BREAKING NEWS

Chicago
CHICAGO, US
4°C

ജെയ്ബു കുളങ്ങര:സ്നേഹത്തിന്‍റെ തുരുത്ത് ( വഴിത്താരകൾ )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

5 February 2022

ജെയ്ബു കുളങ്ങര:സ്നേഹത്തിന്‍റെ തുരുത്ത് ( വഴിത്താരകൾ )

തയാറാക്കിയത്:അനിൽ പെണ്ണുക്കര

ജീവിതത്തിന്‍റെ ജനിതകമാറ്റം

കുടുംബത്തിന്‍റെ കെട്ടുറപ്പാണ് പല മനുഷ്യരെയും അതിജീവിക്കാനും പുരോഗതിയിലേക്ക് നയിക്കാനും സഹായിച്ചത് എന്നുള്ളതിന്‍റെ നേര്‍ക്കാഴ്ചകളാണ് ജെയ്ബു കുളങ്ങരയുടെ ജീവിതം നമുക്ക് സമ്മാനിക്കുന്നത്. കോട്ടയം താഴത്തങ്ങാടി കുളങ്ങര കെ. ജെ. മാത്യുവിന്‍റേയും ചിന്നമ്മ മാത്യുവിന്‍റേയും എട്ട് മക്കളില്‍ ആറാമനായി ജെയ്ബു കുളങ്ങര ജനിക്കുമ്പോള്‍ അച്ചാച്ചന്‍ കെ.ജെ മാത്യുവിന് പലചരക്ക് കടയായിരുന്നു ജീവിതമാര്‍ഗ്ഗം. എന്നാല്‍ പിന്നീട് അദ്ദേഹം തടിക്കച്ചവടത്തിലേക്ക് കടക്കുകയും ഭേദപ്പെട്ട കുടുംബ ജീവിതം നയിക്കുകയുമായിരുന്നു. സ്നേഹത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെ സ്നേഹത്തില്‍ കുറഞ്ഞൊന്നും കൊടുക്കാതെയും കെ. ജെ. മാത്യു തന്‍റെ മക്കളെ വളര്‍ത്തി. അതുകൊണ്ട് തന്നെ ജെയ്ബു കുളങ്ങരയുടെ ബാല്യവും കൗമാരവും എല്ലാം കടന്നുപോയത് സ്നേഹത്തിന്‍റെ അക്ഷയഖനികളിലൂടെയായിരുന്നു.


മക്കളെയെല്ലാം പരസ്പര സ്നേഹത്തോടെയും, പരസ്പരം ബഹുമാനിക്കാനുള്ള പക്വതയോടെയും വളര്‍ത്തിയ കെ.ജെ മാത്യു അവര്‍ക്ക് കൃത്യമായ വിദ്യാഭ്യാസവും, സാമൂഹികബോധവും നല്‍കാന്‍ മറന്നില്ല. എങ്ങനെയാണോ വീടുകളില്‍ തങ്ങള്‍ പെരുമാറിയിരുന്നത് അതുപോലെ തന്നെയായിരുന്നു സമൂഹത്തിലും അദ്ദേഹത്തിന്‍റെ മക്കള്‍. ഒരു സമൂഹം നന്നാവുന്നത് നല്ല കുടുംബങ്ങള്‍ രൂപപ്പെടുമ്പോഴാണ്. കെ. ജെ. മാത്യു രൂപപ്പെടുത്തിയ കുടുംബം ഒരു സമൂഹമായപ്പോള്‍ അവിടെ സ്നേഹവും, സ്വര്‍ഗ്ഗവും ജനിക്കുകയായിരുന്നു.
അച്ചായന്‍റെയും അമ്മയുടെയും എല്ലാ സ്നേഹവായ്പ്പുകളും ലഭിച്ച ജെയ്ബു കുളങ്ങരയുടെ ജീവിതം എന്തുകൊണ്ടും സമ്പന്നമായിരുന്നു. പുത്തനങ്ങാടി സെന്‍റ് മേരീസ് സ്കൂളില്‍ നാലാം ക്ലാസ് വരെ പഠനം. പിന്നീട് കോട്ടയം സി. എം. എസ് സ്കൂളിലേക്ക് മാറുകയും എസ്. എസ്. എല്‍. സി പൂര്‍ത്തിയാക്കുകയും ചെയ്തു. ബസേലിയസ് കോളജില്‍ പ്രീഡിഗ്രിയും ബി.കോം പഠനവും പൂര്‍ത്തിയാക്കി. എം.കോം പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമേരിക്കയിലേക്ക് പോകുന്നത്. അതൊരു പറിച്ചു നടലായിരുന്നു. നാടിന്‍റെ വേരില്‍ നിന്ന് അമേരിക്കന്‍ മണ്ണിലേക്കുള്ള ഒരു വലിയ ഉയര്‍ച്ചയുടെ ആദ്യ പടവുകളായിരുന്നു അത്.

