കൃത്യമായ സംഘാടനം , വേറിട്ട ശൈലി, ഫോമയുടെ അമരക്കാരനാകാൻ ജെയിംസ് ഇല്ലിക്കൽ

sponsored advertisements

sponsored advertisements

sponsored advertisements

28 August 2022

കൃത്യമായ സംഘാടനം , വേറിട്ട ശൈലി, ഫോമയുടെ അമരക്കാരനാകാൻ ജെയിംസ് ഇല്ലിക്കൽ

സ്വന്തം ലേഖകൻ

ത് വലിയ ഉത്തരവാദിത്വം ആയിക്കോട്ടെ , അത് സമയബന്ധിതമായി, ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുക എന്നതാണ് ഒരു സാമൂഹ്യ പ്രവർത്തകന്റെ ജോലി. ഏറ്റെടുക്കുന്ന ഏതൊരു ജോലിയും പരാതിയും പരിഭവവുമില്ലാതെ കൃത്യതയോടെ നിർവ്വഹിക്കുന്ന സംഘാടകനാണ്‌ ജെയിംസ് ഇല്ലിക്കൽ. ഫോമയുടെ 2022-24 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർത്ഥി.കേരളാ ഇലക്ട്രിസിറ്റി ബോർഡിൽ ലൈൻമാൻ തസ്തികയിൽ നിന്ന് അമേരിക്കൻ മണ്ണിലെ ബിസിനസിലേക്കും, സംഘടനാ പ്രവർത്തനങ്ങളിലേക്കും വളർന്ന ജെയിംസ് ഇല്ലിക്കൽ എന്ന സാമൂഹ്യ പ്രവർത്തകന്റെ കഥ വരും തലമുറയ്ക്ക് ഒരു അനുഭവമാണ്. നേടേണ്ടവയെ കൃത്യമായി പ്ലാൻ ചെയ്ത് ജീവിതത്തിന്റെ ഭാഗമാക്കുവാനുള്ള ശ്രമങ്ങൾ, അവയെ വിജയിപ്പിച്ചെടുക്കുവാൻ സത്യസന്ധമായ പ്രവർത്തനങ്ങൾ. സംഘാടനം, വിലയിരുത്തൽ , നടപ്പിലാക്കൽ എന്നിവയുടെ ആൾരൂപമാണ് ജെയിംസ് ഇല്ലിക്കൽ. സൗമ്യനായ പോരാളി.

