BREAKING NEWS

Chicago
CHICAGO, US
4°C

കര്‍മ്മശേഷിയുടെ കരുണാവരം: ജോണ്‍ ടൈറ്റസ് (വഴിത്താരകൾ )

sponsored advertisements

sponsored advertisements

sponsored advertisements

10 August 2022

കര്‍മ്മശേഷിയുടെ കരുണാവരം: ജോണ്‍ ടൈറ്റസ് (വഴിത്താരകൾ )

അനിൽ പെണ്ണുക്കര
വിജയം എന്നത് നിങ്ങള്‍ എത്ര ഉയരത്തില്‍ കയറി എന്നതല്ല, മറിച്ച് നിങ്ങള്‍ എങ്ങനെ ലോകത്തിന് ഒരു നല്ല മാറ്റമുണ്ടാക്കുന്നു എന്നതാണ്
ഒരു ചിത്രശലഭത്തിന്‍റെ ഭംഗിയില്‍ നമ്മള്‍ സന്തോഷിക്കുമ്പോള്‍ ആ സൗന്ദര്യം കൈവരിക്കുന്നതിന് അത് വരുത്തിയ മാറ്റങ്ങള്‍ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അതുപോലെ തന്നെയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിത വഴികള്‍. നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നതിന് പകരം നമുക്ക് സൃഷ്ടിക്കാന്‍ കഴിയുന്നതിലേക്ക് നമ്മുടെ ഊര്‍ജ്ജത്തെ മാറ്റുകയും അവിടെ വലിയ വിജയങ്ങള്‍ കൊയ്യാന്‍ സാധിക്കുകയും ചെയ്യുക എന്നത് കര്‍മ്മവിജയമാണ്. അങ്ങനെ സ്വജീവിത വിജയവും, അത് സമൂഹത്തിന് ഹൃദയോത്സാഹത്തോടെ സമ്മാനിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ്വ വ്യക്തിത്വമുണ്ട് അമേരിക്കയില്‍. സ്വയം വെട്ടിത്തെളിച്ച പാതയില്‍ വിജയക്കൊടി നാട്ടിയ ഒരു വലിയ മനുഷ്യ സ്നേഹി. ജോണ്‍ ടൈറ്റസ്.
ലോകം അറിയപ്പെടുന്ന വ്യോമയാന വാണിജ്യ വ്യവസായി. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ മുന്‍ പ്രസിഡന്‍റ്.
വളര്‍ന്നു വരുന്ന ഓരോ തലമുറയ്ക്കും മാതൃകയാകുന്ന ഒരാള്‍. ഏത് പ്രതിസന്ധിയിലും വിജയത്തിന്‍റെ തുഴ എങ്ങനെ സ്വന്തമാക്കാം എന്ന് സ്വന്തം പ്രവര്‍ത്തനത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത ഒരാള്‍. ബിസിനസ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം, ജീവിതം എന്നിവിടങ്ങളില്‍ വിജയത്തിന്‍റെ കഥമാത്രം സ്വന്തമാക്കിയ ജോണ്‍ ടൈറ്റസിന്‍റെ ജീവിത വഴികളിലൂടെ ഒരു യാത്ര.
പത്തനംതിട്ട, കുമ്പനാട് പുരാതന കുടുംബമായ പുരയ്ക്കല്‍ കെ. ജെ. ടൈറ്റസിന്‍റെയും, മറിയാമ്മ ടൈറ്റസിന്‍റെയും മകനായ ജോണ്‍ ടൈറ്റസ് പ്രാഥമിക വിദ്യാഭ്യാസം നേടിയത് കുമ്പനാട് നോയല്‍ മെമ്മോറിയല്‍ സ്കൂളില്‍ നിന്നായിരുന്നു. തിരുവല്ല മാര്‍ത്തോമ കോളജില്‍ നിന്ന് പ്രീഡിഗ്രി (സയന്‍സ്), കോഴഞ്ചേരി സെന്‍റ് തോമസ് കോളജില്‍ ബി.എ. ഇക്കണോമിക്സിനും ചേര്‍ന്നു. കസിനായ ഒരാള്‍ ധനതത്വശാസ്ത്രത്തില്‍ പി.എച്ച്.ഡി എടുത്തതായിരുന്നു സയന്‍സ് ഗ്രൂപ്പില്‍ നിന്നും വിജയിച്ച ജോണ്‍ ടൈറ്റസിന് ബി.എ ധനതത്വശാസ്ത്രത്തിന് ചേരുവാന്‍ പ്രചോദനമായത്. 1971 ല്‍ ഡിഗ്രി പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ലക്ഷ്യം അദ്ദേഹം മനസ്സില്‍ കുറിച്ചു കഴിഞ്ഞിരുന്നു.’ഇപ്പോള്‍ ജീവിതത്തില്‍ അനുഭവിക്കുന്നതിനെക്കാള്‍ എത്രയോ കാര്യങ്ങള്‍ നാം ചെയ്യേണ്ടുണ്ട്. അതിലുപരി നാം ആരാണ് എന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്.’