വലതുപക്ഷത്തെ ഹൃദയപക്ഷം

രാഷ്ട്രീയപരമായി കൃത്യമായ നിലപാടുകള്‍ സൂക്ഷിക്കുന്ന ആളായിരുന്നു ജെയ്ബു കുളങ്ങര. എല്ലാത്തിനും നീതിയുടെയും ന്യായത്തിന്‍റെയും കൃത്യമായ മേല്‍നോട്ടം ഉണ്ടായിരുന്നു. കോളജ് പഠനകാലം മുതല്‍ കേരളാ കോണ്‍ഗ്രസിന്‍റെ അനുഭാവിയും പ്രവര്‍ത്തകനുമായിരുന്നു. ബസേലിയസ് കോളജില്‍ 1978ല്‍ ഡിഗ്രി പഠിക്കുന്ന സമയത്ത് കേരള യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ (കെ. എസ്. സി.) ആയിരുന്നു. 1980 ല്‍ കെ. എസ്. സി. (എം) സംസ്ഥാന ട്രഷറര്‍, കോട്ടയം ടൗണ്‍ കേരള കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് എന്നീ നിലകളില്‍ സജീവ പ്രവര്‍ത്തനം.


കേരള കോണ്‍ഗ്രസ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. അതുകൊണ്ടു തന്നെ കെ.എം.മാണിയുമായി 1973 ല്‍ തുടങ്ങിയ ബന്ധം വളരെ മനോഹരമായി തന്നെ സൂക്ഷിച്ചിരുന്നു. മാണിസാര്‍ കോണ്‍ഗ്രസ് വിട്ട് കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചത് നന്നായി എന്ന അഭിപ്രായമാണ് ജെയ്ബു കുളങ്ങരയ്ക്ക് ഉള്ളത്. അതെക്കുറിച്ച് മാണി സാര്‍ തന്നെ പറയുന്ന വാക്കുകള്‍ അദ്ദേഹം പങ്കുവയ്ക്കുന്നത് ഇങ്ങനെ;
‘കോണ്‍ഗ്രസ് ഒരു കടലാണ്. എന്നാല്‍ കേരളാ ഒരു നദിയും. കടലില്‍ വീണാല്‍ മുങ്ങും. നദിയായാല്‍ നീന്തിക്കയറാം’.
ഭൂമിയുടെ ഏതു കോണിലായാലും കേരളകോണ്‍ഗ്രസും മാണിസാറും ഒരു വികാരം തന്നെയാണ് അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ അമേരിക്കന്‍ മണ്ണിലും കേരള കോണ്‍ഗ്രസിനോടുള്ള അദ്ദേഹത്തിന്‍റെ ഇഷ്ടവും ആരാധനയും ചോര്‍ന്നതേയില്ല. പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതിയായി സന്തോഷിച്ചതും മാറ്റാരെക്കാളും അദ്ദേഹം തന്നെയാണ്. മാണിസാറും, ജോസ്. കെ. മാണിയുമായും നല്ല അടുപ്പമായിരുന്നു അദ്ദേഹത്തിന്; സഹോദര തുല്യമായ അടുപ്പം.

