മരുന്നുകളുടെ ഉപയോഗം ശ്രദ്ധയോടെ (ജോബി ബേബി, നഴ്സ്, കുവൈറ്റ്)

sponsored advertisements

sponsored advertisements

sponsored advertisements


18 February 2023

മരുന്നുകളുടെ ഉപയോഗം ശ്രദ്ധയോടെ (ജോബി ബേബി, നഴ്സ്, കുവൈറ്റ്)

ജോബി ബേബി, നഴ്സ്, കുവൈറ്റ്

മനുഷ്യശരീരത്തെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും ഇന്ന്,ആധുനിക വൈദ്യശാസ്ത്രത്തിൽ ഫലപ്രദമായ പലമരുന്നുകളും ലഭ്യമാണ്.നിരന്തരമായ പല പഠനങ്ങളിലൂടെയും മനുഷ്യശരീരത്തിൽ മരുന്നിന്റെ പ്രവർത്തനം,അതിന്റെ സുരക്ഷിതമായ ഡോസേജ്,അത് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന സമയം,ശരീരത്തിൽ ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ എന്നിവ മോഡേൺ മെഡിസിനിൽ കൃത്യമായി തിട്ടപ്പെടുത്തിയിട്ടുണ്ട്.അതുകൊണ്ട് തന്നെ മനുഷ്യശരീരത്തെക്കുറിച്ചും അതിൽ ഈ മരുന്നുകളുടെ പ്രവർത്തനത്തെക്കുറിച്ചും വിശദമായി പഠിച്ച ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഈ മരുന്നുകൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

രോഗത്തെക്കുറിച്ച് മനസ്സിലാക്കാതെ സ്വന്തം ഇഷ്ടപ്രകാരം ആന്റീബയോട്ടിക്കുകൾ,സ്റ്റീറോയിഡുകൾ എന്നിവ ഉപയോഗിക്കുമ്പോൾ പലപ്പോഴും മരുന്നുകൾ ഉദ്ദേശിച്ച ഫലങ്ങൾ നൽകുകയില്ല എന്നുമാത്രമല്ല,ചിലപ്പോൾ ശരീരത്തിന് ദോഷകരമായി ഭവിക്കുകയും ചെയ്യും.ഇക്കാരണത്താൽ തന്നെ ഇത്തരം മരുന്നുകൾ വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

മനുഷ്യശരീരത്തിൽ സാധാരണഗതിയിൽ സ്റ്റീറോയിഡുകളും അതിന്റെ ഉപതന്മാത്രകളും ചില ഹോർമോണുകളായും കോശങ്ങളുടെ അവിഭാജ്യഘടകമായും പ്രവർത്തിക്കുന്നു.ഗുളികകൾക്കു പുറമേ ശ്വാസംമുട്ടലിനും മറ്റും ഉപയോഗിക്കുന്ന ഇൻഹെയിലേഷൻസ് ആയും,സ്റ്റീറോയിഡുകൾ ഉപയോഗിക്കുന്നു.ഇതുപോലെ ത്വക്കിൽ ഉപയോഗിക്കുന്ന ക്രീമുകളായും തുള്ളിമരുന്നുകളായും ഇവ ഉപയോഗിക്കുന്നുണ്ട്.വാതസംബദ്ധമായ രോഗങ്ങൾ,ഗുരുതരമായ ശ്വാസംമുട്ട് ,അലർജി എന്നിവയ്ക്കും അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷവും സ്റ്റീറോയിഡ് ചികിത്സ ആവശ്യമാണ്.

ഡോക്ടറുടെ മേൽനോട്ടത്തിലല്ലാതെ ഏതു രോഗാവസ്ഥയ്ക്കും ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതര ഫലങ്ങൾ ഉണ്ടാക്കിയേക്കും.ഡയബറ്റിസ്,ഓസ്റ്റിയോപോറോസിസ് എന്നീ രോഗങ്ങൾക്ക് പുറമേ,കണ്ണുകളിൽ ബാധിക്കുന്ന അസുഖങ്ങളായ തിമിരം,ഗ്ലോക്കോമ എന്നീ രോഗങ്ങൾക്കും സ്റ്റീറോയിഡ് ദുരുപയോഗത്തിലൂടെ ഉണ്ടായേക്കാം.ചെറിയ ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് പോലും കേട്ടറിവ് വെച്ച് ആവശ്യാനുസരണം മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി സ്വയം ചികിത്സ നടത്തുമ്പോൾ തൽക്കാലം ചിലപ്പോൾ രോഗലക്ഷണങ്ങൾ ശമിക്കുന്നതായി തോന്നിയാലും പല ഗുരുതരമായ രോഗങ്ങളേയും നമ്മൾ ക്ഷണിച്ചുവരുത്തുകയാണ് എന്നതാണ് വസ്തുത.ഇതു പോലെ തന്നെ പല രോഗങ്ങൾക്കും ഡോക്ടർ കൽപ്പിക്കുന്ന മരുന്നുകൾ അവയുടെ പാർശ്വഫലങ്ങളെ പേടിച്ച് ഡോസ് കുറച്ചു ഉപയോഗിക്കുകയോ തീർത്തും ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതും കാണാറുണ്ട്.ഇതും ശരീരത്തിന് ദോഷഫലങ്ങൾ മാത്രമേ ഉണ്ടാക്കൂ.

ജോബി ബേബി, നഴ്സ്, കുവൈറ്റ്