടിരുന്നു.
ചിതറിത്തെറിച്ച രാവുകളും
പിഞ്ഞിപ്പോയ സന്ധ്യകളും
ഗോളാകൃതിയിലുടഞ്ഞു
നനച്ച കൺതടങ്ങളിൽ
അമാവാസികളുടെ
ഇരുൾപ്പെരുക്കം.
സുവർണ്ണ ലിപികളുടെ
ഇരുളിടങ്ങളിൽ
തുറിക്കും ആത്മാഹുതികളുടെ
കഥയില്ലായ്മകളിലടിഞ്ഞ
പേരില്ലായ്മകൾ, നാം.
മുറിഞ്ഞൂർന്നുപോയ കനവുകൾ
ചാലിച്ച്
നിലാവലകളിൽ
ഭൂമിയുടെ നഗ്നതതൊട്ട് നാം
കോറിയിട്ട ഇന്നലെകളിൽ നിന്ന്
നക്ഷത്രങ്ങൾ
തീ കോരിമിന്നി.
രാവിൻ്റെ വിഹ്വലതകളിലേക്ക്
അടർന്നഴിയുന്ന വിതുമ്പലുകളായി
ഋതുഭേദങ്ങളിലൂടെ
അഴുക്കകങ്ങളിലൂടെ
കാരാഗൃഹങ്ങളിലൂടെ
ഇന്നും അടർന്നുടയുന്ന
ദാരിദ്ര്യമാണു, ഞാൻ….