ഇന്ന് വിവാഹത്തിന്റെ മുപ്പത്തിയഞ്ചാം
വാർഷികമായിരുന്നു.
ബാൽക്കണിയിലെ ചാരുകസേരയിൽ ഇരുന്ന് ബാലചന്ദ്രൻ നെടുവീർപ്പിട്ടു.എല്ലാ വർഷവും താനും, അരുന്ധതിയും മാത്രം ഓർക്കുന്ന ദിവസം. പക്ഷേ, ഇന്ന് രണ്ടുപേരും അതിനെക്കുറിച്ച് പരസ്പരം ഒന്നും മിണ്ടിയില്ല.കാരണം അത്രയധികം സംഭവബഹുലമായിരുന്നല്ലോ ഇന്നത്തെ ദിവസം.
ഇങ്ങനെ ഒരു പറിച്ചുനടൽ ഈ ദിവസം തന്നെ നടന്നത് യാദൃശ്ചികം. കിരൺ ഒരാഴ്ച മുൻപ് വിളിച്ച് ‘ഇന്ന് അങ്ങോട്ട് മാറാം അച്ഛാ’ എന്ന് പറഞ്ഞപ്പോൾ എതിർത്തൊന്നും പറഞ്ഞില്ല. അടുത്തിരുന്ന അരുന്ധതിയും മൗ നസമ്മതം അറിയിച്ചു. ഈ ദിവസത്തിന്റെ പ്രത്യേകത അന്നവൾ മറന്നതോ അതോ മറന്നതായി അഭിനയിച്ചതോ..? മോനോട് എതിർത്ത് പറയണ്ട എന്ന് കരുതി മനപ്പൂർവ്വം മറന്നിട്ടുണ്ടാകും.
ഇല്ല.., പരാതിയൊന്നും ഇല്ല. ഇവിടം സ്വർഗമല്ലേ..?
നഗരത്തിലെ ഏറ്റവും നല്ല റിട്ടയർമെന്റ് കമ്മ്യൂണിറ്റി. തങ്ങളെപ്പോലുള്ള ഒരുപാട് പേർ ഉണ്ടിവിടെ. പോരാത്തതിന് എല്ലാ സുഖ സൗകര്യങ്ങളും. ഈ പ്രായത്തിൽ അച്ഛനും, അമ്മയും ഒന്നിനും ബുദ്ധിമുട്ടരുത് എന്ന മകന്റെ കരുതൽ മാത്രമേ അയാൾക്ക് അവിടെ കാണാൻ കഴിഞ്ഞുള്ളൂ. അന്യദേശത്തുനിന്ന് അവന് ഇടക്കിടക്ക് വരാൻ സാധിക്കാത്തത് കൊണ്ടുള്ള വിഷമം, അച്ഛന്റെയും, അമ്മയുടെയും ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക, ഇതെല്ലാം കിരൺ കഴിഞ്ഞ തവണ വന്നപ്പോൾ തന്നോട് സംസാരിച്ചതാണ്. ഇങ്ങനൊരാശയം അവൻ മുന്നോട്ട് വച്ചപ്പോൾ താനും സമ്മതിച്ചു.അത്രയും വലിയ വീട്ടിൽ രണ്ടുപേർ മാത്രം.പിന്നെ അരുന്ധതിക്ക് വീടെല്ലാം ഒറ്റക്ക് മാനേജ് ചെയ്യാനും വയ്യാതായി തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടും അങ്ങനൊരു മാറ്റം നല്ലതായിരിക്കും.റിട്ടയർമെന്റിനുശേഷം കൂടെക്കൂടിയ അസുഖങ്ങളെ മറക്കാനും ഒരുപരിധി വരെയെങ്കിലും ഈ മാറ്റം സഹായിച്ചാലോ..
കിരണിന്റെ സുഹൃത്ത് കിഷോറാണ് ഇന്ന് ഇവിടെ കൊണ്ടുവന്നാക്കിയത്.
“ബാലേട്ടാ.. നല്ല കാറ്റുണ്ട് പുറത്ത്.. അകത്തേക്കിരുന്നാലോ..?” എന്ന് ചോദിച്ചുകൊണ്ട് അരുന്ധതി വന്നു.
അവളുടെ കാല് വലിച്ചുള്ള നടത്തം കണ്ടപ്പോൾ മനസ്സിലായി വേദന കൂടുതൽ ഉണ്ടെന്ന്.
“തനിക്ക് മുട്ടുവേദന കൂടുതലുണ്ടോ അമ്മൂ ഇന്ന്?”
“അത് സാരല്ല്യാ ബാലേട്ടാ.. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും ശരിയാവും. ഇന്ന് നടത്തം കുറച്ച് കൂടുതലായില്ലേ,അതിന്റെയാ.”
“താനൊരു അഞ്ചുമിനിറ്റ് ഇവിടെ ഇരിക്ക്.
രാവിലെ കിഷോർ പറഞ്ഞത് പോലെ, നല്ല ശുദ്ധവായു കിട്ടും ഇവിടിരുന്നാൽ.. കടൽക്കാറ്റാണെങ്കിലും.”
“കടൽക്കാറ്റിനെ അങ്ങനെ കുറച്ചു കാണണ്ടാ ബാലേട്ടാ.. ഔഷധഗുണം ഉണ്ടെന്നാ കേട്ടിട്ടുള്ളത്.”
“എന്നാ പിന്നെ ഇനി ഡോക്ടർക്ക് കൊടുക്കുന്ന പൈസ ലാഭിക്കാലോ..ല്ലേ?”
ബാലചന്ദ്രന്റെ മറുപടി കേട്ട് അരുന്ധതി ഉറക്കെ ചിരിച്ചു.
“തന്റെ ഗുരുവായൂരപ്പൻ സെറ്റിൽഡ് ആയോ..? ”
“ഒരിടം കണ്ട് വച്ചിട്ടുണ്ട് ഞാൻ. ചുമരിൽ ആണി അടിക്കാൻ പറ്റുമോ ന്ന് ചോദിച്ച് ചെയ്യാം. എല്ലാ വിഭാഗം ആളുകൾക്കും പ്രാർത്ഥനക്കുള്ള സൗകര്യം പുറത്ത് ഉണ്ടത്രേ.. എന്നാലും, നമുക്ക് വീട്ടിൽ ഒരി ടം ഉണ്ടെങ്കിൽ നന്നായിരുന്നു.”
” കുഴപ്പല്യാഡോ ഞാൻ നാളെ മെയിന്റനൻസ് ടീമിനോട് ചോദിക്കാം..”
“ഇന്ന് ഞാൻ ഭക്ഷണം റൂം സർവീസിൽ ഓർഡർ ചെയ്തൂ ട്ടോ ബാലേട്ടാ. നാളെ മുതല് ഉണ്ടാക്കാം.”
“എന്റെ അമ്മുവേ നമ്മള് വിശ്രമജീവിതം ആസ്വദിക്കാനല്ലേ ഇവിടേക്ക് മാറിയത്. അപ്പൊ പിന്നെ സൗകര്യങ്ങൾ എല്ലാം പരമാവധി ഉപയോഗിക്കണം.”
“എന്നും പറഞ്ഞ്.. ,വായ്ക്ക് രുചിയുള്ള ഭക്ഷണം കഴിക്കണെങ്കിൽ നമ്മള് തന്നെ വച്ചുണ്ടാക്കണം. എന്നെക്കാൾ നന്നായി രുചിയിൽ ശ്രദ്ധിക്കുന്ന ആളല്ലേ ബാലേട്ടൻ..?”
“താനിത്രയും കാലം വച്ചുവിളമ്പിയില്ലേ..? ഇനി നമുക്ക് ഇങ്ങനെയാക്കാം.”
കുറച്ച് നേരത്തെ മൗനത്തിനുശേഷം കിരൺ വിളിച്ചിരുന്ന വിവരവും, നാളെ വീഡിയോ കോൾ ചെയ്യാം എന്ന് ഉറപ്പ് പറഞ്ഞതും അരുന്ധതി പറഞ്ഞു.
“അമ്മൂ.., തനിക്ക് ഈ മാറ്റത്തില് വിഷമം ഉണ്ടോ?” അവളുടെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം ഇല്ലാതെ അയാൾ ചോദിച്ചു.
“ഗുരുവായൂരപ്പൻ വരെ സെറ്റൽഡ് ആവാൻ റെഡി ആയി. പിന്നെയാണോ ഈ ഞാൻ?” അരുന്ധതിയുടെ ആ മറുപടി കേട്ടപ്പോൾ വലിയൊരു ഭാരം ഇറക്കി വച്ച പോലെ തോന്നി അയാൾക്ക്.
“ബാലേട്ടൻ വരൂ. നമുക്ക് കഴിക്കാം..” എന്ന് പറഞ്ഞ് അകത്തേക്ക് നടന്ന അരുന്ധതിയുടെ പുറകെ ബാലചന്ദ്രനും നടന്നു. ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്ന കുഞ്ഞ് കേക്ക് കണ്ട് ആശ്ചര്യത്തോടെ നോക്കി നിന്ന അയാളെ നോക്കി അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഉള്ള സാധനങ്ങളൊക്കെ വച്ച് ഞാൻ ഒരെണ്ണം തട്ടിക്കൂട്ടി ഉണ്ടാക്കി.ഒരിത്തിരി പാൽ പായസവും വച്ചു. മധുരം അധികം ഇട്ടിട്ടില്ല ട്ടോ”
ആത്മഗതം പോലെ അരുന്ധതി തുടർന്നു.
“ഞാനും ബാലേട്ടനും അല്ലാതെ മറ്റാര് ഓർക്കാൻ ഈ ദിവസത്തെ പറ്റി.മുപ്പത്തിയഞ്ച് വർഷം മുൻപ് ബാലേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തിയപ്പോൾ ഒരൊറ്റ കാര്യമേ ഞാൻ ഗുരവായൂരപ്പനോട് പറഞ്ഞുള്ളൂ. എന്ത് സാഹചര്യം ആണെങ്കിലും കൂട്ട് പിരിയാൻ ഇടവരുത്തരുതെ എന്ന്. അത് ഈ നിമിഷം വരെ തെറ്റിയിട്ടില്ല. ഇനിയങ്ങോട്ട് തെറ്റും ഇല്ല.”
ഇതും പറഞ്ഞ് തന്റെ അടുത്ത് വന്ന് നെഞ്ചോട് മുഖം ചേർത്ത് നിൽക്കുന്ന അരുന്ധതിയെ ചേർത്ത് പിടിച്ച് നെറുകയില് ഒരു ഉമ്മ നൽകാനേ അയാൾക്ക് അപ്പോൾ കഴിഞ്ഞുള്ളൂ.
മുറിച്ചെടുത്ത കേക്കിൽ നിന്ന് ഒരു നുള്ളെടുത്ത് അവളുടെ വായിൽ വച്ച് കൊടുക്കുമ്പോൾ അയാൾ അവളോട് പറഞ്ഞു..
“അമ്മൂ നീയാണെന്റെ ഭാഗ്യം.. ഈ ലോകത്തിലെ ഏറ്റവും അനുഗ്രഹീതനായ ഭർത്താവും, അച്ഛനും ഞാനാണെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല.”
