നാട്ടു നാട്ടു…ഏറ്റുപാടുന്നത്‌ യാസീന്റെ മധുര ശബ്ദം; കൈരളിടിവി ഗന്ധർവ സംഗീത വിജയി

sponsored advertisements

sponsored advertisements

sponsored advertisements


14 March 2023

നാട്ടു നാട്ടു…ഏറ്റുപാടുന്നത്‌ യാസീന്റെ മധുര ശബ്ദം; കൈരളിടിവി ഗന്ധർവ സംഗീത വിജയി

ജോസ് കാടാപുറം

നാട്ടു നാട്ടു’വിലുണ്ട്‌ കൊല്ലം ടച്ച്‌ ; ആർ ആർ ആർ സിനിമയുടെ തമിഴ്, മലയാളം പതിപ്പുകളിൽ നാട്ടു നാട്ടു പാട്ട്‌ പാടിയത്‌ കൊല്ലം കൊട്ടിയം സ്വദേശി..ഇന്ത്യ ഓസ്‌കറിൽ മുത്തമിട്ടപ്പോൾ മലയാളി “നാട്ടു നാട്ടു…’ പാട്ട്‌ ഏറ്റുപാടുന്നത്‌ കൊല്ലത്തെ യുവഗായകൻ യാസീന്റെ മധുര ശബ്ദം. ആർ ആർ ആർ സിനിമയുടെ തമിഴ്, മലയാളം പതിപ്പുകളിൽ നാട്ടു നാട്ടു പാട്ട്‌ പാടിയത്‌ കൊട്ടിയം സ്വദേശി യാസീൻ നിസാറാണ്‌. ലോസ് എയ്ഞ്ചലസിലെ ഹോളിവുഡ്‌ ഡോൾബി തിയറ്ററിൽ നാട്ടു നാട്ടു പാട്ടിന്‌ ഈണം നൽകിയ എം എം കീരവാണി ഓസ്‌കർ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ മലയാളക്കരയാകെ ഓർത്തെടുത്തത്‌ യാസീന്റെ ശബ്ദമാണ്‌.

കൈരളി ഗന്ധർവ സംഗീതം ജൂനിയർ മത്സരത്തിൽ വിജയിച്ച് കൊല്ലത്തിന്റെ സംഗീതപ്പെരുമ അടയാളപ്പെടുത്തിയ യാസീൻ, ബാഹുബലി 2, സീതാരാമം സിനിമകളുടെ മലയാളം പതിപ്പിൽ പാടിയ പാട്ടുകൾ ന്യൂജൻ ഹരങ്ങളാണ്. പരേതനായ നിസാറിന്റെയും നാസിയയുടെയും മകനായ യാസീൻ സ്‌കൂൾ, കോളേജ് വിദ്യാഭ്യാസവും സംഗീത പഠനവും കൊല്ലത്ത് തന്നെയായിരുന്നു. ഉമയനല്ലൂർ വീണാകുമാരിയാണ് സംഗീതത്തിൽ ആദ്യഗുരു. കൊല്ലം നൗഷാദ് ബാബു, രാജേഷ്, മയ്യനാട് ശ്രീകുമാർ എന്നിവരിൽനിന്നും പാട്ട്‌ പഠിച്ചു. കുറച്ചുകാലം പണ്ഡിറ്റ് രമേഷ് നാരായണന്റെ ശിഷ്യനായി. കൊല്ലം എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ പഠിക്കുമ്പോഴാണ് 2002ൽ ഗന്ധർവസംഗീതത്തിൽ വിജയിയായത്. തുടർന്ന് സിബിഎസ്‌ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രതിഭയായി. കൊല്ലം എസ്എൻ കോളേജിൽ ബിരുദ പഠനത്തിനുശേഷം ചെന്നൈയിൽ എംബിഎക്ക്‌ ചേർന്നതോടെ അവിടുത്തെ പ്രശസ്ത സ്റ്റുഡിയോകളിൽ യാസീന്റെ ശബ്ദവും മുഴങ്ങി.

എ ആർ റഹ്മാൻ, ഇളയരാജ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള യാസീൻ തമിഴിലെയും കന്നടയിലെയും തിരക്കേറിയ ഗായകനാണിപ്പോൾ. മലയാളം ഉൾപ്പെടെ അറുനൂറിലേറെ ഗാനങ്ങൾ ആലപിച്ചു. ഇപ്പോൾ കൊട്ടിയത്ത് അമ്മയോടൊപ്പമാണ് താമസമെങ്കിലും മിക്കപ്പോഴും ചെന്നൈയിൽ സംഗീതത്തിരക്കിലാകും. സഹോദരി: അസ്മിൻ.