തൊടുപുഴ ന്യൂമാൻ കോളേജ്,മുട്ടം പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ,തുടർന്ന് 1982 ൽ ലൈൻമാനായി കെ.എസ്. ഇ.ബിയിൽ ജോലിക്ക് കയറി -1984 ൽ ഓവസിയർ പദവിയിലേക്ക്.കെ.എസ്. ഇ.ബിയിലെ ജോലിക്കിടയിൽ യൂണിയൻ പ്രവർത്തനവും തുടങ്ങി. കേരളാ ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്സ് യൂണിയൻ -മൂവാറ്റുപുഴ ഡിവിഷൻ ചെയർമാനായി വേറിട്ട സേവനങ്ങൾ.1984 ൽ അമേരിക്കയിലേക്ക്.ന്യൂജേഴ്സിയിൽ ജോലിക്ക് തുടക്കം. 1988 ൽ ഫ്ലോറിഡ, താമ്പയിലേക്ക് മാറി . 1992 ൽ ടാമ്പ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ റെസ്‌പിറേറ്ററി തെറാപ്പിസ്റ്റായി ജോലി. 2018 ൽ ബിസിനസിലേക്ക് മാറി. ഈ കാലയളവിലാണ് സംഘടനാ പ്രവർത്തനത്തിൽ കൂടുതൽ സജീവമാകുന്നത്. ജാതി, മത കൂട്ടായ്മകൾക്കപ്പുറത്ത് മലയാളികൾ തമ്മിൽ ഒരു ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടിൽ നിന്നെത്തിയവർ തമ്മിൽ , കുടുംബങ്ങൾ തമ്മിൽ കണ്ടുമുട്ടലുകൾ, ഒത്തു ചേരലുകൾ അക്കാലത്ത് സജീവമായി. അങ്ങനെയാണ് MACF (മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ) ന്റെ തുടക്കം. രണ്ട് തവണ MACF ന്റെ പ്രസിഡന്റായി സേവനമനുഷ്ടിച്ചു.2018 – ഫോമാ കൺവൻഷൻ ജനറൽ കൺവീനർ,
ഹെൽപ്പിംഗ് ഹാൻഡ്‌സ് സോൺ കോഡിനേറ്റർ ,
സൺ ഷൈൻ, സൗത്ത് ഈസ്റ്റ്, സതേൺ ,സോണൽ കോഡിനേറ്റർ ,
KCCNA യുടെ രണ്ട് തവണ ആർ.വി.പി , KCCNA ബൈലോ കമ്മിറ്റി 2000 ൽ അംഗം ,KCCCF രണ്ട് തവണ പ്രസിഡന്റ് ,2000 / 2004
KCCCF ബിൽഡിംഗ് കമ്മറ്റി ചെയർമാൻ, KCCCF ഫിനാൻസ് കമ്മറ്റി ചെയർമാൻ , 2 മില്യൻ തുക മുടക്കി സ്പോർട്ട്സ് കോപ്ലക്സ്ഓഡിറ്റോറിയം എന്നിവ നിർമ്മിക്കാൻ മുൻകൈ എടുത്തു .പിന്നീട് 2014 -2017 വരെ ബിൽഡിംഗ് ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ചു.
ഫോമയുടെ രൂപീകരണം മുതൽ സജീവമായി ഫോമയ്ക്കൊപ്പം ഉണ്ട്. യുവജനങ്ങൾക്കും, വനിതകൾക്കും കൂടുതൽ അവസരങ്ങൾ നൽകി സംഘടനാ പ്രവർത്തനശൈലിക്ക് വേറിട്ടൊരു മാതൃകയാണ് ഫോമയ്‌ക്കുള്ളതെന്ന് ജെയിംസ് ഇല്ലിക്കലിന്റെ വിലയിരുത്തൽ .
സംഘടനാ പ്രവർത്തനത്തിന്റെ ഏറ്റവും പ്രധാന വശം അതിന്റെ നടത്തിപ്പും, അതുവഴി ഉണ്ടാകുന്ന അംഗീകാരവുമാണ്. ആ അംഗീകാരമാണ് ജെയിംസ് ഇല്ലിക്കലിന്റെ ഭാഗ്യങ്ങളിലൊന്ന്. 2009 ൽ ജോൺ ടൈറ്റസ് ഫോമാ പ്രസിഡന്റ് ആയിരുന്ന സമയത്ത് സംഘടിപ്പിച്ച ഫോമാ നാഷണൽ യൂത്ത് ഫെസ്റ്റിവൽ ഗ്രാന്റ് ഫിനാലെയുടെ ചെയർമാൻ ആയിരുന്നു ജെയിംസ് ഇല്ലിക്കൽ. ഫ്ലോറിഡയിൽ സംഘടിപ്പിച്ച ഈ യൂത്ത് പ്രോഗ്രാം ഫോമയുടെ ചരിത്രത്തിലെ ഒരേട് കൂടിയാണ്. കൃത്യതയോടെ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടിക്ക് അമേരിക്കയിൽ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. അദ്ദേഹത്തിന്റെ സംഘടനാ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം കൂടിയായി അത്. 