എന്താണ് സത്യം ? (ലേഖനം-ജോൺ വേറ്റം )

sponsored advertisements

sponsored advertisements

sponsored advertisements

31 July 2022

എന്താണ് സത്യം ? (ലേഖനം-ജോൺ വേറ്റം )

ആത്മീയവും അനാത്മീയവുമായ രംഗങ്ങളില്‍ ഉപയോഗിക്കുന്ന സാമാന്യപദ മാണല്ലോ സത്യസന്ധത. അത്, സത്യം നിഷ്ഠയാക്കുന്നവരുടെ ശുദ്ധമനസാക്ഷിയില്‍ സ്ഥിതിചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വര്‍ത്തമാനത്തിലും പ്രവര്‍ത്തിയിലും തീരുമാനത്തിലും സ്വകാര്യലാഭത്തിനുംവേണ്ടി ചതിക്കുന്നവര്‍ സത്യസന്ധ രല്ലെന്നും കരുതുന്നുണ്ട്. സത്യം കാലഹരണപ്പെട്ടു എന്ന് പറയുന്നവരും കുറച്ചല്ല.
ഭക്തിയോടെ ഈശ്വരനെആരാധിക്കുന്നവര്‍ അഥവാ ജീവനും ജീവിതവും അ നുഭവങ്ങളും ദൈവദത്തമെന്നു വിശ്വസിക്കുന്ന ധര്‍മ്മനിഷ്ഠയുള്ളവര്‍ കുറയുന്നു. സാമൂഹികമുന്നേറ്റത്തിനു പിന്തുണനല്‍കുന്നവര്‍ അധികം. എന്നാലും, നീതിബോ ധത്തോടെ ജീവിക്കണമെന്ന വ്യക്തിപരമായ നിശ്ചയം തീര്‍ച്ചയായും സത്യസന്ധ തയുടെ പാതയിലാണ്. തത്വശാസ്ത്രങ്ങള്‍ ഒരേതരത്തില്‍ ആത്മീയതയെ കാണു ന്നുമില്ല. സത്യസന്ധതയുടെ അര്‍ത്ഥവത്തായ അടിസ്ഥാനം സത്യമാണ്. അങ്ങനെ യാണെങ്കിലും, സത്യം എന്ന പദത്തിന്‍റെ ആംഗീകരിക്കാവുന്ന അര്‍ത്ഥം എന്താണ്?
മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകള്‍ എപ്രകാരം ഈ വാക്ക് പ്ര യോജനപ്പെടുത്തുന്നു? ഈശ്വരവിശ്വാസികളും നിരീശ്വരവാദികളും ഒരേ തരത്തി ലാണോ ഈ ശബ്ദം ഉപയോഗിക്കുന്നത്? ഈ പ്രായോഗികപദത്തെ ഭാഷാസ്നേഹിക ള്‍ എങ്ങനെ പ്രയോഗിക്കുന്നു? മനുഷ്യസമൂഹത്തിന്‍റെ ആശയവിനിമയത്തില്‍ നിന്നും മാറ്റാനാവാത്ത സത്യം എന്ന സ്വാര്‍ത്ഥക വാക്യത്തെ കൈകാര്യം ചെയ്യുന്നത് ഒരു വിധത്തിലല്ല. പരസ്പരഭിന്നങ്ങളായ അര്‍ത്ഥങ്ങളും വിപരീതപര്യായങ്ങളുമുള്ള സത്യം മതസിദ്ധാന്തങ്ങളുടെ മര്‍മ്മവുമാണ്!
