രണ്ടു മിശിഹാമാരുടെ ലോകകപ്പ് (ജോസ് കാടാപുറം)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 December 2022

രണ്ടു മിശിഹാമാരുടെ ലോകകപ്പ് (ജോസ് കാടാപുറം)

ജോസ് കാടാപുറം

ചാമ്പ്യൻമാർ പിറന്ന രാത്രി ഞാൻ വീണ്ടും മല മുകളിലേക്ക് പോയി അവിടെ ഏകാന്തതയിൽ കളി കഴിഞ്ഞു ഒഴിഞ്ഞ ഗാലറിയിൽ ജീവിച്ച തീർത്ത മനുഷ്യന്മാരെ ഓർക്കാനുണ്ടായിരുന്നു മരുഭൂമിയിൽ കണ്ണീർ വീഴുമെന്നുറപ്പായിരുന്നു , അത് സന്തോഷത്തിന്റേതായാലും സങ്കടത്തിന്റേതായാലും.അർജന്റീനയെ ചാമ്പ്യൻമാരാക്കിയ മെസ്സി ഇടർച്ചയോടെ ആരംഭിച്ചിടത്തു നിന്നെല്ലാം മെസ്സി പിന്നീട് ഗോപുരങ്ങൾ പടുത്തുയർത്തിയ കാഴ്ചയാണ് മരുഭൂമിയിൽ കണ്ടത് ..മെസ്സിയുടെ കാലുകൾ നേടിയ മൂന്നാമത്തെ ഗോൾ ഒരുപക്ഷെ പിറക്കുക ഇല്ലായിരുന്നു. ലോകം മുഴുവൻ എഴുന്നേറ്റു നിന്നു കളികണ്ട ആ നിമിഷത്തിൽ അത്രയധികം കൈയടി അതിനുനേർക്ക് ചൊരിയില്ലായിരുന്നു. പെനാൽറ്റികളുടെ മാത്രം മിശിഹാ എന്ന പരിഹാസത്തിന്റെ മുള്ളും മുനയും ഒടിഞ്ഞു നിലത്തുവീഴില്ലായിരുന്നു. സകല കാൽക്കുറ്റപ്പാടുകളെയും മുൾക്കിരീടങ്ങളെയും എടുത്തുമാറ്റി മെസ്സിയെ ലോകത്തിന്റെ നെറുകയിൽ വാഴിച്ച കാലമേ, നിനക്കു സ്തുതി.
മെസ്സിക്കു വേണ്ടി ഞാൻ ജീവൻ നൽകും, എനിക്കു അയാൾക്കുവേണ്ടി മരിക്കണം എന്ന് പറഞ്ഞ സഹ കളിക്കാർ…
തന്റെ കാലുകൾക്കു വഴങ്ങാത്ത ഒരു കാല്പന്തുകിരീടവും ഈ ലോകത്തു ബാക്കിയില്ല എന്നെഴുതിച്ചേർത്തിരിക്കുന്നു!!അവരാണ് അർജന്റീനയെ അത്ഭുതങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത്, അവർ കളിക്കുന്നത് അർജന്റീനയ്ക്കു വേണ്ടി മാത്രമല്ല, അവരുടെ മെസ്സിക്കു വേണ്ടികൂടിയാണ്. അടുത്ത ലോകകപ്പിൽ മെസ്സി കൂടെ കളിക്കാനില്ല എന്നത് അവർ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത യാഥാർഥ്യമാണ്. എങ്കിലും അവർ കൈയും മെയ്യും മറക്കുകയാണ്, അവരുടെ കുട്ടിക്കാല നായകന്റെ ഫുട്‍ബോൾ ജീവിതത്തെ അനശ്വരമാക്കാൻ.
ഞങ്ങൾ കളിക്കുന്നത് ഞങ്ങൾ ഇടുന്ന ഇളംനീല ജഴ്‌സിക്കു വേണ്ടിയാണ്, എന്നാൽ മെസ്സിക്കു വേണ്ടി കൂടിയാണ് – റോഡ്രിഗോ ഡീപോൾ. ഞങ്ങൾ ഈ ലോകകപ്പ് നേടിയാൽ, ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുക എനിക്കുവേണ്ടി ആയിരിക്കില്ല, മെസ്സിക്കു വേണ്ടിയാവും – ലിയാൻഡ്രോ പരേഡിസ്. എനിക്ക് അയാൾക്കെന്റെ ജീവൻ നൽകണം, അയാൾക്കുവേണ്ടി എനിക്കു മരിക്കണം ഇതിൽ കൂടുതൽ ഒരു ക്യാപ്റ്റന് വേണ്ടി രക്തംകൊടുക്കണോ കൂട്ട് കളിക്കാർ …

