വനിതാദിന രചനകൾ
ജോബി ബേബി,നഴ്‌സ്,കുവൈറ്റ്
(എല്ലാവർഷവും മാർച്ച് എട്ടിനാണ് വനിതാ ദിനമെന്നും,സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് വനിതാ ദിനം ആചരിക്കുന്നതെന്നും നമ്മൾക്കറിയാം.ഈ വനിതാദിനത്തിൽ പ്രവാസലോകത്തെ വനിതകളുടെ ജീവിതത്തിലൂടെ ഒരു യാത്ര)
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം.മറ്റൊരു ദേശം.അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു.പ്രവാസി,പ്രവാസം പലരും പലപ്പോഴായി പറഞ്ഞിട്ടുള്ള അല്ലെങ്കിൽ ചർച്ച ചെയ്തിട്ടുള്ള വിഷയമാണ്.എന്നാൽ അധികമാരും പറയപ്പെടാതെ പോയ ഒരു വിഭാഗം കൂടെയുണ്ട് പ്രവാസവുമായി ബന്ധപ്പെട്ട് …മാതൃത്വം നഷ്ടമാകുന്ന പ്രവാസികളായ അമ്മമാർ അനുഭവിക്കുന്ന വിഷമങ്ങളെപ്പറ്റി…മാതൃത്വം അനുഗ്രഹമാണ്.ഒരു സ്ത്രീ അമ്മയാവുക എന്നത് അത്രമേല്‍ ദൈവികമായ ഒന്നും.സ്വന്തം കുഞ്ഞുങ്ങളെ ജന്മനാട്ടിലുപേക്ഷിച്ചു ജീവനോപാധികൾക്കും മറ്റും വിദേശനാടുകളിലേക്ക് വരുന്ന പ്രവാസികളായ അമ്മമാരുടെ എണ്ണം ഇന്ന് ദിനംപ്രതി വർദ്ധിച്ചു വരികയാണ്.അത്തരത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിച്ച് ഓരോ ദിവസവും തള്ളി നീക്കി താൻ ജന്മം നൽകിയ മക്കളെ ഒരു നോക്ക് നേരിൽ കാണാൻ കൊതിയോടെ കാത്തിരിക്കുന്ന എന്നാൽ പലപ്പോഴും അതിന് സാധിക്കാത്ത അമ്മമാരുടെ ആരും മനസ്സിലാകാതെ പോകുന്ന വിഷമങ്ങൾ ഇവിടെ കുറിക്കുകയാണ്.(ഇതിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തികളുടെ പേരുകൾ യാഥാർത്ഥമല്ല).
ജനിച്ചു വീണ തന്റെ കുഞ്ഞിനൊപ്പം രണ്ട് മാസത്തോളം താമസിച്ചശേഷം തന്റെ പറക്കമുറ്റാത്ത കുഞ്ഞിനെ ഭർത്താവിന്റെയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും കൈയിൽ നൽകിയശേഷം പുതുതായി തനിക്ക് ലഭിച്ച ആശുപത്രി ജോലിക്കായി ഒരു വർഷം മുൻപ് പ്രവാസഭൂമിയിലേക്ക് കടന്ന് വന്ന നഴ്‌സാണ് സുജ.ആദ്യമൊക്കെ ഹോസ്റ്റൽ ജീവിതത്തോട് പൊരുത്തപ്പെടാൻ വളരെ പ്രയാസമായിരുന്നു.പിന്നീട് അത് ശീലമായി.ജോലി കഴിഞ്ഞു വന്ന ആദ്യകാലങ്ങളിലൊക്കെ ഉറക്കം ശരിയായി വരുന്നില്ല. ഉറങ്ങാൻ കിടക്കുമ്പോൾ ഒക്കെ കുഞ്ഞിന്റെ കളി ചിരികൾ തെളിഞ്ഞു വരും.പിന്നീട് ഉറങ്ങാൻ സാധിക്കുമായിരുന്നില്ല.പ്രസവശേഷം ഉടനടിയിൽ ജോലിയിൽ പ്രവേശിച്ചതിനാൽ ശാരീരികമായി ധാരാളം ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്നു.ഭർത്താവിനും വീട്ടുകാർക്കൊപ്പമാണ് കുഞ്ഞെങ്കിലും മാതൃത്വത്തിന്റെ വേദന സുജയെ വല്ലതെ അലട്ടിക്കൊണ്ടിരുന്നു.ഇപ്പോൾ കുഞ്ഞിന് ഒരു വയസോളം ആകാറായിരിക്കുന്നു.അവളുടെ കുഞ്ഞിന്റെ അതേ പ്രായത്തിലുള്ള മറ്റ് പല കുട്ടികളേയും ആസ്പത്രിയിലേക്ക് ഡോക്ടറെ കാണിക്കാൻ കൊണ്ടുവരുമ്പോൾ തന്റെ മകൾക്കും അതേ പ്രായമാണെന് അവൾ ഓർത്തു പോകാറുണ്ട്.ഒരു വർഷം കഴിഞ്ഞു മാത്രമേ ഇനി ആദ്യ അവധിയ്ക്ക് നാട്ടിലേക്ക് പോകാൻ കഴിയൂ.ഓരോ ദിനങ്ങളും കലണ്ടറിൽ എണ്ണി കാത്തുകഴിയുകയാണ് സുജ.സുജയെപ്പോലെ നിരവധി അമ്മമാരാണ് പ്രവാസത്തിൽ കാണാൻ സാധിക്കുന്നത്.