അരയാല്‍, ആണ, ആര്‍ജ്ജവം, കൃതയുഗം, ജലം, നന്മ, നേര്, പരമാര്‍ത്ഥത, പരി ശുദ്ധാത്മാവ്, ബ്രപ്മലോകം, മാനുഷത്വം, മൌലികമായ വസ്തുത, വിശ്വസ്തത, വ്യക്ത ത, ശപഥം, സ്ഥാപിതസിദ്ധാന്തം, സ്വഭാവം എന്നിങ്ങനെ, നിഘണ്ഡുക്കളും വിജ്ഞാ നകോശങ്ങളും മതഗ്രന്ഥങ്ങളും സത്യം എന്ന വാക്കിന്‌ അര്‍ത്ഥങ്ങള്‍ നിശ്ചയിച്ചി ട്ടുണ്ട്. എന്നിട്ടും, അനുഭവമൂല്യം, ഏറിയ, ഒത്ത, ചേര്‍ച്ച, തക്ക, പ്രാവര്‍ത്തികമായ, യോജിപ്പ്, വേണ്ടതിലധികം, സാദൃശ്യം എന്നീവണ്ണം ചില ഭാഷാസഹായികളും സത്യ ത്തെ കാണുന്നു. ഈ അര്‍ത്ഥസമൂഹത്തില്‍ നിന്നും സത്യത്തിനു സാദൃശ്യമുള്ള അര്‍ത്ഥത്തെ തിരിച്ചറിയുവാന്‍ പ്രയാസമുണ്ട്. എന്താണ് കാരണം?
ഒരു പദത്തിന്, പരസ്പരവിരുദ്ധമായ അര്‍ത്ഥങ്ങള്‍ നല്‍കിയത് ഭൂതകാല ഗ്രന്ഥകാരന്മാരാണല്ലോ. മലയാള ഭാഷാപദങ്ങള്‍ക്ക്, തമ്മില്‍ ചേരാത്ത അര്‍ത്ഥങ്ങള്‍ ഉള്ളതിനാല്‍, വിവര്‍ത്തനത്തെ ദോഷമായി ബാധിക്കുന്നു. പ്രശ്നഭരിതമായ കാര്യങ്ങള്‍ക്ക് അവ കാരണമായി. പരിഹരിക്കാനാവാത്ത വിഷയമായി. മലയാളഭാഷയെ ശുദ്ധീക രിക്കുകയും നവീകരിക്കുകയും ചെയ്യണം എന്ന സന്ദേശമാണ്‌ ഇത് നല്കുന്നത്.
ഹൈന്ദവപുരാണങ്ങളും, യഹൂദ ക്രൈസ്തവ ഇസ്ലാം മതഗ്രന്ഥങ്ങളും ഇപ്പറഞ്ഞത് അംഗീകരിക്കുന്നില്ല. അവ മറ്റ് ദിശകളില്‍ നില്‍ക്കുന്നു. ബുദ്ധമതവിശ്വാസവും അവരുടെ പക്ഷത്താണ്. അവര്‍ക്കെല്ലാം സത്യം ദൈവമാണ്. അങ്ങനെയാണെങ്കിലും, അവരുടെ ദൈവങ്ങള്‍ക്കുമുണ്ട് സാരമായ വ്യത്യാസങ്ങള്‍. ഇപ്പോഴും, പാരമ്പര്യങ്ങളനുസരിച്ച്, ആരാധിക്കപ്പെടുന്ന ദൈവങ്ങളുടെ ജനനം, ജനനലക്ഷ്യം, ജീവിതരീതി, ധാര്‍മ്മികസിദ്ധാന്തം, വിവാഹം, മക്കള്‍, സേവനം, അമാനുഷക്രീയ, മരണം, മരണാനന്തരസ്ഥിതി എന്നിവക്ക് ചേര്‍ച്ചയില്ല. ആധുനിക മനുഷന്‍റെ മുന്നിലുള്ള ദൈവസമൂഹം സത്യം സംബന്ധിച്ചു സാരമായ സംശയം പകരുന്നുമുണ്ട്.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക തലങ്ങളില്‍ വ്യാജമല്ലാത്തതെല്ലാം സത്യമാ ണ്. അതുകൊണ്ടത്രേ, സത്യപ്രതിജ്ഞ എന്ന നിയമപരമായകര്‍മ്മം പ്രബല്യത്തില്‍വ ന്നത്. സത്യം ചെയ്തുകൊടുക്കുന്ന രേഖയാണല്ലോ സത്യവാങ്മൂലം. സത് സംഗം സത്യ സന്ധരായ ആളുകളുമായിട്ടുള്ള പെരുമാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. തിട്ടംവരു ത്തിയ അഥവാ അവിതര്‍ക്കിതവസ്തുവായിട്ടാണ് സത്യത്തെ സാമാന്യജനം കാണു ന്നത്. ഒരു വാക്കിന്‌ പല അര്‍ത്ഥങ്ങള്‍ കൊടുക്കുന്ന ഭാഷാപരിഷ്ക്കരണവും ഈ വ്യത്യസ്ഥതകള്‍ക്ക് വഴിയായി.
ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളും വാര്‍ത്തകളും മറ്റും സാഹിത്യവേദികളി ല്‍ വര്‍ദ്ധിക്കുന്നു. എന്നാലും, ആവിഷ്കാരങ്ങള്‍ ഭാവനാത്മകമോ സാങ്കല്പികമോ ആ കയാല്‍, സാഹിത്യത്തില്‍ സത്യമില്ല എന്ന അഭിപ്രായം ഉണ്ട്. നാമവിശേഷണമായി ട്ടും സത്യമെന്ന പദത്തെ ഉപയോഗിക്കുന്നു. അതുകൊണ്ടാവാം രചയിതാക്കള്‍ അര്‍ ദ്ധസത്യവും, നഗ്നസത്യവും ഉണ്ടാക്കിയത്. സാഹിത്യത്തിനു ആത്മീയഭാവം നല്കിയ മതപരതത്വങ്ങളോട് സാഹിത്യം പൂര്‍ണമായി യോജിക്കുന്നുമില്ല. അറിവും വിചാര വിപ്ലവവും നല്കി സാര്‍വത്രിക പുരോഗതിയിലേക്ക് ലോകത്തെ നയിക്കുകയെന്ന ഉചിതലക്ഷ്യമാണ്‌, മതമാലിന്യങ്ങള്‍ കലരാത്ത, സാഹിത്യത്തിനുള്ളത്.
അത്യുന്നത ദൈവം പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും, നിത്യനും, നിലച്ചുപോകാത്ത അതുല്യശക്തിയുമാണെന്ന് മതങ്ങള്‍ പഠിപ്പിക്കുന്നു. എന്നിട്ടും,”സത്യം” സംബന്ധിച്ചു നല്‍കിയ നിര്‍വചനങ്ങള്‍ക്ക് അംഗീകരിക്കാനാവാത്ത വൈരുദ്ധ്യം. ശാസ്ത്രീയ യുഗത്തില്‍ ജീവിക്കുന്ന മനുഷ്യന്‍, സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലെയും ദൈവങ്ങളെ വേറിട്ടുകാണുന്നു. വാസ്തവസംഗതി അറിയാന്‍ ആഗ്രഹിക്കുന്നു. അത് കുറ്റമല്ല.