അമേരിക്കയിലേക്ക്
1971ല്‍ ഒരു വിദ്യാര്‍ത്ഥിയായിട്ടാണ് അമേരിക്കയിലേക്ക് ജോണ്‍ ടൈറ്റസ് എത്തിയത്. എയ്റോനോട്ടിക്കല്‍ ടെക്നോളജി കോഴ്സിനു ചേര്‍ന്നു. 1974 ല്‍ ഡിഗ്രി സ്വന്തമാക്കി. പഠന കാലത്ത് മികച്ച വിദ്യാര്‍ത്ഥിയായതിനാല്‍ അദ്ധ്യാപകര്‍ക്ക് ജോണ്‍ ടൈറ്റസില്‍ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അദ്ധ്യാപകരുടെ സഹായത്തോടെ വിസ ലഭിച്ചു. അമേരിക്കയില്‍ സ്ഥിരമായി നില്‍ക്കാനുള്ള അവസരം. പക്ഷെ ജോണ്‍ ടൈറ്റസിന്‍റെ ചിന്ത മറ്റൊന്നായിരുന്നു. ഇന്ത്യയിലേക്ക് തിരികെ പോവുക. ഒരു എയ്റോനോട്ടിക്കല്‍ സ്കൂളിന് കേരളത്തില്‍ തുടക്കമിടുക 1975ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇന്ത്യയില്‍ അടിയന്തിരാവസ്ഥയുടെ കാലം. ഒട്ടും സുഖകരമല്ലാത്ത അന്തരീക്ഷത്തില്‍ നിന്ന് രണ്ട് മാസത്തിന് ശേഷം തിരികെ അമേരിക്കയിലെത്തി. സിയാറ്റിലില്‍ എയര്‍ റിപ്പയര്‍ കമ്പനിയില്‍ ജോലിക്ക് കയറി. ടെക്നീഷ്യനായി ജോലിക്ക് തുടക്കം. തുടര്‍ന്ന് മാനേജരായി. പത്ത് വര്‍ഷം അവിടെ ജോലി ചെയ്തു. 1984ല്‍ സ്വന്തമായി വാഷിംഗ്ടണിലെ സിയാറ്റിലിനു സമീപം എയ്റോ കണ്‍ട്രോള്‍സ് എന്ന എഫ്. എ. എ. സര്‍ട്ടിഫൈഡ് റിപ്പയര്‍ സ്റ്റേഷനായ എയ്റോ കണ്‍ട്രോള്‍സ് സ്ഥാപിച്ചു.തന്‍റെ സ്വപ്നങ്ങള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ വേര് പിടിപ്പിക്കാനുള്ള ശ്രമങ്ങളുടെ വിജയകരമായ തുടക്കമായിരുന്നു അത്. വര്‍ഷങ്ങളായി വ്യോമയാന വ്യവസായത്തിന് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും, അതിലുപരി സേവനങ്ങളും ലഭ്യമാക്കുന്ന അമേരിക്കയിലെ തന്നെ വലിയ സ്ഥാപനമായി എയ്റോ കണ്‍ട്രോള്‍സ് വളര്‍ന്നതിനു പിന്നില്‍ ജോണ്‍ ടൈറ്റസിന്‍റെ നേതൃത്വവും ഉത്തരവാദിത്വമുള്ള ടീം വര്‍ക്കും, നൂതന സാങ്കേതിക വിദ്യകളിലെ കമ്പനിയുടെ ശ്രദ്ധയും, മാനുഷിക സേവനങ്ങളിലെ സജീവമായ ശ്രദ്ധയും അദ്ദേഹത്തേയും കമ്പനിയേയും പകരക്കാരില്ലാത്ത തലങ്ങളിലേക്ക് വളര്‍ത്തി.

