BREAKING NEWS

Chicago
CHICAGO, US
4°C

ജെയിംസ് കുര്യൻ മാച്ചാത്തിൽ; ഒരു സംരംഭകന്റെ വിസ്മയ വിജയകഥ (വഴിത്താരകൾ)

sponsored advertisements

sponsored advertisements

sponsored advertisements

31 May 2022

ജെയിംസ് കുര്യൻ മാച്ചാത്തിൽ; ഒരു സംരംഭകന്റെ വിസ്മയ വിജയകഥ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര

“വിജയമെന്നത് ചെറിയ പരിശ്രമങ്ങളുടെ ആകെത്തുകയാണ് “

കഠിനാധ്വാനം, ജോലിയോടുള്ള അർപ്പണബോധം, ജയിച്ചാലും തോറ്റാലും മികച്ചത് നമ്മൾ നൽകി എന്ന ദൃഢനിശ്ചയമാണ് വിജയത്തിന്റെ വില എന്നതുകൊണ്ട് പ്രാഥമികമായി അർത്ഥമാക്കുന്നത്. ഒരു സംരംഭം വിജയിക്കുകയല്ല, വിജയിപ്പിക്കുക എന്നതാണ് പ്രധാനം. വിജയസാധ്യത, സത്യസന്ധത, സ്വഭാവം, നിർമ്മലത, വിശ്വാസം, സ്നേഹം, വിശ്വസ്തത എന്നിവയാണ് വിജയത്തിന്റെ അടിസ്ഥാന ശിലകൾ എന്ന് വിശ്വസിച്ചും തന്റെ പ്രവർത്തനത്തിൽ പകർത്തിയും ജീവിക്കുകയും നമുക്ക് മാതൃകയുമായ ഒരു സംരംഭകനെ, ഒരു ജീവിതവഴികാട്ടിയെ ഈ വഴിത്താരയിൽ നമുക്ക് പരിചയപ്പെടാം.

ജെയിംസ് കുര്യൻ മാച്ചാത്തിൽ (ജെയ്മി )

കൈപ്പുഴയിൽ നിന്ന്
കാലിഫോർണിയയിലേക്ക്.
വിജയം അളക്കേണ്ടത് ഒരാൾ ജീവിതത്തിൽഎത്തപ്പെട്ട സ്ഥാനങ്ങൾ കൊണ്ടല്ല മറിച്ച് അവിടെ വരെയെത്താൻ അവൻ മറികടന്ന പ്രതിബന്ധങ്ങളെക്കൂടി മനസ്സിലാക്കുമ്പോഴാണ്. കോട്ടയം കൈപ്പുഴയിൽ നിന്നും കാലിഫോർണിയയിലെത്തി ബിസിനസിന്റേയും, പുതിയ ബിസിനസ് സംരംഭങ്ങളുടേയും വിജയഗാഥ രചിച്ച വ്യക്തിയാണ് ജെയിംസ് കുര്യൻ മാച്ചാത്തിൽ .അതിന് അദ്ദേഹത്തെ പ്രാപ്തമാക്കിയത് തന്റെ ജീവിതത്തോടുള്ള വീക്ഷണവും പ്രവർത്തനതല്പരതയുമാണ്. കോട്ടയം കൈപ്പുഴ മാച്ചാത്തിൽ കുര്യൻ സാറിന്റേയും, ത്രേസ്യാമ്മ ടീച്ചറിന്റെയും മൂത്തമകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം കൈപ്പുഴയിൽ. തുടർന്ന് തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ പ്രീഡിഗ്രി പഠനം. അദ്ധ്യാപകനായിരുന്ന പിതാവിന്റെ ദീർഘവീക്ഷണം കൊണ്ട് പ്രീഡിഗ്രി പഠനത്തിന് ശേഷം ഒരു ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ഡിഗ്രി പഠനത്തിന് പോകാതെ വളരെ വ്യത്യസ്തമായ ഒരു കോഴ്സിന് ചേർന്നു . ” ടൂൾ ആന്റ് ഡൈമേക്കിംഗ് കോഴ്സ്”.കണ്ണൂർ , തലശ്ശേരിയിലുള്ള നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷന്റെ നാല് വർഷ ഡിപ്ലോമ കോഴ്സ്. തിരിഞ്ഞു നോക്കുമ്പോൾ തന്റെ ജീവിതത്തിന് ചിട്ടയും ലക്ഷ്യബോധവും രൂപപ്പെടുത്തുവാൻ സഹായിച്ചത് ആ നാലുവർഷമായിരുന്നുവെന്ന് ജെയിംസ് അനുസ്മരിക്കുന്നു .ട്രെയിനിംഗ് സമയത്ത് തന്റെ വഴികാട്ടികൾ ആയിരുന്ന ബെനഡിക്ട് മാഷ് ,ഗിരീഷ് മാഷ് ,രാമചന്ദ്രൻ മാഷ് ,പോൾ മാഷ് എന്നിവരെ ജെയിംസ് നന്ദിപൂർവ്വം ഓർമ്മിക്കുന്നു .തന്റെ ജീവിതത്തിന്‌ അടിത്തറ പാകിയ മാതാപിതാക്കളെയും ആന്റിയമ്മയെയും മറക്കാനാവില്ലെന്നു ജെയിംസ് സാക്ഷ്യപ്പെടുത്തുന്നു .
1981 മുതൽ 1986 വരെ ബാംഗ്ലൂരിൽ ജോലി. ഈ സമയത്താണ് അമേരിക്കയിൽ നിന്നുമെത്തിയ ജെസ്സിയെ വിവാഹം കഴിക്കുന്നത്. അങ്ങനെ 1987 ൽ കാലിഫോർണിയായിൽ എത്തിയതോടെ താൻ സ്വായത്തമാക്കിയ അറിവുകൾക്ക് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ള ഒരു ലോകത്തേക്കാണ് എത്തിയതെന്ന് ജെയിംസ് തിരിച്ചറിഞ്ഞു. ജീവിതത്തിന്റെ ഉയർച്ചയിലേക്കുള്ള ഒരു വഴി സ്വയം കണ്ടെത്തിയതിന്റെ ചാരിതാർത്ഥ്യമായിരുന്നു തന്റെ അമേരിക്കൻ പ്രവേശമെന്ന് തിരിച്ചറിഞ്ഞ അസുലഭ നിമിഷം.