2012 ൽ കെ.സി.സി. എൻ.എ കൺവൻഷൻ ചെയർമാനായി സംഘടിപ്പിക്കപ്പെട്ട കൺവൻഷൻ സംഘാടന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി. 2010 ൽ ഫോമയുടെ ആർ.വി.പി ആയി. 2018 ൽ ചിക്കാഗോ ഫോമാ കൺവൻഷനിൽ ഏറ്റവും മികച്ച മലയാളി അസോസിയേഷനായി MACF നെ തെരഞ്ഞെടുക്കുമ്പോൾ അതിന്റെ സ്ഥാപക പ്രവർത്തകൻ, പ്രസിഡന്റ്, എന്ന നിലയിൽ വലിയ ആദരവാണ് ലഭിച്ചത്. സെൻട്രൽ ഫ്ലോറിഡയിൽ സംഘടിപ്പിക്കപ്പെട്ട വള്ളം കളി മത്സരം, വടം വലി മത്സരം,
വോളിബോൾ മത്സരം എന്നിവയ്ക്കെല്ലാം നേതൃത്വം നൽകാൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയ നിമിഷം.
ഫോമ ഒരു കുടുംബമാണ്. വിവിധ ജീവിത സാഹചര്യങ്ങളിൽ അമേരിക്കയിൽ ജീവിക്കുന്നവരുടെ ഒത്തു ചേരലിന് സാക്ഷ്യം വഹിക്കുന്ന ഒരു വലിയ പ്ലാറ്റ്ഫോം. 2022-2024 കാലയളവിൽ ഫോമയുടെ നേതൃത്വ രംഗത്തേക്ക് ഒരു ടീമിനെ അവതരിപ്പിക്കുമ്പോൾ ജെയിംസ് ഇല്ലിക്കലിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ഒരു വലിയ കുടുംബമായി ഫോമയെ വളർത്തണമെന്ന്. എല്ലാ അംഗങ്ങളും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ടാകണമെന്ന്. കാരണം കുടുംബത്തോളം ഇഴയിണക്കമുള്ള ഒരു സാമൂഹ്യസ്ഥാപനം ലോകത്ത് വേറെയില്ല. അങ്ങനെയാണ് ഫോമാ ഫാമിലി ടീമിന്റെ പിറവി.
ഫോമാ ഫാമിലി ടീം മുന്നോട്ട് വെച്ച ഒരാശയം “മീറ്റ് ആൻഡ് ഗ്രീറ്റ് “അമേരിക്കയിലുടനീളം ശ്രദ്ധ പിടിച്ചുപറ്റി . ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ ഫോമാ ഫാമിലി ടീം തങ്ങളെ തെരഞ്ഞെടുക്കേണ്ട ജനങ്ങൾക്കിടയിലേക്ക് നടന്നടുക്കുക എന്ന ആശയമാണ് ഇത്. ഒരു പുതിയ ജനാധിപത്യ സംസ്കാരത്തിന് സംഘടനാ തലത്തിൽ തുടക്കമിട്ടു . മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പരിപാടിയിലൂടെ ഇല്ലിക്കലും സംഘവും ഇതിനോടകം തന്നെ അമേരിക്കയിലെ വിവിധ ഭാഗങ്ങൾ സഞ്ചരിച്ച് ഫാമിലി ടീം വിജയിച്ചാൽ നടപ്പിലാക്കുന്ന പരിപാടികളെ കുറിച്ച് വിശദീകരിച്ചു കഴിഞ്ഞു. ഓരോ റീജിയണുകളും കാര്യക്ഷമമാക്കുക, റീജിയണുകളുടെ പരിപാടികൾക്ക് ദേശീയതലത്തിലും വലിയ സ്വീകാര്യത ഉണ്ടാക്കുക എന്നതും കൂടിയാണ് മീറ്റ് ആൻഡ് ഗ്രീറ്റിന്റെ മറ്റൊരു ലക്ഷ്യം.
അമേരിക്കയിൽ സംഘടനാ പ്രവർത്തനങ്ങൾ സജീവമാകണമെങ്കിൽ അമേരിക്കയിലെ പുതിയ തലമുറ നമുക്കൊപ്പം പ്രവർത്തിക്കുന്ന അവസരം ഉണ്ടാവണമെന്ന അഭിപ്രായമാണ് ജെയിംസ് ഇല്ലിക്കലിന്റേത്. അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ മലയാളി യുവതലമുറ സജ്ജമാണ് . പക്ഷെ അവർ അതിൽ നിന്നും ഒളിച്ചോടുന്നു. നിരവധി വലിയ പദവികളിൽ മലയാളികൾ അമേരിക്കയിൽ എത്തിയിട്ടുണ്ട്. പുതിയ തലമുറയിലെ കഴിവുള്ളവരെ കണ്ടെത്തി ഒപ്പം കൂട്ടുക എന്നതാണ് ജെയിംസ് ഇല്ലിക്കലിന്റെ ലക്‌ഷ്യം .