അമേരിക്കന്‍ അനുഭവങ്ങളിലൂടെ

1982 ലാണ് ജെയ്ബു കുളങ്ങര അമേരിക്കയിലെത്തുന്നത്. രണ്ടാമത്തെ ജേഷ്ഠന്‍ വിവാഹാനന്തരം അമേരിക്കയിലേക്ക് പോയതോടെ ഏഴ് സഹോദരന്‍മാരും ഏക സഹോദരിയും കുടുംബങ്ങളോടെ അമേരിക്കയില്‍ എത്തുകയായിരുന്നു.
ഇന്‍കം ടാക്സ് പ്രാക്ടീഷണര്‍ ആയിട്ടായിരുന്നു അമേരിക്കയില്‍ ചെന്ന ശേഷം ജെയ്ബു മാത്യു കുളങ്ങര തന്‍റെ ജോലി ആരംഭിച്ചത്. തുടര്‍ന്ന് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് കമ്പനിയില്‍ ടാക്സ് പ്രിപ്പയര്‍ ആയി 1983 ല്‍ ജോലി ലഭിച്ചു. തുടര്‍ന്ന് പ്രസ്തുത കമ്പനിയുടെ തന്നെ പ്രീമിയം ഡയറക്ടറായി സ്ഥാനമേറ്റു. പുതിയതായി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ടാക്സ് സംബന്ധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കുമായിരുന്ന അദ്ദേഹം ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ജോലിയിലെ കൃത്യതയും, ആത്മാര്‍ത്ഥതയും പിന്നീട് അദ്ദേഹത്തെ ഇതേ കമ്പനിയുടെ തന്നെ പ്രീമിയം ഓഫീസ് ഡയറക്ടറാക്കി ഉയര്‍ത്തി.


2002ലാണ് ഈ കമ്പനിയില്‍ നിന്ന് രാജിവെച്ച് സ്വന്തമായി പ്രാക്ടീസ് തുടങ്ങാം എന്ന തീരുമാനത്തില്‍ അദ്ദേഹം ചെന്നെത്തുന്നത്. പിന്നീട് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായി അത് മാറുകയായിരുന്നു. ചിക്കാഗോയിലെ ഏതൊരു വ്യക്തിയുടെയും, ബിസിനസുകാരുടെയും വിശ്വസ്തനായ ടാക്സ് കണ്‍സള്‍ട്ടിന്‍റെ പേരെടുത്താല്‍ അതില്‍ ആദ്യം ജെയ്ബുവിന്‍റെ പേരുണ്ടാകും. അദ്ദേഹം ആരംഭിച്ച ജെയ്ബു മാത്യു കുളങ്ങര ആന്‍ഡ് അസോസിയേറ്റ്സ് എന്ന ടാക്സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം അത്രത്തോളം പ്രസിദ്ധമാണ്. 12 ജോലിക്കാരുമായി മുന്നോട്ട് പോകുന്ന ഈ സ്ഥാപനത്തിലും കുട്ടിക്കാലത്ത് അച്ചാച്ചനും അമ്മയും പഠിപ്പിച്ച സ്നേഹവും കരുണയും തുടര്‍ന്ന് പോകുന്നു.