എയ്റോ കണ്‍ട്രോള്‍സ് ഇതുവരെ
എട്ട് തൊഴിലാളികളെ ഒപ്പം കൂട്ടി വാഷിംഗ് ടണിലെ സിയാറ്റിലില്‍ തുടങ്ങിയ സ്ഥാപനമായിരുന്നു എയ്റോ കണ്‍ട്രോള്‍സ്. വിമാനങ്ങളുടെ പാര്‍ട്ട്സുകള്‍ റിപ്പയര്‍ ചെയ്യുന്ന സ്ഥാപനം. 1985 ല്‍ ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ അംഗീകാരം കൂടി ലഭിച്ചതോടെ സ്ഥാപനം വളര്‍ച്ചയുടെ പാതയിലേക്ക് കയറിയിരുന്നു. വളരുന്ന സ്ഥാപനത്തെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ സ്ഥലം ആവശ്യമായി വന്നതോടെ 1986ലും 1987ലും പുതിയ ബില്‍ഡിംഗിലേക്ക് കമ്പനി മാറി. 1990 ല്‍ രണ്ടേക്കര്‍ സ്ഥലം സ്വന്തമായി വാങ്ങി കമ്പനി കൂടുതല്‍ വിപുലപ്പെടുത്തി. സിയാറ്റില്‍ വിമാനത്താവളത്തിനടുത്ത് പതിമൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി പഴയ വിമാനങ്ങള്‍ വാങ്ങി പാട്സുകള്‍ വീണ്ടും ഉപയോഗപ്രദമാക്കുന്നതില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 75000 സ്ക്വയര്‍ ഫിറ്റ് വെയര്‍ ഹൗസ് സ്ഥാപിച്ചു. ഏതാണ്ട് നാല്പത് വിമാനങ്ങള്‍ എത്തിച്ച് പാര്‍ട്ട്സുകളുടെ റീ വര്‍ക്ക് ചെയ്യുവാന്‍ സാധിച്ചു. റീ കണ്ടീഷനിംഗ് നടത്തിയ വിമാന പാര്‍ട്ട്സുകളുടെ സ്വതന്ത്ര വിപണി എന്ന വലിയ സംരംഭത്തിലേക്ക് എയ്റോ കണ്‍ട്രോള്‍സ് വളര്‍ന്നു. ഇതിനോടകം നൂറ്റിനാല്‍പ്പതിലധികം പ്ലെയിനുകള്‍ പൊളിച്ച് റീ കണ്ടീഷനിംഗ് നടത്തിയ കാലമായിരുന്നു അതെന്ന് ജോണ്‍ ടൈറ്റസ് ഒര്‍മ്മിക്കുന്നു. 225,000 ചതുരശ്ര അടിയില്‍ മൂന്ന് കെട്ടിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എയ്റോ കണ്‍ട്രോള്‍സ് 1996 ല്‍ മിയാമിയിലെ എയ്റോ സിസ്റ്റംസ് ഏവിയേഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. 2006 ല്‍ എയ്റോ കണ്‍ട്രോള്‍സ് ഏവിയോണിക്സ് എയ്റോ കണ്‍ട്രോള്‍സ് ഇന്‍ കോര്‍പ്പറേഷനുമായി ലയിക്കുകയുണ്ടായി. 2011 വരെ കമ്പനി നടത്തി.
വാഷിംഗ്ടണിലെ ഓര്‍ബണില്‍ 104,000 ചതുരശ്ര അടിയില്‍ ഒരു സ്ഥാപനം കൂടി എയ്റോ കണ്‍ട്രോള്‍സ് നിര്‍മ്മിച്ചിട്ടുണ്ട്. 2007 ല്‍ ലോഡര്‍ഡേല്‍ ആസ്ഥാനമായി പാട്രിയറ്റ്. ഏവിയേഷന്‍ സര്‍വ്വീസസ് എല്‍ എല്‍ സിക്ക് രൂപം നല്‍കി. ഇപ്പോള്‍ 200 ജീവനക്കാരുള്ള എയ്റോ കണ്‍ട്രോള്‍സ് ലോകമെമ്പാടുമുള്ള വ്യോമയാന സേവനങ്ങള്‍ക്കായി സ്വതന്ത്ര സര്‍ട്ടിഫൈഡ് റിപ്പയര്‍ സ്റ്റേഷനായി പ്രവര്‍ത്തിക്കുമ്പോള്‍ ജോണ്‍ ടൈറ്റസ് എന്ന സ്ഥിരോത്സാഹിയെ എയ്റോ കണ്‍ട്രോള്‍സിന്‍റെ ഓരോ അണുവിലും നമുക്ക് കാണാം.

