ആത്‌മാവിന്റെ ശ്രീകോവിലിലെ ആരാധനാപാത്രം -അമ്മ( ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

2 February 2023

ആത്‌മാവിന്റെ ശ്രീകോവിലിലെ ആരാധനാപാത്രം -അമ്മ( ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ )

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ

ഇതൊരു ദീര്ഘകാലം
കഴിഞ്ഞ ചരമകുറിപ്പായോ സ്നേഹത്തിൽ പൊതിഞ്ഞ അനുശോചന കുറിപ്പായോ കരുതാം .
ഇന്ന് ഡാളസ് മഞ്ഞിൽ മരവിച്ചു നിൽക്കുന്നു . ഇന്നലെ വരെ നിറഞ്ഞു കവിഞ്ഞ മാളുകളും റോഡുകളും ശൂന്യമായിരിക്കുന്നു . സാംസ്കാരികതയും നാഗരികതയും ഇല്ലാതെപോയതു പോലെ പെട്ടെന്ന് .
മരിച്ച ഒരു മനസ്സുപോലെ ഇന്ന് ഡാളസ് ഈ ഒരു ദിവസം .
രാവിലെ കിട്ടിയ ഒരു വാട്ട്സപ്പ് മെസ്സേജ് ,ഈ മരവിപ്പിക്കുന്ന തണുപ്പിലും ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളും സുഖമുള്ള ഓർമകളും തൊട്ടുണർത്തി . മനസ്സിൽ വര്ഷങ്ങളായി സൂക്ഷിച്ചിരുന്ന ഒരമ്മയുടെ ഫോട്ടോ മെസ്സേജിലൂടെ . ഞാനറിയുന്ന ഇടപഴകിയ അമ്മമാരിൽ ചുരുക്കമൊരാൾ .
തറവാടിന്റെ ചുവരിൽ അവർ രണ്ടുപേരും കല്യാണപിറ്റേന്നെടുത്ത ഫോട്ടോയിൽ എന്നെ നോക്കി പുഞ്ചിരിച്ചിരുന്നു വളരെക്കാലം . നടൻ സത്യന്റെ അകാരഭംഗിയും ഗൗരവഭാവമുള്ള ഭർത്താവും , അഭിനയങ്ങളില്ലാതെ പൂർണ്ണമായും തന്റേതായ ശാലീനതായും കുലീനതയും ഉൾക്കൊള്ളുന്ന മുഖഭാവങ്ങളിൽ ഭാര്യയും .
അറപ്പുരകളും ,നടുത്തളങ്ങളും , അങ്കണമുറിയുമുള്ള തറവാടിനോരഴകായിരുന്നു അവരുടെ ഫോട്ടോ .
എല്ലാദിവസവും കടുത്തനിറങ്ങളിൽ വസ്ത്രമണിഞ്ഞു ഭർത്താവിനെയും കള്ളകാമുകന്മാരെയും പ്രീതിപ്പെടുത്താൻ ചിലരെങ്കിലും ആ കാലഘട്ടത്തിലും ഇപ്പോഴും. എന്നിലെ അഹത്തിൽ , സ്ത്രീകളോടുള്ള സ്നേഹവും ബഹുമാനവും ആദരവും കൂടുതൽ അവർ നേടിയത് ലാളിത്യവും ഭംഗിയുമുള്ള പെരുമാറ്റത്തിലൂടെ . എടുത്തുചാടി എന്തും എപ്പോഴും , ആരോടും പറയുകയാണ് ഫെമിനിസം എന്ന് കരുതുന്നവർക്കൊരു മറുപടി പറയാതെ പറയുന്ന ആ അമ്മയാണ് സ്ത്രീ സങ്കല്പത്തിന് മറ്റൊരു മാനമുണ്ടെന്നെന്നെ പഠിപ്പിച്ചത് .
ജീവൻ റ്റോണിന്‌ മുൻപും പിൻപുമുള്ള ബോഡി ബിൽഡേഴ്സിന്റെ ചിത്രങ്ങൾ പണ്ട് പണ്ട് മനോരമയിലും , ദീപികയിലും , മാതൃഭൂമിയിലും വന്നിരുന്നതുപോലെ ഇന്ന് സോഷ്യൽ മീഡിയയിൽ സ്ത്രീയുടെയും പുരുഷന്റെയും മനം മടിപ്പിക്കുന്ന പോൺ വിഡിയോകളും ചിത്രങ്ങളും . 25 കൊല്ലങ്ങൾക്കു മുൻപും പിൻപുമുള്ള കല്യാണഫോട്ടോവുകൾ . എവിടെയൊക്കെയോ നിയന്ത്രണങ്ങൾ ഇല്ലാതെയാവുന്നുവോ ?

