ക്യാന്‍സറിന് ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ പ്രസിഡണ്ട് ബൈഡന്‍റെ ആഹ്വാനം

sponsored advertisements

sponsored advertisements

sponsored advertisements

19 September 2022

ക്യാന്‍സറിന് ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ പ്രസിഡണ്ട് ബൈഡന്‍റെ ആഹ്വാനം

ജോസ് കല്ലിടിക്കില്‍
ചിക്കാഗോ: വര്‍ഷംതോറും 6 ലക്ഷത്തിലധികം അമേരിക്കന്‍ ജീവന്‍ അപഹരിക്കുന്ന ക്യാന്‍സര്‍ രോഗത്തിന് ഫലപ്രദമായൊരു ചികിത്സ കണ്ടെത്തുകയെന്നത് ഒരു ദേശീയ ലക്ഷ്യവും വികാരവുമായി കരുതി, പ്രസ്തുത യത്നത്തില്‍ ഒറ്റക്കെട്ടായി പങ്കാളികളാകുവാന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്തു.
സെപ്റ്റംബര്‍ 12-ന് ബോസ്റ്റണിലെ ജോണ്‍ എഫ്. കെന്നഡി ലൈബ്രറി ആന്‍ഡ് മ്യൂസിയത്തില്‍ വെച്ച് ‘ക്യാന്‍സര്‍ മൂണ്‍ ഷോട്ട്’ എന്ന പേരില്‍ അദ്ദേഹം നല്കിയ വികാരനിര്‍ഭരമായ പ്രസംഗത്തില്‍ അമേരിക്കയിലെ ക്യാന്‍സര്‍ മരണനിരക്ക് അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ പകുതിയാക്കി കുറയ്ക്കുകയെന്നത് വലിയൊരു ദൗത്യവും വെല്ലുവിളിയുമായി സ്വീകരിക്കുവാന്‍ അമേരിക്കയിലെ ശാസ്ത്രജ്ഞരോടും ആരോഗ്യവിദഗ്ദ്ധരോടും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോടും അഭ്യര്‍ത്ഥിച്ചു. ഈ ദേശീയ ലക്ഷ്യത്തില്‍ കക്ഷി ഭേദമെന്യേ എല്ലാ അമേരിക്കന്‍ ജനതയും ഒരു മനസ്സായി കൈകോര്‍ക്കണമെന്നും പ്രസിഡണ്ട് ബൈഡന്‍ ആഹ്വാനം ചെയ്തു.
മുന്‍ പ്രസിഡണ്ട് ജോണ്‍ എഫ്. കെന്നഡിയുടെ ചരിത്രപ്രധാനമായ ‘മൂണ്‍ഷോട്ട്’ പ്രസംഗത്തെ അനുസ്മരിച്ചുകൊണ്ടാണ് പ്രസിഡണ്ട് ജോ ബൈഡന്‍ തന്‍റെ ക്യാന്‍സര്‍ ചികിത്സാലക്ഷ്യം പ്രഖ്യാപിച്ചത്. 1962 സെപ്റ്റംബര്‍ 12-ന് ഹൂസ്റ്റണിലെ റൈസ് സ്റ്റേഡിയത്തില്‍ വെച്ച് നല്കിയൊരു വികാരനിര്‍ഭരമായ പ്രഖ്യാപനത്തില്‍ പ്രസിഡണ്ട് കെന്നഡി ഒരു ദശകത്തിനുള്ളില്‍ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുകയെന്ന മഹത്തായൊരു ദൗത്യം ഏറ്റെടുക്കുവാന്‍ അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞരോടും ജനതയോടുമായി ആഹ്വാനം ചെയ്തു. അപ്രായോഗികമെന്ന് പലരും സംശയിച്ച പ്രസ്തുത ദൗത്യം വെറും ഏഴു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ ശാസ്ത്രലോകം നിറവേറ്റുകയായിരുന്നു. 1969 ജൂലൈ 20-ന് അപ്പോളോ 11 പേടകത്തില്‍ സഞ്ചരിച്ച് ബഹിരാകാശ ശാസ്ത്രജ്ഞന്‍ നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങി.
ചന്ദ്രനില്‍ കാലു കുത്തുവാന്‍ പ്രകടിപ്പിച്ച അതേ ആര്‍ജ്ജവവും തിടുക്കവും സമര്‍പ്പണവും ക്യാന്‍സറിന് ചികിത്സ കണ്ടെത്തുന്നതിനും ശാസ്ത്രലോകത്തിന് ഉണ്ടാകണമെന്ന് പ്രസിഡണ്ട് ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. അന്തരിച്ച ജോണ്‍ എഫ്. കെന്നഡിയുടെ മകളും ഓസ്ട്രേലിയയിലെ അമേരിക്കന്‍ അംബാസഡറുമായ കരോലിന്‍ കെന്നഡി തദവസരത്തില്‍ പ്രസിഡണ്ട് ബൈഡനൊപ്പമുണ്ടായിരുന്നു.