ഹോട്ടല്‍ ബിസിനസ്സ് റിയല്‍ എസ്റ്റേറ്റ്
വ്യോമയാന വ്യവസായ വാണിജ്യ രംഗത്ത് കൂടുതല്‍ മത്സരങ്ങള്‍ വന്നതോടെ പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ക്കും ജോണ്‍ ടൈറ്റസ് തുടക്കം കുറിച്ചു. ഫ്ളോറിഡയില്‍ ഒരു ഹോട്ടല്‍ സമുച്ചയം നിര്‍മ്മിച്ചു. 92 മുറികളുള്ള ഈ ഹോട്ടല്‍ ഇപ്പോഴും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അറ്റ്ലാന്‍റയില്‍ 117 ഏക്കര്‍ സ്ഥലം വാങ്ങി പുതിയ ഒരു കേരളം അമേരിക്കയില്‍ സൃഷ്ടിക്കുന്നതിനു വേണ്ടി ‘കേരളാ ഗാര്‍ഡന്‍സ്’ എന്ന പേരില്‍ ഒരു റിയല്‍ എസ്റ്റേറ്റ് സംരംഭത്തിന് തുടക്കം കുറിച്ചു. പൂര്‍ണ്ണമായും അമേരിക്കന്‍ മലയാളികളെ ലക്ഷ്യമിട്ട് ആരംഭിച്ച കേരളാ ഗാര്‍ഡന്‍സില്‍ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളുടെ പരിഛേദമുണ്ട്. ഇവിടെയുള്ള റോഡുകള്‍ക്ക് കേരളത്തിലെ വിവിധ സ്ഥലങ്ങളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. പക്ഷെ ഈ പ്രോജക്ടിനോട് അമേരിക്കന്‍ മലയാളികള്‍ താല്പര്യം കാട്ടിയില്ല. ഇപ്പോള്‍ 240 ലധികം വീടുകളില്‍ അമേരിക്കക്കാര്‍ താമസിക്കുന്നു എന്ന് പറയുമ്പോള്‍ ജോണ്‍ടൈറ്റസിന്‍റെ മുഖത്ത് പുഞ്ചിരി വിടരും. തുടങ്ങിയ പ്രസ്ഥാനം വന്‍ വിജയമായതിന്‍റെ ചിരി.
പുതിയ സ്റ്റാര്‍ട്ട് അപ്പുകളുടെ ഭാഗമായി ബാങ്കിംഗ് മേഖലയിലും അദ്ദേഹം ശ്രദ്ധ കൊടുത്തു. ഹാനവര്‍ ബാങ്കിന്‍റെ പാര്‍ട്ട്നര്‍ ആയി എന്നതും ബാങ്കിംഗ് മേഖലയിലെ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കി.

ബിസിനസ് കേരളത്തിലേക്ക്
കേരളത്തില്‍ ഒരു ബിസിനസ് തുടങ്ങുക എന്ന സ്വപ്നം മുന്‍പ് ഉപേക്ഷിച്ചതാണെങ്കിലും മാറി വരുന്ന സാഹചര്യങ്ങളെ പരീക്ഷിക്കുവാന്‍ തയ്യാറായ ജോണ്‍ ടൈറ്റസ് കൊച്ചി കിന്‍ഫ്ര പാര്‍ക്കില്‍ ഏഴ് ഏക്കര്‍ സ്ഥലം സ്വന്തമാക്കി. അവിടെ നിര്‍മല്‍ ഇന്‍ഫോപാര്‍ക്കിന്‍റെ ചെയര്‍മാനാണ്. ഇപ്പോള്‍ ബാംഗ്ളൂര്‍ ആസ്ഥാനമായ ജെയ്ന്‍ കോളജ് ബ്രാഞ്ച് ഉള്‍പ്പെടെയുള്ള നോളഡ്ജ് സിറ്റിയായി ഈ സ്ഥാപനം മാറി. ഐറ്റി, ഫോറന്‍സിക്, ബോട്ടിക്സ്, തുടങ്ങി നിരവധി കോഴ്സുകളാണ് ഇവിടെ അന്താരാഷ്ട്ര നിലവാരത്തോടെ നടത്തപ്പെടുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍
ഫുഡ്ഡ്രൈവ്, ബാഗ് പാറ്റ് പ്രോഗ്രാം, ഫുഡ് ബാങ്ക് ബില്‍ഡിംഗ് പോലെയുള്ള സാമൂഹ്യ സേവനങ്ങളില്‍ പങ്കാളികളായി എയ്റോ കണ്‍ട്രോള്‍ സ് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയുണ്ടായി. അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ ഭവനരഹിതര്‍ക്കും, നിരാലംബര്‍ക്കും ഭക്ഷണം നല്‍കുക, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍, അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി എന്നിവയ്ക്ക് സഹായം, ദരിദ്രരായ കുട്ടികള്‍ക്ക് ആവശ്യമായ സ്കൂള്‍ സാമഗ്രികള്‍ നല്‍കുക, പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി റോഡുകള്‍ വൃത്തിയാക്കുക തുടങ്ങിയ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് അമേരിക്കയില്‍ ജോണ്‍ ടൈറ്റസും, എയ്റോ കണ്‍ട്രോള്‍സും തുടക്കമിട്ടത്.

