ജോസ് കല്ലിടിക്കില്‍
ചിക്കാഗോ: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുവാന്‍ മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഭരണം 2020 ജനുവരി 31 മുതല്‍ നടപ്പാക്കിയ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സിയും തുടര്‍ന്ന് മാര്‍ച്ചില്‍ നടപ്പാക്കിയ നാഷണല്‍ എമര്‍ജന്‍സിയും മെയ് 11-ന് അവസാനിപ്പിക്കുമെന്ന് പ്രസിഡണ്ട് ജോ ബൈഡന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. ഒട്ടുമിക്ക രാജ്യങ്ങളും സാധാരണ ജീവിതരീതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ ഈ തീരുമാനം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ജനപ്രതിനിധി സഭ കോവിഡ് അടിയന്തരാവസ്ഥ ഉടനടി നിര്‍ത്തലാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്. 2021 ജനുവരിയില്‍ അധികാരത്തിലേറിയ പ്രസിഡണ്ട് ബൈഡന്‍ പലതവണ കോവിഡ് അടിയന്തരാവസ്ഥാ നടപടികള്‍ തുടരുവാന്‍ അനുവദിച്ചിരുന്നു.
കോവിഡ് അടിയന്തരാവസ്ഥയിലെ വ്യവസ്ഥകള്‍ വഴി അനേക മില്യണ്‍ അമേരിക്കന്‍ ജനതയുടെ ജീവന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിച്ചിരുന്നു. അത്തരം പരിരക്ഷകള്‍ ഇതിനോടകം നിയമനിര്‍മാണ സഭ നിര്‍ത്തലാക്കിയിരുന്നു. കോവിഡ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിലൂടെ പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുകയും കുത്തിവെപ്പ് നടത്തുകയും ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ നേരിട്ടുള്ള ചുമതലയില്‍ നിന്ന് ഒഴിവാകും. വാക്സിന്‍ മൊത്തമായി വാങ്ങുന്നതില്‍ നിന്ന് ഫെഡറല്‍ ഗവണ്‍മെന്‍റ് ഒഴിവാകുന്നതോടു കൂടി പ്രതിരോധ കുത്തിവെപ്പിനു വേണ്ടിയ ഓരോ ഡോസിനും 130 ഡോളര്‍ വരെ വാക്സിന്‍ സ്വീകരിക്കുന്നവരില്‍ നിന്നും ഈടാക്കാം. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കവറേജ് ഉള്ളവര്‍ക്ക് ചെറിയൊരു തുക കോ പേമെന്‍റായി നല്കിയാല്‍ മതിയാകും. ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന കോവിഡ് ടെസ്റ്റ് കിറ്റ് വിതരണവും നിര്‍ത്തലാക്കും. കൂടാതെ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഹോസ്പിറ്റലുകള്‍ക്ക് ലഭിച്ചിരുന്ന ഫെഡറല്‍ ധനസഹായവും മെയ് 11-ന് ശേഷം അപ്രത്യക്ഷമാകും.
