“മരുന്ന് വില കൈ പൊള്ളിക്കും”(ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ്)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 May 2022

“മരുന്ന് വില കൈ പൊള്ളിക്കും”(ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ്)

കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി വരുന്നതിന് പിന്നാലെയാണ് മരുന്നുകളുടെ വില വർധനയെന്ന ഭാരം കൂടി സാധാരണക്കാർ ചുമക്കേണ്ടി വരുന്നത്.ഒരു നേരം മരുന്ന് മുടങ്ങിയാൽ പോലും ബുദ്ധിമുട്ട് നേരിടുന്നവർക്ക് വില വർധനയോടെ സാമ്പത്തിക ബുദ്ധിമുട്ട് കൂടും.ജീവിത ശൈലീ രോഗങ്ങളുടെ മരുന്ന് മുടങ്ങിയാൽ അസുഖം ഗുരുതരമാവുമെന്ന പ്രശ്നവുമുണ്ട്.പെൻഷൻ തുക കൊണ്ടും തുച്ഛമായ വരുമാനത്തിൽ നിന്നും ജീവിക്കുന്ന പലരും വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് മരുന്നുകൾക്കായാണ്.ഒന്നിലധികം രോഗികളുള്ള വീട്ടിൽ മരുന്ന് വിലവർധന കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്നാണ് ആശങ്ക.

മരുന്നുവില വർദ്ധനവ്

ജീവൻരക്ഷാ മരുന്നുകൾക്കടക്കം നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുന്ന 871 ഓളം രാസമൂലകങ്ങൾ അടങ്ങിയ മരുന്നുകൾക്ക് 10. 7 ശതമാനം വിലവർദ്ധന നടപ്പാക്കിയാണ് സർക്കാർ ഇരുട്ടടി നൽകിയത്.സാധാരണ ഒന്ന് മുതൽ നാല് ശതമാനം വരെ മാത്രമാണ് വാർഷിക വർദ്ധന അനുവദിക്കുന്നത്. എൻ.പി.പി.എ പട്ടികയിൽ വരുന്ന 30,000 മുതൽ 40,000 വരെ ബ്രാന്റുകളിലുള്ള മരുന്നുകളാണ് വിപണിയിലുള്ളത്. പാരസെറ്റാമോൾ അടക്കമുള്ള വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും ഇതിൽ ഉൾപ്പെടും.പ്രമേഹം, കാൻസർ, ഹൃദ്രോഗം അടക്കമുള്ള രോഗികൾക്ക് ഇനിമുതൽ കൂടുതൽ തുക മരുന്നിനായി കണ്ടെത്തേണ്ടി വരും.ഔഷധവില 20 ശതമാനം വരെ ഉടൻ വദ്ധിപ്പിക്കണമെന്ന് കഴിഞ്ഞ നവംബറിൽ ആയിരത്തോളം കമ്പനികൾ കേന്ദ്രത്തോടാവശ്യപ്പട്ടിരുന്നു.വിലസംരക്ഷണ പട്ടികയിലെ മരുന്നുകളുടെ വില വർഷത്തിലൊരിക്കൽ പുനർനിർണയിക്കുമെങ്കിലും ഇത്രയും വലിയ വർദ്ധന ആദ്യമാണ്.അസിത്രോമൈസിൻ അടക്കമുള്ള ആന്റിബയോട്ടിക്‌ ഗുളികളുടെയും അണുബാധയ്ക്ക് നൽകുന്ന ഗുളികകൾക്കും വിളർച്ചയകറ്റാനുള്ള വൈറ്റമിൻ ഗുളികകൾക്കും വരെ വില വർദ്ധന പ്രാബല്യത്തിലായിക്കഴിഞ്ഞു.കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകുന്ന മരുന്നുകളും സ്റ്റിറോയ്ഡ് അടക്കമുള്ളവയും വില വർദ്ധിപ്പിച്ചവയുടെ പട്ടികയിലുണ്ട്.ഹൃദ്രോഗ മരുന്നിനും വിലകൂട്ടി. അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയർന്നതാണ് വില വർദ്ധിപ്പിക്കാൻ കാരണമെന്നാണ് കമ്പനികളുടെ ന്യായം.അവശ്യമരുന്നുകൾ വിപണയിൽ ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കരുതിയാണ് മരുന്നു കമ്പനികളുടെ ആവശ്യം അംഗീകരിക്കുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ മരുന്നു കമ്പനികൾ വിലവർധിപ്പിക്കാൻ നടത്തുന്ന ഇത്തരം വാദങ്ങൾ യാഥാർഥ്യമാണോ എന്നന്വേഷിക്കാൻ ഏതെങ്കിലും സമിതിയെ നിയോഗിച്ചതായി അറിവില്ല. മറിച്ച് കൊവിഡ് കാലത്ത് കമ്പനികൾ മരുന്നുകൾ പൂഴ്ത്തിവച്ച് വിപണിയിൽ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നതായ റിപ്പോർട്ടുകളും വന്നിരുന്നു.

