ശശി തരൂരാകാൻ പഠിക്കുന്നുണ്ടോ നമ്മുടെ രാഷ്ട്രീയ മത സാമൂഹിക നേതാക്കന്മാരിൽ ചിലരെങ്കിലും ?(ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ)

sponsored advertisements

sponsored advertisements

sponsored advertisements

4 March 2023

ശശി തരൂരാകാൻ പഠിക്കുന്നുണ്ടോ നമ്മുടെ രാഷ്ട്രീയ മത സാമൂഹിക നേതാക്കന്മാരിൽ ചിലരെങ്കിലും ?(ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ)

ഗെഹീനയിലെ വിലാപങ്ങൾ

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ

രാഷ്രിയക്കാരിൽ തരൂരാകാൻ പഠിക്കുന്ന ചിലർ എല്ലാ പാര്ടിക്കാരിലുമുണ്ടെങ്കിലും കോൺഗ്രസിലെ‌ പ്രമുഖൻ , പത്രസമ്മളെനങ്ങളിൽ പലതിലും മുന്ന് ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിച്ച് പയറ്റി നോക്കിയെങ്കിലും ഫലം കണ്ടില്ല . ഇപ്പോൾ മറ്റു ചില നേതാക്കന്മാർ നോർത്ത് ഇന്ത്യൻ കുർത്തയിലും പജാമയിലും തരൂരിനെ അനുകരിക്കുന്നു . ജന്മനാ കിട്ടിയ യോഗ്യതകളെ തേച്ചുമിനുക്കിയെടുക്കാൻ ചിലർക്കെങ്കിലും കഴിയുമ്പോൾ , തനിക്കില്ലാത്ത കഴിവുകൾ ഉണ്ടെന്നു കാണിക്കാൻ മറ്റു ചിലർ ബുദ്ധിമുട്ടി പരാജയപ്പെടുന്നു .

അവരവർക്കു കിട്ടിയ കഴിവുകൾ ഉപയോഗിച്ച് ഉയരങ്ങളിലേക്ക് പറക്കുന്നതിലും കോണിപ്പടികൾ കയറുന്നതിനു പകരം അന്ധമായ അനുകരണങ്ങൾ നമ്മിൽ പലരെയും കോമാളികൾ ആക്കുന്ന ദയനീയമായ പ്രവണതകൾ ഇന്ന് സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും പ്രത്യേകിച്ച് ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും .
ഇത് മലയാളികളിൽ അല്പം കൂടുതൽ കാണുന്നില്ലേയെന്ന സംശയം , ലേഖകൻ ഒരു മലയാളിയായതു കൊണ്ടായിരിക്കാം .

ലേഖകന്റെ ചെറുപ്പകാലത്തു പി ടി ചാക്കോ എന്ന രാഷ്ട്രീയ അതികായനെ അനുകരിച്ചു ജൂബ ധരിച്ചു , മേല്മീശ കട്ടയായി വളർത്തിയ പലരും മധ്യ തിരുവിതാംകൂറിന്റെ എല്ലാ താലൂക്കുകളിലും ഉണ്ടായിരുന്നു . പക്ഷെ അവർക്കാർക്കും പി ടി യെ പോലോരുനേതാവാകാനും , പീച്ചി റെസ്റ്റ് ഹോമിലേക്ക് ഉന്നതയായ ഒരു ഉദ്യോഗസ്ഥയുടെ കൂടെ സ്റ്റേറ്റ് കാറിൽ യാത്ര ചെയ്യാനും സാധിച്ചിട്ടില്ല . എന്നാൽ ഇവരിൽ പലർക്കും കള്ളിലെ ചെറിയ പ്രാണികളെ കട്ട മീശ ഉപയോഗിച്ച് അരിച്ചു മാറ്റാൻ കഴിഞ്ഞിട്ടുണ്ടാവണം . എന്നെ പോലെ ചിലർക്കെങ്കിലും പശുത്തുമ്മൽ എന്ന പച്ചമര്ന്നുപയോഗിച്ചു കട്ട മീശവളരുമോയെന്നു പരീക്ഷിക്കാൻ സാധിച്ചു എന്ന ചരിത്രവും .

