BREAKING NEWS

Chicago
CHICAGO, US
4°C

ജയിംസ് തെക്കനാടന്‍ ;വിജയവഴികളിലെ വേറിട്ട വ്യക്തിത്വം (വഴിത്താരകൾ)

sponsored advertisements

sponsored advertisements

sponsored advertisements


22 January 2022

ജയിംസ് തെക്കനാടന്‍ ;വിജയവഴികളിലെ വേറിട്ട വ്യക്തിത്വം (വഴിത്താരകൾ)

‘കടന്നുപോകുന്ന കാഴ്ചകളെ കണ്ണിറുക്കിക്കൊണ്ട് ഹൃദയത്തിലേക്ക് പകര്‍ത്തുമ്പോള്‍ അത് സ്നേഹവും, സ്നേഹം കലര്‍ന്ന ജീവിതവുമാകും’

നിയോഗങ്ങളാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്. ചെയ്തു തീര്‍ക്കേണ്ടുന്ന കര്‍ത്തവ്യത്തിലേക്കാണ് നമ്മള്‍ സദാ നടന്നു നീങ്ങുന്നത്. അത്തരത്തില്‍ നിയോഗങ്ങളുടെ കാണാപ്പുറം ജീവിതം കൊണ്ട് കണ്ടെടുത്ത ജെയിംസ് തെക്കനാടന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ, മനുഷ്യസ്നേഹിയുടെ കഥയാണിത്.

ആയുസ്സിന്‍റെ പുസ്തകം
കോട്ടയം ജില്ലയില്‍ അയര്‍ക്കുന്നം പഞ്ചായത്തില്‍, പുന്നത്തുറ തെക്കനാട്ട് പരേതനായ പാച്ചി തോമസിന്‍റെയും ത്രേസ്യാമ്മയുടെയും മക്കളില്‍ എട്ടാമനായാണ് ജെയിംസ് തെക്കനാടന്‍ ജനിച്ചത്. ആ ജനനം ഒരു പുതിയ ചരിത്രം രൂപപ്പെടുത്തുമെന്ന് ചരിത്രത്തില്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജിലാണ് ജെയിംസ് തെക്കനാടന്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പഠന കാലത്ത് തന്നെ ജെയിംസ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. തന്‍റെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെ മറികടക്കാന്‍ ജെയിംസ് തെക്കനാടന്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. 1995 ല്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ കോളേജ് മാഗസിന്‍ എഡിറ്ററായി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി നടത്തിയ അഭിമുഖം ശ്രദ്ധേയമായിരുന്നു. രണ്ടാം വര്‍ഷം കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും മൂന്നാം വര്‍ഷം കോളേജ് യൂണിയന്‍ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടത് കാമ്പസില്‍ അദ്ദേഹത്തിന് ലഭിച്ച വലിയ അംഗീകാരമായിരുന്നു. യുവത്വത്തിന്‍റെ പിന്തുണ എന്നും പ്രവര്‍ത്തന നിരതമായ മനസുകള്‍ക്കാണല്ലോ ലഭിക്കുക. കോളേജ് രാഷ്ട്രീയ ജീവിതത്തിനിടയിലും പഠനം മുടക്കിയില്ല അദ്ദേഹം. എല്‍. എല്‍. ബിയും, മാസ്റ്റര്‍ ഇന്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും നേടി ശ്രദ്ധേയനായി.
നിയോഗങ്ങള്‍ അങ്ങനെയാണ്. അത് മനുഷ്യനെ അവന്‍റെ ലക്ഷ്യത്തിലേക്ക് തന്നെ കൊണ്ടുചെന്നെത്തിക്കും. നിയോഗങ്ങള്‍ നിറവേറ്റാതെ നമുക്ക് ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകാന്‍ കഴിയില്ല. പൊതുപ്രവര്‍ത്തനവും രാഷ്ട്രീയവുമായിരുന്നു ജെയിംസ് തെക്കനാടന്‍റെ നിയോഗങ്ങള്‍ എന്ന് ഒട്ടും സംശയമില്ലാതെ പറയാം. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലഘട്ടത്തില്‍ പോലും സ്വന്തം ഇഷ്ടങ്ങളും സൗകര്യങ്ങളും നോക്കാതെ പലരെയും അദ്ദേഹം സഹായിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു.

സ്വപ്നങ്ങള്‍ നമ്മളെ നടക്കാന്‍ കൊണ്ട് പോകുമ്പോള്‍ അതിനു പിറകെ സഞ്ചരിക്കുക എന്നുള്ളത് മനുഷ്യന്‍റെ ഹിതമാണ്. നല്ല സമൂഹവും നല്ല മനുഷ്യരും വാഴുന്ന ഒരു ഭൂമിയാണ് ജെയിംസ് തെക്കനാടന്‍റെ സ്വപ്നത്തില്‍ ഉള്ളത്.അന്നും ഇന്നും. അതിനായുള്ള ഈടുവയ്പുകളാണ് അദ്ദേഹം തന്‍റെ സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ നടത്തുന്നത്.

യൗവനം കടന്നുപോകുമ്പോള്‍
ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്‍റെ വഴിത്തിരിവാണ് യൗവനകാലം. ജീവിത ശൈലിയും രീതികളും മാറിമറിയുന്ന കാലം. കോട്ടയം രൂപതയുടെ യുവജന പ്രസ്ഥാനമായ കെ. സി. വൈ. എല്‍. നേതൃത്വത്തില്‍ 1998 – 2000 കാലഘട്ടങ്ങളില്‍ ജനറല്‍ സെക്രട്ടറിയായും, 2000 – 2002 കാലഘട്ടത്തില്‍ പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്ത് ലക്ഷദ്വീപിലേക്ക് നടത്തിയ കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാം വളരെ ശ്രദ്ധേയമായിരുന്നു. ക്രൈസ്തവ മിഷനറിമാര്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചും, യുവജനമേഖലയില്‍ നടത്തിയ വ്യത്യസ്ത പരിപാടികളും ജനശ്രദ്ധ പിടിച്ചുപറ്റി.


ഇതേ കാലഘട്ടത്തില്‍ തന്നെയായിരുന്നു ഫ്രാന്‍സില്‍ നടന്ന യുവജന സംഗമത്തിലും, റോമില്‍ വെച്ച് നടന്ന ആഗോള ക്നാനായ സംഗമത്തിലും പങ്കെടുത്തത്. തുടര്‍ന്ന് കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റിലും പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചു. കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റുമാരായിരുന്ന മുന്‍ എം. എല്‍. എ. പരേതനായ ഇ. ജെ. ലൂക്കോസ്, പ്രൊഫ. ബേബി കാനാട്ട് എന്നിവര്‍ക്കൊപ്പം ജോയിന്‍റ് സെക്രട്ടറിയായി (രണ്ടുതവണ) ആറു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. സാമുദായിക നേതൃത്വരംഗത്ത് വളരുവാന്‍ പ്രത്യേക പ്രോത്സാഹനം നല്‍കിയത് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, ഷെവലിയര്‍ പി. എം. ജോണ്‍ പുല്ലാപ്പള്ളി, പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍, ജോസ് കണിയാലി തുടങ്ങിയവരാണ്. സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രഗത്ഭരായവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഊര്‍ജ്ജം ജീവിതത്തിന്‍റെ വഴിത്താരകള്‍ക്ക് തന്നെ പുതിയ നിറം നല്‍കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ഈ കാലഘട്ടത്തിലാണ് അമേരിക്കയിലും ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചത് . ഈ സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തനം സാധിക്കാത്തതിനാല്‍ രാഷ്ട്രീയ ജീവിതത്തിന് ചെറിയ ഇടവേള നല്‍കിയെങ്കിലും പിന്നീട് സജീവമായി തിരികെയെത്തി.

ഇടവേളയ്ക്ക് ശേഷം
ചെറിയ ഇടവേളയ്ക്ക് ശേഷം ജെയിംസ് തെക്കനാടന്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിയപ്പോള്‍ കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കേരളാ കോണ്‍ഗ്രസിന്‍റെ അനിഷേധ്യ നേതാവായിരുന്ന കെ.എം മാണി സാറിനൊപ്പം കേരളയാത്രയിലെ മുഴുവന്‍ സമയ പ്രാസംഗികനായും, യാത്രികനായും നിറസാന്നിധ്യമായത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. കേരളത്തിലെ ജനങ്ങളുടെ മനമറിഞ്ഞ ഒരു യാത്രകൂടിയായി അത് . തുടര്‍ന്ന് ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പില്‍ നേതൃത്വം വഹിക്കുവാനും സാധിച്ചു. ഇരുവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍നിന്ന് രണ്ടു കാലഘട്ടങ്ങളെ അടുത്തറിയുവാനും അവരുടെ വിചാരധാരകളെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുന്നു എന്നും അറിയുവാന്‍ സാധിച്ചു. വലിയ മാനസിക നേട്ടങ്ങള്‍ ഉണ്ടായ കാലം കൂടിയായിരുന്നു അത്.
കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൂടുതല്‍ കര്‍ത്തവ്യങ്ങള്‍ ജെയിംസ് തെക്കനാടന് ഏറ്റെടുക്കേണ്ടിവന്നു. ആ കാലഘട്ടത്തില്‍ കേരളത്തിനകത്തും പുറത്തുമായി അനേകം പരിപാടികള്‍ സംഘടിപ്പിച്ചു. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും വളരെയധികം ശ്രദ്ധ നേടുകയും ചെയ്ത പരിപാടികള്‍ ആയിരുന്നു .
വിദ്യാഭ്യാസമേഖലയിലെ കൂടുതല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ച് ജനശ്രദ്ധ നേടി.ആ സമയത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ട് വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് തയ്യാറാക്കിയ തന്‍റെ പുസ്തകം നല്‍കുകയുണ്ടായി. രാഷ്ട്രീയ ജീവിതത്തിലെ സന്തോഷമുള്ള ഏടുകളില്‍ ഒന്നായിരുന്നു അത്.
2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷന്‍ ആയിരിക്കെ കേരള നിയമസഭയിലേക്ക് മത്സരിക്കാന്‍ സാധിച്ചതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അവസരമായി ജെയിംസ് തെക്കനാടന്‍ കണക്കാക്കുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ആയിരുന്നു അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തിലെ കുത്തൊഴുക്ക് മനസ്സിലാക്കാന്‍ ആ തെരഞ്ഞെടുപ്പ് സഹായിച്ചു.2001 -2007 കാലഘട്ടത്തില്‍ പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. കേരള യൂത്ത് ഫ്രണ്ടിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവെ 2012 ല്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക്.


