“ജീവിതയാത്ര ധന്യമാക്കാൻ രാമായണപാരായണം” (ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ് )

sponsored advertisements

sponsored advertisements

sponsored advertisements

23 July 2022

“ജീവിതയാത്ര ധന്യമാക്കാൻ രാമായണപാരായണം” (ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ് )

ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ്

അജ്‌ഞാനത്തിലാണ്ടു കിടന്ന ഒരു ജീവന്‍, രാമ ജപത്തിലൂടെ ആത്മജ്‌ഞാനം നേടുകയാണ്‌. വേടന്‍ താപസശ്രേഷ്‌ഠനാകുകയും പിന്നീടൊരവസരത്തില്‍ മഹാകവിയാവുന്നതും, കാലത്തിന്റെ നിയോഗം. കവി പ്രകൃതിയെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു; ചുറ്റുമുളള സ്‌പന്ദനങ്ങളെ തൊട്ടറിയുന്നു. അത്യാവശ്യമെങ്കില്‍ തിന്‍മയ്‌ക്കെതിരെ ശബ്‌ദമുയര്‍ത്തുന്നു. അങ്ങനെയാണ്‌ അതാത്‌ കാലത്തിന്റെ ഭാവവും സാഹചര്യവും ആസ്‌പദമാക്കി നവോത്ഥാനങ്ങള്‍ രചിക്കപ്പെടുന്നത്‌.
അതൊരു കാപട്യമല്ല; അലങ്കാരവും. അതൊരിക്കലും മേനി നടിക്കാനുള്ള പ്രക്രിയയുമല്ല. അത്‌ അത്മാവിന്റെ അഗാധങ്ങളില്‍ നിന്നും ഉണരുന്ന
സര്‍ഗകല്‌പനയാണ്‌. അതിനാല്‍ തന്നെയാണ്‌, ഇണ ചേര്‍ന്നു നിന്ന ക്രൗഞ്ച പക്ഷികളില്‍ ഒന്നിനെ വേടന്‍ അമ്പെയ്‌തു വീഴ്‌ത്തിയപ്പോള്‍ കവി ഹൃദയം പിടഞ്ഞതും. അത്‌ പ്രകൃതിയുടെ തനി സ്വരമായിരുന്നു
“മാ നിഷാദ പ്രതിഷ്‌ഠാം
ത്വമഗമഃ ശാശ്വതീ സമാഃ
യല്‍ക്രൗഞ്ചമിഥുനാദേക
മവധീഃ കാമമോഹിതം.”
ബോധഹീനനായ ഒരു മനുഷ്യന്‍, ആത്മബോധം കൈവരിച്ചപ്പോള്‍ വിടര്‍ന്നത്‌ മഹാകാവ്യവും ഇതിഹാസവും വേദാന്തസാരവുമായിരുന്നു. രാമായണം ബോധ മനസിന്റെ കാവ്യം തന്നെ എക്കാലവും.

ഒറ്റ ശ്ലോകത്തിൽ രാമായണ കഥ പൂർണമായും പറയുന്നതാണ് ഏകശ്ലോകരാമായണം.

‘പൂർവം രാമ തപോവനാദി ഗമനം

ഹത്വാ മൃഗം കാഞ്ചനം

വൈദേഹീഹരണം ജടായുമരണം

സുഗ്രീവസംഭാഷണം ബാലീനിഗ്രഹണം

സമുദ്രതരണം ലങ്കാപുരിദാഹനം

പശ്ചാത് രാവണ കുംഭകർണ ഹനനം

ഏതദ്ധി രാമായണം.’

ഇതാണ് ഏകശ്ലോക രാമായണം. ഈ ശ്ലോകം ചില വ്യത്യാസങ്ങളോടു കൂടിയും കാണാറുണ്ട്.

വികാരം കൊണ്ടല്ല, വിവേകം കൊണ്ടും ധർമബോധം കൊണ്ടും പ്രതിസന്ധികളെ നേരിടുന്ന ശ്രീരാമചന്ദ്രൻ, ഏതു യുഗത്തിലെയും മനുഷ്യർക്ക് ജീവിതയാത്രയിലെ അക്ഷയദീപം തന്നെയാണ്, സാധാരണ മനുഷ്യർ ഇപ്പോഴും അനുഭവിക്കേണ്ടി വരുന്ന പ്രാതികൂലങ്ങളെല്ലാം അവയുടെ പ്രാഗ്രൂപത്തിൽ രാമൻ ആ ത്രേതായുഗത്തിൽ അഭുമുഖീകരിക്കുന്നുണ്ട്. ഒന്നിന് പു​റകെ ഒന്നായി ശ്രീരാമൻ അനുഭവിച്ച സംഘർഷങ്ങൾ ഭീകരങ്ങളായിരുന്നു. ഒരിക്കൽപോലും പക്ഷേ, ശ്രീരാമൻ പതറുകയോ ആശയക്കുഴപ്പത്തിൽ വീഴുകയോ വികാരവിക്ഷോഭങ്ങൾക്കടിമപ്പെട്ടു സ്വാർഥചിന്തയോടെ എന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.രാമായണനായകനെപ്പോലെ പരമാർഥബോധത്തോടെയും അക്ഷോഭ്യതയോടെയും സ്വാർഥമാലിന്യമില്ലാതെയും തീരുമാനങ്ങളെടുക്കാൻ സാധിച്ചാൽ ആരുടെയും ജീവിതം കർമശുദ്ധികൊണ്ടു കമനീയമാകും
സത്യസാധനയും ധർമനിഷ്ഠയും കൊണ്ട് ജീവിതയാത്ര ധന്യമാക്കാം എന്ന് രാമായണ ഹൃദയം മന്ത്രിക്കുന്നു.

ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ്