എന്താണ് ടോക്സിക് കൾച്ചർ? (ജെ.എസ്‌.അടൂർ)

sponsored advertisements

sponsored advertisements

sponsored advertisements


26 April 2022

എന്താണ് ടോക്സിക് കൾച്ചർ? (ജെ.എസ്‌.അടൂർ)

ന്ന് സമൂഹത്തിലും സംഘനകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്നം ടോക്സിക് കൾച്ചറാണ്. വിഷലിപ്‌ത മനസ്ഥിതി. മനുഷ്യർ തമ്മിലുള്ള പരസ്പരവിശ്വാസവും പരസ്പര ബഹുമാനവും നഷ്ട്ടപെട്ടു പരസ്പരം സംശയവും അതിൽ നിന്നൊക്കെ ഉളവാകുന്ന സ്നേഹ രാഹിത്യവുമാണ് ടോക്സിക് കൾച്ചർ.
അതു സ്നേഹവും കരുണയും പരസ്പര കരുതലും ഇല്ലാത്ത അവസ്ഥയാണ്.പല സാഹചര്യങ്ങൾ കൊണ്ടാണ് അതു ഉണ്ടാകുന്നത്. ആദ്യം ഒരു ചെറിയ സംശയ വൈറസ്സായി അതു തലയിൽ കയറും. പിന്നെ പല രീതിയിൽ മ്യൂറ്റെറ്റ് ചെയ്തു മാനുഷിക ബന്ധങ്ങളെ നശിപ്പിക്കും.
ടോക്സിക് കൾച്ചർ /വിഷലിപ്‌ത അന്തരീക്ഷം കുടുമ്പങ്ങളിലും സംഘടനകളിലും സമൂഹത്തിലും ഉണ്ടാകാം. അതു ചിലരെ ഉൾവലിയുന്നവരാക്കും. ചിലരെ വിഷാദ രോഗാവസ്‌ഥയിലുള്ള ഡിപ്രഷനിലാക്കും. ചിലരിൽ മൊത്തത്തിൽ നെഗറ്റീവിറ്റി പടർത്തും. ചിലരെ സിനിക്കലാക്കും.
പലപ്പോഴും കുടുംബത്തിലും ഓഫിസിലും സംഘടനകളിലും ടോക്സിക് കൾച്ചർ വരുന്നത് നമ്മൾ തന്നെ അറിയാതെ ആയിരിക്കും. ടോക്സിക് കൾച്ചർ പരത്തുന്നവർ പലപ്പോഴും സെൽഫ് ഡിനെയൽ മോഡിൽ ആയിരിക്കും.
ഈ ആഴ്ചയിൽ എന്റെ പുതിയ അന്താരാഷ്ട്ര ടീമിന്റെ മീറ്റിങ്ങാണ്. അതിൽ പലകാര്യങ്ങളും എന്ത് കൊണ്ടു പരസ്പര സ്നേഹവും വിശ്വാസത്തോട് കൂടി തുറന്നു സംസാരിക്കാനുള്ള സാഹചര്യമാണ് മനുഷ്യരെ സർഗ്ഗത്മകും ക്രിയാത്മകവുമാക്കുന്നത് എന്ന് പറഞ്ഞു. ഞാൻ നേതൃത്വ റോളിൽ ആണെങ്കിലും നിരന്തരം ഫീഡ് ബാക്ക് തന്നെങ്കിലെ എനിക്ക് സർഗാത്മകവും ക്രിയാത്മകവുമായിരിക്കാൻ സാധിക്കുകയുള്ളൂ. പരസ്പരം പോസിറ്റീവ് വൈബിൽ പ്രവർത്തിക്കുമ്പോഴാണ് വ്യക്തികളും സമൂഹവും ഏറ്റവും നല്ല പെർഫോമൻസിലേക്ക് പോകുന്നത്.
അധികാരവും അതിനോട് അനുബന്ധിച്ച പ്രിവിലേജ് എല്ലാം മനുഷ്യ ബന്ധങ്ങളിലുമുണ്ട്. ആ അധികാരത്തെ കുറിച്ച് സ്വയ ബോധവും മനനവും ചെയ്തു അതു ഏറ്റവും കുറച്ചു മാത്രം ഉപയോഗിക്കുമ്പോഴാണ് നമ്മൾ മാറ്റത്തിന്റെ നാന്ദിയാകുന്നുത്.
