ഡോണള്‍ഡ് ട്രംപിന് വിലക്കേര്‍പ്പെടുത്തുവാന്‍ ഹൗസ് കമ്മിറ്റി ശിപാര്‍ശ (ജോസ് കല്ലിടിക്കില്‍)

sponsored advertisements

sponsored advertisements

sponsored advertisements

26 December 2022

ഡോണള്‍ഡ് ട്രംപിന് വിലക്കേര്‍പ്പെടുത്തുവാന്‍ ഹൗസ് കമ്മിറ്റി ശിപാര്‍ശ (ജോസ് കല്ലിടിക്കില്‍)

ജോസ് കല്ലിടിക്കില്‍
2020 നവംബര്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഫലം അട്ടിമറിക്കുവാന്‍ 2021 ജനുവരി 6-ന് യു.എസ് കോണ്‍ഗ്രസ്സില്‍ അരങ്ങേറിയ കലാപത്തിന് ഉത്തരവാദിയായി മുന്‍പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപാണെന്ന് കണ്ടെത്തിയ ഹൗസ് അന്വേഷണ കമ്മിറ്റി അദ്ദേഹത്തിന് ഭാവി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തണമെന്ന് യു.എസ്. കോണ്‍ഗ്രസ്സിന് ശിപാര്‍ശ നല്‍കി.
18 മാസം നീണ്ടുനിന്ന കമ്മിറ്റിയുടെ അന്വേഷണത്തിന് ശേഷം ഡിസംബര്‍ 22-നു വ്യാഴാഴ്ച പ്രതിനിധിസഭയ്ക്ക് സമര്‍പ്പിച്ച 814 പേജുള്ള ബൃഹത് റിപ്പോര്‍ട്ടില്‍ സമാനമായൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ 11 ശിപാര്‍ശകള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഏതാനും ദിവസംമുമ്പ് അന്വേഷണ കമ്മിറ്റി യു.എസ്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസിന് നല്‍കിയൊരു ശിപാര്‍ശയില്‍ ഡോണള്‍ഡ് ട്രംപിനും അദ്ദേഹത്തിന്‍റെ ഏതാനും കൂട്ടാളികള്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളും രണ്ട് റിപ്പബ്ലിക്കന്‍ അംഗങ്ങളും ഉള്‍പ്പെട്ട അന്വേഷണ ഹൗസ് കമ്മിറ്റിയില്‍ ഡെമോക്രാറ്റിക് റെപ്ര. ബന്നി തോംസണ്‍ അദ്ധ്യക്ഷനായും റിപ്പബ്ലിക്കന്‍ റെപ്ര. ലിസ് ചെയ്നി ഉപാദ്ധ്യക്ഷയായും പ്രവര്‍ത്തിച്ചു.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടൊരു മുന്‍ പ്രസിഡണ്ടിനെതിരെയുള്ള അന്വേഷണവും തുടര്‍ നടപടികളും സൃഷ്ടിക്കാവുന്ന വെല്ലുവിളികള്‍ വ്യക്തമായി ധരിച്ചിരുന്ന അന്വേഷണ കമ്മിറ്റി ആയിരത്തിലധികം സാക്ഷികളെ വിസ്തരിക്കുകയും അനേകായിരം ഔദ്യോഗിക രേഖകള്‍ പരിശോധിക്കുകയുമുണ്ടായി. ഇതില്‍ ദേശം മുഴുവന്‍ തല്‍ക്ഷണം സംപ്രേഷണം ചെയ്ത 10 പരസ്യ തെളിവെടുപ്പും ഉള്‍പ്പെടും.
ഡോണള്‍ഡ് ട്രംപിനോട് അടുത്ത് ഇടപഴകിയിരുന്ന വൈറ്റ് ഹൗസ് ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍, 2020 തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അദ്ദേഹം നടത്തിയ ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ കമ്മിറ്റി മുമ്പാകെ വെളിപ്പെടുത്തി. അധികാര കവര്‍ച്ചയിലൂടെ ഒരു വ്യക്ത്യധിഷ്ഠിത സ്വേച്ഛാധിപത്യ ഭരണം അമേരിക്കയില്‍ സ്ഥാപിക്കുകയായിരുന്നു ഡോണള്‍ഡ് ട്രംപ് ലക്ഷ്യമിട്ടത്. പ്രസ്തുത ഗൂഢ ശ്രമമാണ് ഒരു സുരക്ഷാ ഉദ്യോഗസ്ഥനുള്‍പ്പെടെ ഏഴു പേരുടെ മരണത്തിനും വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ്, ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി എന്നിവര്‍ക്കെതിരെ കൊലവിളി ഉയര്‍ന്നതിനും നിരവധി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രാണരക്ഷക്കായി നേട്ടോടമോടേണ്ടി വന്നതിനും കാരണമായ 2021 ജനുവരി ആറ് ക്വാപിറ്റോള്‍ കലാപ ദുരന്തത്തിന് കാരണമായത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ അധികാരത്തില്‍ തുടരുവാന്‍ ഡോണള്‍ഡ് ട്രംപ് നടത്തിയ അധാര്‍മ്മിക നടപടികള്‍ അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട്. അവയില്‍ നിരവധി സംസ്ഥാന അധികൃതരോടൊപ്പം അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍, വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ്, എന്നിവരോടെല്ലാം ജോ ബൈഡന് അനുകൂലമായി ലഭിച്ച ജനവിധി തനിക്കനുകൂലമാക്കാന്‍ ട്രംപ് കൈക്കൊണ്ട സമ്മര്‍ദ്ദതന്ത്രങ്ങളും ഉള്‍പ്പെടും. ജനങ്ങളാല്‍ തിരസ്കരിക്കപ്പെട്ടൊരു സ്വേച്ഛാധിപതിക്ക് അധികാരത്തില്‍ തുടരുവാന്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ പിടിച്ചെടുത്തും അക്രമവും കലാപവും അഴിച്ച്വിട്ടും നടത്തുന്ന ശ്രമങ്ങള്‍ വിഫലമാക്കാന്‍ തക്ക കരുത്ത് അമേരിക്കന്‍ ജനാധിപത്യം ആര്‍ജിച്ചിട്ടുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ധ്യക്ഷന്‍ റെപ്ര. ബെന്നി തോംസണ്‍ അഭിപ്രായപ്പെട്ടു.
2021 ജനുവരി ആറിനു ക്യാപിറ്റോള്‍ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ അന്വേഷണ കമ്മിറ്റി നല്‍കിയിട്ടുള്ള 11 ശിപാര്‍ശകളില്‍ ഇവയും ഉള്‍പ്പെടും.
1) ഇലക്ടറല്‍ വോട്ട് കൗണ്ട് ആക്ടില്‍ അതത് സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലവും പട്ടികയും തിരുത്തുവാന്‍ വൈസ് പ്രസിഡണ്ടിന് അധികാരമില്ലെന്ന് വ്യക്തമാക്കണം.
2) തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്ന വൈറ്റ് നാഷണലിസ്റ്റ് പോലുള്ള ഭീകര പ്രസ്ഥാനങ്ങളെ ചെറുക്കുവാനായി ഫെഡറല്‍ നിയമ സംരക്ഷണ വിഭാഗം വികസിപ്പിക്കണം.
3) ഓരോ നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ ഇലക്ട്രറല്‍ വോട്ട് എണ്ണല്‍, നാഷണല്‍ സ്പെഷ്യല്‍ സെക്യൂരിറ്റി ഇവന്‍റ് ആയി പ്രഖ്യാപിച്ച് പ്രസിഡണ്ടിന്‍റെ സത്യപ്രതിജ്ഞക്കും സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രഭാഷണത്തിനും നല്‍കുന്ന സുരക്ഷ ഏര്‍പ്പെടുത്തണം.
അമേരിക്കന്‍ ഭരണഘടനയുടെ പതിനാലാം ഭേദഗതിയില്‍ ദേശത്തിനെതിരെ കലാപത്തിനാഹ്വാനം നല്‍കുകയോ, കലാപത്തില്‍ പങ്കെടുക്കുകയോ, ദേശദ്രോഹികളെ തുണയ്ക്കുകയോ വഴി വ്യക്തികള്‍ ഭരണവ്യവസ്ഥയുടെ ഭാഗമായ പദവികള്‍ക്ക് അനര്‍ഹരാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഡോണള്‍ഡ് ട്രംപിന് ഭാവി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് അന്വേഷണ കമ്മിറ്റി യു.എസ്. ഹൗസിന് ശിപാര്‍ശ നല്‍കി. ക്യാപിറ്റോള്‍ ആക്രമണത്തിന് ആഹ്വാനം നല്‍കുന്ന അദ്ദേഹത്തിന്‍റെ പ്രസംഗത്തിനൊപ്പം ക്യാറ്റോളില്‍ ഭീകരാന്തരീക്ഷം തുടരുമ്പോള്‍ ഡോണള്‍ഡ് ട്രംപിന്‍റെ സഹായിയും സ്പീച്ച് റൈറ്ററുമായ ഗബ്രിയേല്‍ റോബര്‍ട്ട് കലാപകാരികള്‍ക്ക് അയച്ചൊരു സന്ദേശവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രസ്തുത സന്ദേശത്തില്‍ അക്രമകാരികള്‍ക്ക് ആവേശം പകരുവാന്‍ പ്രസിഡണ്ട് ട്രംപ് ക്യാപിറ്റോള്‍ ആക്രമം വീക്ഷിക്കുന്നുണ്ടെന്നും കലാപകാരികള്‍ക്ക് അദ്ദേഹത്തിന്‍റെ ഒത്താശയുണ്ടെന്നും ഗബ്രിയേല്‍ റോബര്‍ട്ട് സൂചിപ്പിച്ചു. ഹൗസ് കമ്മിറ്റിയുടെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഡോണള്‍ഡ് ട്രംപ് പാടേ തള്ളിക്കളഞ്ഞു. ക്യാപിറ്റോള്‍ ആക്രമണത്തിന്‍റെ പഴി സ്പീക്കര്‍ നാന്‍സി പെലോസിയുടെ മേലാണ് അദ്ദേഹം ചുമത്തുന്നത്.

ജോസ് കല്ലിടിക്കില്‍