വി എസിനെയും നയനാരെയുമൊന്നും അനുകരിക്കാൻ ശ്രേമിക്കുക വിഡ്ഢിത്തമല്ലേ ? കാലത്തിന്റെ ആലയിൽ തീയിൽ ഉരുക്കി വെള്ളത്തിൽ മുക്കിയുറപ്പിച്ച അത്ഭുതപ്രതിഭാസങ്ങൾ അവർ . വി എസ്സിനെ പോലെ ഒരു ജീവിതകാലം മുഴുവൻ പാടത്തും വെയിലത്തും സമരങ്ങൾ നയിക്കാനും ഇന്നത്തെ നേതാക്കന്മാർ ആരും തയ്യാറാകില്ല . അവർക്കൊക്കെ സെക്രെട്ടറിയേറ്റിന്റെ മുൻപിൽ ടെലിവിഷൻ പ്രേക്ഷകരുടെ മുൻപിൽ പ്രത്യക്ഷപ്പെടാനും കൌണ്ടർ പോയിന്റിൽ വാക്പോരുനടത്താനുമെ താല്പര്യമുള്ളു . നയനാരെപോലെ ഫലിതം പറയാൻ കഴിവില്ലാത്ത നേതാക്കന്മാർക്ക് വളരെ ചെറുപ്പത്തിലേ മുഖ്യമന്ത്രിയാവുകയും വേണം .
തരൂരിനെപോലെ ചെറുപ്പത്തിലേ ലോകചരിത്രവും ഇന്ത്യയുടെ സ്വാതന്ത്യ സമരചരിത്രം പഠിക്കാനുള്ള ക്ഷേമയില്ലാത്ത നേതാക്കന്മാർ “ , പട്ടിയോട്ട് തിന്നത്തുമില്ല , പശുവിനെ തിന്നിക്കത്തുമില്ല “
എന്നതുപോലെ .
തരൂർ ഒരു പ്രതിഭാസമാണ് , അതുപോലെ ഇന്ദിരാഗാന്ധിയും ശ്രീ മോദിയുമൊക്ക . വെള്ള സാരി ധരിച്ചാലോ , താടിയും മീശയും വളർത്തിയാലോ ആരുമൊരു പ്രതിഭാസമാകില്ല . മൈക്കൾ ജോർദാനെപോലെ സ്പോർട്സ് ഡ്രസ്സ് അണിഞ്ഞാൽ ആരുമൊരു സ്പോർട്സ് ഇതിഹാസമാകില്ല . വളരെ ചെറുപ്പം മുതൽ കണ്ടും കേട്ടും പഠിച്ചു വളർന്നു ഇതിഹാസമായവർ , നേരത്തെ മെൻഷൻ ചെയ്ത പ്രതിഭാധനന്മാർ . ഗീതയിൽ എഴുതിയിരിക്കുന്നതുപോലെ “ ചിലരൊക്കെ രാജാക്കന്മാരായി ജനിക്കുന്നു , ചിലരിൽ രാജത്വം അടിച്ചേൽപ്പിക്കപ്പെടുന്നു , സന്യാസിയാകാൻ ജനിച്ചവർ , ഇരുട്ടിന്റെ ആംശം കൂടുതൽ ജന്മനാൽ ലഭിച്ചവർ “ ഇവിടെയും അപവാദങ്ങൾ അല്ലെങ്കിൽ എക്സെപ്ഷൻസ് കണ്ടിട്ടുണ്ട് . നെപ്പോളിയനും അലക്സാണ്ടറും ഹിറ്റ്ലറുമൊക്കെ വായനക്കാർക്കുമുന്പിൽ നിൽക്കുന്നു . വിധിക്കുക നിങ്ങൾ .

അമിതാബ് ബച്ചനെ പോലെ മീശയും താടിയും വച്ച്
അഭിനവ ബച്ചൻമാരാകാൻ ശ്രേമിക്കുന്നവർ നമ്മുടെ ചുറ്റും . ആർക്കും വേഷം ധരിച്ചു ബച്ചനെ പോലെയാകാൻ ശ്രെമിക്കാം . പക്ഷെ അദ്ദേഹത്തിന്റെ അഭിനയ ചാരുത ഇല്ലാത്തവർക്കു മിമിക്രിക്കാർ വരെ ആകാം . ആറടി പൊക്കമുള്ള , അതിലധികം ഭാവനയും അറിവുമുണ്ടായിരുന്ന, കവിയായിരുന്ന ഒരു വലിയ മനുഷ്യന്റെ മകനായ ബച്ചനെ പോലെയാകാൻ ഗോ റ്റീ വച്ചതുകൊണ്ടോ വേഷഭൂഷാദികൾ ധരിച്ചാലോ സാധിക്കുകയില്ല . പകരം സ്വന്തമായ വ്യക്തിത്വം വളർത്തിയെടുക്കാൻ
കഴിഞ്ഞാൽ , മറ്റുള്ളവർ നമ്മെ ബഹുമാനിക്കും , ആരും ബഹുമാനിച്ചില്ലെങ്കിൽ അദ്മാഭിമാനമെങ്കിലും മെച്ചെപ്പെടും .

