ജേക്കബ് കുസുമാലയം
ഈയിടെയായി എന്നെ നിരന്തരം പ്രലോഭിപ്പിക്കുന്ന ഒരു വർണനയാണ് കോട്ടയം – ആലപ്പുഴ ബോട്ടുയാത്ര.
ഏറെ ഇഷ്ടമുള്ള യാത്രികൻ KP ആന്റണിയുടെ ബോട്ടുയാത്ര വീണ്ടും എന്റെയാ ഓർമപ്പെട്ടി തുറന്നു.
2022 ഓഗസ്റ്റിലാണ് ഞങ്ങൾ ഇത്തവണ ആ വഴിക്കിറങ്ങിയത്. പഴേ കാലത്തിന്റെ വലിയൊരു യാത്രാനുഭവം ഒന്നുകൂടി തേച്ചു മിനുക്കിയെടുത്തു . രാവിലെ 6.30 -ന് കോടിമത ബോട്ട്ജട്ടിയിൽ നിന്ന് പത്തു പന്ത്രണ്ടു യാത്രികർ – പുലർന്നു വരുന്ന പ്രഭാതം. ബോട്ടിന്റെ കടകടാ ശബ്ദം . ബോട്ടുവരുമ്പോൾ എവിടെ നിന്നോ ഓടി വന്ന് പാലം പൊക്കിത്തരുന്നവർ . അക്കരെയിക്കരെയായി തുരുതുരാ ബോട്ടുജെട്ടികൾ . ബോട്ടു പിടിക്കാൻ കരയിൽ ബോട്ടിനൊപ്പം വൈകിയോടുന്നവർ . നല്ല പുൽ വരമ്പുകൾ . കൃഷിയൊഴിഞ്ഞ പാടങ്ങളിലാകെ ആമ്പൽസിന്ദൂരം . നേരം വെളുത്തു വരുന്നതോടെ യാത്രികർ കൂടി വരുന്നു. പലരും സ്ഥിരപരിചിതരായതു കൊണ്ടാവണം സ്നേഹാന്വേഷണങ്ങളും കുടുംബകാര്യ ങ്ങളുമൊക്കെയായി വെടിവട്ടം. പച്ചയായി ഇന്നും നിലനിൽക്കുന്ന കുട്ടനാടൻ ഗ്രാമസംസ്കൃതി. ഇളം കാറ്റ് . വർഷങ്ങൾക്കു ശേഷമുള്ള വരവായതു കൊണ്ട് ഇരു വശങ്ങളിലെയും പുതിയ റിസോർട്ടുകൾ, റോഡുകൾ ഒക്കെ കാഴ്ചയായി. 9മണിയോടെ ആലപ്പുഴയെത്തിയ ഞങ്ങൾ മുല്ലക്കൽ ഒരു കുഞ്ഞു ദോശക്കടയിൽ നിന്നും നേരേ ഓട്ടോയിൽ പോയത് ഗുജറാത്തി സ്ട്രീറ്റിലെ ജയിൻ ടെമ്പിളിലേക്ക്. ആലപ്പുഴയുടെ പഴമയുടെയൊരാമുഖം പോലെയാ സുന്ദര സൃഷ്ടി. അവിടുന്ന് ബീച്ചിലൂടെ നടന്ന് ലൈറ്റ് ഹൗസിലേക്ക്. നന്നായി പുതുക്കിയെടുത്ത ആ ഗോപുരത്തിന്റെ ഇടുങ്ങിയ ഏണിപ്പടികൾ താണ്ടി ഏറ്റവും ഉയരെ നിന്ന് കാണുമ്പോൾ നഗരം ഏതാണ്ട് മുഴുവനായും വെളിപ്പെടും. അവിടുന്ന് നേരേ രവി കരുണാകരൻ മ്യൂസിയം – എത്രയോ തവണ അതിലേ പോയിരിക്കുന്നു. ഇന്നതൊന്നു കാണുക തന്നെ. മുന്നൂറു രൂപാ (രണ്ടാൾക്കാണേ …) ടിക്കറ്റുമെടുത്ത് വളരെ ഭംഗിയായി ക്യൂറേറ്റ് ചെയ്യപ്പെടുന്ന ആ മ്യൂസിയം