ഇനി ഞങ്ങളോട് അർജന്റീനയും ലുസെയ്‌ൽ സ്‌റ്റേഡിയവും ഒരുപോലെ ഞെട്ടിയ നിമിഷത്തെ കുറിച്ച് പറഞ്ഞാലും അധികസമയത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. എമിലിയാനോ മാർട്ടിനെസ്‌ എന്ന ഗോൾ കീപ്പർ ഈ ലോകകപ്പിൽ എന്തുകൊണ്ട്‌ അർജന്റീനയുടെ വീരനായകനായി എന്ന്‌ അടയാളപ്പെടുത്തിയ നിമിഷം. മധ്യവരയ്‌ക്ക്‌ മുന്നിൽനിന്ന്‌ പന്ത്‌ ഉയർന്ന്‌ അർജന്റീന ബോക്‌സനരികെ വീണപ്പോൾ മുവാനിയുടെ കാലുകൾ കുതിച്ചു. ബോക്‌സിലേക്ക്‌ കടന്നു. ഒറ്റ ഷൂട്ടിൽ ഫ്രാൻസിനെ ചാമ്പ്യൻമാരാക്കാനും അർജന്റീനയെ തകർക്കാനും പറ്റുന്ന നിമിഷം. അവിശ്വസനീയമായ നീക്കത്തിലൂടെയാണ്‌ മാർട്ടിനെസ്‌ അത്‌ തടഞ്ഞത്‌. ഷൂട്ടൗട്ടിൽ വീര്യം പകർന്നത്‌ ആ ആത്മവിശ്വാസമായിരുന്നു ..ആറടി അഞ്ച് ഇഞ്ച് നീളത്തിൽ ആകാശത്തോളം നീളുന്ന ഇയാളുടെ കൈയിൽ തുളച്ചു കയറുന്ന ഗോളുകൾ എളുപ്പമല്ല ഇയാൾ തന്നെയാണ് മികച്ച ഗോളി ,,,,

ഇനി ഞങ്ങളോട് ഫ്രാൻസിന്റെ പോരാളിയെ കുറിച്ച് പറഞ്ഞാലും എമി മാർട്ടിനസ് എന്ന ഈ ലോകകപ്പിലെ ഏറ്റവും വിശ്വസ്തനായ ഗോളിക്കു മുന്നിൽ ആദ്യത്തെ പെനാൽറ്റി എടുക്കാൻ നിൽക്കുമ്പോൾ പോലും അയാൾ പതറിയില്ല. മെസ്സിയുടെ വഴിയേ അയാൾ ഫ്രാൻസിനെ പോരാട്ടത്തിലേക്കു നയിച്ചു. രണ്ടാമത്തെ ഗോൾ ഒരു ശസ്ത്രക്രിയ പോലെ സൂക്ഷ്മവും കൃത്യവും ആയിരുന്നു. അപ്പോൾ അർജന്റീനയുടെ ഗ്യാലറികളിൽ രക്തം വാർന്നു.അഭിനന്ദനങ്ങൾ എംബാപ്പെ, നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഫുട്‍ബോൾ ഇത്രയും മനോഹരമായൊരു കളി ആകുമായിരുന്നില്ല. നിങ്ങളുടെ ഗോളുകളോടുള്ള ഈ അഭിനിവേശം ഇല്ലായിരുന്നെങ്കിൽ ഈ ഫൈനൽ ഇത്രയും ത്രസിപ്പിക്കുന്ന ഒരു അനുഭവം ആകുമായിരുന്നില്ല.
തോൽക്കാൻ വിടാതെ നിങ്ങൾ അടിമുടി പൊരുതിനിന്നതിന്റെ പൊരുളാണ് കാല്പന്തിന്റെ സത്യവും മഹത്വവുംഅത്രയും സന്തോഷഭരിതമായ ഈ രാത്രിയിൽ ഈ മനുഷ്യന്റെ കണ്ണീരാനന്ദത്തെ രേഖപ്പെടുത്താതെ പോകുന്നതെങ്ങനെ.
എക്സ്ട്രാ ടൈം അവസാനിക്കുന്നതിനു തൊട്ടുമുൻപുള്ള ആ സേവ് ഇല്ലായിരുന്നെങ്കിൽ നീലക്കടലുകൾ മുഴുവൻ നിലച്ചുപോയേനെ. ഫൈനൽ കഴിഞ്ഞു എന്നുകരുതിയ ഒന്നാം പകുതിയിൽ നിന്നും എംബാപ്പേ രണ്ടാംപകുതിയെ ശരിക്കും ഫൈനലാക്കി നീട്ടിയെഴുതി. അടിച്ചും തിരിച്ചടിച്ചും ചങ്കിടിപ്പ് കരകവിഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് അത് സംഭവിക്കുന്നത്, കപ്പെന്നുറപ്പിച്ച ഫ്രാൻസിന്റെ കിക്ക് മാർട്ടിനസ് തടുത്തിട്ടു…. എംബാബെ കളിയുടെ മികവിൽ നിങ്ങൾക്കു ഗോൾഡൻ ബൂട്ട് സമ്മാനം കിട്ടി പക്ഷെ നിങ്ങൾ ലോകകപ്പ് കിരീടം നേടിയവരെ അഭിനന്ദിക്കാൻ മറന്നത്
യൂറോപ്പിന്റെ നന്മക്കു നേരെ ചെറുപ്പത്തിന്റെ അപക്വതയാണ് എന്നാലും ഭാവി എംബാപ്പേ നിങ്ങളുടേതാണ് …