എന്റെ മനസ്സിൽ ആ അമ്മയുടെ ഒറ്റ ഛായ മാത്രം , ചെറുപ്പത്തിലേ . അവർ മരിക്കുമ്പോൾ , 89 ലും അതെ ചിത്രം തന്നെ .
എല്ലാ മക്കൾക്കും ഒരു പക്ഷെ ഇതായിരിക്കും അവരവരുടെ മനസ്സിൽ സൂക്ഷിക്കാൻ താല്പര്യം എന്ന് കരുതുന്നു .

ഭാര്യ എന്നത് ഒരവകാശവും അധികാരവുമെന്നുള്ളതിനുപരി , അംഗീകാരവും ഉത്തരവാദിത്വവും ആയി കണ്ടിരുന്ന അമ്മ , അതായിരുന്നു അവർ .
അധികമൊന്നും അനവസരങ്ങളിൽ സംസാരിക്കാതെ , പൊതുഇടങ്ങളിലും കുടുംബവേദികളിലും ഇവർ ഭാര്യയും ഭർത്താവും പലപ്പോഴും ഒറ്റനോട്ടത്തിൽ , മിതമായ വാക്കുകളിൽ ,പറയാതെ പറഞ്ഞ വാക്കുകൾ .
അമ്പതുകളിൽ വിവാഹിതരായ ഇവർ തിരുവന്തപുരത്തേക്കു താമസം മാറിയത് ഭർത്താവിന്റെ ജോലി തലസ്ഥാനത്തു ആയിരുന്നത് കൊണ്ട് . വല്ലപ്പോഴുമൊക്കെ പട്ടത്തുള്ള ഇവരുടെ വീട്ടിൽ താമസിക്കാനും ഈ അമ്മയുടെ വാത്സല്യം അനുഭവിക്കാൻ കഴിഞ്ഞതൊക്കെ ഓർമയിൽ .
രാത്രിയുണ് കഴിഞ്ഞല്പനേരം റേഡിയോയിലൂടെ വാർത്തകളും മലയാളസിനിമ പാട്ടുകളും കേട്ട് ഞങ്ങൾ . രാത്രിയുടെ ഒന്നാം യാമങ്ങളിൽ അവരുടെ മുറിയിൽ നിന്നും ഗ്രാമഫോണിന്റെ കോളാമ്പിയിലൂടെ ഞങ്ങൾ കേട്ടിരുന്നു റാഫിയുടെയും സൈഗാളിന്റെയും പ്രേമഗാനങ്ങൾ . ഇത് മാത്രമായിരുന്നു വീട്ടുജോലികൾക്കും , പ്രഭാതസന്ധ്യപ്രാര്ഥനകൾക്കു പുറമേ അവർക്കുകിട്ടിയിരുന്ന സ്വകാര്യനിമിഷങ്ങൾ എന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു .
കോളേജ് പഠനകാലത്തു വെസ്റ്റേൺ മൂവികൾ പലതും കണ്ടിരുന്നത് അന്ന് തലസ്ഥാനനഗരിയിൽ കിഴക്കേകോട്ടയിലെ തീയേറ്ററുകളിൽ . ഫസ്റ്റ് ഷോയോ മാറ്റിനിയോ കണ്ടുകഴിഞ്ഞാൽ അന്നൊക്കെ തങ്ങിയിരുന്നത് ഈ അമ്മയുടെ വീട്ടിൽ . തിരികെ ആലപ്പുഴയ്ക്ക് 70 കിലോമീറ്ററുകൾ ബസിൽ . ചെല്ലുമ്പോൾ പൊങ്ങായ്ക്കുള്ള അവസാന ബസും പോയിക്കഴിഞ്ഞിരിക്കും . കൂടാതെ ആ അമ്മയുടെ മൂത്ത മകൻ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ . അല്പമൊക്കെ അശ്ലീലവും പടിഞ്ഞാറൻ സംസ്കാരത്തിന്റെ നിഷേധമനോഭാവുമൊക്കെ ഉൾക്കൊള്ളുന്ന സിനിമകൾ കണ്ടു തിരിച്ചുചെല്ലുന്ന ഞങ്ങൾക്ക് ഭക്ഷണവുമായി ആ അമ്മ കാത്തിരിക്കും . കാലത്തിന്റെ മാറ്റങ്ങൾക്കനുസൃതമായി മക്കളെ നിയന്ത്രിക്കാതെ നിയന്ത്രിച്ചിരുന്ന ആ അമ്മ ഒരിക്കലും ടാഗോറിന്റെയോ ടോൾസ്റ്റോയിയുടെയോ കൃതികൾ വായിച്ചിരുന്നില്ല .
അതങ്ങനെയാണ് ചിലർ , വായിക്കാതെ തന്നെ വായിച്ചിരിക്കും , പറയാതെ തന്നെ പറയും , കേൾക്കാതെ തന്നെ കേട്ടിരിക്കും , നിയന്ത്രിക്കാതെ നിയന്ത്രിക്കും . ഇവരെ നാം അറിയാതെ അമ്മയെന്ന് വിളിക്കും , നാമറിയാതെ ഇവരെ നാം സ്‌നേഹിച്ചുപോകും . കടകോണുകളിലൂടെ അവർ എന്നും നമ്മളെ കാണുകയും കടവായിലൂടെ സംസാരിച്ചുകൊണ്ടിരിക്കും നാം കേട്ടാലും ഇല്ലെങ്കിലും .
ഇവർക്കു നമ്മുടെ മനസ്സാകുന്ന ദേവാലയത്തിന്റെ അൾത്താരയിൽ പ്രധാന സ്ഥാനമുണ്ട് . ജനനം മുതൽ വളർച്ചയുടെ കൗമാരത്തിലെ നമ്മുടെ മനസ്സിൽ അവരുടെ രൂപം ദൈവങ്ങൾക്ക് സമാനമായി .