ഫോമ പ്രസിഡന്‍റ് പദവി ,ജീവകാരുണ്യത്തിന്‍റെ കേരളമാതൃക.
ജോണ്‍ ടൈറ്റസ് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ്. 1970ല്‍ കേരളാ കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട് മാവേലിക്കര സെക്ടറിന്‍റെ സെക്രട്ടറിയായിരുന്നു. വളരെ ചുരുങ്ങിയ സമയം മാത്രമെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം പരിപൂര്‍ണ്ണ സാമൂഹ്യ പ്രവര്‍ത്തനമാണെന്ന് വിശ്വസിക്കുന്ന അദ്ദേഹം സിയാറ്റിലില്‍ എത്തിയപ്പോഴും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തിറങ്ങി. സിയാറ്റിലില്‍ അന്ന് അധികം മലയാളികള്‍ ഉണ്ടായിരുന്നില്ല. എങ്കിലും 1984ല്‍ കേരളാ അസ്സോസിയേഷന് തുടക്കമിട്ടു. 1994 ല്‍ അസ്റ്റോസിയേഷന്‍റെ പ്രസിഡന്‍റായി. 2000 ല്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ആയി. തുടര്‍ന്ന് വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്‍റ്. 2004 ല്‍ ഫൊക്കാനാ ചാരിറ്റി ചെയര്‍മാനായി. 2006 ല്‍ ഫൊക്കാന പിളര്‍ന്നപ്പോള്‍ ഫോമയിലേക്ക്. 2008 – 2010 കാലയളവില്‍ ഫോമയുടെ പ്രസിഡന്‍റ്.
വളരെ സങ്കീര്‍ണ്ണമായ കാലഘട്ടമായിരുന്നു ഫോമയുടെ ആരംഭകാലം. ഒന്നായി നിന്നിരുന്ന ഒരു സംഘടനയുടെ പിളര്‍പ്പും പുതിയ സംഘടനയുടെ രൂപീകരണവും വളരെ മാനസിക വിഷമമുണ്ടാക്കിയെന്ന് ജോണ്‍ ടൈറ്റസ് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന കാലം ഫോമയുടെ സുവര്‍ണ്ണ കാലം ആയിരുന്നു എന്ന് ഓരോ അമേരിക്കന്‍ മലയാളികളും പറയും. ഇന്ന് കാണുന്ന ഫോമയുടെ അടിത്തറ രൂപപ്പെട്ട കാലമായിരുന്നു അത്.
ജോണ്‍ ടൈറ്റസ് ഫോമാ പ്രസിഡന്‍റ് ആയ വര്‍ഷം എയ്റോ കണ്‍ട്രോള്‍സിന്‍റെ 25-ാമത് വര്‍ഷം കൂടിയായിരുന്നു. കമ്പനിയുടെ രജത ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി 25 വീടുകള്‍ കേരളത്തിലെ നിര്‍ദ്ധനരായവര്‍ക്ക് നിര്‍മ്മിച്ചു നല്‍കാന്‍ കമ്പനി തീരുമാനിച്ചുവെങ്കിലും ഫോമയുടെ ഭവന പദ്ധതിയായി അത് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട നിമിഷമായി അത് മാറുകയും ഫോമയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി മാറുകയും ചെയ്തു. കേരളത്തിന്‍റെ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളില്‍ നിന്ന് വീടുകള്‍ക്കായുള്ള അപേക്ഷകള്‍ വന്നപ്പോള്‍ ഒഴിവാക്കാനാവാത്ത നിരവധി അപേക്ഷകള്‍ കണ്ടപ്പോള്‍ ഇരുപത്തിയഞ്ച് വീടുകളില്‍ നിന്ന് മുപ്പത്തിനാല് വീടുകളിലേക്ക് പദ്ധതി മാറി. തിരുവല്ല മാര്‍ത്തോമാ സഭാ ഹാളില്‍ നടന്ന കേരളാ കണ്‍വന്‍ഷനില്‍ 34 വീടുകളുടെ താക്കോല്‍ ദാനവും പത്തിലധികം രോഗികള്‍ക്ക് നല്‍കിയ ചികിത്സാ സഹായവും അത് ഏറ്റുവാങ്ങിയവരുടെ ആനന്ദാശ്രുവും ഒരു സുവര്‍ണ്ണ നിമിഷമായി ഇന്നും മലയാളികളുടെ മനസിലുണ്ട്. നൂറിന്‍റേയും ഇരുന്നൂറിന്‍റേയും വാഗ്ദാനങ്ങള്‍ നല്‍കാതെ ചെറിയ നിലയില്‍ ആരംഭിച്ചതുകൊണ്ട് ഈ പദ്ധതിക്ക് വലിയ വിശ്വാസ്യത അന്ന് ലഭിച്ചിരുന്നു. ഫോമ എന്ന സംഘടന കെട്ടുറപ്പുള്ള സംഘടനയാണന്ന് ലോകത്തിന് കാട്ടിക്കൊടുക്കുവാന്‍ ജോണ്‍ ടൈറ്റസിന്‍റെ കാലഘട്ടം ഉപകരിച്ചു എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. ഫോമ മെഡിക്കല്‍ ക്യാമ്പ്, ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് എന്നീ പദ്ധതികളുടെ തുടക്കവും ജോണ്‍ ടൈറ്റസിന്‍റെ കാലത്തായിരുന്നു. അമൃത ഹോസ്പ്പിറ്റലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പുകള്‍ എല്ലാം വന്‍ വിജയമായിരുന്നു. ക്യാമ്പുകളില്‍ തുടര്‍ ചികിത്സ വേണ്ടവര്‍ക്ക് കൃത്യമായി അത് നല്‍കി എന്നതായിരുന്നു ഈ ക്യാമ്പുകളുടെ പ്രത്യേകത. പുതിയ സംഘടന ആയതിനാല്‍ അമേരിക്കയിലെ പല മലയാളി സംഘടനകളേയും ഫോമയിലേക്ക് എത്തിക്കുവാന്‍ സാധിച്ചതായിരുന്നു പ്രധാന നേട്ടമെന്ന് അദ്ദേഹം പറയുന്നു. എല്ലാ സ്ഥലങ്ങളിലും പോയി ലോക്കല്‍ സംഘടനാ നേതാക്കളെ കണ്ട് സംസാരിച്ചാണ് ഫോമയിലേക്ക് പ്രാരംഭ ദിശയില്‍ അംഗസംഘടനകളെ എത്തിച്ചത്. ലാസ് വേഗാസില്‍ നടത്തിയ നാഷണല്‍ കണ്‍വന്‍ഷനില്‍ 1500 പേരെ പങ്കെടുപ്പിച്ചു. വയലാര്‍ രവിയായിരുന്നു ഉദ്ഘാടകന്‍. അദ്ദേഹം അന്ന് ഫോമയെ അഭിനന്ദിച്ചത് വലിയ അംഗീകാരമായി കാണുന്നു.