2016 വരെ ഫ്ളോറിഡയിലും അതിനു ശേഷം ഹൂസ്റ്റണില്‍ സ്ഥിരതാമസവുമായി. തന്‍റെ രാഷ്ട്രീയ ഗുരുവായ കെ.എം.മാണിസാറിന്‍റെ വിയോഗം ഇപ്പോഴും വേദനയോടെ ജെയിംസ് തെക്കനാടന്‍ സ്മരിക്കുന്നു .കേരള രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുവാനുള്ള ക്ഷണം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പലപ്പോഴും ലഭിക്കുന്നുണ്ടെങ്കിലും തന്‍റെ കുടുംബജീവിതവുമായി മുന്നോട്ടു പോകുവാനാണ് അദ്ദേഹം ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

വീക്ഷണങ്ങളുടെ കരുത്ത്
ജെയിംസ് തെക്കനാടന്‍റെ ജീവിത വീക്ഷണങ്ങളുടെ കരുത്ത് അദ്ദേഹത്തിന്‍റെ കുടുംബം തന്നെയാണ്. ഭാര്യ സംഗീതയും, ജോയല്‍ തെക്കനാട്ടും, നവീന്‍ തെക്കനാട്ടും ഇപ്പോഴും അദ്ദേഹത്തിന്‍റെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്ത് നല്‍കാന്‍ കൂടെയുണ്ട്. കുടുംബം തന്നെയാണ് എപ്പോഴും ഒരു മനുഷ്യന്‍റെ മുന്നേറ്റങ്ങളില്‍ കൂടെ ഉണ്ടാകുന്നത്. ഓരോ തളര്‍ച്ചയിലും അവനെ താങ്ങിനിര്‍ത്തുന്നത് ആ കുടുംബമാണ്. അതിന്‍റെ തളിരുകളോട് മിണ്ടിയും പറഞ്ഞും ജെയിംസ് തെക്കനാടന്‍ ഇപ്പോള്‍ അമേരിക്കയില്‍ ജീവിതത്തിന്‍റെ പുതിയ വഴികള്‍ കണ്ടുകൊണ്ടിരിക്കുന്നു. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിച്ച് തന്‍റെ ജീവിതത്തെ കൂടുതല്‍ ജീവസുറ്റതാക്കുന്നു.


ജീവിതത്തിന്‍റെ കടമകളോടും, രാഷ്ട്രീയപരമായ മുന്നേറ്റങ്ങളോടും മിണ്ടിയും പറഞ്ഞും അതി ഭംഗിയായി അദ്ദേഹമിപ്പോള്‍ ജീവിക്കുന്നു. ഓരോ മനുഷ്യന്‍റെയും ജീവിതത്തിലുണ്ടാകുന്ന ലക്ഷ്യങ്ങളും നിയോഗങ്ങളും പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഏറ്റവും ഭംഗിയില്‍ സമാധാനപരമായ ഒരു ജീവിതം നമ്മേ കാത്തിരിക്കുന്നുണ്ട്. അതുവരേക്കും നമുക്കുവേണ്ടി കാത്തിരുന്നവര്‍ക്ക് നമ്മള്‍ നല്‍കേണ്ടുന്ന ചെറിയ ചില നേരങ്ങള്‍ . ആ നേരത്തെ നമുക്ക് മറക്കുവാന്‍ സാധിക്കില്ല. അദ്ദേഹം ഇപ്പോള്‍ ആ ജീവിതത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഇനിയും രാഷ്ട്രീയത്തിലേക്ക് തിരികെ വന്നേക്കാം. മറ്റുള്ളവര്‍ക്ക് വേണ്ടി തന്‍റെ ജീവിതം ഇനിയും മാറ്റി വച്ചേക്കാം. അതെ, ജീവിതം അറ്റമില്ലാത്ത ഒരു കഥയാണ്. ജെയിംസ് തെക്കനാടന്‍റെ ജീവിതകഥപോലെ.

—————————–
അനിൽ പെണ്ണുക്കര