മലയാളിയുടെ മരുന്നുപയോഗം

മലയാളിയുടെ മരുന്നുകൾക്കായുള്ള ശരാശരി വാർഷിക ചിലവ് 3800 രൂപയാണ്.വിലവർദ്ധന പ്രാബല്യത്തിലായതോടെ ഈ തുക 4207 രൂപയായി ഉയരും.വർഷങ്ങളായി പ്രമേഹ രോഗത്തിന് മരുന്ന് കഴിക്കുന്നവർക്ക് ഇൻസുലിന് മാത്രം ഒരു മാസം 4000 രൂപയാണ് ചെലവ്.മരുന്നിനെല്ലാം കൂടി 7000 രൂപയോളം വരും.രോഗത്തിന്റെ തീവ്രതയനുസരിച്ച് മാസം 12000 രൂപയോളം വേണ്ടിവരുന്നവർ ഉണ്ട്.10 ശതമാനം വിലവർധന എന്നത് ഭൂരിഭാഗത്തിനും താങ്ങാനാവുന്നതല്ല.വിലകുറഞ്ഞതും കൂടിയതുമായ ബ്രാൻഡഡ് മരുന്നുകളെക്കാൾ 60 ശതമാനം വരെ വിലക്കുറവിൽ ജനറിക് മരുന്നുകൾ വിപണിയിൽ ലഭ്യമാണെങ്കിലും സാധാരണക്കാരിൽ നല്ലൊരു വിഭാഗവും ഇതെക്കുറിച്ച് ഇപ്പോഴും അജ്ഞരാണ്.ജൻ ഔഷധി പോലെയുള്ള മെഡിക്കൽ സ്റ്റോറുകളിലാണ് വിലക്കുറവിൽ ജനറിക് മരുന്നുകൾ ലഭിക്കുന്നതെന്ന കാര്യം പാവങ്ങളെ അറിയിക്കാൻ ആവശ്യമായ പ്രചരണം നടത്തേണ്ട ഘട്ടമാണിത്.സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കാരുണ്യ ഫാര്‍മസികളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം.പല രോഗികൾക്കും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടതുണ്ട്.ഒരു നേരം മരുന്ന് മുടങ്ങിയാൽ പോലും ശാരീരിക അവശതകൾ നേരിടുന്നവരുമുണ്ട്.നിലവിലെ വിലവർദ്ധന ഇത്തരം കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയിളക്കും തീർച്ച.വില വര്‍ധന മരുന്നുകള്‍ക്ക് മാത്രമല്ല ഉണ്ടാകാന്‍ പോകുന്നത്. ബൈപാസ് സ്റ്റെന്റുകള്‍, കൃത്രിമ അസ്ഥി ഘടകങ്ങള്‍ എന്നിവയുടെ വിലയിലും മാറ്റമുണ്ടാകുന്നത് ആ രംഗത്തെ രോഗികള്‍ക്ക് വലിയ ഭാരമാണ് സമ്മാനിക്കാന്‍ പോകുന്നത്.ബൈപാസ് ശസ്ത്രക്രിയകള്‍ വലിയ ചെലവേറിയവയാണ്.സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം ബൈപാസ് സര്‍ജറികളുടെ ചെലവുകള്‍ താങ്ങുകയെന്നത് അത്ര എളുപ്പമല്ല.അതുകൊണ്ടുതന്നെ ഏറെപ്പേരും ബൈപാസ് ഒഴിവാക്കുകയാണ് ചെയ്യുന്നത്.സ്റ്റെന്റുകളുടെ വിലയും താങ്ങാവുന്നതിലേറെയാണ്.അതിനു പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ വിലക്കയറ്റവുമായി കമ്പനികള്‍ എത്തുന്നത്.