ഇനി മലമുകളിൽ നിന്നറങ്ങി മരുഭൂമിയിലേ “വീട്ടുകാരാനെ” കുറിച്ച് പറയണം അത് മറ്റാരുമല്ല അത്രമേൽ തീവ്രമായ ഒരു സ്വപ്നത്തെ, അങ്ങേയറ്റത്തെ പൂർണ്ണതയിൽ സാക്ഷാത്കരിച്ച ഖത്തറിൻ്റെ ഭരണാധികാരി, ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി അല്ലാതെ മറ്റാരാണ് ഇന്നലത്തെ രാത്രിയുടെ അവകാശി?. ഒരു വ്യാഴവട്ടക്കാലം ഒരു രാജ്യം കണ്ട മഹാ സ്വപ്നത്തെ ഏറ്റവും മികച്ച രീതിയിൽ, ലോകത്തിൻ്റെ മൊത്തം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന തരത്തിൽ പൂർത്തിയാക്കിയ ഭരണപാടവമാണ് ഖത്തറിൻ്റെത്.ലോക ഫുട്ബോളിൻ്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ചതെന്ന് എല്ലാ അർത്ഥത്തിലും ലോകം വാഴ്ത്തുന്ന “ഫിഫ ലോകകപ്പ് 2022” ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഖത്തറിൻ്റെ ഊദ് മണക്കുന്ന കാറ്റിനൊപ്പം ബാക്കിയാവുന്ന നനുത്ത ഓർമ്മയായ് അവശേഷിക്കും. തീർച്ച. അതിനാൽ, ആവർത്തിക്കുന്നു, ഇന്നലെ രാത്രി ലോകത്ത് ഏറ്റവും സന്തോഷത്തോടെ ഉറങ്ങിയത് അദ്ദേഹമായിരിക്കും. അത്രമേൽ തീവ്രമായ ഒരു സ്വപ്നത്തെ, അങ്ങേയറ്റത്തെ പൂർണ്ണതയിൽ സാക്ഷാത്കരിച്ച ഖത്തറിൻ്റെ പ്രിയപ്പെട്ട ഭരണാധികാരി…ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി…ലോകകപ്പിനായി നിർമിച്ച എട്ട്‌ സ്‌റ്റേഡിയങ്ങളായിരുന്നു പ്രധാന സവിശേഷത. ലോകത്തെ ഏത്‌ കളിമുറ്റങ്ങളെയും വെല്ലുന്നതായിരുന്നു. മുഴുവൻ സ്‌റ്റേഡിയങ്ങളും നിറഞ്ഞുകവിഞ്ഞു. കളി കഴിഞ്ഞിറങ്ങിപ്പോകുന്ന ആരാധകരെ ഉൾക്കൊള്ളാൻ നഗരങ്ങൾക്ക്‌ സാധ്യമാകുമോയെന്നായിരുന്നു അടുത്ത ചോദ്യം. എന്നാൽ, ഭൂഗർഭ മെട്രോ എല്ലാം മാറ്റിമറിച്ചു. ഒരു ദിവസം നാല്‌ കളിയുള്ളപ്പോഴും ഖത്തറിലെ നഗരങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടില്ല.
കിക്കോഫിന്റെ തലേന്ന്‌ യൂറോപ്പിനെയും മാധ്യങ്ങളെയും കടുത്ത ഭാഷയിലാണ്‌ ഫിഫ പ്രസിഡന്റ്‌ ഇൻഫാന്റിനോ വിമർശിച്ചത്‌. മനുഷ്യാവകാശപ്രശ്‌നങ്ങൾ ഇല്ലാത്ത ഏത്‌ യൂറോപ്യൻ രാജ്യമാണുള്ളതെന്നായിരുന്നു ചോദ്യം. എല്ലാവരും ഇനി കളിയിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ വിമർശങ്ങൾ കുറഞ്ഞു. കളി തുടങ്ങിയതോടെ നേരിയ എതിർപ്പും ഇല്ലാതായി.
ഒന്നിനൊന്ന്‌ മെച്ചമുള്ള കളികൾ എല്ലാ വിഷയങ്ങളെയും മായ്‌ച്ചുകളഞ്ഞു. 29 ദിവസം 64 കളികൾ നടന്നിട്ടും ഒരു പരാതിയും ഉണ്ടായില്ല. കളിക്കാർക്ക്‌ ഖത്തറിലെ ചൂട്‌ പ്രശ്‌നമാകുമെന്ന്‌ പറഞ്ഞപ്പോൾ സ്‌റ്റേഡിയങ്ങൾ ശീതീകരിച്ചായിരുന്നു മറുപടി. അതിന്റെ ആനുകൂല്യം കളിക്കാർക്ക്‌ മാത്രമല്ല, കാണികൾക്കും കിട്ടി. ആർക്കും വിയർത്തുകുളിച്ച്‌ കളി കാണേണ്ടിവന്നില്ല.ചെറിയ രാജ്യത്ത്‌ വലിയ ലോകകപ്പ്‌ എങ്ങനെ സാധ്യമാകുമെന്നായിരുന്നു ആദ്യ ചോദ്യം. 12 വർഷംമുമ്പ്‌ ലോകകപ്പ്‌ സമ്മാനിച്ച അന്നത്തെ ഫിഫ പ്രസിഡന്റ്‌ സെപ്‌ ബ്ലാറ്റർതന്നെ അത്‌ തെറ്റായ തീരുമാനമായിരുന്നുവെന്ന്‌ പറഞ്ഞു. ലോകകപ്പിന്‌ തൊട്ടുമുമ്പായിരുന്നു ബ്ലാറ്ററുടെ ഏറ്റുപറച്ചിൽ.
ഖത്തറിനെതിരെ കടുത്ത നിലപാട്‌ എടുത്ത യൂറോപ്യൻ മാധ്യമങ്ങൾക്ക്‌ ഇത്‌ ആഘോഷമായി. പക്ഷേ, കളി നടത്തി ഖത്തർ കളം പിടിച്ചു. തുടക്കംമുതൽ അവരുടെ എല്ലാ മറുപടിയും പ്രവൃത്തിയിലൂടെയായിരുന്നു.

