ലിസമ്മ (കഥ -ജീന രാജേഷ് ,കാനഡ )

sponsored advertisements

sponsored advertisements

sponsored advertisements

30 May 2022

ലിസമ്മ (കഥ -ജീന രാജേഷ് ,കാനഡ )

ലിസമ്മേടെ തുണിമണികളും
മറ്റു വസ്തുക്കളും ദാനം ചെയ്യാം!!
ആർക്കും മറുവാക്കില്ലായിരുന്നു!
മിണ്ടാനും പറയാനും നേരമില്ലാതെ ഓടിക്കൊണ്ടിരുന്ന ഞങ്ങടെ ലിസമ്മയാണ്
കഴിഞ്ഞയാഴ്ച തീർന്നത്…
ആധിയൊഴിഞ്ഞും വ്യാധിയൊഴിഞ്ഞും അവൾക്ക് നേരമില്ലായിരുന്നു…
രാത്രി ഷിഫ്റ്റ് തീർന്ന്
ഒരു പകലും ഒരു രാവും ഉറങ്ങിയെണീറ്റ്
ഒരാഴ്ചത്തേക്കുള്ളത് പാകം ചെയ്ത്
തിങ്കൾ മുതൽ ഞായർ വരെ എന്ന്
ലേബൽ പതിപ്പിച്ച പൊതികൾ
ഫ്രീസറിൽ കേറ്റി,
അവൾ ഡേ ഷിഫ്റ്റുകളിലേക്കോടി…
തണുത്തതും പഴയതും തിന്നാനാണ്
എന്റെ വിധിയെന്ന് അവളുടെ
കെട്ടിയോൻ പതം പറഞ്ഞു.
മക്കള് ‘സ്നാക്കി’നും ‘ലഞ്ചി’നും പണം ചോദിച്ചു വാങ്ങി…!!
വീടിന്റെ കടം
പിള്ളാരുടെ പഠിപ്പ്
അമ്മച്ചീടെ ആധിയും വ്യാധിയും
ലിസമ്മ സ്വന്തം ആധിയെല്ലാം
ന്യൂറോ ഐസിയൂവിലെ
മോണിട്ടറുകളിലെ വരകളിലെഴുതി വച്ചു.
പിള്ളാരെ കെട്ടിപ്പിടിച്ചുറങ്ങാൻ കൊതിയാകുമ്പോഴാണ്
അവള് ഒരു നൈറ്റോഫെടുക്കാറ്..!!
അത് മിക്കവാറും
കെട്ട്യോനെ കെട്ടിപ്പിടിച്ചുറങ്ങലാവും
ഒരു ബെക്കാർഡിയുടെയോ
ഡബിൾ ബ്ലാക്കിന്റെയോ മൂപ്പില്ലാതെ അത് നടക്കൂല്ലവൾക്ക്..
അല്ലേൽ അവളില്ലാത്ത നേരങ്ങളിൽ അങ്ങേര് കെട്ടിപ്പിടിച്ചുറങ്ങുന്ന പെണ്ണുങ്ങള് മൊത്തം
അവളുടെ തൊണ്ടക്ക് കുത്തും…
വെളിവ് വീഴുമ്പം വേണ്ടായിരുന്നെന്ന്
പ്രാകി നേർന്ന് പിറ്റേന്നവൾ
പിന്നേം ജോലിക്ക് പോകും…
ആ ലിസമ്മയാണ് ഇന്നലെ തീർന്നത്!!
വീടിന്റെ കടം വീടിയില്ല
മക്കള് പഠിച്ചുമില്ല
അമ്മച്ചീടെ ചങ്കോപ്രേഷനും കഴിഞ്ഞില്ല!
ഒരാഴ്ചത്തേക്കുള്ള ഭക്ഷണം മാത്രം ഫ്രിഡ്ജിലിരുന്നു വിറങ്ങലിച്ചു!!
ഞാനാണവളുടെ തുണികള് വാരിയിട്ടത്
നിറം മങ്ങിയ കുറേ പാന്റുകൾ
ഒരു ജീൻസ്
നാല് ഷർട്ടുകൾ
പഴയോരു ചുരിദാറ്
നിറം മങ്ങിയ ഒരു സാരി,
ബ്ലൗസ് ഉറപ്പായും അവൾക്ക് പാകമാകാത്തതായിരുന്നു…
നിറം മങ്ങിയതും മങ്ങാത്തതുമായ
നാലഞ്ച് ‘സ്ക്രബ്ബു’കൾ
നാലഞ്ചു ജോടി ‘വരവ്’ കമ്മലുകൾ
ഒരു കുഞ്ഞുമാല
അതിനറ്റത്ത് കുരിശ്
(അയാളുടെ ആദ്യത്തെ അവിഹിതം പിടിച്ചയന്നാണല്ലോ
മിന്ന് അവൾ എറിഞ്ഞു കളഞ്ഞത് )
ഒരു ‘ഷിമ്മിക്കവറി’ൽ കൊള്ളാവുന്ന
അടിവസ്ത്രങ്ങൾ!!
കഴിഞ്ഞു!!
“ഒന്നും ഡോണേറ്റ് ചെയ്യാൻ കൊള്ളൂല്ല
നമുക്ക് കളയാം” ആരോ പറഞ്ഞു!!
“മാല സ്വർണ്ണമല്ലേ?” മറ്റാരോ പറഞ്ഞു.
അപ്പോൾ കരഞ്ഞ് വീർത്ത മുഖവുമായി
അവളുടെ കെട്ടിയോൻ കൈനീട്ടി.
എല്ലാം വാരിവലിച്ച് ഒരു കവറിലിട്ട് കെട്ടാൻ പോയപ്പഴാ
പഴയ പെട്ടിയുടെ
അറയിൽ നിന്നൊരു ചിലങ്ക കരഞ്ഞത് !!
“ഇത് ലിസമ്മേടെയാ!!??”
“അല്ലെന്നേ
അവൾക്ക് വഴീൽ വല്ലോം വീണ് കിട്ട്യതാവും”
“അല്ലാണ്ട് പിന്നെ!! പതിനഞ്ച് വർഷായി
എന്നും കാണണ പെണ്ണാ
ഇങ്ങനൊരു കാര്യം കയ്യിലൊണ്ടേൽ
ഞാനറിയാണ്ടിരിക്ക്വോ!!”
ഞാനും സമാധാനിച്ചു!!
“എന്നാലും രണ്ടെണ്ണം വീണ് കിട്ട്വോ!!
ഞാൻ താടിക്ക് കൈകൊടുത്തിരുന്നു
ഇത് കണ്ട് ലിസമ്മ ചെലപ്പോ ചിരിക്കണുണ്ടാവും!!
ഞങ്ങടെ ന്യൂറോ ഐസിയൂന്റെ ചിരിക്കുടുക്ക അവളായിരുന്നല്ലോ!!

ജീന രാജേഷ് ,കാനഡ