സർക്കാർ ഇടപെടൽ അത്യാവശ്യം

കോവിഡ് തരംഗവും ലോക്ഡൗണും മൂലമുള്ള ഉൽപാദന മാന്ദ്യത്തിൽ നട്ടെല്ലൊടിഞ്ഞു നിന്ന മേഖലയെ കൂടുതൽ തകർച്ചയിലേക്കാണ് അസംസ്കൃത വസ്തുക്കളുടെ ക്ഷാമം നയിക്കുന്നത്.രാജ്യത്തു മരുന്നു നിർമാണത്തിനാവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കളുടെ 60–70 % ഇറക്കുമതിയും ചൈനയിൽ നിന്നാണ്.ഇതിൽ 45–50% വരെ അവശ്യ, ജീവൻരക്ഷാ മരുന്നുകളുടെ ചേരുവകളാണ്.ചരക്കുകൂലി വർധനയും കണ്ടെയ്നറുകളുടെ ക്ഷാമവും സൃഷ്ടിച്ച പ്രതിസന്ധിക്കിടെയാണു ചൈന വിമാന സർവീസുകൾ നിർത്തിവച്ചത്.കേന്ദ്ര സർക്കാരിനെയും ചൈനീസ് എംബസിയെയും ഇടപെടുത്തി പ്രശ്നപരിഹാരം കാണാനുള്ള ശ്രമങ്ങളിലാണു മരുന്നു നിർമാതാക്കൾ.സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ
സര്‍ക്കാര്‍ ഗത്യന്തരമില്ലാതെയാണ് വില വര്‍ധിപ്പിക്കുന്നതിനുള്ള സമ്മതം നല്‍കിയതെങ്കില്‍ ആ കമ്പനികളോട് ഉള്ളതിനേക്കാള്‍ ഒരു ശതമാനമെങ്കിലും കൂടുതല്‍ ഉത്തരവാദിത്വം സര്‍ക്കാറിന് ജനങ്ങളോട് ഉണ്ട്. മരുന്നുകളുടെ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണം.

ആശ്വാസദായകം ഈ ഇടപെടൽ:
വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കും,മന്ത്രി

വിലക്കയറ്റം ഒരു മേഖലയിൽ മാത്രമല്ല.സമസ്ത മേഖലകളിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്.ആയതിനാൽ തന്നെ സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്തമാക്കാൻ എല്ലാ കളക്ടർമാർക്കും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർദ്ദേശം നൽകി.സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വ‍ദ്ധനവ് തടയുന്നതിന് കളക്ടർമാരുടെ നേതൃത്വത്തിൽ സിവിൽസപ്ലൈസിന്റേയും ലീഗൽ മെട്രോളജി വകുപ്പിന്റേയും സംയുക്ത സ്പെഷ്യൽ സ്ക്വാഡ് ഓരോ ജില്ലയിലേയും കടകൾ പരിശോധിക്കും.വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അവശ്യ സാധന വിലനിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ്.തീയേറ്ററുകളിൽ കുപ്പി വെള്ളത്തിനും ഭക്ഷണ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ക്വാഡ് ശക്തമാക്കുമെന്നും ഹോട്ടലുകൾ, തീയേറ്ററുകൾ എന്നിവ ഉൾപ്പെടെ പരിശോധിക്കുന്നതിനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി.വിലക്കയറ്റം ചർച്ചചെയ്യുന്നതിനെ സംബന്ധിച്ച് വിളിച്ചു ചേർത്ത ജില്ലാ കളക്ടർമാരുടേയും, സിവിൽസപ്ലൈസ് വകുപ്പിലേ ഉന്നത ഉദ്യോഗസ്ഥരുടേയും അവലോകന യോഗത്തിൽ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

(കുവൈറ്റിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽ കെ.ഒ.സി ഹോസ്പിറ്റലിൽ രെജിസ്‌റ്റേർഡ് നഴ്‌സായി ജോലി നോക്കുന്നു).

ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ്