പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

23 April 2022

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗബാധിതനായി രണ്ടു മാസമായി ആശുപത്രിയിലായിരുന്നു.

നൂറോളം സിനിമകള്‍ക്കാണ് ജോണ്‍പോള്‍ തിരക്കഥയെഴുതിയത്. ഐവി ശശിയുടെ ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമയ്ക്ക് കഥയെഴുതിക്കൊണ്ടാണ് ജോണ്‍പോള്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഭരതന്റെ ചാമരം എന്ന സിനിമയ്ക്കാണ് ആദ്യ തിരക്കഥയൊരുക്കിയത്. ഭരതനു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ തിരക്കഥയൊരുക്കിയത്.

സിനിമയില്‍ സജീവമായതോടെ മുപ്പത്തിമൂന്നാം വയസ്സില്‍ കാനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ എഴുത്തുകാരനായി. ഭരതന്‍, ഐ വി ശശി, കെ എസ് സേതുമാധവന്‍, മോഹന്‍, പി ജി വിശ്വംഭരന്‍, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍,കെ മധു, വിജി തമ്പി തുടങ്ങി നിരവധി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥയും സംഭാഷണവുമെഴുതി.

എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’, ഐ.വി.ശശി സംവിധാനം ചെയ്ത ‘ഭൂമിക’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഒരു ചെറുപുഞ്ചിരി’ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. ‘ഗ്യാങ്സ്റ്റര്‍’, ‘സൈറാബാനു’ തുടങ്ങിയ ചിത്രങ്ങളില്‍ നടനായി. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗവുമായിരുന്നു. സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ‘മാക്ട’യുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്.സ്വസ്തി, എന്റെ ഭരതന്‍ തിരക്കഥകള്‍, ഒരു കടം കഥ പോലെ ഭരതന്‍, കാലത്തിനു മുന്‍പേ നടന്നവര്‍, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, പരിചായകം: കാഴ്ചയും കഥയും, എം.ടി. ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ എം.ടി. ഒരു അനുയാത്രയ്ക്ക് മികച്ച സിനിമാഗ്രന്ഥത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, ഇത്തിരപ്പൂവേ ചുവന്നപൂവേ, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഏഴരക്കൂട്ടം, ഒരു കടങ്കഥ പോലെ, സവിധം, ആരോരുമറിയാതെ, സൂര്യഗായത്രി, ഒരുക്കം, ഭൂമിക, സാഗരം ശാന്തം, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, സൈമണ്‍ പീറ്റര്‍ നിനക്കുവേണ്ടി, അക്ഷരം, രേവതിക്കൊരു പാവക്കുട്ടി, തേനും വയമ്പും, പ്രണയമീനുകളുടെ കടല്‍, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലികയില്‍ വിരിഞ്ഞവയാണ്. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു. ഗ്യാങ്സ്റ്റര്‍, കെയര്‍ഓഫ് സൈറാബാനു എന്നീ സിനിമകളില്‍ അഭിനയിച്ചു.

തേരേസ ഹാഡ് എ ഡ്രീം എന്ന ഇംഗ്ലീഷ് ബയോപികിനും ജോണ്‍പോള്‍ തിരക്കഥ ഒരുക്കിയിരുന്നു. 1950 ഒക്ടോബര്‍ 29 നാണ് ജോണ്‍പോളിന്റെ ജനനം. പി വി പൗലോസും റബേക്കയുമാണ് മാതാപിതാക്കള്‍. സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് കാനറാ ബാങ്ക് ജീവനക്കാരനും പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാക്ടയുടെ സ്ഥാപക സെക്രട്ടറിയാണ്. ഐഷ എലിസബത്താണ് ഭാര്യ. മകള്‍ ജിഷ ജിബി.