ചാരിതാര്‍ത്ഥ്യത്തോടെ ജോണ്‍ സി വര്‍ഗീസ് ഫോമാ അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍ പദത്തിന്‍നിന്ന് വിരമിക്കുന്നു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

29 August 2022

ചാരിതാര്‍ത്ഥ്യത്തോടെ ജോണ്‍ സി വര്‍ഗീസ് ഫോമാ അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍ പദത്തിന്‍നിന്ന് വിരമിക്കുന്നു

എ.എസ് ശ്രീകുമാര്‍

ന്യൂയോര്‍ക്ക്: സുതാര്യവും നിസ്വാര്‍ത്ഥവുമായ സംഘടനാ പ്രവര്‍ത്തനം കൊണ്ട് അമേരിക്കന്‍ മലയാളി മനസ്സില്‍ ഇടം നേടിയ ന്യൂയോര്‍ക്കിലെ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകന്‍ ജോണ്‍ സി വര്‍ഗീസ് എന്ന സലീം ഫോമാ അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അഭിമാനത്തോടെ വിരമിക്കുകയാണ്.

ഫോമായുടെ നേതൃത്വത്തിനൊപ്പം നിന്നുകൊണ്ട് ആവശ്യാനുസരണം അവര്‍ക്ക് ഉപദേശം നല്‍കുക എന്നുള്ളതായിരുന്നു അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ തന്‍റെ കര്‍ത്തവ്യം എന്നും അത് ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്നും ജോണ്‍ സി വര്‍ഗീസ് പറഞ്ഞു. ഫോമായ്ക്കെതിരെ ചില കോണുകളില്‍ നിന്ന് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അഡ്വൈസറി കൗണ്‍സിലിനൊപ്പം ജുഡീഷ്യറി കൗണ്‍സിലും കംപ്ലെയിന്‍റ്സ് കൗണ്‍സിലും കൈകോര്‍ത്ത് ഫോമാ നേതൃത്വത്തിന് നിര്‍ദ്ദേശങ്ങളും മാനസികമായ പിന്തുണയും നല്‍കുവാന്‍ സാധിച്ചു. അതിലൂടെ ഫോമായ്ക്ക് ശക്തമായി മുന്നോട്ട് പോകാന്‍ സാധിച്ചു.

പ്രതിസന്ധി ഘട്ടങ്ങളില്‍ അഡ്വൈസറി കൗണ്‍സില്‍ നല്‍കുന്ന ഉപദേശ നിര്‍ദ്ദേശങ്ങള്‍ ശിരസ്സാ വഹിച്ചുകൊണ്ടാണ് ഫോമായുടെ നേതൃത്വം മുന്നോട്ടു പോയിട്ടുള്ളത്. മൂന്ന് കൗണ്‍സിലുകള്‍ രൂപീകരിക്കുക വഴി അധികാര വികേന്ദ്രീകരണം എന്ന ജനാധിപത്യ സംവിധാനത്തിലൂടെയാണ് ഫോമാ മുന്നോട്ടു പോകുന്നത്. മറ്റ് സംഘടനകള്‍ക്ക് ഇല്ലാത്ത ഒരു പുതിയ രീതിയാണ് ഫോമാ അവലംബിച്ചിരിക്കുന്നത്.

ഏതാനും മാസം മുമ്പ് സമഗ്രമായ ഒരു ഭരണഘടനാ ഭേദഗതി ഫോമാ നടപ്പാക്കുകയുണ്ടായി. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന ഭരണഘടനാ ഭേദഗതി സംബന്ധിച്ച സുദീര്‍ഘമായ ചര്‍ച്ചകളില്‍ അഡ്വൈസറി കൗണ്‍സിലിന്‍റെ ക്രിയാത്മക നിര്‍ദ്ദേശങ്ങളും സ്വീകരിക്കപ്പെട്ടു എന്ന് ജോണ്‍ സി വര്‍ഗീസ് വ്യക്തമാക്കി.

കോവിഡ്, പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തിയപ്പോള്‍ ആ പ്രവര്‍ത്തനങ്ങളിലെല്ലാം അഡ്വൈസറി കൗണ്‍സിലും ഒപ്പമുണ്ടായിരുന്നു. വെന്‍റിലേറ്ററുകള്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് കേരളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കിയത്. അഡ്വൈസറി കൗണ്‍സിലിന്‍റെ വിവിധ മീറ്റിങ്ങുകളിലൂടെ ചെയര്‍മാനൊപ്പം ഫോമാ നേതൃത്വത്തിന് യഥാസമയം നിര്‍ദേശങ്ങളും പിന്തുണയും നല്‍കി സംഘടനയുടെ കറയറ്റ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് വൈസ് ചെയര്‍മാനായ പീറ്റര്‍ കുളങ്ങരയും സെക്രട്ടറി വര്‍ഗീസ് കെ ജോസഫും പറഞ്ഞു.

ഫോമയെ ഒരു ബൃഹത്തായ ജനാധിപത്യ സംഘടനയാക്കി വളര്‍ത്തിയതില്‍ ജോണ്‍ സി വര്‍ഗീസ് നിസ്തുലമായ പങ്കാണ് വഹിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മാതൃകയാണ്. ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയിലെ രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കുമായി സലീം സാന്ത്വനം ഹെല്‍ത്ത് കെയര്‍ സെന്‍ററിലൂടെ 20 വര്‍ഷത്തിലേറെക്കാലം സൗജന്യ ഉച്ചഭക്ഷണം നല്‍കി. ഫോമയുടെ സെക്രട്ടറി (2008-10) സ്ഥാനത്തിരിക്കെ 2010ലെ ലാസ്വേഗാസ് കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചു.

എച്ച്.ഡി.എഫ്.സി ബാങ്കില്‍ ലയിച്ച ലോഡ് കൃഷ്ണ ബാങ്കില്‍ പത്തു വര്‍ഷക്കാലം ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ സി വര്‍ഗീസ് 1987ലാണ് അമേരിക്കയിലെത്തുന്നത്. അധികം താമസിയാതെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ ചേര്‍ന്നു. ഈ സംഘടനയുടെ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ് പദവികള്‍ വഹിച്ചു. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറും വിവിധ കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്ററുമായി തിളങ്ങി.

പിന്നീട് ഫോമാ പിറന്നപ്പോള്‍ സംഘടനയുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനായി. 2008 മുതല്‍ 2010 വരെ നാഷണല്‍ സെക്രട്ടറിയായി. പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്‍റ്, ചെങ്ങന്നൂര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ കരുത്തുകാട്ടി. ന്യൂയോര്‍ക്കിന്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാളപത്രികയുടെ സാരഥിയായിരുന്നു. ഭാര്യ ഗ്രേസി വര്‍ഗീസ്.

Salim
PETER KULANGRA
VARGHESE JOSEPH