ഞാൻ അറിയാതെ തന്ന എന്റെ കൊച്ചുവീട്ടിൽ ലിവിങ് റൂമിൽ ഇതൊക്കെ കുത്തികുറിക്കുമ്പോഴുമെനിക്ക് കേൾക്കാം , ബെഡ്‌റൂമിൽ അല്പം വിശ്രമിക്കാനായി കിടന്ന സഹധര്മിണിയുടെ സെൽ ഫോണിലൂടെയുള്ള സംസാരം പേരകുട്ടികളുമായി . അവരുടെ സംസാരം കേട്ടാൽ ഈ അമ്മയുടെ എല്ലാ ക്ഷിണവും മാറും , കൂടുതൽ ഉത്സാഹവതിയാകും . മക്കളും കുടുംബവവും , അനിയത്തിയും കുടുംബങ്ങളും ഇന്നും നാളെയും മറ്റന്നാളുമായി വരുന്നതിന്റെ സന്തോഷത്തിലവർ എല്ലാം ഒരുക്കികൊണ്ടിരിക്കുന്നു . സാല്മനും , റെഡ് സ്നാപ്പെറുമൊക്കെ പുളിയിട്ടു കറിവച്ചു , ബീഫ് തേങ്ങാക്കൊത്തിട്ട് ഉലർത്തി , പച്ചടിയും മോരുകറിയും , അസ്പരാഗസ് തോരൻ , സാംബാർ, ഏത്തക്ക ഉലർത്തിയത് , ഉച്ചയൂണിനു എന്നെ പ്രോത്സാഹപ്പിച്ചു മക്കൾക്കിഷ്ടപെട്ട ടൊമാറ്റോ കറി , തൊടുകറികൾ കൂടെ രുചി നോൽക്കാൻ . ഇതൊക്കെ ഉണ്ടെങ്കിലും വെള്ളിയാഴ്ച്ച ഏല്ലാവരും ഒത്തുകൂടുമ്പോൾ പുറത്തുനിന്നു ഫുഡ് ഓർഡർ ചെയ്യാൻ അവൾ നിര്ദേശിച്ചിരുന്നതിന്റെ കാരണം അയാൾക്കറിയാമായിരുന്നു . അനുബന്തദിവസങ്ങളിൽ ഓരോരുത്തരായി വന്നു കയറുമ്പോൾ അവർക്കോരോരുത്തര്കും ഇഷ്ടമുള്ളത് നൽകുകയും , പ്രധാനദിവസം എല്ലാവര്ക്കും ഒരുപോലെ ഭക്ഷണം . അമ്മമാർക്ക് മാത്രമേ ഇതൊക്കെ ഡീറ്റൈൽ ആയി ചെയ്യാനും, കരുതാനും കഴിയു .