സ്നേഹത്തിന്റെയും , വിജയത്തിന്റെയും
എ വൺ ജെയ്സ് മെഷിനിംഗ് കമ്പനി
അവസരങ്ങൾ വരുന്നതുവരെ കാത്തു നിൽക്കാതെ അതിനായി പരിശ്രമിക്കുക എന്നതാണ് ഏതൊരു സംരംഭത്തിന്റെയും തുടക്കം. ജെയിംസ് കുര്യന്റെയും അമേരിക്കൻ ജീവിതം മറിച്ചായിരുന്നില്ല . ഒട്ടും പരിചിതമല്ലാത്ത നാട്ടിൽ തന്നെ തുണച്ചത് താൻ പഠിച്ച കോഴ്സിന്റെ സാധ്യതകൾ തന്നെയായിരുന്നു. ലോകം തന്നെ ടെക്നിക്കൽ യുഗത്തിന്റെ ആദ്യപകുതിയിലേക്ക് കടക്കുന്ന കാലത്ത് അതിനൊപ്പം നീങ്ങാനൊരു സുവർണ്ണാവസരം. ഇന്ത്യയിലെ സാധാരണ മെഷിനിംഗ് സിസ്റ്റത്തിൽ നിന്നും വ്യത്യസ്തമായിരുന്നു അമേരിക്കയിൽ ഉണ്ടായിരുന്നത് . അവ പരിചിതമാകുവാൻ ആറ് മാസത്തെ സി എൻ സി മെഷിനിങ് ആൻഡ് പ്രോഗ്രാമിങ് കോഴ്സ് പൂർത്തിയാക്കി ഒരു കമ്പനിയിൽ മെഷിനിസ്റ്റ് ആയി ജോലിക്ക് കയറി. അങ്ങനെയിരിക്കെ കമ്പനി പൂട്ടലിന്റെ വക്കിലെത്തി. പുതിയ ജോലി നോക്കുകയോ പൂട്ടാൻ പോകുന്ന കമ്പനി ഏറ്റെടുത്ത് നടത്തുകയോ എന്ന കമ്പനിയുടമയുടെ ചോദ്യത്തിന് മുന്നിൽ ജെയിംസ് പതറിയില്ല. ജീവിതത്തിന്റെ പുതിയ വഴിത്തിരിവാണിതെന്ന് മനസിലുറച്ച് ആ കമ്പനി ഏറ്റെടുത്തു. അവിടെയാണ് എ വൺ ജെയ്സ് മെഷിനിംഗ് കമ്പനിയുടെ പിറവി. അമേരിക്കയിലെ തന്റെ ആദ്യത്തെ തൊഴിൽ സംരംഭത്തിന്റെ തുടക്കമായിരുന്നു അത്. ഈശ്വരൻ തന്റെ ഹൃദയത്തിലേക്ക് നീട്ടിയ ഒരവസരമായിരുന്നു അതെന്ന് ഊണിലും, ഉറക്കത്തിലും അദ്ദേഹം വിശ്വസിക്കുന്നു. 1991 ൽ ആ കമ്പനി ഏറ്റെടുക്കുമ്പോൾ സാമ്പത്തികമായി ഒരു മുതൽ മുടക്കും ഉണ്ടായിരുന്നില്ല. ഒരു വർഷത്തേക്ക് കമ്പനി വാടകയ്ക്ക് ഏറ്റെടുത്ത് നടത്താനുള്ള എഗ്രിമെന്റിലാണ് പ്രവർത്തനം തുടങ്ങിയത്. കഠിനാധ്വാനവും, സാധ്യതകളും സമർത്ഥമായി ഉപയോഗിച്ച നാളുകൾ . നല്ല കസ്റ്റമേഴ്സിനെ ലഭിച്ചത് ഗുണകരമായി . ഒരുവർഷത്തിനിടയിൽ മൂന്നു പേരെ കൂടി ജോലിക്ക് എടുക്കുകയും മൂവായിരം സ്‌ക്വയർ ഫീറ്റുള്ള പുതിയ സ്ഥലത്തേക്ക് കമ്പനിയുടെ പ്രവർത്തനം മാറ്റുകയും ചെയ്തു. ആദ്യം ഒപ്പം കൂടിയ ജോലിക്കാരും ഇപ്പോഴും തന്നോടൊപ്പം ജോലി ചെയ്യുന്നുവെന്ന് ജെയിംസ് പറയുമ്പോൾ ജോലിക്കാരുമായുള്ള ആത്മബന്ധത്തിന്റെ മറ്റൊരു തലം കൂടി അദ്ദേഹം നമുക്ക് മുന്നിൽ തുറന്നിടുന്നു.
തുടർന്ന് വിജയ ഗാഥകൾ മാത്രം സമ്മാനിക്കുന്ന കമ്പനിയായി വിവിധയിടങ്ങളിൽ എ വൺ ജെയ്സ് മെഷിനിംഗ് കമ്പനി വളർന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട ടൂളുകളുടെ നിർമ്മാണമായിരുന്നു തുടക്കത്തിലെങ്കിലും ഇപ്പോൾ വിവിധ കമ്പനികൾക്ക് ആവശ്യമായ എല്ലാ ടൂളുകളും, അലുമിനിയം നിർമ്മിത പാർട്സുകളും ,മെഡിക്കൽ രംഗത്ത് ആവശ്യമായ പല ഉൽപ്പന്നങ്ങളും വിതരണം ചെയ്യുവാൻ എ വൺ ജെയ്സ് കമ്പനിക്ക് സാധിക്കുന്നതിന് കാരണം താൻ ഉറപ്പു നൽകുന്ന ഗുണമേന്മയും സമയവുമാണ്. സിലിക്കൺ വാലിയിലെ തിരക്കുപിടിച്ച ബിസിനസ് സംരംഭങ്ങൾക്ക് സമയബന്ധിതമായി അവർക്ക് ആവശ്യമുള്ളത് നൽകുവാൻ കമ്പനി സദാ പരിശ്രമിക്കുന്നു.

