അനിൽ പെണ്ണുക്കര
തൃക്കാക്കര എന്ന യുഡിഎഫിനെ കുത്തകയായ ഒരു സ്ഥലത്ത്, മുൻപ് എവിടെയും യാതൊരുതരത്തിലും അടയാളപ്പെടുത്താത്ത ഒരു സ്ഥാനാർഥിയെ കൊണ്ടുവന്നു നിർത്തുമ്പോൾ തന്നെ എൽഡിഎഫ് ക്യാമ്പുകളിൽ പരാജയത്തിന്റെ ഒരു ഭീതി നിഴലിച്ചിരുന്നു. എന്തിന് ജോ ജോസഫ് തന്നെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് പലരും ചോദിച്ചപ്പോഴും , കൃത്യമായ ഉത്തരം നൽകാതെയാണ് ഇടതുപക്ഷം മാധ്യമങ്ങളിൽനിന്ന് തടിതപ്പിയത്. സ്ഥാനാർഥിത്വം വിജയത്തിലേക്കുള്ള ഒരു വലിയ ഘടകമാണ്, അങ്ങനെ നോക്കുമ്പോൾ ജോസഫ് ഒരിക്കലും തൃക്കാക്കരയ്ക്ക് ചേർന്ന് ഒരു നേതാവായിരുന്നില്ല. പിടി തോമസ് എന്ന, ജനപ്രിയനായ ഒരു നേതാവിനെ പകരം വയ്ക്കാൻ ഒരിക്കലും ജോസഫിനെക്കൊണ്ട് കഴിയുമായിരുന്നില്ല. ഇത് എന്തുകൊണ്ട് ഇടതുപക്ഷം കൃത്യമായി വീക്ഷിച്ചില്ല എന്നതാണ് വലിയ ചോദ്യമായി ഉയർന്നുകൊണ്ടിരിക്കുന്നത്.
പിടി തോമസ് എന്ന നേതാവിന് കൃത്യമായി മേൽക്കൈയുള്ള ഒരു സ്ഥലത്ത്, പ്രധാനപ്പെട്ട തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുമ്പോൾ എൽഡിഎഫ് കുറേക്കൂടി ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. കാരണം പിടി തോമസ് ജനങ്ങൾക്ക് അറിയുന്ന ഒരു വ്യക്തിയാണ്. വർഷങ്ങളായി തൃക്കാക്കരയിലെ ഓരോ വീടുകളിലും പിടി തോമസിനെ കുറിച്ച് ഒരു വാക്ക് എങ്കിലും സംസാരിക്കാതെ കടന്നുപോയിട്ടുണ്ടായിരിക്കില്ല, അങ്ങനെ ഒരു മണ്ഡലത്തിൽ ഒരു പുതുമുഖത്തെ കൊണ്ടുവന്ന് അയാളെ ജനകീയനാക്കി മാറ്റി എടുക്കുമ്പോഴേക്കും ഇലക്ഷൻ കൈവിട്ട പോകും. തൃക്കാക്കരയിൽ സംഭവിച്ചതും അതുതന്നെയാണ്. പിടി തോമസിന്റെ പ്രിയസഖി എന്ന നിലയിൽ ഉമാ തോമസ് തൃക്കാക്കരയിൽ അറിയപ്പെടുന്ന വ്യക്തിയാണ് അവർക്കെതിരെ ഒരു പുതുമുഖം ജയിച്ചു കയറുക എന്നുള്ളത് ഏറെ പ്രയാസപ്പെട്ട ജോലിയാണ്. എൽഡിഎഫ് എന്തിന് അത്തരത്തിൽ ഒരു സാഹചര്യത്തിന് മുതിർന്നു എന്നതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്.
തൃക്കാക്കരയിൽ ജോ ജോസഫ് ഒരു ശരിയായ തീരുമാനമായിരുന്നില്ല. എന്തെങ്കിലും ഒരു സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആയിരിക്കാം ഒരു പക്ഷേ സിപിഐഎം ഇത്തരത്തിലൊരു സ്ഥാനാർത്ഥി അവിടെ തീരുമാനിച്ചത്. എന്നാൽ ഫലത്തിൽ അത് നിരാശപ്പെടുത്തി എന്നുള്ളതാണ് സത്യം. പ്രചരണ സമയത്ത് പോലും കൃത്യമായി ഉമാ തോമസ് വലിയ രീതിയിൽ ചെയ്തിരുന്നു. തന്റെ പ്രിയപ്പെട്ട നേതാവിന്റെ മണ്ഡലം ഒരിക്കലും മറ്റൊരാൾക്കും വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ഉറച്ചു തന്നെയാണ് ഉമ തോമസ് നിന്നത്. ജീവിതത്തിൽ ഒരു വലിയ പ്രതിസന്ധി വരുമ്പോൾ പുറകോട്ട് മാറി നിൽക്കുന്ന വനിതകൾക്ക് ഉമ ഒരു വലിയ മാതൃകയാണ്.
സ്ഥാനാർഥിത്വം തെറ്റായിപ്പോയി എന്നതുപോലെതന്നെ സംസ്ഥാന സർക്കാർ വലിയ ആഘോഷത്തോടെ കൊണ്ടുവന്ന കെ റെയിൽ പദ്ധതിയും, ജോസഫിന്റെ തോൽവിക്ക് പ്രധാനകാരണമായി. കെ റെയിൽ കുറ്റിയടിക്കുന്ന സമയത്ത് അവനവന്റെ വാസസ്ഥലത്തു നിന്നും ഇറങ്ങേണ്ടി വരുമെന്ന് ഗതികേടിൽ ജനങ്ങൾക്കൊപ്പം നിന്ന് യുഡിഎഫ് ആയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കൊപ്പം നിന്നതും, സ്ത്രീകൾക്കു വേണ്ടി ശബ്ദിക്കാൻ ഒരു വലിയ മുന്നേറ്റം നടത്തിയതും, ഉമ്മയുടെ വിജയത്തിനും ജോ ജോസഫിന്റെ തോൽവിക്കും കാരണമായി. ആര് ജയിച്ചാലും ആരു തോറ്റാലും ജനങ്ങൾ എപ്പോഴും നന്നായിരിക്കണം. ജോസഫിന്റെ തോൽവി ആഘോഷിക്കാൻ അല്ല, ഉമ തോമസിന്റെ വിജയത്തിൽ സന്തോഷിക്കാൻ മാത്രമാണ് നമ്മൾ പഠിക്കേണ്ടത്. രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയുള്ള നിലനിൽപ്പിന്റെ മറ്റൊരു പേരാണ്. അതിൽ എപ്പോഴും മാറ്റങ്ങളുണ്ടായി കൊണ്ടേയിരിക്കണം.