നന്നായി ആസ്വദിക്കാൻ ഒരു പകൽ മുഴുവൻ വേണം. വിശപ്പിന്റെ വിളിയാണ് തടസം. ചിരപരിചിതമായ ‘ബ്രദേഴ്സി’ൽ നിന്ന് രുചിയൂറുന്നൊരു മീൻ കറിയുമായി ഉച്ചയൂണ് . തിരികെ 2.30 -ന്റെ കോട്ടയം ബോട്ട് . ഇന്നാകെ നല്ല തിരക്കാണ്. ഒരു വലിയ സംഘം ചെന്നൈ വിദ്യാർത്ഥികൾ അവരുടെ ഐ വി യുടെ ഭാഗമായി ഞങ്ങളുടെ കൂടെ ബോട്ടിലുണ്ട്. അവരുടെ കൗമാര കൗതുകങ്ങളിലും ഉച്ചത്തിലുള്ള പാട്ടിലും പങ്കുചേർന്ന് വീണ്ടും സിഗ്സാഗ് ജെട്ടികൾ വഴി, സുന്ദരമായ നാടൻ ജീവിതത്തിലൂടെ, തുമ്പിയും തൂമ്പയുമൊക്കെ കൂട്ടിനെത്തിയ മടക്കം. മനസിൽ സജീവമായത് മറ്റൊരു യാത്രയാണ്. അരൂർ ആണ് താമസം.അന്ന് കോട്ടയത്ത് ഞങ്ങളുടെ എൽ ഐ സി യിലെ സംഘടനയായ NF-ന്റെ ഒരു ചർച്ച . അതു നേരത്തേ കഴിഞ്ഞതോടെ സമയം ഒത്തിരി ബാക്കി. വൈകിട്ട് ആലപ്പുഴയിൽ ഒരു മീറ്റിങ്ങുണ്ട്. അങ്ങനൊരൈഡിയ വന്നു – ബോട്ടിൽ അങ്ങോട്ട് – തിരിച്ച് ബസിൽ അരൂർക്ക് .
അന്നാദ്യമായി 12 രൂപാ ടിക്കറ്റിൽ കോടിമതയിൽ നിന്ന് ഹൃദയഹാരിയായ ആ ബോട്ടുയാത്ര.
വർഷങ്ങൾ കടന്നുപോയി. 2005 – ൽ ചെന്നൈ മെയിലിൽ എർണാകുളത്തേയ്ക്കു മടക്കം. സഹയാത്രികരിൽ ഒന്നുരണ്ടുപേരുമായി കിട്ടിയ ചങ്ങാത്തം പക്ഷേ അവരിടയ്ക്കിറങ്ങിയതോടെ കഴിഞ്ഞു. 2nd ഏസീയിലാണീ പ്രശ്നം.
അതിൽ കയറുന്നതോടെ പലർക്കും ഒരെക്സ്ട്രാ മസിൽ എവിടുന്നോ മുളച്ചുപൊന്തും. കോലിട്ടു കുത്തിയാൽ പോലും മിണ്ടാതുരിയാടാതൊരു പുസ്തകോം ചുമ്മാ പിടിച്ചങ്ങിരിക്കും. ഒരഞ്ചു മിനിറ്റിന് ഫ്‌ളൈറ്റ് നഷ്ടപ്പെട്ടതു കൊണ്ടു മാത്രം നിന്റെയൊക്കെ കൂടെ ഈ ബ്ളഡി ട്രെയിനിൽ യാത്ര ചെയ്യുന്നു എന്ന മട്ട്. ഇനി എന്റെ കമ്പാർട്ടുമെന്റിൽ ഞങ്ങൾ രണ്ടാൾ മാത്രം. അയാൾ പക്ഷേ ഒരക്ഷരം ആരോടും മിണ്ടിക്കണ്ടില്ലിതു വരെ. പ്രായം ഒരറുപത്തഞ്ചിനു ചുറ്റും. ക്ലീൻ ഷേവൻ . തല മുണ്ഡനം ചെയ്ത് പിന്നോട്ട് ഒരഞ്ചാറു മുടി നിറുത്തിയിരിക്കുന്നു. വായ തുറപ്പിക്കാൻ ഞാൻ നടത്തിയ ചില പ്രസ്താവനകൾ പാഴായിപ്പോയിരുന്നു. ആളു