ആചാരങ്ങളിലും, ഋതുക്കളിലും, വേദങ്ങളിലും, വ്രതാനുഷ്ഠാനങ്ങളിലും ഹിന്ദു മതം വിശ്വസിക്കുന്നു. ഇതിഹാസപുരാണങ്ങള്‍ പുരാതന രചനകളാണെങ്കിലും, വേദങ്ങള്‍ “ശബ്ദമയം” അഥവാ “അപൌരുഷേയം” ആകുന്നുവെന്നും വിശ്വസിക്കു ന്നുണ്ട്. വേദവിജ്ഞാനം കുറ്റമറ്റതും, സനാതനധര്‍മ്മം സത്യത്തില്‍ അധിഷ്ഠിതവുമാ ണെന്ന് മതഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. പരമനിരപേക്ഷസത്യം ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആകുന്നുവെന്നും, ബ്രഹ്മം അഥവാ പരനിരപേക്ഷസത്യമാണ് എല്ലാത്തിന്‍റെയും മൌലികമായ പ്രഭവസ്ഥാനമെന്നുമാണല്ലോ ഭഗവദ്ഗീതയിലെ ഭക്തിസാന്ദ്രമായ സിദ്ധാന്തം. സത്യത്തെപ്പറ്റിയുള്ള പ്രസ്താവം ഉപനിഷത്തിലും ഉണ്ട്. അദ്ധ്യാത്മവിദ്യ അര്‍ത്ഥമാക്കുന്നതും പരമമായ സത്യത്തെക്കുറിച്ചാണ്. എല്ലാവസ്തുക്കളിലുംവച്ച് സൂക്ഷ്മവും സത്യവുമായത് ദൈവമാണെന്ന സംക്ഷേപം “തത്ത്വമസി” എന്ന മഹാ വാക്യത്തിലുമുണ്ട്. “സത്യം വദ ധര്‍മ്മം ചര” എന്ന വചനം നല്‍കുന്നത് സത്യം പറയുക ധര്‍മ്മം അനുഷ്ഠിക്കുക എന്ന ഉപദേശമാണ്. സത്യം ദൈവമാണെന്നുള്ള ഈടുറ്റവിശ്വാസത്തിലേക്കാണ്, ജനങ്ങളെ ഈ പുണ്യപുരാതനഗ്രന്ഥങ്ങള്‍ എപ്പോ ഴും നയിക്കുന്നത്.
ക്രിസ്ത്യാനികള്‍ യേശുവിലും, അവന്‍റെ വചനങ്ങളിലും, ബൈബിളിലും വിശ്വ സിക്കുന്നു. ഒരു ശിഷ്യന്‍ തന്നെ ഒറ്റിക്കൊടുക്കുമെന്നും, മറ്റൊരു ശിഷ്യന്‍ തള്ളിപ്പ റയുമെന്നും, പാപപരിഹാര ബലിയായി ക്രൂശിക്കപ്പെടുമെന്നും, മൂന്നാം നാളില്‍ പു നാരുത്ഥാനം ചെയ്യുമെന്നും മറ്റും യേശു മുന്നമേ പറഞ്ഞത് നിവര്‍ത്തിയായതിനാല്‍, വീണ്ടും വരുമെന്ന യേശുവിന്‍റെ വചനത്തില്‍ വിശ്വസിക്കുന്നവര്‍, അവനുവേണ്ടി കാത്തിരിക്കുന്നു. “ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു” എന്ന് യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ ക്രൂശാരോഹണത്തിനുമുമ്പ്, നടത്തപ്പെട്ട വിചാരണവേളയില്‍; യഹുദ്യ, ശമര്യ, ഇദുമേയ എന്നീ നാടുകള്‍ക്ക് ദേശാധിപതിയാ യിരുന്ന, പോന്തിയോസ് പീലാത്തോസിനോടും അദ്ദേഹം പറഞ്ഞു: “സത്യത്തിന് സാക്ഷിയാകുവാന്‍ ഞാന്‍ ജനിച്ചു. അതിനായി ലോകത്തില്‍ വന്നിരിക്കുന്നു. സത്യ തല്പരരായവരെല്ലാം എന്‍റെ വാക്ക് കേള്‍ക്കുന്നു.” അപ്പറഞ്ഞതിന്‍റെ അര്‍ത്ഥം ഒട്ടും മനസ്സലാക്കാഞ്ഞതിനാല്‍, പീലാത്തോസ് ചോദിച്ചു: സത്യമെന്നാല്‍ എന്ത്? ആ ചോ ദ്യത്തിന് വസ്തുനിഷ്ഠമായ ഉത്തരം പറയാന്‍ ഇക്കാലത്തെ മതപണ്ഡിന്മാര്‍ക്കും ഇന്നോ ളം സാധിച്ചിട്ടില്ല. കണ്ണും കാഴ്ചയുമുള്ളവര്‍ക്കും മറച്ചുവച്ചത് കാണാന്‍ കഴിവുമില്ല.