പ്രവാസികളായ നഴ്‌സായി ജോലി നോക്കുന്ന സോണിയയുടേയും കമ്പനി ജീവനക്കാരനായ സോജന്റേയും കഥ വ്യത്യസ്തമാണ്.രണ്ട് പേരും ഒരു മിച്ചാണ് താമസം.രണ്ട് കുട്ടികൾ .എന്നാൽ കുട്ടികൾ രണ്ട് പേരും നാട്ടിലാണ്.രണ്ട് പേർക്കും വേണ്ടതായ സാലറി ഇല്ലാത്തതിനാൽ മക്കളെ നാട്ടിൽ നിർത്തിയിരിക്കുകയാണ്.ആൺകുട്ടി ഭർത്താവിന്റെ വീട്ടിലും പെൺകുട്ടി മാതാവിന്റെ വീട്ടിലും.രണ്ട് പേരും വിദ്യാർത്ഥികളാണ്.മക്കളുടെ വളർച്ച നേരിൽ കാണാൻ സാധിക്കാത്തതിന്റെയും ഓരോ പ്രായത്തിലും മക്കൾക്ക് നൽകേണ്ട വാത്സല്യവും സംരക്ഷണവും നൽകാൻ സാധിക്കാത്തതിന്റെയും പ്രയാസം രണ്ട് പേരുടെയും വാക്കുകളിലൂടെ മനസിലാക്കാം.മകൻ ലേശം ശുണ്ഠിക്കാരനാണ് പലപ്പോഴും സോജന്റെ മാതാപിതാക്കൾ പറയുന്നത് കേൾക്കാറില്ല.ഫോൺ വിളിക്കുമ്പോൾ വളരെ നല്ല കുട്ടിയായി സംസാരിക്കുമെങ്കിലും പലപ്പോഴും ദേഷ്യ സ്വഭാവo പ്രകടിപ്പിക്കാറുണ്ട്.പലപ്പോഴും ജോലി ഉപേക്ഷിച്ചു നാട്ടിൽ പോയി മക്കളോടൊപ്പം താമസിക്കാൻ ആഗ്രഹമുണ്ടെങ്കിലും സാഹചര്യം അതിന് അനുവദിക്കാറില്ലെന്ന് രണ്ട് പേരും പറയുന്നു.
പെൺ കുട്ടികളുടെ ഏറ്റവും വലിയ സുഹൃത്ത് അവരുടെ അമ്മമാരായിരിക്കും.അവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒരു പക്ഷേ അവർ അമ്മമാരുമായി ആയിരിക്കും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത്.സ്വത്തം പെണ്മക്കൾ രണ്ട് പേരും നാട്ടിൽ തന്റെ മാതാപിതാക്കളോടൊത്തു വളരുന്നതിന്റെ ആകുലതകളുമായി ജീവിക്കുകയാണ് നഴ്‌സായ സോഫി.സോഫിയുടെ ഭർത്താവ് നേരത്തെ ഒരു വാഹനാപകടത്തിൽ മരിച്ചു പോയി.കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം,ജീവിതസഹചര്യങ്ങൾ തുടങ്ങിയവ സോഫിയയെ പ്രവാസജീവിതത്തിലേക്ക് നയിച്ചു.വളർന്ന് വരുന്ന രണ്ട് പെൺകുട്ടികളുടെ ആശങ്ക എന്നും സോഫിയയെ അലട്ടിക്കൊണ്ടിരിക്കുന്നു.ഒരു നേരമെങ്കിലും കിട്ടിയാൽ കുഞ്ഞുങ്ങളോടൊപ്പം സംസാരിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്.സോഫിയയെപ്പോലെ സ്വന്തം പെൺകുഞ്ഞുങ്ങളെ നാട്ടിലാക്കി പ്രവാസജോലികളിൽ മുഴുകി ജീവിക്കുന്ന അനേകം മാതാക്കൾ നമുക്ക് ചുറ്റിലും കാണാൻ സാധിക്കും.
