ഓർമ്മയുടെ ഓളങ്ങളിൽ മടമ്പം പുഴ (ജിം തോമസ് കണ്ടാരപ്പള്ളിൽ)

sponsored advertisements

sponsored advertisements

sponsored advertisements

18 February 2023

ഓർമ്മയുടെ ഓളങ്ങളിൽ മടമ്പം പുഴ (ജിം തോമസ് കണ്ടാരപ്പള്ളിൽ)

ജിം തോമസ് കണ്ടാരപ്പള്ളിൽ

ഓർമ്മകളിലെ മടമ്പം പുഴ മനസ്സിൽ ഇപ്പോഴും ലാസ്യവതിയായിഒഴുകുകയാണ്…!!

ഏതാണ്ട് ആറു മണി ആകുമ്പോഴേക്കും വീടിന്റെ പിറകിലുള്ള കടവ് ശാന്തം ആകും. ഒരു ലുങ്കിയും തോർത്തും പിന്നെ ലൈഫ് ബോയ് സോപ്പിന്റെ പെട്ടിയുമായി, അലസമായി കിടക്കുന്ന കടവിന്റെ പടിയിറങ്ങി പുഴയരികിലേക്കു…

കടവിന്റെ അരികിലായി, വെള്ളത്തിനു മുകുളിൽ തലയുയർത്തി നിൽക്കുന്ന ഒരു പാറയുണ്ട്. പതിയെ തോർത്തുടുത്ത് പാറയുടെ അടുത്തേക്ക് നടന്നടുക്കും. ഏതോ പരിചയകാരനെ കണ്ട പോലെ, ചെറുപരൽ മീനുകൾ ഓടി വന്നു കാൽ പാദങ്ങൾ കൊത്തിപ്പറിക്കും….

നടുക്ക്, ആ പാറയുടെ മുകുളിൽ അങ്ങിനെ അല്പ സമയം ഇരിക്കാൻ വല്ലാത്ത ആനന്ദം ആണ്…!!

പുഴയുടെ അക്കരെ തിട്ട കയറി കഴിഞ്ഞാൽ നെൽപ്പാടം ആണ്. അതങ്ങു, വയക്കര വരെ നീണ്ടു കിടക്കുന്നു… വിളഞ്ഞു കിടക്കുന്ന ആ പാടങ്ങൾ കാണാൻ വല്ലാത്തൊരു ഭംഗി ആണ്. അല്പം കൂടി നടന്നു നീങ്ങി കഴിഞ്ഞാൽ, പാടത്തിനു ഇരുവശത്തും കവുങ്ങിൻ തോപ്പുകളാണ്. ഇടക്ക് സായാഹ്നങ്ങളിൽ അതിലെ നടക്കാൻ പോകുമായിരുന്നു; ഇടവഴികളിലേക്കു ചാഞ്ഞു കിടക്കുന്ന തൊട്ടാവാടികളെ ഉറക്കി… കാട്ടു ചെടികളോട് മൗനമായി മിണ്ടി… !!

പാടത്തിനപ്പുറം കുന്നാണ്. ദാരപ്പൻ നമ്പിയാരുടെയും, ശിവദാസന്റെയും, കുഞ്ഞികിട്ടേട്ടൻറെയും, ഭാസ്കരേട്ടന്റെയും വീടിനു പിറകിലുള്ള കുന്നു. കാശു മാവോ, റബ്ബറോ ഒക്കെയായിരുന്നു അതിൽ നിറയെ…

കൊയ്ത്ത് കഴിഞ്ഞാൽ തരിശായി കിടക്കുന്ന പാടത്ത്, തെയ്യം ഉണ്ടാകാറുണ്ടായിരുന്നു. ഗുളികനോ, പൊട്ടനോ മറ്റോ ആയിരുന്നു തെയ്യം. തീകനലിലൂടെ നടന്നു നീങ്ങുന്ന പൊട്ടൻ ദൈവത്തിന്റെ ഒരു ഓർമ്മ ചിത്രം മനസ്സിൽ എവിടെയോ കിടപ്പുണ്ട്. കുരുത്തോല ചുറ്റി, അമർന്നു അലറി, കളിപറയുന്ന പൊട്ടൻ ദൈവം…. അതു ഇവിടെ കണ്ടതാകാം. വെളുക്കുവോളം തെയ്യക്കാരുടെ വാദ്യമേളം കേൾക്കാം…

പുഴക്ക് ഇക്കരെ മടമ്പം; പാതയുടെ മുകുളിലായുള്ള കുന്നിൽ പള്ളി; ആ പാറപുറത്തിരുന്നു ചുറ്റും നോക്കിയാൽ, നാലു പാടും കുന്നാണ്. കുന്നിന്റെ അതിർത്തിക്കപ്പുറം നീലാകാശവും…!

