ന്യൂയോർക്ക് “എൽക്സ് ലോഡ്‌ജ്‌” ട്രസ്റ്റീ ബോർഡ് അംഗമായി ജോസ് ജേക്കബ് തെക്കേടം ചുമതലയേറ്റു

sponsored advertisements

sponsored advertisements

sponsored advertisements

10 April 2022

ന്യൂയോർക്ക് “എൽക്സ് ലോഡ്‌ജ്‌” ട്രസ്റ്റീ ബോർഡ് അംഗമായി ജോസ് ജേക്കബ് തെക്കേടം ചുമതലയേറ്റു

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: സഹാനുഭൂതി, നീതിന്യായം, സാഹോദര്യ സ്നേഹം, വിശ്വസ്തത എന്നിവക്ക് പ്രാധാന്യമേകി 1868 ഫെബ്രുവരി 16-നു ന്യൂയോർക്ക് സിറ്റിയിൽ രൂപം കൊണ്ട സംഘടനയാണ് “എൽക്സ് ലോഡ്‌ജ്‌”. ഇപ്പോൾ രണ്ടായിരത്തിലധികം ശാഖകളായി അമേരിക്ക മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന ഈ സംഘടനയിലെ 2107-നമ്പർ ശാഖയായ ന്യൂഹൈഡ് പാർക്ക് – നോർത്ത് ഷോർ ശാഖയുടെ ഗ്രാൻഡ് ട്രസ്റ്റീ ബോർഡ് അംഗമായി ജോസ് ജേക്കബ് തെക്കേടം ചുമതലയേറ്റു. ന്യൂ ഹൈഡ് പാർക്ക് ലേക്‌വിൽ റോഡിലുള്ള എൽക്സ് ലോഡ്‌ജ്‌ ആസ്ഥാന മന്ദിരത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ 3 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നൂറോളം ലോഡ്‌ജ്‌ അംഗങ്ങളുടെ നിറ സാന്നിധ്യത്തിലാണ് പ്രൗഡ്ഢ ഗംഭീരമായ സ്ഥാനാരോഹണ ചടങ്ങു നടന്നത്.

ലോഡ്ജിൻറെ ഈ ശാഖയിൽ പ്രസ്തുത സ്ഥാനത്തു എത്തുന്ന ആദ്യ മലയാളിയാണ് ജോസ് ജേക്കബ്. കഴിഞ്ഞ അഞ്ചു വർഷമായി എൽക്സ് അംഗത്വമുള്ള ജോസ്, രണ്ടാമത്തെ വർഷം മുതൽ വിവിധ ഔദ്യോഗിക പദവി വഹിച്ചു വരുന്നു. ഒരു സംഘടനയുടെ പ്രസിഡണ്ട് പദവിക്ക് തുല്യമായ “ഗ്രാൻഡ് എക്സോൾട്ടഡ് റൂളർ” അഥവാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവി കഴിഞ്ഞ ഒരു വർഷം ഭംഗിയായി നിർവഹിച്ചതിനു ശേഷമാണ് ഗ്രാൻഡ് ട്രസ്റ്റീ ബോർഡ് അംഗമായത്. ഇപ്പോഴുള്ള ട്രസ്റ്റീ ബോർഡ് അംഗം എന്ന സ്ഥാനം അഞ്ചു വർഷത്തേക്കു കാലാവധിയുള്ളതാണ്. ലോഡ്ജിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് എട്ട് അംഗങ്ങൾ അടങ്ങുന്ന ഗ്രാൻഡ് ട്രസ്റ്റീ ബോർഡാണ്.

ഒന്നര നൂറ്റാണ്ടിലധികമായി അമേരിക്കയുടെ എല്ലാ സംസ്ഥാനങ്ങളിലുമായി പതിനായിരക്കണക്കിന് അംഗങ്ങളുമായി സാമൂഹിക-സാഹോദര്യ-സൗഹൃദ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന എൽക്സ് ലോഡ്‌ജ്‌ ഇപ്പോൾ വർഷംതോറും ഏകദേശം 80 മില്യൺ ഡോളറിന്റെ സാമൂഹിക പ്രവർത്തനങ്ങളാണ് കാഴ്ചവച്ചു വരുന്നത്. ലോക്കൽ അമേരിക്കൻ വെള്ളക്കാരുടെ പ്രാധിനിത്യമുള്ള എൽക്സ് ലോഡ്‌ജിൽ മലയാളികൾക്കോ ഇന്ത്യക്കാർക്കോ വളരെ വിരളമായേ അംഗത്വം ലഭിച്ചിട്ടുള്ളൂ. റോട്ടറി ക്ലബ്ബ് ലയൺസ് ക്ലബ്ബ് മുതലായ ക്ലബ്ബ്കൾ പോലെയുള്ള ഒരു സംഘടനയാണെങ്കിലും വളരെ വ്യത്യസ്തമായ പ്രവർത്തന ശൈലിയാണ് എൽക്സിനുള്ളത്. എൽക്സിന്റെ ഏതെങ്കിലും ഒരു ലോഡ്ജിൽ അംഗത്വം ഉണ്ടെങ്കിൽ, പ്രസ്തുത അംഗത്വ കാർഡുമായി അലാസ്ക, ഹവായ്, ഗുവാം, പനാമ, പ്യൂർട്ടോ റിക്കോ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുൾപ്പെടെ രണ്ടായിരത്തിലധികം സിറ്റികളിലായി വ്യാപിച്ചു കിടക്കുന്ന ഏതൊരു സ്ഥലത്തെയും എൽക്സ് ലോഡ്ജിൽ അംഗത്തിന് സന്ദർശിക്കാവുന്നതാണ്.

മുപ്പതിലധികം വർഷമായി ന്യൂയോർക്കിൽ റിയൽ എസ്റ്റേറ്റ് ബിസ്സിനെസ്സ് ഉൾപ്പെടെ പലവിധ ബിസിനസ്സുകൾ നടത്തി വരുന്ന ജോസ് തെക്കേടം ലോങ്ങ് ഐലൻഡ് മലയാളീ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. “Avion Mart” എന്ന ഓൺലൈൻ ഗ്രോസറി സ്റ്റോറിന്റെ സി.ഇ.ഓ. ആയി ഇപ്പോൾ ബിസിനസ്സ് ചെയ്യുന്ന ജോസ് നല്ലൊരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്.