പുരയ്ക്കല്‍ ചാരിറ്റി ജോണ്‍ & കുസുമം ടൈറ്റസ് ഫൗണ്ടേഷന്‍
കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അദ്ദേഹത്തിന്‍റെ കുടുംബ പേരായ പുരയ്ക്കല്‍ ചാരിറ്റിയിലൂടെയാണ്. പ്രധാനമായും വിദ്യാഭ്യാസ, ആരോഗ്യ രംഗത്താണ് ഈ സഹായങ്ങള്‍ നല്‍കുന്നത്. ജോണ്‍ & കുസുമം ടൈറ്റസ് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ അമേരിക്കയിലും നാട്ടിലും വിദ്യാഭ്യാസ, മെഡിക്കല്‍, സഹായങ്ങള്‍ നല്‍കുന്നുണ്ട്. ‘ഘീ്ല ഥീൗൃ ചലശഴവയീൗൃ ജൃീഷലര’േ എന്ന പേരിലും ഒരു സഹായ പദ്ധതി നിലവിലുണ്ട്. പ്രധാനമായും വിദ്യാഭ്യാസ സഹായമാണിത്. ഉന്നത വിദ്യാഭ്യാസത്തിനായി 50 % സഹായം നല്‍കും. നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ സഹായത്തിന് അര്‍ഹരാകുന്നത്. കൂടുതലും പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്താണ് ഈ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സാങ്കേതിക മേഖലയില്‍ പഠിപ്പിച്ച് നിരവധി കുട്ടികള്‍ക്ക് ജോലിയും നല്‍കിയിട്ടുണ്ട് ഫൗണ്ടേഷന്‍. കേരളത്തിലെ ചാറ്റി പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ജോണ്‍ ടൈറ്റസിന്‍റെ കസിന്‍ കൂടിയായ ജോണ്‍ കെ. കോശി കുമ്പനാടിനാണ്.

ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍
പരിപൂര്‍ണ്ണ ഈശ്വരവിശ്വാസിയായ ജോണ്‍ ടൈറ്റസ് ഒരു പൂര്‍ണ്ണ സഭാവിശ്വാസി കൂടിയാണ്. കടന്നുവന്ന വഴികളിലെ ഈശ്വര സാന്നിദ്ധ്യമാണ് തന്നെ ഇവിടെ വരെ എത്തിച്ചത് എന്ന് അദ്ദേഹം പ്രാര്‍ത്ഥനയോടെ ഓര്‍ക്കുമ്പോള്‍ സഭയ്ക്കും, പള്ളിക്കും നിരവധി സഹായങ്ങളാണ് നല്‍കുന്നത്. അറ്റ്ലാന്‍റയില്‍ കാര്‍മ്മല്‍ മാര്‍ത്തോമ സെന്‍റര്‍ വാങ്ങുന്നതിന് നേതൃത്വം നല്‍കി. മാര്‍ത്തോ സഭയുടെ കേരളത്തിലെ എല്ലാ വിശ്വാസികളുടെയും, മറ്റ് വിഭാഗങ്ങളിലേയും പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് 240 ഡോളര്‍ വീതമുള്ള ഒരു വിദ്യാഭ്യാസ പദ്ധതിക്ക് സഹായം നല്‍കിക്കൊണ്ടിരിക്കുന്നു. 4500 കുട്ടികള്‍ക്കാണ് വര്‍ഷംതോറും ഈ സഹായം നല്‍കുന്നത്. സിയാറ്റില്‍ മാര്‍ത്തോമ്മ ചര്‍ച്ച് പതിനഞ്ചിലധികം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നുണ്ട്. മലയോര മേഖലയിലെ കുട്ടികള്‍ക്കും പ്രത്യേക പഠന സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. 1200 വിദ്യാര്‍ത്ഥികള്‍ക്ക് മൂവായിരം രൂപ വീതമാണ് നല്‍കുന്നത്. സഭാ, പള്ളി പ്രവര്‍ത്തനങ്ങളില്‍ ജീവകാരുണ്യത്തിന്‍റെ പുതിയ മുഖം തുറന്നിടുകയാണ് അദ്ദേഹം. കുമ്പനാട് വൈ എം.സി.എ.യ്ക്ക് തന്‍റെ പിതാവിന്‍റെ സ്മരണാര്‍ത്ഥം ഓഡിറ്റോറിയം നിര്‍മ്മിച്ച് നല്‍കിയതും ഈ വഴിത്താരയിലെ നാഴികക്കല്ലായി കാണാം. മാര്‍ത്തോമ്മ സഭാ മണ്ഡലം അമേരിക്കന്‍ പ്രതിനിധിയായി രണ്ട് തവണ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സഭാ കൗണ്‍സില്‍ അംഗം കൂടിയാണ്.

കുമ്പനാട് ഫാമിലി ഹെറിറ്റേജ് ഹോം.
അഞ്ച് തലമുറകള്‍ക്ക് മുമ്പ് തന്‍റെ പിതാമഹന്മാര്‍ താമസിച്ചുവന്നിരുന്ന കുടുംബം, കുമ്പനാട് ഫാമിലി ഹെറിറ്റേജ് ഹോം എന്ന പേരില്‍ വളര്‍ത്തുവാനുള്ള ശ്രമമാണ് ഇപ്പോള്‍ ജോണ്‍ ടൈറ്റസ് നടത്തുന്നത്. ‘കുമ്പനാട് ഫാമിലി ഹെറിറ്റേജ് ഹോം’ എന്ന പേരില്‍ മൂന്ന് നിലകളില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രകൃതിരമണീയമായ ഹെറിറ്റേജ് ഹോം രൂപകല്‍പ്പന ചെയ്തത് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമനാണ്. ഇതിനോട് ചേര്‍ന്ന് പുരാതന കുടുംബം യാതൊരു കുഴപ്പവുമില്ലാതെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് നിലനിര്‍ത്തിയിട്ടുമുണ്ട്.
20 മുറികള്‍ ഉള്ള ഈ ഹെറിറ്റേജ് ഹോം അമേരിക്കയില്‍ നിന്ന് നാട്ടിലെത്തുന്നവര്‍ക്കും. നാട്ടിലുള്ളവര്‍ക്കും താമസിക്കാനായി തുറന്നുകൊടുക്കും. താഴത്തെ നിലയില്‍ അത്യാധുനിക സംവിധാനത്തോടെയുള്ള അടുക്കളയാണ് ഒരു പ്രത്യേകത. റൂഫ് ടോപ്പ്, മറ്റ് അത്യാധുനിക ജീവിത സാഹചര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. അടുത്ത ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുന്ന ഈ ഹെറിറ്റേജ് ഹോം അമേരിക്കന്‍ മലയാളികള്‍ക്ക് നാട്ടിലെത്തിയാല്‍ എല്ലാ സൗകര്യങ്ങളോടെയും താമസിക്കുവാനുള്ള ഇടമായി മാറും. റിട്ടയര്‍മെന്‍റ് ജീവിതം ആഘോഷമാക്കാന്‍ നാട്ടിലെത്തുന്ന പ്രവാസി മലയാളികള്‍ക്ക് യാത്രാ സൗകര്യം വരെ ഒരുക്കിയാവും ഈ വീട് പ്രവര്‍ത്തിക്കുക. ജോണ്‍ ഏബ്രഹാം പുരയ്ക്കല്‍ ആണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നഗരങ്ങളുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് സ്വച്ഛമായി കുറച്ചു നാള്‍ ജീവിക്കാന്‍ ഒരിടം. അതാണ് കുമ്പനാട് ഫാമിലി ഹെറിറ്റേജ് ഹോം.