രണ്ടു മിശിഹാമാരുടെ ലോകകപ്പ് ഒരാളെ നാട്ടുകാരനായ ഫ്രാൻസിസ് മാര്പ്പാപ്പ പുണ്യാളനായി പ്രഖ്യാപിക്കണം മെസ്സി മിശിഹാ… മറ്റൊരാൾ സംഘാടന മികവ് കൊണ്ട് ലോകത്തെ ഞെട്ടിച്ച ഖത്തറിൻ്റെ പ്രിയപ്പെട്ട ഭരണാധികാരി…ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി –
ഇടവേളക്കു വേണ്ടി യാത്ര പറയുകയാണ് -ഇനി നമ്മുക്ക് 2026 ൽ ഇവിടെ അമേരിക്കയിൽ കാണാം ലോക ഫുട്‌ബോളിലെ സൂപ്പർതാരങ്ങളായ ലയണൽ മെസിയും നെയ്‌മറും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ലൂകാ മോഡ്രിച്ചും കളിച്ച അവസാന ലോകകപ്പാണിത്‌. ഇവരുടെ പിൻഗാമികളാകാൻ വലിയൊരു യുവനിര വളർന്നുവരുന്നുണ്ട്‌. കിലിയൻ എംബാപ്പെയെപ്പോലുള്ള കിടിലൻ സ്‌ട്രൈക്കർമാർ ലോകം കീഴടക്കുമെന്ന്‌ വ്യക്തമായി. അതിനാൽ ഫുട്‌ബോളിന്റെയോ ലോകകപ്പിന്റെയോ ആരവം അവസാനിക്കുന്നില്ല. അത്‌ മനുഷ്യനുള്ളിടത്തോളം കാലം ജീവിതത്തിന്റെ ഭാഗമായി തുടരും.ഈ കപ്പ് ആരെയാണ് മോഹിപ്പിക്കാത്തത്, ആരുടെയൊക്കെ കിനാവുകളിലാണ് നിറയാത്തത്!.

ജോസ് കാടാപുറം