എ വൺ ജെയ്സ് കമ്പനി എന്നാൽ
ഗുണമേന്മയും സമയവും
ഗുണമേന്മയിൽ കോംപ്രമൈസിന് പോകുമ്പോഴാണ് പല ഉല്പന്നങ്ങളും ഗുണമില്ലാത്തതും ആവശ്യക്കാരില്ലാത്തതുമാകുന്നത് . എന്നാൽ എ വൺ ജെയ്സ് മെഷീൻസ് ഗുണമേന്മയിലും സമയത്തിനും വില കല്പിക്കുന്നതിനാൽ സിലിക്കൺ വാലിയിലെ പല കമ്പനികളുടെയും പ്രവർത്തനങ്ങൾക്ക് വേണ്ട മെക്കാനിക്കൽ പ്രോഡക്ടുകളുടെ ഉറവിടമായി എ വൺ ജെയ്സ് മാറിയതിന് പിന്നിൽ ഗുണമേന്മയും സമയവും എന്ന രണ്ട് ഘടകങ്ങളാണ് എന്നുറപ്പിക്കാം . മെഡിക്കൽ , ഓട്ടോമോബൈൽ , സെമി കണ്ടക്ടേഴ്സ് , സോളാർ തുടങ്ങിയ മേഖലയിലാണ് എ വൺ ജെയ്സിന്റെ ഉൽപ്പന്നങ്ങളുടെ ആവശ്യക്കാരുളളത്.