സത്യത്തെ വിശ്വസിക്കാതെ, ദുഷ്ഠതയില്‍ ജീവിക്കുന്നവര്‍ക്ക് ശിക്ഷ ഉണ്ടാകുമെ ന്നും, സാത്താനില്‍ സത്യമില്ലാത്തതുകൊണ്ട് സത്യത്തില്‍ നിലനില്‍ക്കില്ലെന്നും, സ ത്യത്തിന്‍റെ ആത്മാവില്‍ വിശ്വസിക്കണമെന്നുകൂടി യേശു പറഞ്ഞു. ദൈവം സത്യ മാണെന്ന സ്തിരീകരണമാണ് ആ ഉപദേശവും നല്‍കുന്നത്.
ഓരോ മതവിഭാഗവും അതിനുള്ളിലുള്ള കാര്യാദികള്‍മാത്രമാണ് അതിശ്രേഷ്ഠ വും അതുല്യവുമെന്നു വിശ്വസിക്കുന്നത്. അതിനുവെളിയില്‍, ഉളവാകുകയും നവീ കരിക്കപ്പെടുകയും ചെയ്യുന്ന, ന്യായവും യുക്തവുമായ സംഗതികളെ ശ്രദ്ധിക്കാറില്ല. പല ഭൂതകാലവിശ്വാസങ്ങളെയും തിരുത്തിയ ശാസ്ത്രലോകത്തേക്ക് നോക്കാറുമി ല്ല. അക്കാരണത്താലും, സത്യം എന്ന വാക്ക് സംബന്ധിച്ച അഭിപ്രായങ്ങളും, അര്‍ത്ഥ ങ്ങളും, ലിഖിതങ്ങളും ഭിന്നിക്കുന്നു. ശരിയായ ഉത്തരംകിട്ടാത്ത ചോദ്യമായി സത്യം മനുഷ്യലോകത്തിന്‍റെ ജ്ഞാനമണ്ഡലത്തില്‍, പൊന്തിനില്ക്കുന്നു! മനുഷ്യരെ ആക ര്‍ഷിയ്ക്കുകയും, വിശ്വസിപ്പിക്കുകയും, ഭക്തരാക്കുകയും, നിയന്ത്രിച്ചു നയിക്കുക യും ചെയ്യുന്ന മതഗ്രന്ഥങ്ങളുടെ ശ്രേഷ്ഠരചയിതാക്കള്‍ മാത്രമാണോ ഈ സങ്കീര്‍ണ്ണത യുടെ ഉത്തരവാദികള്‍?
സകലതും മായയാണെന്നു സിദ്ധാന്തിക്കുന്ന ബുദ്ധമതത്തിന്‍റെ ദൈവം ബുദ്ധനാണ്. അദ്ദേഹത്തിന്‍റെ പ്രതിമകള്‍സ്ഥാപിച്ച് വഴിപാടുകള്‍ നല്കി ജനം ആരാധിക്കുന്നു. വാസ്തവസംഗതികളിലേക്ക് വഴികാട്ടിയായതിനാല്‍, ബുദ്ധനെ സത്യമെന്നും അവര്‍ വിശേഷിപ്പിക്കുന്നു.
പ്രപഞ്ചത്തിലുള്ള സകലത്തിന്‍റെയും ഉപരിയായി ഉയര്‍ന്നുനില്‍ക്കുന്നത് സത്യമാണെന്നും അത് ദൈവമാണെന്നും സിക്ക്‌മതം വിശ്വാസിക്കുന്നു.