പല സംഘടനകളിലും ഏറ്റവും നല്ല പെർഫോമൻസ് വ്യക്തിപരമായി ചെയ്യുന്ന നേതാക്കളാണ് ടോക്സിക് കൾച്ചറിന് തുടക്കമിടുന്നത്.
അവരുടെ വർക്കഹോളിക് മോഡൽ പിന്തുടരാത്തവർ എല്ലാം ശരിയല്ല എന്ന ധാരണ വരുത്തുന്നതോടെ എല്ലാവരെയും വർക്കഹോളിക് ആകുവാനുള്ള സാഹചര്യമുണ്ടാക്കും. ബോസ് രാത്രി പത്തു മണിക്ക് ഓഫിസ് മെമോ അയച്ചാൽ അതു രാത്രിയിൽ പലരുടെയും ഉറക്കം കെടുത്തും. അതു പലപ്പോഴും വീട്ടിൽ പ്രശ്നമുണ്ടാക്കും. വീട്ടിൽ സമാധാനം ഇല്ലെങ്കിൽ ഓഫീസിലും അതു ബാധിക്കും.
എന്റെ കൂടെ സ്‌ക്കൂളിലും കോളേജിലിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പഠിച്ച ഒരാൾ ഉണ്ട്‌. പക്ഷെ ജീവിതത്തിലും പ്രൊഫെഷനിലും അതു വല്ലാതെ ബാധിച്ചു. കാരണം ആ കുട്ടി വളർന്നത് ഒരു ടോക്സിക് കൾച്ചറിലാണ്. അയാൾക്ക് ഏറ്റവും നല്ലത് പോലെ പരീക്ഷകളിൽ പെർഫോമൻസ് ചെയ്യാൻ സാധിച്ചത് ഭയം കൊണ്ടാണ്. അച്ഛനെയും അമ്മയെയും പേടിച്ചു നിരന്തരം പഠിച്ചയാൾ. ഒരു സിനിമപോലും കാണാൻ സമയം ഇല്ലാതെ മാർക്ക്‌ മാത്രം നോക്കി പഠിച്ചയാൾ. അല്പം മദ്യപിച്ചു അയാളെ വഴക്ക് പറഞ്ഞയാൾ അതിന്റ ഇരട്ടി കുടിച്ചു അച്ഛനെ തോൽപ്പിക്കാൻ തുടങ്ങിയതോടെ ടോക്സിസിറ്റി കൂടി കുടുംബം തകർന്നു.
പലപ്പോഴും നമ്മൾ ഓരോരുത്തരും സ്ഥിരം ആത്മ ശോധന (സെൽഫ് റിഫലെക്റ്റിവ്)നടത്തി സ്ഥിരം പുതുക്കി ഇല്ലെങ്കിൽ നമ്മൾ പോലും അറിയാതെ ടോക്സിക് വൈറസ് ഉള്ളിൽ കയറും.
സംഘടനകളിൽ നേതൃത്വം വഹിക്കുമ്പോൾ നേതാക്കൾ ശ്രദ്ധിക്കണ്ട പ്രധാന കാര്യം അവർ കേൾക്കാനാണോ പ്രസംഗിക്കാനാണോ കൂടുതൽ സമയം ചിലവാക്കുന്നത് എന്നതാണ്. അവർ മറ്റുള്ളവർക്ക് വളരാൻ എത്ര സാഹചര്യമുണ്ടാക്കുന്നു എന്നതാണ്. ഏറ്റവും പുറകിൽ നിന്നും സൈഡിൽ നിന്നും മുന്നിൽ നിന്നും എപ്പോൾ നയിക്കേണ്ടത് എന്ന ധാരണ ഉള്ളപ്പോഴാണ്. മറ്റുള്ളവർക്ക് പ്രകാശിക്കാൻ അവസരമുണ്ടാക്കുമ്പോഴാണ്.
കഴ്ഞ്ഞ രണ്ട് ദിവസമായി ടീം മീറ്റിംഗിന് നേതൃത്വം നല്കുന്നത് ഞാൻ നേതൃത്വം നൽകുന്ന ടീമിലെ മറ്റുള്ള സഹപ്രവർത്തകരാണ്. അവർ പ്ലാൻ ചെയ്ത് നേതൃത്വം നൽകുന്നത് കേട്ട് സശ്രദ്ധം നോട്ട് ഉണ്ടാക്കി ഓരോരുത്തരെയും മനസ്സിലാക്കുകയാണ് ഞാൻ ചെയ്യുന്നത്. കാരണം എന്നോട് റിപ്പോർട്ട് ചെയ്യുന്ന പലരും പലതിലും എന്നെകാട്ടിൽ കഴുവുള്ളവരാണ് എന്ന ബോധ്യവും സെൽഫ് റിഫലക്ഷൻ കൊണ്ടാണ്.