ഭർത്താവിന്റേയും വീട്ടുകാരുടേയും നിർബന്ധത്തിനു വഴങ്ങി സ്വന്തം കുഞ്ഞിനെ നാട്ടിൽ വിട്ടിട്ട് പ്രവാസ ജീവിതത്തിലേക്ക് കടന്ന് വന്നതാണ് രേഖ.അവൾ കഷ്ടപ്പെട്ട് അധ്വാനിക്കുന്ന പണം നാട്ടിലേക്ക് ചെല്ലുന്നതും കാത്തു ഇരിക്കുന്ന കുടുംബം.എന്നാൽ അവൾക്ക് താൻ നൊന്ത് പ്രസവിച്ച മകനെക്കുറിച്ചുള്ള ആധികൾ.അവന്റെ കളിചിരികൾ,സ്നേഹം,സ്കൂളിൽ പോകുന്നതിന്റെ വിശേഷങ്ങൾ തുടങ്ങിയവ നിരവധികാര്യങ്ങൾ രേഖയെ അലട്ടിക്കൊണ്ടിരിക്കുന്നു.രേഖയെപ്പോലെ നിരവധി സ്ത്രീകൾ നമുക്ക് ചുറ്റിലും ഈ പ്രവാസഭൂമിയിൽ കാണാൻ സാധിക്കും.പ്രവാസികളായ മാതാക്കളുടെ പണം മാത്രം വരുന്നതിനായി കാത്തിരിക്കുന്ന വീട്ടുകാർ.ആവശ്യപ്പെടുമ്പോൾ പണം മാത്രം അയച്ചുകൊടുക്കുന്ന ഒരു ഉപാധിയായി രേഖയെപ്പോലെ ജീവൻ ഹോമിക്കുന്ന അനേകം പേരെ കാണാം.സ്വന്തം മക്കൾക്ക് വീട്ടുകാർ ആ പണം നൽകും അവരുടെ കാര്യങ്ങൾക്കായി ചിലവാക്കും എന്ന് കരുതി ജീവിക്കുന്നവർ നിരവധിയാണ്.
കല്യാണം കഴിഞ്ഞു ഒരു മാസം കൂടെ താമസിച്ചു ഭർത്താവിന് വേറൊരു രാജ്യത്താണ് ജോലി.രണ്ട് പേരും രണ്ട് രാജ്യങ്ങളിൽ.ഫോൺ വിളികളും ചാറ്റിങ്ങുമായി അത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന വ്യക്തികളിൽ ഒരാളാണ് നഴ്‌സായ പ്രിയ.ഇനി രണ്ട് വർഷം വേണം അടുത്ത അവധിയ്ക്ക്.ഇത്തരത്തിൽ പരസ്പരം ജോലി കാര്യങ്ങളാൽ വേർപിരിഞ്ഞു ജീവിക്കുന്ന അനേകം പേർ നമ്മുക്കിടയിൽ കാണാം.
ഇതു വരെ സ്വരുക്കൂട്ടിയ സമ്പാദ്യം എല്ലാം എടുത്താണ് നഴ്‌സായി ജോലി നോക്കുന്ന ജെനി,മോനെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന് ചേർത്തത്.എഞ്ചിനീയറായി വന്ന് നല്ലൊരു ജോലിക്ക് കയറിയാൽ ജീവിതം ഭദ്രമാവുമെന്ന് സ്വപ്നം കണ്ടു.മൂന്നാം വർഷത്തിന് പഠിക്കുന്ന അവനിനി പഠിക്കേണ്ട.മടുത്തു ഇനി പഠിക്കാൻ വയ്യെന്നാണത്രേ അവൻ പറയുന്നത്.ഫോണിലൂടെ ഒരുപാട് സമയം പലപ്പോഴും വഴക്കടിച്ചു.അവനെന്താ എന്നെ മനസ്സിലാവാത്തതെന്ന് പറഞ്ഞ് അവൾ പറഞ്ഞു കൊണ്ടേയിരുന്നു. ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും ചിലവാക്കിയിട്ട് ഇപ്പോൾ ആർക്കും ഉപകാരമില്ലാത്ത വിധത്തിൽ ഞാൻ സമ്പാദിച്ചതൊക്കെ പോയില്ലേ?എന്റെ യൗവ്വനം, എന്റെ ജീവിതം, എന്റെ മക്കളുമൊത്തുള്ള ജീവിതം എല്ലാം കളഞ്ഞ് ഇവിടെ ഒറ്റക്ക് നിന്നത്,വേദനകൾ സഹിച്ചത് ഒക്കെ ഈ മക്കൾക്ക് വേണ്ടിയല്ലെ.. എന്നിട്ടിപ്പോൾ! അത് പറയുമ്പോൾ അവളുടെ കണ്ഠം ഇടറി.
മുകളിൽ സൂചിപ്പിച്ചതുപോലെ പ്രവാസികളായ സ്ത്രീകളും,മാതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങൾ എഴുതാൻ തുടങ്ങിയാൽ നിരവധി കണ്ടെത്താൻ കഴിയും.ഇതെല്ലാം ഒരു വ്യക്തിക്ക് മാത്രമല്ല സമാനമായ അനേകം പേർ ഇത്തരം പ്രയാസങ്ങളിലൂടെ കടന്ന് പോകുന്നു.അമ്മമാരുടെ വേദന എല്ലാ നാട്ടിലും ഒന്നു തന്നെയാണ്. മാതൃത്വം ത്യാഗം മാത്രമല്ല! ചില സമയങ്ങളിൽ കരളു പകുത്തെടുക്കുന്ന വേദന കൂടിയാണ്.ഇത്തരത്തിൽ ജീവിതം നയിക്കുന്ന സ്ത്രീകളും ഉൾപ്പെടുന്നതാണ് ഈ വനിതാദിനം.
