ജിമ്മി മാത്യു
നടന്നെന്നോ നടന്നിട്ടില്ലെന്നോ നിങ്ങളോട് പറയാൻ പറ്റാത്ത ഒരു കഥ ഞാൻ പറയാം :
ഒരു വളരെ ആദരണീയൻ ആയ രാഷ്ട്രീയ നേതാവ് , അത്യാവശ്യം വയസ്സൊക്കെ ആയപ്പോൾ , ഹൃദയ പേശീ ബലക്കുറവ് ഉണ്ടെന്നും , അതിനാൽ പതിയെ അത് മൂർച്ഛിച്ച് മരിക്കും എന്നും മനസിലാക്കുന്നു . ഹൃദയം മാറ്റി വക്കൽ ശസ്ത്രക്രിയ ആണ് ഒരു പരിഹാരം . അത് എന്തായാലും വേണ്ട , മരിക്കാൻ തയാറാണ് എന്ന് അദ്ദേഹം പറയുന്നു . അങ്ങനെ സാധാരണ ചികിത്സ തുടരുന്നു .
പെട്ടന്ന് രോഗം മൂർച്ഛിക്കുന്നു . സ്വന്തം അഭിപ്രായം പറയാൻ പറ്റാത്ത വിധം ബോധം കുറയുന്നു . നാട്ടുകാർ ഇടപെടുന്നു. സർക്കാർ ഇടപെടുന്നു . അന്യസംസ്ഥാന പഞ്ചനക്ഷത്ര ആശുപത്രിയിൽ കൊണ്ട് പോകുന്നു . ആ സ്ഥിതിയിൽ അതീവ അപകട സാദ്ധ്യത ഉള്ള അവയവം മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തുന്നു . ആറു മാസം വെന്റിലേറ്ററിൽ കിടന്നു മരിക്കുന്നു . സർക്കാർ ചിലവഴിച്ചത് ആറു കോടി രൂപ.
സമാധാനമായി, രോഗത്തെ മനസിലാക്കി , അതിനെ ഉൾക്കൊണ്ട് , എല്ലാം അറിഞ്ഞ് , മര്യാദക്ക് വീട്ടിൽ കിടന്നു മരിക്കാൻ സർവാത്മനാ തയാർ ആയ ഒരു വലിയ മനുഷ്യന്റെ ദുര്യോഗം ആണ് ഇത് എന്ന് ഓർക്കണം.
ഇത് പോലുള്ള നാട്ടുകാരെ ബോധ്യപ്പെടുത്തൽ ചികിത്സ ആണ് ഇപ്പോഴത്തെ മോഡേണ് മെഡിസിന്റെ ഏറ്റവും വലിയ ശാപം.
എന്നാൽ ചികിത്സ ഉള്ള അസുഖങ്ങൾക്ക്, ചികിൽസിക്കാതെ ഇരിക്കുന്നത് അവനവനോട് ചെയ്യുന്ന ഒരു വലിയ അനീതി ആണ്. പ്രത്യേകിച്ച് തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച്, പൂർണ സുഖമാകാൻ സാധ്യത ഉള്ളപ്പോ. പ്രാർത്ഥന അന്ധ വിശ്വാസം, ആയുഷ് ഭക്തി എന്നിവ മൂലം ശരിയായ ചികിത്സ ചെയ്യാതിരിക്കുന്നത് കഷ്ടം തന്നെയാണ്.
പക്ഷെ…പക്ഷെ..
ഏത് അവസ്ഥയിലും, ചികിത്സ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സുബോധമുള്ള രോഗി മാത്രം ആണ്. എന്ത് കുന്തം ആയാലും, രോഗിയുടെ പൂർണ സമ്മതം ഇല്ലാതെ ചികിത്സ തൊള്ളയിൽ കുത്തിക്കേറ്റാൻ നാട്ടുകാർക്കോ, പൊതുജനത്തിനോ, മാധ്യമങ്ങൾക്കോ, സർക്കാരിനോ, എന്തിന് വീട്ടുകാർക്ക് പോലും യാതൊരു അവകാശവും ഇല്ല. നഹി ന്ന് പറഞ്ഞാ നഹി.
അസുഖം സുഖപ്പെടുത്താനോ, നന്നായി കുറയ്ക്കാനോ മോഡേണ് മെഡിസിന് പരിമിതികൾ ഉള്ള അവസ്ഥയിൽ ഇത് പ്രത്യേകം പറഞ്ഞേ പറ്റൂ. ഈ അവസരങ്ങളിൽ സാന്ത്വന ചികിത്സ ആണോ വേണ്ടത് എന്ന് ഡോക്ടർമാരും ചിന്തിക്കണം. അതിനുള്ള അവസരവും അത് തിരഞ്ഞെടുക്കാൻ ഉള്ള അവകാശവും രോഗിക്കുണ്ട്.
ഏത് മനുഷ്യനായാലും അന്ത്യസമയം വരുമ്പോ ആത്മാഭിമാനം നഷ്ടപ്പെടാതെ മരിക്കാൻ അവകാശം ഉണ്ട്. അത് തടസ്സപ്പെടുത്തുന്നത് കഷ്ടമാണ്.