പ്രസിഡണ്ട് ബൈഡന്‍ തന്‍റെ പ്രസംഗത്തില്‍ 1971-ല്‍ മുന്‍ പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്സണ്‍ നടപ്പിലാക്കിയ നാഷണല്‍ ക്യാന്‍സര്‍ ആക്ടിനെക്കുറിച്ചും അതുവഴി 25 ശതമാനം ക്യാന്‍സര്‍ മരണങ്ങള്‍ കുറയ്ക്കുവാന്‍ സാധിക്കത്തക്കവിധം ചികിത്സയില്‍ പുരോഗതി നേടുവാന്‍ കഴിഞ്ഞതിനെക്കുറിച്ചും സ്മരിക്കുകയുണ്ടായി. എങ്കിലും ഹൃദയസ്തംഭനത്തിന് തൊട്ട് പിന്നിലായി അമേരിക്കയില്‍ അധികം മരണം സംഭവിക്കുന്നത് ഇപ്പോഴും ക്യാന്‍സര്‍ മൂലമാണ്. ലഘുവായൊരു രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ രോഗലക്ഷണങ്ങള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തുവാനും ദുസ്സഹമായ കീമോ തെറാപ്പിക്കു പകരം കുത്തിവെപ്പിലൂടെയോ ഗുളികകള്‍ നല്കിയോ ക്യാന്‍സര്‍ രോഗത്തിന് പുതിയ ചികിത്സാരീതി വികസിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നുള്ള തന്‍റെ ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
സാധാരണജനങ്ങള്‍ക്ക് താങ്ങാവുന്ന നിലയിലേക്ക് ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയ മരുന്നുകളുടെ വില ക്രമീകരിക്കണമെന്ന് മരുന്നു നിര്‍മ്മാണ കമ്പനികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സ്വകാര്യ മേഖലയോട് പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുവാനും തങ്ങളുടെ കണ്ടെത്തലുകള്‍ പൊതുസമൂഹവുമായി പങ്കുവെക്കുവാനും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതുപോലെതന്നെ ക്യാന്‍സര്‍ ബാധിതരോടും അവരുടെ ചികിത്സയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോടും കുടുംബാംഗങ്ങളോടും അവരുടെ അനുഭവങ്ങള്‍ പൊതുസമൂഹവുമായി പങ്കുവെക്കുവാനും പ്രസിഡണ്ട് ബൈഡന്‍ താത്പര്യപ്പെട്ടു.
1915-ല്‍ ബ്രെയിന്‍ ട്യൂമറിന് അടിപ്പെട്ട് തന്‍റെ മകന്‍ ബോ മരണപ്പെട്ടതാണ് ക്യാന്‍സറിന് ഫലപ്രദമായൊരു ചികിത്സ ത്വരിതഗതിയില്‍ വികസിപ്പിക്കുകയെന്നത് പ്രസിഡണ്ട് ബൈഡന് വൈകാരിക പ്രാധാന്യമായി മാറിയത്. ക്യാന്‍സറിനൊപ്പം അല്‍സയിമേഴ്സ്, ഡയബറ്റിക് എന്നീ രോഗങ്ങള്‍ക്കുള്ള ചികിത്സ വികസിപ്പിക്കുവാനുള്ള ഗവേഷണങ്ങള്‍ക്ക് ശാസ്ത്രസമൂഹത്തെ ഏകോപിപ്പിക്കുവാനായി ‘അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്സ് ഏജന്‍സി ഫോര്‍ ഹെല്‍ത്ത്’ എന്നൊരു പുതിയ വിഭാഗം പ്രസിഡണ്ട് ബൈഡന്‍ സ്ഥാപിക്കുകയും അതിന്‍റെ മേധാവിയായി ഡോക്ടര്‍ റെനി വെഗ്റിസിനെ നിയമിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിന് സഹായിച്ച വാക്സിന്‍ കണ്ടെത്തുവാന്‍ സഹായിച്ച RNA വാക്സിന്‍ ടെക്നോളജി കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച തടയുവാനും ഫലപ്രദമാകുമോയെന്ന സാദ്ധ്യതയെക്കുറിച്ച് ശാസ്ത്രലോകം പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും പ്രസിഡണ്ട് ബൈഡന്‍ വെളിപ്പെടുത്തി.

ജോസ് കല്ലിടിക്കില്‍