ഇരുന്നൂറിലധികം ജോലിക്കാർ
ഒരേ മനസ് , എവൺ വിജയം
ജെയിംസ് ഏകനായി തുടങ്ങിയ കമ്പനിയിലേക്ക് ആദ്യം ഒപ്പം കൂടിയ ജോലിക്കാരൻ മുതൽ ഏതാണ്ട് ഇരുന്നൂറിൽപരം ജോലിക്കാർ പണിയെടുക്കുന്നു. എ വൺ ജെയ്സ് മെഷീൻസ് എന്ന വലിയ സ്ഥാപനത്തിന്റെ വളർച്ചയുടെ കാരണം ഒന്നിച്ചു നിന്ന് ജോലി ചെയ്യാനുള്ള മനസ്സും, കമ്പനിയുടെ വിജയം തങ്ങളുടേയും വിജയമാണെന്ന് തിരിച്ചറിയുവാനുള്ള കാഴ്ച്ചപ്പാടുമാണ് എന്നതിൽ സംശയമില്ല. അമേരിക്കയിൽ സി എൻ സി പ്രോഗ്രാമേഴ്സിനെ കിട്ടാനുള്ള ബുദ്ധിമുട്ടുമൂലം 2006 ൽ കോയമ്പത്തൂരിൽ ഒരു സഹോദര സ്ഥാപനം എ വൺ ജെയ്‌സ് ആരംഭിച്ചു.കൃത്യ സമയത്ത് അവിടെ നിന്നും പ്രോഗ്രാംസ് ലഭിക്കുന്നതിനാൽ കസ്റ്റമേഴ്സിന് സമയബന്ധിതമായി ജോലി ചെയ്ത് കൊടുക്കുവാൻ സാധിക്കുന്നു .ജെയിംസിന്റെ അധ്യാപകനായിരുന്ന രാമചന്ദ്രൻ മാഷ് ആണ് പത്തുപേരുള്ള ആ സ്ഥാപനത്തിന് നേതൃത്വം കൊടുക്കുന്നത് എന്നുള്ളത് ഒരു അനുഗ്രഹമായി ജെയിംസ് കരുതുന്നു .
എല്ലാ രാജ്യക്കാരും എ വൺ ജെയ്സിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും നാൽപ്പതോളം മലയാളികൾ കമ്പനിയിലുണ്ട്. പല കാലങ്ങളിൽ ജോലി അന്വേഷിച്ചു വന്നവരും, ഭാഷയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നവരുമായവർ. ഇവരെയെല്ലാം തന്റെ ഹൃദയത്തോട് ചേർത്തു നിർത്തി ഒരു പുതിയ മോഡ്യൂളിലാക്കി അവരുടെ ജീവിതത്തെയും എവൺ ആക്കിയെടുക്കുവാനും ജെയിംസ് മറന്നില്ല. ജോലി ആവശ്യപ്പെട്ട് തന്റെ മുന്നിലേക്ക് വന്ന പലരേയും ജോലി നൽകി ഒപ്പം കൂട്ടിയ നിരവധി കഥകൾ അദ്ദേഹത്തിന് പറയാനുണ്ട്. മുപ്പത്തിയൊന്നു വർഷമായി അവരെല്ലാം ഒരു കുടുംബം പോലെ ഒപ്പം നിൽക്കുന്നു. അതാണ് എ വൺ ജെയ്സ് കമ്പനി.