സഞ്ചാരികളുടെ പറുദീസ എന്നാൽ ഡിസ്നി വേൾഡ് ആണ്. അവിടെ 2024 ലെ ഫോമാ കൺവൻഷൻ നടത്തുക എന്നതാണ് ജെയിംസ് ഇല്ലിക്കലിന്റെ ലക്ഷ്യം. കുടുംബമായി വന്ന് കൺവൻഷൻ ആസ്വദിക്കുവാൻ ഒരു ഇടം. അതായിരിക്കും 2024 ലെ ഫോമാ നാഷണൽ കൺവൻഷൻ. ഡിസ്നി ടൂർ പാക്കേജ് ആയി ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാൻ കഴിയുന്ന പരിപാടികളുമായി ഒരു കൺവൻഷൻ ഫാമിലി ടീം ഉറപ്പു നൽകുന്നു. അതിന് ഹൃദയാർജ്ജവമുള്ള ഒരു ടീമിനാണ് ജെയിംസ് ഇല്ലിക്കൽ നേതൃത്വം നൽകുന്നത്.
വലിയ ജനസഞ്ചയത്തെ ഉൾക്കൊള്ളിച്ച് നടത്തിയ വിവിധ പരിപാടികൾക്ക് നേതൃത്വം നിൽകി വിജയിപ്പിച്ചെടുത്ത ജെയിംസ് ഇല്ലിക്കൽ ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിലാണ്. പൂർണ്ണ സമയം ഫോമയ്ക്കൊപ്പം പ്രവർത്തിക്കുവാൻ സജ്ജമാണ് ആ മനസ്സ് .ഒപ്പം ചുറുചുറുക്കോടെ ഒരു ടീമും.
തൊട്ടതെല്ലാം പൊന്നാക്കിയ നേതൃത്വപാടവമാണ് അദ്ദേഹത്തിനുള്ളത്. അതിലുപരി അമേരിക്കയിലുടനീളം ഉണ്ടാക്കിയെടുത്ത സൗഹൃദവലയം. ഏത് വ്യക്തികളോടും സൗമ്യതയോടെ ഇടപഴകാനുള്ള പ്രത്യേക കഴിവ്. ഇവയെല്ലാമാണ് ജെയിംസ് ഇല്ലിക്കലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടു തന്നെ ഫാമിലി ടീമിന്റെ വിജയത്തിന്, ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വം ഫോമാ പ്രവർത്തകർ അംഗീകരിക്കും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്.

കെ.എസ്. ഇ.ബി ലൈൻമാനിൽ നിന്ന് ഫോമയുടെ അമരത്തേക്കുള്ള യാത്രയിൽ ജെയിംസ് ഇല്ലിക്കലിന് ലഭിക്കുന്ന പിന്തുണയുടെ ശക്തി അദ്ദേഹം നാളിതുവരെ ഉണ്ടാക്കിയെടുത്ത സ്നേഹ ബന്ധങ്ങളാണ്. ഫോമയിലെ സൗഹൃദ ബന്ധങ്ങൾ അദ്ദേഹത്തിന് തുണയാകുമെന്നു അദ്ദേഹത്തിന് ഉറപ്പാണ് .ജെയിംസ് ഇല്ലിക്കൽ നടന്നുകയറട്ടെ അമേരിക്കൻ മലയാളികളുടെ ഹൃദയത്തിലേക്ക്,ഫോമാ ഫാമിലി ടീമും അമേരിക്കൻ മലയാളികളും ഫോമയുടെ അമരത്തേക്ക് അദ്ദേഹത്തെ കൈ പിടിക്കട്ടെ.

ജെയിംസ് ഇല്ലിക്കൽ