ജീവിതത്തിലെ സന്തോഷകരമായ ഒരു മുഹൂർത്തം അമേരിക്കൻ മലയാളികളുമായി പങ്കുവയ്ക്കട്ടെ .കഴിഞ്ഞ ദിവസം ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു മുഹൂർത്തത്തിന് സാക്ഷിയായി .നമുക്കെല്ലാം പ്രിയപ്പെട്ട ഗോപിനാഥ് മുതുകാടും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുട്ടികൾക്കുമൊപ്പം കുറച്ചു നിമിഷങ്ങൾ . കാണികൾക്ക് മുൻപിലുള്ള മാജിക് എല്ലാം അവസാനിപ്പിച്ച് ഒരു മനുഷ്യൻ അയാളുടെ ജീവിതം തന്നെ മാജിക് ആക്കിമാറ്റുന്ന കാഴ്ചയാണ് എനിക്ക് അന്നവിടെ കാണുവാൻ സാധിച്ചത് .ഗോപിനാഥ് മുതുകാടിന്റെ ജീവിതം ഇനി കുട്ടികൾക്കൊപ്പം . ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരുജ്ജീവനത്തിന് വേണ്ടി മാജിക് പ്ലാനറ്റ് എന്ന പേരിൽ ഗോപിനാഥ് മുതുകാട് രൂപീകരിച്ച സ്ഥാപനത്തിന് ഇന്ന് കേരളത്തിന്റെ ഹൃദയത്തിൽ വലിയൊരു സ്ഥാനമുണ്ട്. ശിഷ്ടകാലം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വയ്ക്കുക, അതെങ്ങനെ എല്ലാവരെക്കൊണ്ടും കഴിയുന്ന ഒരു കാര്യമല്ല , അത്തരത്തിൽ മുതുകാട് നമുക്കൊരു മാതൃകാപുരുഷൻ തന്നെ ആണ്. ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിൽ നേരിടുന്ന എല്ലാ പ്രതിസന്ധികളെയും അദ്ദേഹം മാജിക് പ്ലാനറ്റിലൂടെ മറികടക്കാൻ ശ്രമിക്കുന്നു, അവരുടെ വിദ്യാഭ്യാസം മുതൽക്ക്, മാതാപിതാക്കളുടെ തൊഴിലില്ലായ്മ വരെ മാജിക് പ്ലാനറ്റ് യിലൂടെ പരിഹരിക്കാൻ കഴിയുന്നു.അതിൽ നമ്മെ എല്ലാവരെയും പങ്കാളികളാകുന്നു .
പലപ്പോഴും ഭിന്നശേഷിയുള്ള സമൂഹത്തിൽ ഒറ്റപ്പെട്ടു പോകാറുണ്ട്, ഒരുപാട് കഴിവുകൾക്കിടയിൽ കഴിവില്ലായ്മകൾ കൊണ്ട് അവർ അത്യധികം ബുദ്ധിമുട്ടാറുണ്ട്. അതിനെയെല്ലാം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോപിനാഥ് മുതുകാട് ഇത്തരത്തിലൊരു സംരംഭവുമായി മുന്നോട്ടുവന്നത്. സാധാരണക്കാരായ മനുഷ്യർക്കിടയിൽ ഭിന്നശേഷിയുള്ള വരെ അതിജീവിക്കുക എന്നുള്ളത് വളരെ വിഷമം പിടിച്ച ഒരു ജോലിയാണ്, മാജിക് പ്ലാനറ്റിന്റെ പ്രവർത്തനം അതിനെ ലഘൂകരിക്കുകയും, അവർക്ക് ലഭിക്കേണ്ട കൃത്യമായ പരിഗണനയും വിദ്യാഭ്യാസവും ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്.
ലോകമറിഞ്ഞ മജീഷ്യൻ ആണ് ഗോപിനാഥ് മുതുകാട്, അദ്ദേഹം ഒരു സുപ്രഭാതത്തിൽ തന്റെ ജോലി അവസാനിപ്പിക്കുകയും, തുടർന്നുള്ള തന്നെ ജീവിതം മാജിക് പ്ലാനറ്റ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് വേണ്ടി മാറ്റിവയ്ക്കുകയും ചെയ്തത് വലിയൊരു നന്മയാണ്. ആരും ഏറ്റെടുക്കാൻ ഇല്ലാത്ത മനുഷ്യരെ ചേർത്തുപിടിക്കുക എന്നത് ചെറിയ കാര്യമല്ല. ആരെങ്കിലുമൊക്കെ കൂടെയുണ്ടെന്ന് അറിയുമ്പോഴാണല്ലോ നമ്മളിൽ പലർക്കും വീണ്ടും ജീവിക്കാനുള്ള ആഗ്രഹം ഉടലെടുക്കുന്നത്. പരിമിതികളോട് അന്നുമുതലാണല്ലോ നമ്മൾ യുദ്ധം ചെയ്ത തുടങ്ങുന്നത്. അതുകൊണ്ടുതന്നെ, ഉപജീവനമാർഗ്ഗം ആയ മാജിക് അവസാനിപ്പിച്ചെങ്കിലും, ജീവിതം കൊണ്ട് അതിനേക്കാൾ വലിയൊരു മാജിക് ആണ് മുതുകാട് ചെയ്യുന്നത്.
ലോകത്തിന്റെ പല കോണിൽ നിന്നും മുതുകാടിനെ അഭിനന്ദിച്ചുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. അതോടെ കേരളം കണ്ട ഏറ്റവും മികച്ച മജീഷ്യൻ എന്ന വിശേഷണത്തിനൊപ്പം, കേരളം കണ്ട ഏറ്റവും നന്മയുള്ള മനുഷ്യൻ എന്ന വിശേഷണം കൂടി അതോടെ മുതുകാടിന്റെ പേരിൽ അടയാളപ്പെടുകയാണ്. നന്മയാണ് ഭൂമിയിലെ ഏറ്റവും മൂല്യമുള്ള വസ്തു, അതിനെ എങ്ങനെ വിനിയോഗിക്കണമെന്ന് ഗോപിനാഥ് മുതുകാടിന് കൃത്യമായ ധാരണകളുണ്ട്. അതെ അയാൾ ഇന്ന് ഒരുപാട് പേരുടെ ജീവിതത്തിൽ വലിയ മാജിക്കുകൾ കാണിച്ചു കൊണ്ടിരിക്കുകയാണ്. അതിലെ നന്മകൾ ലോകത്തിന്റെ നെറുകയിലേക്ക് ഉയരുകയാണ്.
അദ്ദേഹത്തിന്റെ സംരംഭത്തിനൊപ്പം നമുക്കും സഹകരിക്കാം .ഒരു ചെറിയ കൈത്താങ്ങ് നൽകി ഈ കുട്ടികളെ നമുക്കൊപ്പം ചേർത്തു നിർത്താം .ഫോമ എക്കാലവും അദ്ദേഹത്തിനൊപ്പവും അദ്ദേഹത്തിന്റെ കുട്ടികൾക്കൊപ്പവും ഉണ്ടാവുമെന്ന ഉറപ്പും നൽകുന്നു .
ജെയിംസ് ഇല്ലിക്കല്