നാല് കമ്പനികൾ
നാല് കഥകൾ
ഈശ്വരാനുഗ്രഹമാണ് ജീവിതവിജയത്തിന്റെ കാതൽ എന്ന് വിശ്വസിക്കുന്ന ജെയിംസിന് തന്റെ ബിസിനസുകളിൽ ലഭിച്ച അവസരങ്ങൾ എല്ലാം തന്നെ ജീവിത ഉയിർപ്പുകൾ കൂടിയായിരുന്നു. ഇപ്പോൾ വിജയവഴിയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന നാല് കമ്പനികളും തന്റെ കയ്യിൽ ലഭിക്കുമ്പോൾ തകർച്ചയുടെ വക്കിലായിരുന്നു .ആദ്യം ജോലി ചെയ്ത സ്ഥാപനം ഏറ്റെടുത്തു നടത്തി നേടിയ വിജയത്തിൽ നിന്ന് 2004 ൽ എ വൺ ലേസർ കമ്പനിയിലേക്ക് വരുമ്പോൾ കടം കയറിയ ഒരു കമ്പനിയെ തിരികെ പിടിക്കുക കൂടിയായിരുന്നു അദ്ദേഹം. 34 ജോലിക്കാരുള്ള ഇന്നോടെക് എന്ന കമ്പനിയായി പിന്നീട് അത് മാറി.

കാലിഫോർണിയായിൽ മുപ്പത് വർഷമായി നടന്നുവന്നിരുന്ന ഒരു കമ്പനി തകർച്ചയുടെ വക്കിലെത്തിയപ്പോൾ ഏറ്റെടുത്ത് എ വൺ ജെയ്സ് ഷീറ്റ് മെറ്റൽ കമ്പനി 2014 ൽ തുടങ്ങുമ്പോഴും ശുഭാപ്തിവിശ്വാസം മാത്രമായിരുന്നു കൈ മുതൽ. 12 ജോലിക്കാരുമായി കമ്പനി വിജയത്തിലോടുന്നു ഇപ്പോൾ.

ഇരുപത്തിയഞ്ച് വർഷമായി നടത്തിക്കൊണ്ടിരുന്ന മറ്റൊരു കമ്പനി വാങ്ങി 2018 ൽ ഏഴ് ജോലിക്കാരുമായി ബൈ ഏരിയ ഗ്രൈന്റിംഗ് കമ്പനിയാക്കി വളർത്തിയെടുത്തു.

തൊട്ടതെല്ലാം പൊന്നാക്കുക എന്ന് പറയുന്നത് ജെയിംസിന്റെ കാര്യത്തിൽ സത്യമാണല്ലോ എന്ന് അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹമത് തിരുത്തും. “ദൈവാനുഗ്രഹം , വർക്ക് ഈസ് വർഷിപ്പ് ” . ഒരേ മനസ്സോടെ കമ്പനിയെ വളർത്തിയ ഒരോ ജോലിക്കാരുടെയും അർപ്പണ മനോഭാവവും ,അദ്ധ്വാനവും കൊണ്ടാണ് ഇന്നത്തെ നിലയിൽ എത്തിയതെന്ന് ജെയിംസ് പറയുന്നു .

എ വൺ ജെയ്സ്
കുടുംബം നൽകുന്ന ശക്തി
എ വൺ ജെയ്സ് എന്നത് ഒരു ചെറിയ പേരായി നമുക്ക് തോന്നുമെങ്കിലും വളരെ ചിന്തിച്ചുറച്ച് ജെയിംസ് മാച്ചാത്തിൽ തന്റെ കമ്പനിക്ക് നൽകിയ പേരാണത്. ഭാര്യ ജെസ്സി , മക്കളായ ജെൻസൺ, ജ്യോതിസ് , ജോസ്നി പിന്നെ ജെയിംസും ഈ പേരുകളിൽ നിന്ന് എ വൺ ജെയ്സ് രൂപം കൊള്ളുമ്പോൾ കുടുംബത്തിന്റെ ഇമ്പം കമ്പനിയിലേക്കും കടന്നു വന്നു. ഭാര്യയും മക്കളും കമ്പനികൾ മുന്നോട്ട് കൊണ്ടു പോകാൻ ഒപ്പം നിൽക്കുന്നതാണ് വലിയ വിജയം. പലപ്പോഴും അടുത്ത തലമുറ ഇത്തരം ബിസിനസിൽ ഒപ്പം കൂടണമെന്നില്ല. ഇവിടെ ഈശ്വരാനുഗ്രഹം എന്നോണം മക്കൾ തന്നോടൊപ്പം ഉണ്ട് . അത് ഞാനും എന്റെ കുടുംബവും ഇരുന്നൂറോളം ജോലിക്കാർക്ക് നൽകുന്ന ഉറപ്പും കൂടിയാണ്. ആ ഉറപ്പിലാണ് എ വൺ ജെയ്സ് മെഷീൻ കമ്പനിയുടെ നിലനിൽപ്പ്.