തീരെ ഉറങ്ങുന്നില്ല. എല്ലാ സ്റ്റോപ്പിലും ഇറങ്ങുന്നുണ്ട്. തിരിച്ചു കേറി വരുമ്പോൾ അകത്ത് അസഹ്യമായ സിഗരറ്റ് മണം!. ഞാനന്നൊരു പുകവലിക്കാരനെങ്കിലും ഏസീയിൽ അതിത്തിരി കട്ടിയായി തോന്നി. പാലക്കാടു കഴിഞ്ഞു – പിന്നിങ്ങോട്ട് തുരുതുരാ സ്റ്റോപ്പാണല്ലോ. ഞാനും എണീറ്റിരുന്നു. നിലാവിലും പുലർച്ചെയും ട്രെയിനിൽ നിന്നും പുറത്തേയ്ക്കു മിഴി നട്ടാൽ നമ്മൾ മറ്റൊരു ലോകത്താകും. ആ കാഴ്ച പക്ഷേ സാദാ സെക്കന്റ് ക്ലാസിലേ കിട്ടൂ. ഇവിടെ ഏസീ യിൽ ഗ്ലാസ് ജനാല മുഴുവൻ ഒരു മാതിരി പുകപിടിച്ചിരിക്കുന്നു. അതുകൊണ്ട് ഞാനും നിരാശനാണ്. സിഗരറ്റ് മണവുമായി പെട്ടെന്നു കയറി വന്ന നമ്മുടെ കക്ഷി ഇത്തിരി കിതയ്ക്കുന്നതായി തോന്നി. “എല്ലാം ഓക്കേ”? ഞാൻ വീണ്ടും പിടിമുറുക്കി. ഇത്തോണ ആ തിരുവാ തുറന്നു. “താങ്ക്സ്”.
എനിക്കതു ധാരാളം മതിയായിരുന്നു. ആ പിടിവള്ളിയിൽ പിടിച്ചു കയറി. പിന്നെ വന്നതു സരസമായ ഒരു ജീവിത കഥ. ആൾ ഒരു കയർ എക്സ്പോർട്ടർ. കൽക്കട്ടയിൽ നിന്നു ആലപ്പുഴക്ക് വരുന്നു. രവികരുണാകരനും ജനറൽ പിക്ചേഴ്സ് രവിയുമൊക്കെ തോളിൽ കൈയ്യിടുന്ന ബഡീസ്… ചെന്നൈയിൽ ബിമാനമിറങ്ങി എന്തോ കാര്യങ്ങൾ കഴിഞ്ഞപ്പോൾ ഒരു പൂതി – ഒരു രാത്രി ആരോടും ഒരക്ഷരം ഉരിയാടാതെ കഴിയണം.. അങ്ങനെയാണ് ട്രെയിനിൽ ഇപ്പോൾ ഇരിക്കുന്നത്. വീട്ടിൽ ഭാര്യ മാത്രം. എസ്പ്ളനേഡിലേ പുതിയ അത്യാഡംബര ഫ്ളാറ്റിൽ പക്ഷേ വല്ലാത്തൊരേകാന്തത . മകനും കുടുംബവും അങ്ങു ഡൽഹിയിൽ. എൻജിനീയറായ ആ കഴുവേറിക്ക്(son of a bitch- ആ പ്രയോഗം എനിക്കിഷ്ട്ടായി .പക്ഷേ അഛന്റെ ബിസിനസ് സാമ്രാജ്യത്തോട് പുഛമാണത്രേ . ഞാനിനി ബിസിനസ് മുച്ചൂടും നിറുത്താൻ പോകുന്നു. ഈയിടെയാണ് ഒരു ബൈപാസ് സർജറി കഴിഞ്ഞത്. അന്നുമുതൽ ഭാര്യയുടെ കഠിനത്തടവിലാണ്. ഇന്നലെ ഞാൻ സർവതന്ത്ര സ്വതന്ത്രനായി നന്നായി ഒന്നു മിനുങ്ങിയാണ് ട്രെയിനിൽ കയറിയത്. കൊച്ചി വരെ പുകവലിക്കും. എന്താ ബുദ്ധിമുട്ടുണ്ടോ?