യഹൂദമത നിയമപ്രകാരം, യഹൂദമതത്തില്‍ ജനിച്ചതോ യഹൂദമതം സ്വീകരിച്ച തോ ആയ സ്ത്രീപ്രസവിച്ച കുഞ്ഞ് യഹൂദനാണ്. ഭര്‍ത്താവ് യഹുദനും ഭാര്യ വിമത വിശ്വാസിയുമാണെങ്കില്‍, അവരുടെ കുഞ്ഞ് യഹൂദനല്ല. ഇങ്ങനെ കടുത്തനിയമം പാലിക്കുന്ന യഹുദമതം, ഏക സത്യ ദൈവത്തില്‍ വിശ്വസിക്കുന്നു.
ദൈവം ഏകനും സത്യവുമാണെന്നും, പ്രപഞ്ചവും അതിലുള്ളതെല്ലാം ദൈവ സൃഷ്ടിയാണെന്നും, ദൈവത്തെയല്ലാതെ മറ്റൊന്നിനേയും ആരാധിക്കരുതെന്നും ഇസ്ലാംമതവും പഠിപ്പിക്കുന്നു.
സത്യം ദൈവമാണെന്നു മഹാത്മാഗാന്ധിപറഞ്ഞിട്ടൂണ്ടെന്ന പ്രസ്താവനകളുണ്ട്. “ദി സ്റ്റോറി ഓഫ് മൈ എക്സ്പെരിമെന്‍റെ് വിത്ത്‌ ട്രൂത്ത്” എന്ന ശീര്‍ഷകത്തിലുള്ള ഗ്രന്ഥത്തില്‍, സത്യം എന്തെന്നും, എങ്ങനെ സത്യത്തെ അനുഭവസിദ്ധമക്കാമെന്നും, സത്യം ദൈവത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്.
“ സ്ഥിരമായത് എന്ന് പഴയ നിയമവും വാസ്തവമായത് എന്ന് പുതിയ നിയമവും പറയുമ്പോള്‍ ഉദ്ദേശിക്കുന്ന ആശയം, ദൈവമാണ് ഏറ്റവും വലിയ സത്യമെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.” ഇങ്ങനെ, തന്‍റെ “വേദശബ്ദ രത്നാകരം” ബൈബിള്‍ നിഘണ്ടുവില്‍ സുപ്രസിദ്ധ സാഹിത്യകാരന്‍ ഡി. ബാബു പോള്‍ എഴുതി.
ഇക്കാലത്ത്, ഓരോരുത്തനും അവനവന്‍റെ കാര്യത്തിലേക്ക് തിരിയുന്നു. നന്മ ചെയ്യാനുള്ള താല്പര്യമുള്ളവരും പ്രവര്‍ത്തനതലങ്ങളില്‍ നുണ പറയുന്നു. തിന്മകള്‍ ഭവിക്കുമെന്ന ഭയത്താല്‍ വസ്തുതകളെ മറച്ചുവയ്ക്കുന്നു. വിവിധങ്ങളായ നേട്ടങ്ങള്‍ ക്കുവേണ്ടി, സത്യത്തെ വിട്ടകലുന്നു. അസത്യത്തെ ഉപകരണമാക്കുന്നവര്‍ മത രാഷ് ട്രീയ സാംസ്കാരികസംഘടനകളില്‍ വര്‍ദ്ധിക്കുന്നു. വാസ്തവം വെളിപ്പെടുത്തുന്നത് അപ്രീതിക്ക് കാരണമാകുമെന്ന് കരുതി മിണ്ടാതിരിക്കുന്നത് തിന്മയാണെന്നു വിശ്വസിക്കുന്നവരും വിരളമല്ല. “ആവശ്യപ്പെട്ടാല്‍ മാത്രം സത്യം പറഞ്ഞാല്‍ മതി” എന്ന് പഠിപ്പിക്കുന്ന ഗുരുക്കന്മാരും ഉണ്ട്. അതുകൊണ്ട് അസത്യം പടരുന്നു!