ജെയിംസ് മാച്ചാത്തിൽ
എന്ന സമ്പൂർണ്ണ ഗൃഹനാഥൻ
കൈപ്പുഴക്കാരുടെ പ്രിയപ്പെട്ട റിട്ടയേർഡ് ഹെഡ് മാസ്റ്റർ മാച്ചാത്തിൽ കുര്യൻ സാറിന്റെയും ത്രേസ്യാമ്മ ടീച്ചറിന്റെയും മൂത്തമകൻ ഇപ്പോഴും ഗൃഹനാഥൻ തന്നെ .കുടുംബത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ തന്നെ. ടോമി മാച്ചാത്തിൽ & ബീമോൾ (മുകളേൽ ) എറണാകുളം, ബിബി & ജോയി തെക്കേൽ (ചിക്കാഗോ), ജിജി & സയോ കുളങ്ങര (ന്യൂയോർക്ക് ) എന്നിവരാണ് സഹോദരങ്ങൾ. മള്ളൂശേരി മറ്റത്തിൽ ഏബ്രഹാമിന്റെയും, പരേതയായ അന്നമ്മയുടെയും മകൾ ജെസ്സിയാണ് ഭാര്യ. ജെൻസൺ മാച്ചാത്തിൽ (മെക്കാനിക്കൽ എഞ്ചിനീയർ ) & സിമി (ചെറുകര )-മാഡിസൺ, മെയ്സൺ (കൊച്ചു മക്കൾ), ജ്യോതിസ് മാച്ചാത്തിൽ (അക്കൗണ്ടന്റ് ) & നീത (പോളച്ചേരിൽ ), ജോസ്നി( നേഴ്സ് ) എന്നിവരാണ് മക്കൾ.
സമ്പൂർണ്ണ ഗൃഹനാഥൻ എന്ന വാക്ക് ജെയിംസ് മാച്ചാത്തിലിന് സ്വന്തം . കാരണം മറ്റൊന്നുമല്ല കുടുംബത്തിന്റെ മഹത്വം അദ്ദേഹത്തിന് അറിയാം എന്നതു തന്നെ.
സഹോദരി ബിബിയുടെ വാക്കുകളിലൂടെ ഒരു സഹോദരനേയും അതിലുപരി ഒരു മനുഷ്യനെയും നമുക്ക് വായിച്ചെടുക്കാം.

” ഞാൻ ജെയ്മി ചേട്ടായിയെ കുറിച്ച് പറയുകയാണെങ്കിൽ ഇത്രയും സഹോദര സ്നേഹമുള്ള ഒരു ആങ്ങള ഒരിടത്തും കാണുകയില്ല. എത്ര തിരക്കുള്ള ദിവസമാണെങ്കിലും ഞങ്ങൾ സഹോദരങ്ങളെ വിളിക്കാത്ത ഒരു ദിവസം പോലുമില്ല. അതുപോലെ ഭാര്യയും മക്കളുമായും എല്ലാ കാര്യങ്ങളും പങ്കുവയ്ക്കും. ബിസിനസ്സും കുടുംബ ബന്ധങ്ങളും ഒരുപോലെ കൊണ്ടുപോകാൻ ചേട്ടായിക്കുള്ള കഴിവ് പറയാതിരിക്കാൻ പറ്റുകയില്ല”

ഈ വാക്കിൽ എല്ലാം ഉണ്ട്. ഒരു മനുഷ്യൻ കുടുംബത്തെ കാക്കുന്ന കഥ. തന്നെ സ്നേഹിക്കുന്നവരെ കരുതുന്ന കഥ . ഈ കഥ ഒരു ചെറിയ സ്ഥലത്ത് പറയേണ്ട, അറിയേണ്ട കഥയല്ല.. മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്കും, തലമുറകളിൽ നിന്ന് തലമുറകളിലേക്കും പകരേണ്ട കഥയാണ്. ജെയിംസ് മാച്ചാത്തിൽ എന്ന പച്ച മനുഷ്യന്റെ ജീവിത കഥ..അദ്ദേഹത്തിന്റെ എല്ലാ സംരംഭങ്ങളും വിജയിക്കട്ടെ .ദൈവാനുഗ്രഹം അത്രമേൽ അദ്ദേഹത്തിൽ ചൊരിയട്ടെ ..അത് മറ്റുള്ളവരിലേക്കും പകരട്ടെ .