നിങ്ങളുടെ ഓഫിസിൽ, പാർട്ടിയിൽ പരസ്പരം പഴിചാരുന്നവരും പരസ്പരം പാരവയ്ക്കുന്നവരും അവനിട്ടു ഞാൻ ഒരു പണി കൊടുക്കും എന്ന് കരുതുന്നവർ കൂടുതൽ ഉണ്ടെങ്കിൽ അതു ടോക്സിക് കൾച്ചറിന്റ ലക്ഷണങ്ങളാണ്. നിങ്ങളുടെ പാർട്ടിയിൽ ഓഫീസിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവാക്കുന്നത് മറ്റുള്ളവരുടെ കുറ്റം പറയാനോ, ഗോസിപ്പിനോ ആണെങ്കിൽ അതു ടോക്സിക് കൾച്ചറിന്റ ലക്ഷണമാണ്.
ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയിൽ(ആമ് നെസ്റ്റി )രണ്ട് സ്റ്റാഫ് രണ്ടു രാജ്യങ്ങളിൽ ആത്മഹത്യ ചെയ്തു. അതിന്റ കാരണം അന്വഷിച്ചു നടത്തിയ സ്റ്റാഫ് സർവേയിൽ തെളിഞ്ഞത് ഹൈ പെർഫോമൻസ് ടാർഗറ്റ് നടപ്പാക്കിയ നേതൃത്വം അവിടെ അവരറിയാതെ ആങ്‌സൈറ്റിയും ഭയവും വളർത്തി.
കേരള സമൂഹവും രാഷ്ട്രീയവും ഇന്ന് നേരിടുന്ന സാംസ്‌കാരിക പ്രശ്നം ടോക്സിക് കൾച്ചറാണ്.
അതു സമൂഹത്തിൽ പരസ്പര വിശ്വാസം കുറച്ചു സ്നേഹ രഹിതമായ സമൂഹമാക്കുന്നു. പരസ്പര ബഹുമാനവും കരുതലും ഇല്ലെങ്കിൽ അതു ഭയത്തിന് വഴിമാറും. ഭയം വെറുപ്പും പിന്നെ മനസ്സുകൊണ്ടും വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും അക്രമത്തിന് ഇട നൽകും.
പരസ്പരം വിശ്വാസം നഷ്ടപ്പെട്ടാൽ സ്വന്തം വീട്ടിൽ ഉള്ളവരെയൊ അയൽപക്കത്തുള്ളവരെയൊ പാർട്ടിയിൽ ഉള്ളവരെയൊ വിശ്വാസം ഇല്ലാതാകും.
കേരളത്തിൽ അക്രമം വീട്ടിലും നാട്ടിലും രാഷ്ട്രീയത്തിലും കൂടുന്നുണ്ട്. സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും.
ആളുകളെ ജാതിയും മതവും പാർട്ടിയും തിരിച്ചു ഉള്ളിൽ വിവേചിക്കുന്നു. വ്യത്യസ്ത പാർട്ടിയിലുള്ളവരോട് അസഹിഷ്ണുത കൂടുന്നു. സംഘബലത്തിനു അപ്പുറം ഉള്ളവരെ ശത്രു പക്ഷത്താക്കി വെറുപ്പിക്കാൻ പഠിപ്പിക്കുന്നു.
കേരള സമൂഹവും രാഷ്ട്രീയവും പാർട്ടികളും യൂണിനുകളും മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും പോലീസും സർക്കാരുമെല്ലാം ഒരു ടോക്സിക് കൾച്ചറിലെക്ക് പോകുകയാണോ?