കുസുമം ടൈറ്റസ് നിഴല്‍ പോലെ ഒപ്പം
1977ല്‍ പത്തനംതിട്ട , ഓമല്ലൂര്‍ കുഴിനാപ്പുറത്ത് കെ. കെ. ജോണ്‍, പൊന്നമ്മ ജോണ്‍ ദമ്പതികളുടെ മകളായ കുസുമത്തെ വിവാഹം കഴിച്ചു. ഒപ്പം കൂടിയ പെണ്ണിന്‍റെ സ്നേഹവും, പിന്തുണയും ജോണ്‍ ടൈറ്റസിന്‍റെ വിജയത്തിന്‍റെ പ്രധാന ഘടകമെന്ന് പറഞ്ഞാലും അത്ഭുതമില്ല. അദ്ദേഹത്തിന്‍റെ എല്ലാ ബിസിനസിലും പങ്കാളിയായ കുസുമം ടൈറ്റസ് ഫോമയുടെ വിമന്‍സ് ഫോറം ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ സദ്ഗുണങ്ങളിലും ധൈര്യവും, പിന്തുണയും അത്യാവശ്യമാണന്ന് പറയുമ്പോള്‍ ജോണ്‍ ടൈറ്റസിന്‍റെ വഴിത്താരയിലെ മാര്‍ഗ്ഗദര്‍ശി കൂടിയാവുകയാണ് കുസുമം ടൈറ്റസ്. ഫോമാ കാന്‍ കൂണ്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍, പരേതനായ ഫ്രാന്‍സിസ്, അപ്പു (ടോംസ് ജോണ്‍) എന്നിവര്‍ സഹോദരങ്ങളാണ്.

കുടുംബം , ശക്തി
ജോണ്‍ ടൈറ്റസിന്‍റെ ജീവിത വഴികളിലെല്ലാം പുരയ്ക്കല്‍ കുടുംബത്തിന്‍റെ പിന്തുണ കരുത്താണ്. സഹോദരങ്ങളായ രാജമ്മ,മാത്യു ടൈറ്റസ്, തോമസ് ടൈറ്റസ്, ലീന എന്നിവരുടെ പിന്തുണയും ഈ ജീവിത വഴിയില്‍ കരുത്താകുമ്പോള്‍ മക്കളായ ജോബി (ബിസിനസ്, അറ്റ്ലാന്‍റ) ഭാര്യ ജെനിഫര്‍ – മക്കള്‍ ജോന, ജിലിയന്‍. ജീന – ഷെഫീഖ് (സിയാറ്റില്‍), ജൂലി (ഘീ്ല ഥീൗൃ ചലശഴവയീൗൃ ഓപ്പറേഷന്‍ മാനേജര്‍ )എന്നിവരുടെ പിന്തുണ അദ്ദേഹത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്താകുന്നു.
ജോണ്‍ ടൈറ്റസ് ഒരു പ്രതീകമാണ്. നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം, നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്നതിലേക്ക് നിങ്ങളുടെ ഊര്‍ജ്ജം മാറ്റാന്‍ സ്വയം പ്രവര്‍ത്തനനങ്ങള്‍ കൊണ്ട് നമ്മെ പഠിപ്പിക്കുന്ന മാര്‍ഗ്ഗദര്‍ശി. പ്രതിസന്ധികളില്‍ വിരിയുന്ന പുഷ്പം എല്ലാറ്റിലും അപൂര്‍വ്വവും മനോഹരവുമാണെന്ന് പറയും പോലെ ഒരാള്‍ …
ആരെങ്കിലും പുഞ്ചിരിക്കാന്‍ കാരണമാവുക, ഒരാള്‍ക്ക് പ്രിയപ്പെട്ടതായി തോന്നുന്നതിനും, ആളുകളിലെ നന്മയില്‍ വിശ്വസിക്കുന്നതിനും കാരണമാവുക. അത് ഈശ്വര നിശ്ചയമാണ്. നിയോഗമാണ്.
ജോണ്‍ ടൈറ്റസ് യാത്ര തുടരുകയാണ്. ഈ വഴിത്താരയില്‍ അദ്ദേഹത്തോടൊപ്പം ആയിരങ്ങള്‍ യാത്ര ചെയ്യും മനം നിറഞ്ഞ തൃപ്തിയോടെ…