മഞ്ഞു വീഴുമെന്നും ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുമെന്നും വെതർ അങ്കേർസ് തുടർച്ചായി അറിയിപ്പുകൾ നല്കികൊണ്ടിരുന്നത് കൊണ്ട് കാലേകൂട്ടി വാങ്ങിപ്പിച്ചിരുന്നവൾ അത്യവിശ്യാ പലവ്യഞ്ജനങ്ങൾ . ഇവളുമൊരമ്മ , ഞങ്ങളുടെ മക്കൾക്കും പേരകുട്ടികൾക്കും അവരുടെ ആൽമാവിന്റെ ശ്രീ കോവിലിൽ പ്രതിഷ്ഠിക്കാൻ .
ഇടക്കിടെ ബ്ലൈൻഡ്‌സിനിടയിലൂടെ നോക്കുന്നവൾ , ഐസ് ഉരുകുന്നുണ്ടെയെന്നു ചൊദിക്കുന്നു .
നമ്മുടെയെല്ലാം വീടുകളിൽ ഇതുപോലൊരു അമ്മയുണ്ട് , ഒരിക്കലും പനി വരാത്തവർ , പനി വന്നാലും എല്ലാ പണിയും ചെയ്യുന്നവർ . ഉണ്ടായിരുന്നു ഇവർ എന്നും നമ്മോടു കൂടി . പലപ്പോഴും കണ്ടില്ലെന്നു നടിച്ചു നമ്മിൽ പലരും .

ഓർക്കണം എത്ര പ്രതാപിയും , സാധാരണക്കാരനും , കള്ളനും ,കൊലപാതകിയും മരിക്കുന്നതിന് തൊട്ടുമുൻപ് ഉച്ചരിക്കുന്ന , ഉച്ചരിക്കാൻ ആഗ്രഹിക്കുന്ന രണ്ടക്ഷരങ്ങൾ ഉണ്ട് “ ‘അമ്മ “ . ഇതുകഴിഞ്ഞേ ദൈവംപോലുമുള്ളു .
കണ്ടതല്ലേ ,കേട്ടതല്ലേ നാമൊക്കെ ടെലിവിഷനിൽ “ ജോർജ് ഫ്‌ലോയ്ഡിന്റെ “ മരണവെപ്രാളത്തിലുള്ള “ മാം മാം “ നിലവിളികൾ . വല്ലപ്പോഴുമൊക്കെ കൈവിരലുകൾ ഓടിക്കുക അവരവരുടെ പൊക്കിൾ ചുഴികളിൽ , ഇവിടെ ആരംഭിച്ച അമ്മയോടുള്ള ബന്ധം , ഓർമിപ്പിക്കും അവരെയും , നമ്മുടെ ചുമതലകളെയും .

പുറത്തിപ്പോഴും നേരിയ മഞ്ഞുമഴകൾ .

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