ആത്മീയതയും മതവും അക്ഷരാര്‍ത്ഥത്തില്‍ ഒന്നാണെന്നും നേരേമറിച്ച് രണ്ടാ ണെന്നും അഭിപ്രായങ്ങള്‍. സത്യമെന്ന ഘനമുള്ള പദത്തിന്‍റെ അര്‍ത്ഥം ദൈവമെന്നാ ണെങ്കില്‍, ദൈവപദവി ലഭിച്ചവരെ ഇത് എങ്ങനെബാധിക്കും?
നിരീക്ഷണങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും മുന്നേറുന്ന ശാസ്ത്രം ഒരു വിഷ യത്തില്‍ മാത്രം ഉറച്ചുനില്കുന്നില്ല. നവീകരണത്തിനും നിശ്ചയത്തിനും ആവശ്യമാ യ തിരുത്തല്‍ തെറ്റല്ല. ഒരിക്കലും പൂര്‍ണ്ണമാകത്ത ജ്ഞാനവും പരിജ്ഞാനവും ആധുനിക മനുഷ്യനെ സര്‍വ്വജ്ഞന്‍ ആക്കുന്നുമില്ല. സത്യം സംബന്ധിച്ച അസ്ഥി രതയുടെ കാരണം കണ്ടെത്തി തെറ്റുകള്‍ തിരുത്തേണ്ടതാണ്. തിരുത്തലുകളിലൂടെ ബോധപൂര്‍വ്വം ക്രമീകരിക്കുന്നതാണല്ലോ ജീവിതനവീകരണം.
അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും, മതവിദ്വേഷങ്ങളെയും ഒഴി വാക്കുകയും, സമഭാവനയും സാഹോദര്യവും സ്നേഹവും വളര്‍ത്തുകയും ചെയ്യു ന്ന, പ്രശ്നരഹിതമായ ഒരു നൂതന ദൈവശാസ്ത്രം രൂപപ്പെടണമെന്ന് ആത്മാര്‍ത്ഥമാ യി ആഗ്രഹിക്കുന്നവരുണ്ട്. നന്മയിലേക്ക് നയിക്കുന്ന അവരുടെ നീതിശബ്ദം നില യ്ക്കുകയില്ല. ഈശ്വരവിശ്വാസത്തിന്‍റയും ഭക്തിയുടെയും ഭാഷകളില്‍ മാത്രം ഓ രോ മതങ്ങളും സംസാരിക്കുന്നു. മറ്റുള്ളവര്‍, ജീവിതയാഥാര്‍ഥ്യങ്ങളെ നിത്യവും വീക്ഷിക്കുന്നു. അടിമകളെയും അതിദരിദ്രരെയും സൃഷ്ടിക്കുന്ന വിശ്വാസങ്ങളുണ്ട്. എപ്പോഴും, പുരോഗതിയിലേക്കുള്ള മാറ്റങ്ങള്‍ മനുഷ്യാവകാശങ്ങളാവണം.
സത്യം ദൈവമാണെന്നു മതങ്ങളും, വാസ്തവമായതെന്തോ അതാണ് സത്യമെന്ന് രാഷ്ട്രീയ സാമൂഹിക സംഘടനകളും, വിശേഷണപദമെന്നു സാഹിത്യഭാഷയും കരുതുന്നു. ദിവ്യവെളിപാടിലൂടെ ലഭിച്ച വാക്കാണെന്നു വിചാരിക്കുന്നവരും ഉണ്ടാവാം. എന്നാലും, ശാസ്ത്രം പുരോഗമിക്കുന്ന ഈ പുതുയുഗത്തില്‍ ജീവിക്കുന്ന മനുഷ്യന്, സത്യം സംബന്ധിച്ച് ആശ്രയയോഗ്യമായ അര്‍ത്ഥം ലഭിക്കാത്തതിനാല്‍, ഇപ്പോഴും ഒരു ചോദ്യം മുഴങ്ങുന്നു: “ എന്താണ് സത്യം? ”

ജോൺ വേറ്റം