ജനീഷ് മോഹൻ വൈക്കം
ഇതു രാമരാജ്യം ഞാൻ കണ്ട സ്വപ്നം,
എവിടെന്റെ രാമനെന്നലയുന്ന നേരം!
ആരാണു നീയെന്നു ക്രോധം ജ്വലിച്ചും-
എൻ നേർക്കു നീളുന്ന ചൂണ്ടുവിരൽ കാണാം.
ബൂട്ടിട്ട കാലിന്റെ, തൊഴികൊണ്ട നാടിന്റെ,
പൊള്ളുന്ന മാറിൻ കിതപ്പെന്ന പോലെ,
പടപട ശബ്ദം മുഴക്കുന്ന മെതിയടി-
ച്ചുവടുമായെത്തുന്ന യോഗി ഞാൻ ബാലേ!
വർണ്ണ ബോധത്തിന്നുടുപ്പൂരി ധാർമ്മിക-
ക്കർമ്മബോധത്തിൻ മുറിമുണ്ടു ചുറ്റി;
ചെളിപൂണ്ട പട്ടിണിക്കോലങ്ങൾ കണ്ണിന്റെ,
ഉൾക്കാഴ്ചയിൽ വലിയ ബിംബങ്ങളാക്കാൻ,
സ്നേഹപ്രകാശം കടക്കുന്ന നേരിൻ്റെ,
കണ്ണടയുമുണ്ടെന്റെ കൺകൾക്കു മീതെ;
നീതിബോധത്തിന്റെ ഊന്നുവടിയേന്തി,
സ്വച്ഛസ്വാതന്ത്ര്യക്കടൽ വെള്ളമൂറ്റി,
ജന്മാവകാശത്തിന്നുപ്പേറെ വാറ്റി,
മതഭേദമില്ലാത്ത കൂട്ടർക്കു മധ്യേ,
അമ്മ നാടിൻ മഹിമ വാനോളമാക്കി,
വെടിയേറ്റു പിടയുന്ന ഞാനാണു ഗാന്ധി !
ഇനിയൊന്നു പറയൂ, എവിടെന്റെ രാമൻ ?
മാനവ കുലത്തിന്റെ പരിപൂർണ്ണ സൂര്യൻ;
ജാനകീ കാന്തനാം ദാശരഥിയല്ല;
ദശകണ്ഠനെക്കൊന്ന വില്ലാളിയല്ല;
നീതി -ധർമ്മങ്ങളെ കർമ്മബലമാക്കാൻ,
സൗഖ്യം ത്യജിക്കുന്ന സ്നേഹിയായ് മാറാൻ,
അരചനും പ്രജകളും ഒരു വർഗ്ഗമെങ്കിൽ,
ഒരു മണ്ണിലൊരു നീതിയവകാശമെന്നും,
വാക്കെന്ന നാവിന്റെ ഈശ്വരനെയൂന്നും,
സത്യ ബോധത്തിന്റെ പേരാണു രാമൻ!
എവിടെന്റെ രാമൻ ചിതൽ കൊണ്ടു പോയോ ?
ഇതോ രാമരാജ്യം, കരയുന്നു ഗാന്ധി!.
