ചുവരിലിരിക്കുന്ന തന്റെ പ്രിയപ്പെട്ടവന്റെ ഫോട്ടോയിൽ നോക്കി നിമ്മി ചോദിച്ചു..
” രാജുവേട്ടൻ എല്ലാ വിവരവും അറിഞ്ഞില്ലേ.. നമ്മുടെ മോളുടെ വാശിക്ക് മുന്നിൽ എന്റെ മനസ്സാക്ഷി പണയപ്പെടുത്തുകയാണ് ഞാൻ. ഇന്ന് അവർ വരുന്നുണ്ട്, എന്നെ പെണ്ണുകാണാനും ബന്ധം ഉറപ്പിക്കാനും.. ഒന്നും പറയാനില്ലേ എന്നോട്..? നമ്മളൊന്നായിരുന്നില്ലേ രാജുവേട്ടാ..?എനിക്ക് മറ്റൊരാളെ സ്നേഹിക്കാനാവുമോ??എന്താ ചിരിക്കുന്നത്??? ”
രാജീവന്റെ ഫോട്ടോ തന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി നിമ്മിക്ക്.
45 വയസ്സുള്ള നിമ്മി രാജീവിന്റെ വിധവയാണ്. രാജീവ് മരിച്ചിട്ട് 24 വർഷമായി, ഒരു വർഷമേ അവർ ഒരുമിച്ച് ജീവിച്ചുള്ളൂ. ഒരു കുഞ്ഞ് സ്പന്ദനം നിമ്മിയുടെ ഉദരത്തിലുണ്ടായി, നാലാമത്തെ മാസം, വീട്ടിലെ കിണറ്റിലെ പമ്പ് സെറ്റിൽ നിന്നും ഷോക്കേറ്റ് രാജീവ് ലോകത്തോട് തന്നെ യാത്ര പറയുകയായിരുന്നു. ബന്ധുക്കളെല്ലാം നിർബന്ധിച്ചിട്ടും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാനോ മറ്റൊരു വിവാഹം കഴിക്കാനോ നിമ്മി കൂട്ടാക്കിയില്ലായിരുന്നു.
പക്ഷേ, ഇന്ന് ആ കുഞ്ഞു വളർന്നു വേദ എന്ന മുതിർന്ന പെൺകുട്ടിയായി, പൃഥ്വി എന്ന സഹപാഠിയെ വിവാഹവും കഴിച്ചു. മൂന്നുമാസമായി വിവാഹം കഴിഞ്ഞിട്ട്..പക്ഷേ ലണ്ടനിൽ ജോലിയുള്ള പൃഥ്വിക്കൊപ്പം പോകാൻ അവൾ കൂട്ടാക്കുന്നില്ല. അമ്മയെ തനിച്ചാക്കി പോകില്ല എന്നുള്ള വാശിയിലാണ് അവൾ. അമ്മയ്ക്ക് ഒരു കൂട്ട് ഉണ്ടായാൽ മാത്രമേ അവൾ ഭർത്താവിനൊപ്പം പോവുള്ളൂ എന്ന് തീർത്തു പറഞ്ഞു.. അമ്മയ്ക്കു വേണ്ടി പങ്കാളിയെയും കണ്ടെത്തിയിരുന്നു അവൾ.
പൃഥ്വിയുടെ അമ്മയുടെ കസിൻ ബ്രദർ ആയ വിശ്വജിത്ത്. പത്തുവർഷമായി ഭാര്യ മരിച്ചിട്ട്, കുട്ടികളില്ലാത്ത വിശ്വൻ ഭാര്യയുടെ മരണശേഷം, ഉയർന്ന ഉദ്യോഗം രാജിവെച്ച് സ്വന്തം ഫാമിൽ കുറേ വളർത്തുമൃഗങ്ങളുമായി ഒറ്റപ്പെട്ടു കഴിയുകയാണ്. വിവാഹത്തിനൊന്നും താൽപര്യമില്ലാതിരുന്ന വിശ്വനെ പറഞ്ഞു സമ്മതിപ്പിച്ച പൃഥി, നിമ്മിയുടെ സമ്മതം വാങ്ങാൻ വേദയെ ഏൽപ്പിക്കുകയായിരുന്നു.
” അമ്മ സ്വന്തം താൽപ്പര്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കുമ്പോൾ, മറ്റുള്ളവരുടെ വേദനയെക്കുറിച്ച് ഒരിക്കലെങ്കിലും ഓർക്കാത്തതെന്താ.. എന്റെ, പൃഥ്വിയുടെ, അമ്മമ്മയുടെ…വിഷമങ്ങൾ അമ്മക്ക് പ്രശ്നമേയല്ലേ..??
പുതിയൊരു ജീവിതത്തിന് വിസമ്മതിച്ച നിമ്മിയോടുള്ള വേദയുടെ ചോദ്യങ്ങൾ വൈകാരികതയെ തൊട്ടുണർത്തിയപ്പോൾ, അവൾ സമ്മതം മൂളുകയായിരുന്നു.. മറ്റൊരാളെ സ്നേഹിക്കാനാവില്ലെന്ന മുൻവിധിയോടെ തന്നെ.
“അമ്മേ “… വാതിലിൽ വേദ തട്ടി വിളിക്കുന്നു.”ദേ, വരുന്നു, മുറിക്ക് പുറത്തിറങ്ങിയ നിമ്മി മകളെ നോക്കിപ്പറഞ്ഞു.
“വേദാ.. ഞാനൊന്നു പാർലറിൽ പോയിട്ട് വരാം”.
“ശരി അമ്മേ “എന്ന് പറയുമ്പോഴും അവളുടെ മുഖത്തെ സംശയം ബാക്കി നിന്നു.. ഒരിക്കൽ പോലും പാർലറിൽ പോകാത്ത അമ്മ ഇന്ന് എന്തേ…???
ഒരു മണിക്കൂറിൽ നിമ്മി മടങ്ങിയെത്തിയത് അതിലും വലിയ ഒരു അത്ഭുതവുമായിട്ടായിരുന്നു. മുട്ടറ്റം കിടന്നിരുന്ന നിമ്മിയുടെ മുടി തോളറ്റം വച്ചു മുറിച്ചു കളഞ്ഞിരുന്നു.
“എന്താമ്മേ ഇത്..?” അരിശത്തോടും അത്ഭുതത്തോടും കൂടി ചോദിച്ച വേദയോട് നിസ്സാരമട്ടിൽ നിമ്മി പറഞ്ഞത് “കുറേ നാളായി വിചാരിച്ച കാര്യമാണ്..ക്യാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കാനായി മുടി കൊടുക്കണമെന്ന്… പുതിയ ബന്ധം നിങ്ങളെല്ലാം കൂടി സമ്മാനിച്ചു കഴിയുമ്പോൾ അതിനു കഴിഞ്ഞില്ലെങ്കിലോ…??”
സത്യം അതല്ലെന്നു വേദക്കറിയാമായിരുന്നു.
“കരിമഷിയെഴുതിയ നിന്റെ കണ്ണുകളും, ഇടതൂർന്നയീ മുടിയും.. നിമ്മീ.. എനിക്കെത്ര പ്രിയപ്പെട്ടതാണെന്നോ… ഈ മുടി നീ പൊന്നുപോലെ സൂക്ഷിക്കണം.”ഒരു നിലാവിൽ, നെറ്റിയിൽ മൃദുവായി തലോടി രാജീവ് പറഞ്ഞത് നിമ്മിയുടെ ഓർമ്മചെപ്പിൽ സൂക്ഷിച്ച വാക്കുകളായിരുന്നെങ്കിലും വേദക്കും കേട്ടറിവുള്ളതായിരുന്നു. വേദയുടെ മനസ് ഒരു വിങ്ങലോടെ മന്ത്രിച്ചു “..
“അമ്മ സ്വയം ശിക്ഷിച്ചുവോ??”
രാജീവിന് വേണ്ടി പൊന്നുപോലെ സൂക്ഷിച്ച മുടിയും മുറിച്ച്, മഷിയെഴുതാത്ത കണ്ണുകളുമായി നിമ്മി വിശ്വജിത്തുമായി ജീവിതം തുടങ്ങിയ ശേഷമേ വേദയും പൃഥിയും ലണ്ടനിലേക്ക് പോയുള്ളൂ.
രണ്ടുവർഷം കഴിഞ്ഞ് വിദേശത്തുനിന്നും അവർ തിരിച്ചു വന്നപ്പോൾ നിമ്മി വളരെ സന്തോഷവതിയായിരുന്നു, പ്രത്യേകിച്ചും ഗർഭിണിയായ വേദയെ കണ്ടപ്പോൾ. വിശ്വജിത്തും ഉത്സാഹത്തോടെ അവരെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. അയാളുടെ കറകളഞ്ഞ സ്നേഹം നിമ്മിയുടെ ജീവിതത്തിൽ പുതുവെളിച്ചം പകർന്ന പോലെ… വേദയും പൃഥിയും നിമ്മിയും വിശ്വനും എല്ലാം ചേർന്ന് ഇപ്പോൾ അവരുടെ വീട് ഒരു സ്വർഗ്ഗമായ പോലെ…
മഷിയെഴുതിയ നിർമ്മലയുടെ കണ്ണുകളും വളർന്നിറങ്ങി ഏകദേശം മുട്ടോളം എത്തിയ മുടിയും കണ്ട വേദ മനസ്സിലോർത്തു…
” പാവം.. എന്റെ അമ്മ, നല്ലവനായ വിശ്വൻ അങ്കിളിന്റെ സ്നേഹത്തിൽ,,എല്ലാം മറന്ന് പുതിയ ജീവിതത്തിൽ,.. സന്തോഷവതിയായിരിക്കുന്നു”. കൂടെ ഒരു വലിയ തിരിച്ചറിവും അവളിൽ ഉണ്ടായി.
” സാഹചര്യത്തിന്റെ സൃഷ്ടിയാണ് മനുഷ്യ സ്വഭാവം”.. എന്ന വലിയ സത്യം… അവളുടെ അമ്മയുടെ മാറ്റത്തിലൂടെ തിരിച്ചറിഞ്ഞ സത്യം…