നാട് ഏതായാലും വന്ന വഴിയും ചെയ്തു പോന്നിരുന്ന പ്രവര്‍ത്തനങ്ങളും മറന്നു പോകാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അമേരിക്കയിലും സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് കൂടുതല്‍ സജീവമാണ് ജെയ്ബു കുളങ്ങര. 2014 – 16 കാലയളവില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു . സീറോ മലബാര്‍ രൂപതയുടെ ആദ്യത്തെ പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ , ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ഉദ്ഘാടന സമയത്ത് ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. തുടര്‍ന്ന് 1983 മുതല്‍ ഫൊക്കാനയില്‍ സജീവം. ഫൊക്കാനയുടെ ആദ്യ തെരഞ്ഞെടുപ്പില്‍ ഡോ. അനിരുദ്ധനെതിരെ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് വന്നെങ്കിലും സംഘടനയുടെ നിലനില്‍പ്പിനും, സൗഹാര്‍ദ്ദത്തിനും വേണ്ടി അന്ന് അദ്ദേഹം അതില്‍ നിന്ന് പിന്മാറുകയായിരുന്നു. അന്നുമുതല്‍ വിവിധ പദവികളില്‍ സജീവ പ്രവര്‍ത്തകനായി ഇന്നും സംഘടനയ്ക്കൊപ്പം ഉണ്ട്. നിലവില്‍ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റാണ് ജെയ്ബു കുളങ്ങര.
വേദനകളുടെ നീരുറവയും.


സ്നേഹത്തിന്‍റെ തിരുശേഷിപ്പുകളും

1986 ലെ അച്ചാച്ചന്‍റെ മരണം വലിയൊരു നോവായിട്ടാണ് കുളങ്ങര കുടുംബത്തില്‍ വന്നു പതിച്ചത്.പിതാവിന്‍റെ മരണം വലിയ ഷോക്കായിരുന്നു എല്ലാവര്‍ക്കും . എന്നാല്‍ പിതാവിന്‍റെ വിയോഗം അറിയിക്കാതെയാണ് അമ്മ മക്കളെ വളര്‍ത്തിയത്. 35 വര്‍ഷം അമ്മ മക്കള്‍ക്കൊപ്പം മാറി മാറി താമസിച്ചു. ഒരു കുറവും ഇന്നോളം ആരും അറിഞ്ഞിട്ടില്ല. അമ്മ എന്നാല്‍ അത്രത്തോളം സ്നേഹവും സന്തോഷവും ബഹുമാനവുമാണ് ജെയ്ബുവിന്. അച്ചാച്ചനും അമ്മയുമാണ് ഞങ്ങളുടെ ജീവിതത്തിന്‍റെ സര്‍വസ്വവും എന്ന് എപ്പോഴും പറയും. അമേരിക്കയിലെത്തിയ അമ്മ മക്കള്‍ക്കൊപ്പം മാറിമാറി താമസിക്കുന്നതിനിടയില്‍ കൂടുതല്‍ സമയവും തനിക്കൊപ്പം ആയിരുന്നു എന്ന് അഭിമാനത്തോടെ അദ്ദേഹം പറയും. അമ്മയോളം വലിയൊരു സത്യം വേറെ ഇല്ല. അവിടെ നിന്നാണ് എല്ലാവരുടെയും ഉയര്‍ച്ചയുടെ തുടക്കം എന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു.


നേട്ടങ്ങളെ പോലെതന്നെ നഷ്ടങ്ങളുടെയും നാടായിരുന്നു അദ്ദേഹത്തിന് അമേരിക്ക. 2019ല്‍ അമ്മയുടെ മരണം. ഇപ്പോഴും വിശ്വസിക്കുവാന്‍ സാധിക്കാത്ത ഒരു വിയോഗം. ഒരു പുസ്തകത്തിന്‍റെ കുത്തിക്കെട്ട് പൊട്ടിപ്പോയപോലെ ഒരനുഭവം. അതുപോലെ അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട സുഹൃത്തും വഴികാട്ടിയുമായിരുന്ന ജോയി ചെമ്മാച്ചേലും അദ്ദേഹവുമായുള്ള സൗഹൃദവും, സംഭാഷണങ്ങളും ജെയ്ബു കുളങ്ങരയ്ക്ക് പുതിയൊരു ഉണര്‍വ്വായിരുന്നു. പെട്ടെന്നുള്ള അദ്ദേഹത്തിന്‍റെ മരണവും ഒരു സഹോദരന്‍ നഷ്ടപ്പെട്ടതുപോലെയായിരുന്നു അദ്ദേഹത്തിന് അനുഭവപ്പെട്ടത്. എന്നും ഓര്‍മ്മിക്കുന്ന ഒരു മുഖമാണ് ജോയിച്ചന്‍റേത്. ജോയിച്ചനെ പോലെ ജോയിച്ചന്‍ മാത്രമേ ഉള്ളൂവെന്നും അവന്‍റേത് മാത്രമായ ചിലത് അവനു മാത്രമേ നല്‍കാന്‍ കഴിയൂ എന്നും ജെയ്ബു തുറന്നു പറയുന്നു.


ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച

നാടും വീടും വേഷവും മാറിയിട്ടും അന്യനെ സഹായിക്കുക എന്ന കര്‍മ്മം ഇപ്പോഴും പലവിധത്തില്‍ തുടരുന്നുണ്ട് ഈ മനുഷ്യസ്നേഹി. ഇന്‍കംടാക്സ് പ്രാക്ടീസിന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിന്‍റെ ഓര്‍മ്മയ്ക്ക് കോട്ടയം ജില്ലയിലെ നിര്‍ദ്ധനരായ വീടില്ലാത്ത കുടുംബങ്ങള്‍ക്ക് 80 വീടുകളാണ് അദ്ദേഹം നിര്‍മ്മിച്ചു നല്‍കിയത്. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (ചൈതന്യ) നേതൃത്വം നല്‍കിയാണ് 2008ല്‍ ഈ പദ്ധതി നടപ്പിലാക്കിയത്.


2008 ല്‍ ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കണം എങ്കില്‍ അത്രത്തോളം സമൂഹത്തോടും തനിക്ക് ചുറ്റുമുള്ള മനുഷ്യരോടും പ്രതിബദ്ധതയുള്ള ആളായിരുന്നു അദ്ദേഹം എന്ന് മനസിലാക്കാം. ഒരു വീട് എത്രത്തോളം ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. കാരണം സ്നേഹം കൊടുത്താണ് അച്ചാച്ചനും അമ്മച്ചിയും മക്കളെയെല്ലാം വളര്‍ത്തിയത്. ഒരു കുടുംബം എങ്ങനെയാണ് ഇത്രത്തോളം ഭംഗിയില്‍ നിലനില്‍ക്കുന്നതെന്ന് പലപ്പോഴും തോന്നണമെങ്കില്‍ ജെയ്ബുവിന്‍റെ, കുളങ്ങര കുടുംബത്തിലേക്ക് നോക്കണം.
ഭര്‍ത്താവിന്‍റെ എല്ലാ സാമൂഹിക പ്രവര്‍ത്തികള്‍ക്കും കൂട്ടായി ഭാര്യ ഏലമ്മയും (നേഴ്സ്), മക്കള്‍: ആന്‍ മാത്യു (ടീച്ചര്‍), ക്രിസ്റ്റീന്‍ മാത്യു (ടാക്സ് പ്രാക്ടീഷ്ണര്‍), ബ്രയാന്‍ മാത്യു ഇജഅ (കെ. പി. എം. ജി കമ്പനിയുടെ സീനിയര്‍ മാനേജര്‍) എന്നിവരും മരുമകന്‍ റ്റോമി ചാമക്കാലായും കൊച്ചുമക്കളായ ബെല്ല, ജിയാന എന്നിവരും ജെയ്ബു കുളങ്ങരയുടെ ജീവിതത്തിലെ സമ്പാദ്യങ്ങളാണ്.
ജീവിതം ഏറ്റവും ഭംഗിയില്‍ നിലനില്‍ക്കുന്നത്, അതിന്‍റെ ഭൂമികയില്‍ സ്നേഹത്തിന്‍റെ സ്പര്‍ശനം ഉണ്ടായിരിക്കുമ്പോഴാണ്. ജെയ്ബു മാത്യു കുളങ്ങരയുടെ ജീവിതം അത് വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നു. നമുക്കൊക്കെ അനുകരിക്കാവുന്ന വിധത്തില്‍…