ആ ഇരിപ്പിൽ, ചുറ്റും കൂടിയിരിക്കുന്ന പരൽ മീനുകൾ ചോദിക്കുന്ന വിശേഷങ്ങൾ ഒന്നും കേൾക്കില്ല; അതു കൊണ്ടാവാം, അവ എന്റെ പാദങ്ങൾ കൊത്തി പറിച്ചു, എന്റെ ശ്രദ്ധ മാറ്റാൻ ശ്രമിക്കുന്നത്.

അങ്ങു, താഴെ ഉള്ള കടവിൽ നിന്നും കുട്ടികൾ വെള്ളത്തിൽ തുള്ളി മറയുന്നതു കാണാം. അവ്യക്തമായ തമാശകൾ… ചിരികൾ… അഭ്യാസങ്ങൾ….!

ഏതാണ്ട് ആറര ആകുമ്പോഴേക്കും, കിഴക്കു നിന്നും, പക്ഷികൾ കൂട്ടത്തോടെ പടിഞ്ഞാറേക്ക് പറന്നു പോകുന്നത് കാണാം. അസ്തമയ സൂര്യനെ ഭയന്നു, കൂട്ടിലേക്കുള്ള അവയുടെ യാത്ര കാണുമ്പോൾ, മനസ്സിലൊരു വിങ്ങൽ ആയിരുന്നു,എന്നും.. പുലർ കാലേ, വീടിനു ചുറ്റുമുള്ള ഏതെങ്കിലും മരച്ചില്ലയിലിരുന്നു, അവരുടെ പാട്ടു കേൾക്കുമ്പോഴേ, മനസ്സിലെ ആ വിങ്ങൽ മാറൂ…

ഏതാണ്ട്, ആ സമയം ഒക്കെ ആകുമ്പോഴേയ്ക്കും, പല്ലുന്നിയിലെ പീലിപാപ്പാൻ, തൊമ്മിപാപ്പൻ, കുമ്മാനിക്കാട്ടെ ചേട്ടൻ, ദാരപ്പൻ നമ്പിയാർ, കിട്ടൻ നമ്പിയാർ… അവരൊക്കെ പുഴ കടന്നു, മടമ്പം ടൗണിലേക്ക് പോകുന്നുണ്ടാകും. പുഴയുടെ ഏതാണ്ട് മധ്യഭാഗം എത്തുമ്പോഴേക്കും വായിലെ വെറ്റിലകൂട്ടു തുപ്പികളഞ്ഞു, വാ കഴുകി, മുഖം നനച്ചു…. സായന്തനത്തിന്റെ ഇരുട്ടിൽ എന്നെ മനസ്സിലായാൽ, സ്നേഹത്തോടെ ഉള്ള കുശലാന്വേഷണം …!

അപ്പോഴേക്കും ആശാരി ജോബ് ചേട്ടനും കൂട്ടുകാരും കുളിക്കാൻ വരും. പതുക്കെ ഞാനും വെള്ളത്തിലേക്ക്ത തല പൂഴ്ത്തും. വെള്ളത്തിൽ അവർ കാണിക്കുന്ന അഭ്യാസങ്ങൾ എന്നും കണ്ടു നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ. വീടിനു തൊട്ടു പിറകിൽ പുഴ ഉണ്ടായിട്ടും, ഇന്ന് വരെ എന്തോ, നീന്താൻ അറിയില്ലായിരുന്നു…!

മഴക്കാലത്തെ വെള്ള പൊക്കം കഴിഞ്ഞ ഒരു ദിവസം. ആവശ്യത്തിലധികം വെള്ളം ഉണ്ട് പുഴയിൽ. അന്ന് പുഴയിൽ കുളിക്കാൻ വന്നത്, ആശാരി ജോബ് ചേട്ടന്റെ കൂടെ ഉള്ള ജോസ് ചേട്ടനായിരുന്നു; എറണാകുളം കാരൻ ആണ്; പണിക്കായി മടമ്പത്ത് വന്നതാണ്;

എന്റെ മുന്നിലൂടെ തലങ്ങും വിലങ്ങും ജോസ് ചേട്ടൻ നീന്തി.

അക്കരെ ഉള്ള അലക്കു കല്ലിൽ കയറിയിരുന്നു ജോസേട്ടൻ വിളിച്ചു പറഞ്ഞു; “ജിമ്മ…വാടാ… നീന്തി വാ…” എന്നു.

പുഴയുടെ തൊട്ടരികിൽ, കഴിഞ്ഞ പതിനേഴു പതിനെട്ടു വർഷമായി ജീവിക്കുന്ന എനിക്കു നീന്തൽ അറിയില്ലാന്നു പറയാൻ എന്തോ ഒരു ജാള്യത… ഒരു നിമിഷം ആലോചിച്ചു; ജോസേട്ടൻ നീന്തിയതല്ലേ… ഞാനും ഒന്നു ശ്രമിക്കാം.

ഒന്നും ആലോചിച്ചില്ല; എടുത്ത് ചാടി. അറിയാവുന്നതു പോലെ ഒക്കെ കയ്യും കാലും എടുത്തലച്ചു… നീന്തി അലപം കഴിഞ്ഞപ്പോൾ മടുത്തു. ഒന്നു നിന്നു കളയാം എന്നു കരുതി. നിന്നു നോക്കി;

നിലയില്ലാ..താഴ്ന്നു പോകുന്നു…!

അതോടെ ഉണ്ടായിരുന്ന സർവധൈര്യവും നഷ്ടപ്പെട്ടു.

“ജോസേട്ടാ… നിലയില്ലാ.. വേഗം വായെ….” എന്നു നില വിളിച്ചു…

മുങ്ങും; കാൽ അങ്ങു അടിയിൽ തട്ടിൽ ചവിട്ടി പൊങ്ങി വരും; “ജോസേട്ടാ….” എന്നു ഉറക്കെ കരയും.

ഓരോ പ്രാവശ്യം പൊങ്ങുമ്പോഴും, ജോസേട്ടൻ കരയിലിരുന്നു ചിരിക്കുന്നത് കാണാം…!

അത്യാവശ്യം ഒഴുക്കുമുണ്ട്; ഞാൻ താഴേയ്‌ക്ക്‌ പോയ്കൊണ്ടിരിക്കുകയാണ്… മൂന്നു നാലു പ്രാവശ്യം ജോസേട്ടനെ വിളിച്ചു; ജോസേട്ടൻ വരാതെ ആയപ്പോൾ വിളി നിർത്തി.

ജീവിതം തീരുകയാണെന്ന് മനസ്സിലായി. ആവശ്യത്തിലധികം വെള്ളം കുടിച്ചു വല്ലാതെ തളർന്നു. അമ്മയെയും അപ്പനെയും അവസാനമായി മനസ്സിലോർത്തു. അടിത്തട്ടിൽ കാൽ അമർത്താതെ തന്നെ, അവസാന ശ്വാസത്തിനായി വെള്ളത്തിനു മീതെ പൊങ്ങി…

പെട്ടെന്ന്, പിന്നിൽ നിന്നു ആരോ മുടികുത്തിൽ പിടിക്കുന്നു…!

ജീവൻ പോകുന്നവന്റെ വെപ്രാളത്തിൽ, വട്ടം തിരിഞ്ഞു ആളെ കെട്ടി പിടിച്ചു…

ജോസേട്ടൻ…!

എന്റെ മരണ വെപ്രാളത്തിലുള്ള പിടിയിൽ, ജോസേട്ടനും ഞാനും വീണ്ടും ഒരുമിച്ചു മുങ്ങി;
എന്തോ ഭാഗ്യം… കാലിനടിയിൽ ചരലുകൾ തടഞ്ഞു; നില കിട്ടി…

കരഞ്ഞു കൊണ്ടു ജോസേട്ടനെ കെട്ടി പിടിച്ചു; പുഴയുടെ തൊട്ടരികിൽ കിടക്കുന്ന എനിക്കു നീന്തൽ അറിയില്ല എന്നു, ആ പാവം സ്വപ്നത്തിൽ പോലും കരുതിയില്ലാത്രേ…! എല്ലാം എന്റെ കളിയായിരുന്നു എന്നു പാവം കരുതി…

പുഴയ്ക്കക്കരെ പോയി, തലയും മേലും തുടച്ചു ജോസേട്ടൻ നീന്തി പോയി ലുങ്കി എടുത്ത് കൊണ്ടു വന്നു. അപ്പോഴേയ്ക്കും കടവിന് മുകുളിൽ അമ്മച്ചി വന്നു. കയ്യിൽ ഒരു കുഞ്ഞു വടിയും ഉണ്ട്; “കുറെ നേരമായല്ലോ, നീ ഇതെവിടായ..” എന്നു…

“ഇതാ…വരുവായ അമ്മേ…” എന്നു ഉറക്കെ വിളിച്ചു പറഞ്ഞു; വേറൊന്നും പറഞ്ഞില്ല. അമ്മ മടങ്ങി.

ലുങ്കിയുടുത്ത്, ഈറൻ തോർത്തമായി അങ്ങു താഴെയുള്ള മടമ്പം പാലം വഴി കയറി ഇക്കരെ വീട്ടിലെത്തി.

പിന്നീടറിഞ്ഞു, അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്ന അമ്മയ്ക്ക് എന്റെ നിലവിളി കേട്ട പോലെ തോന്നി, എന്നു…

ഓർമ്മകളിലെ മടമ്പം പുഴ, മനസ്സിൽ ഇപ്പോഴും ഒഴുകുകയാണ്…..

ജിം തോമസ് കണ്ടാരപ്പള്ളിൽ