ഇല്ലെന്ന് ഞാൻ ആണയിട്ടു. എന്തെന്നറിയില്ല – വീണ്ടും സംസാരിച്ചു കൊണ്ടേയിരിക്കുന്നു രാജൻ ഖേത്രി. വിയറ്റ്നാം കോളനിയിൽ പറയുന്ന പോലെ ആൾ മുന്തിയ ഇനം “ബ്രാമണൻമാരാ”ണത്രേ . അഛന്റെ പുലയാചരിക്കുന്നതു കൊണ്ട് ഒരു വർഷം തലയിങ്ങനെ മുണ്ഡനം ചെയ്തിരിക്കും. അഛൻ വില്ലാളിവീരനായിരുന്നു. പത്തൊമ്പതു കളരിക്കാശാൻ. യൂറോപ്പിലെ പഠന കാലത്ത് മകനും വെറുതേയിരുന്നില്ല. ഒരു ബൽജിയംകാരിയുമായി ലിവിങ് റ്റുഗതർ. വിവരം ചോർന്നു കിട്ടിയ അഛൻ മകനേ സൂത്രത്തിൽ നാട്ടിൽ വരുത്തി ആ പടിയങ്ങടച്ചു. ഒരു ബംഗാളിപ്പെൺകൊടിയേ തലയിൽ കൊടുത്തു. ഇപ്പഴും അതത്ര ശരിയായിട്ടില്ലാന്ന് ചിരിച്ചു കൊണ്ട് രാജൻ ഖേത്രി.
എന്തോ ഒരാകർഷണം ആ മനുഷ്യനോടെനിക്കും വന്നിരിക്കുന്നു. കയർ ബിസിനസും രബീന്ദ്ര സംഗീതവും സോണാ ഗച്ചിയും മനുഷ്യ കപടതകളുമെല്ലാം ആ വാഗ്ധോരണിയിൽ മാറി മറിഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക്, അന്ന് വിരിഞ്ഞു വരുന്ന കേരളാ ടൂറിസവും ഒന്നു തൊട്ടു. ഹൗസ് ബോട്ടും മൂന്നാറും കോവളവും എന്റെ സംഹൃത്ത് ആവർത്തിച്ചു കണ്ടു മടുത്തുവത്രേ. ഇനി യെന്തുണ്ട്? ഞാനും മനസിലൊന്നു പരതി. ഓർമകളിൽ കോട്ടയം – ആലപ്പുഴ ബോട്ടു വന്നു മണിയടിച്ചു നിന്നു. ഞാൻ മടിച്ചു മടിച്ച് അന്നത്തെ 12 രൂപായുടെ ആ സുന്ദരൻ യാത്രയവതരിപ്പിച്ചു.
ഞങ്ങൾക്കിറങ്ങാൻ സമയമാകുന്നു. രാജൻ ഖേത്രി പറഞ്ഞു – എർണാകുളത്ത് അയാളെ കൂട്ടാൻ കാറെത്തും. എന്റെ വീട് അയാളുടെ റൂട്ടിൽ NH ലാണെന്ന് പറഞ്ഞപ്പോൾ എന്നെയും കൂട്ടി വീടിനു മുന്നിൽ കൊണ്ടെ വിട്ടു.
നാളുകൾക്കു ശേഷം എനിക്കാ വിളിയെത്തി. അയാൾ അടുത്ത വരവിൽ ഇതേ ട്രെയിനിൽ കോട്ടയത്തെത്തീന്നും “കൊടിമതാ” യിൽ നിന്നും ബോട്ടിൽ ആലപ്പുഴയെത്തിയെന്നും ഇനിയും വർഷത്തിലൊരിക്കൽ ആ ധ്യാനയാത്ര നടത്തുമെന്നും. ആ സന്തോഷത്തിലാവണം ഫോൺവിളിയും തമാശകളും ഓണം, ക്രിസ്മസ് ആശംസകളും കൂടിക്കൂടി വന്നു. പിന്നെപ്പോഴോ ജീവിതത്തിന്റെ പൊട്ടും പൊടിയും കൂടിയപ്പോൾ അതു സാവധാനം നിന്നു പോയി. ഇന്നാ നമ്പർ എന്റെ ഫോണിലില്ല. എങ്കിലും “കൊടിമതാ” – ആലപ്പുഴ യാത്ര ആ ഓർമകളെ വിളിച്ചുണർത്തുന്നു.
സലാം മൈ ഡിയർ ഫ്രണ്ട് രാജൻ ഖേത്രി
