വര്‍ക്കേഴ്സ് റൈറ്റ് നിയമ ഭേദഗതി പാസ്സായി (ജോസ് കല്ലിടിക്കില്‍)

sponsored advertisements

sponsored advertisements

sponsored advertisements

19 November 2022

വര്‍ക്കേഴ്സ് റൈറ്റ് നിയമ ഭേദഗതി പാസ്സായി (ജോസ് കല്ലിടിക്കില്‍)

നവംബര്‍ 8 ഉപതെരഞ്ഞെടുപ്പിനോടൊപ്പം ഇല്ലിനോയില്‍ സംസ്ഥാന ഭരണഘടന ഭേദഗതി ചെയ്ത് തൊഴിലാളികള്‍ക്ക് സംഘടനകള്‍ രൂപീകരിക്കാനും അതുവഴി കൂട്ടായ വിലപേശലിലൂടെ വേതനവര്‍ദ്ധനവും തൊഴിലിടങ്ങളില്‍ സുരക്ഷയും ഉറപ്പുവരുത്തുന്ന നിയമ വ്യവസ്ഥ അംഗീകരിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്ഥിരീകരിക്കുന്ന അസോസിയേറ്റഡ് പ്രസ് നവം. 15-ന് ചൊവ്വാഴ്ചയാണ് ജനഹിത പരിശോധനാ ഫലം അംഗീകരിക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. നിയമഭേദഗതി അംഗീകരിക്കപ്പെടുവാന്‍ വേണ്ടിയിരുന്ന നിര്‍ദ്ദിഷ്ട 60 ശതമാനം ജനഹിത പരിശോധനയില്‍ നേരിയ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ടു. എങ്കിലും ജനഹിത പരിശോധനയില്‍ അനുകൂലമായോ പ്രതികൂലമായോ വോട്ട് ചെയ്യാത്തവര്‍ ഉള്‍പ്പെടെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ മൊത്തം സമ്മതിദായകരുടെ 50 ശതമാനത്തിലധികം പിന്തുണ നിയമഭേദഗതിക്ക് അനുകൂലമായി അംഗീകരിക്കപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ഒപ്പം ജനഹിത പരിശോധനാഫലവും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നത് ഡിസംബര്‍ 5-ന് ഇല്ലിനോയി സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇലക്ഷന്‍സാണ്.
ചരിത്രവിജയമെന്ന് വിശേഷിപ്പിക്കാവുന്ന തൊഴിലാളി അവകാശ ഭരണഘടനാ ഭേദഗതിയിലൂടെ ഇല്ലിനോയിലെ സ്വകാര്യ മേഖലയിലും പൊതുസ്ഥാപനങ്ങളിലും സേവനം ചെയ്യുന്ന ജീവനക്കാര്‍ക്ക് ട്രേഡ് യൂണിയനുകളുടെ കീഴില്‍ ഒന്നിക്കുന്നതിനും കൂട്ടായ വിലപേശലിലൂടെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേതന വര്‍ദ്ധനവ്, മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവ നേടിയെടുക്കുന്നതിനും അവസരമാകും. ഇല്ലിനോയി ഗവര്‍ണര്‍ ജെ.ബി. പ്രിട്സ്ക്കര്‍, ഡെമോക്രാറ്റിക് പാര്‍ട്ടി സാമാജികര്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ തൊഴിലാളി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം ജനഹിത പരിശോധനാ ഫലത്തെ പ്രകീര്‍ത്തിച്ചു. എന്നാല്‍, നിയമഭേദഗതിക്ക് എതിരായി ശക്തമായ പ്രചാരണത്തിലേര്‍പ്പെട്ട ഇല്ലിനോയി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡണ്ട് മാറ്റ് പപ്പോറോക്കി ഹിതപരിശോധനാഫലം അംഗീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കാന്‍ തയ്യാറായിട്ടില്ല. ഡിസംബര്‍ 5-ന് ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
നിയമഭേദഗതി നിലവില്‍ വരുന്നതു വഴി ഇല്ലിനോയി, രാജ്യത്തെ 27 റൈറ്റ് ടു വര്‍ക്ക് സംസ്ഥാനങ്ങളുടെ നിരയില്‍ നിന്ന് ഒഴിവാക്കപ്പെടും. അതുവഴി തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ എല്ലാ ജോലിക്കാരില്‍ നിന്നും യൂണിയന്‍ അംഗത്വഫീസ് ഈടാക്കാന്‍ ട്രേഡ് യൂണിയനുകള്‍ക്ക് അവകാശം ലഭിക്കും. കൂട്ടവിലപേശലിലൂടെയും സമരങ്ങളിലൂടെയും ട്രേഡ് യൂണിയനുകള്‍ നേടിയെടുക്കുന്ന ശമ്പള വര്‍ദ്ധനവിന്‍റെയും ആനുകൂല്യങ്ങളുടെയും ഗുണം സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും ലഭിക്കും എന്നതിനാല്‍ യൂണിയനില്‍ അംഗത്വം എടുക്കാത്തവരും ഫെയര്‍ ഷെയര്‍ എന്ന പേരില്‍ അംഗത്വ ഫീസിന് തുല്യമായ തുക യൂണിയന് നല്കണമെന്നതാണ് അവര്‍ ഉയര്‍ത്തുന്ന ന്യായം. എന്നാല്‍, 2018-ല്‍ ഏറെ ശ്രദ്ധേയമായൊരു വിധിയിലൂടെ യുഎസ് സുപ്രീം കോടതി തൊഴിലാളി സംഘടനകളുടെ ഈ അവകാശം റദ്ദു ചെയ്തിരുന്നു. ഭരണഘടനാ ഭേദഗതി ഹിതപരിശോധനയിലൂടെ അംഗീകരിക്കപ്പെട്ടതു വഴി ഫെയര്‍ ഷെയര്‍ ഫീസ് ഈടാക്കുവാനുള്ള ഇല്ലിനോയിലെ തൊഴിലാളി സംഘടനകളുടെ അവകാശം പുനഃസ്ഥാപിക്കപ്പെടും.

ജോസ് കല്ലിടിക്കില്‍