സാഹിത്യകുതുകികൾ

എഴുത്തുകാരിൽ അടുത്ത കാലത്തായി തരൂറിസം കടന്നു കൂടിയിരിക്കുന്നു . എന്തിനും ഏതിനും കടിച്ചാൽ പൊട്ടാത്ത പദങ്ങൾ ഉപയോഗിക്കുന്നവർ . മറ്റുള്ളവരെ ആവശ്യത്തിനും അനവസരത്തിലും റഫറൻസ് ചെയ്യുന്നു . തരൂരിന് പകരം എം ടീ യെ അനുകരിക്കുന്നവർ ചുരുക്കം ചിലരെങ്കിലും . “ എന്തുട്ട്യേ , മീനുട്ടിയെ , കുട്ടേട്ടാ , വല്ലതും പറഞ്ഞാർന്നോ , വയല് , ചെറുമികൾ , തീയം കെട്ടലുകൾ , എല്ലാം പദങ്ങൾക്കും അഭിസംഭോധനകൾക്കും അവസാനം ” ട്ടോ , ല്ല്യ ,കുട്ടിമാളൂ , ഇടക്ക “ എന്നൊക്കെ പൂട്ടിനു തേങ്ങാപീരപോലെ ഇടയ്ക്കിടെ ചേർത്തെഴുതിയാൽ അത് ചെറുകഥകൾ എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു . എം ടി യുടെ നോവലുകളും കഥകളും ഇപ്പോഴും എന്നും ഭാരതപ്പുഴയുടെയോ പാലക്കാടൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയാണ് കൂടുതലും , പുരാണകഥകൾ മാറ്റിനിർത്തിയാൽ .
എഴുത്തുകാർ ഭാവനസമ്പന്നരെങ്കിലും അവരവർ ജനിച്ചുവളർന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും അവരുടെ കൃതികളിൽ മുഴച്ചുനിൽകും . ടോൾസ്റ്റോയ് , യുഗോ , പൗലോ ക്യുയിലോ ഒക്കെ ഉദാഹരണങ്ങൾ . പൊറ്റക്കാടും , ബിമൽ മിത്രയും , മുട്ടത്തുവർക്കിയുമൊക്കെ ഇക്കൂട്ടരിൽ . എല്ലാ സ്ഥലവും സന്ദർശിച്ചു ആളുകളുമായി ഇടപഴകി അവരുടെ ജീവിതകഥകൾ എഴുതുന്ന ജോയ്‌സിയും മോഹനവര്മയും മലയാറ്റൂരുമൊക്കെ ഇതിനപവാദങ്ങൾ .
എന്നാൽ മറ്റുചില കുതുകികൾ “ ആരുംകേട്ടാൽ ഇഷ്ടപെടുന്ന പേരുകൾ “ നൽകി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു . കാമ്പുകളോ നാരുകളോ ഇല്ലാത്ത കഥകൾ ഇടേക്കെവിടെയോ പൊട്ടിയ നൂലുകളെ പോലെ .

മത നേതാക്കന്മാർ

ഇവരിലുമുണ്ടിന്ന് അല്പമധികം തരൂറിസം . തരൂരിനെ അനുകരിക്കാൻ ആഗ്രഹമുണ്ടെങ്കിലും ആശയദാരിദ്ര്യം ഇവർക്കു മാർഗ്ഗതടസ്സം . തങ്ങൾ വിശ്വസിക്കുന്ന മത തത്വസംഹിതകൾക്കു പുറമെ മറ്റുമതങ്ങളെക്കുറിച്ചു നേരിയ അറിവുമാത്രമുള്ളിവരൊക്കെ , പലപ്പോഴും പൊതുവേദികളിൽ സ്വീകാര്യമില്ലാതെ വന്നപ്പോൾ അതിശയോക്തിയും അമാനുഷികതെയെയും കൂടെ പിറപ്പുകളായി കൊണ്ടുനടക്കേണ്ടിവന്നു .
കരിസ്മാറ്റിക് ധ്യാനപ്രസംഗങ്ങളായി, പിന്നെ അധികപ്രസംഗങ്ങളായി . കോവിഡിന്റെ അതിപ്രസരകാലത്തിവർ കളംമാറ്റിചവിട്ടി ചെന്നുനിന്നത് യൂ ട്യൂബ് വിഡിയോയക്ളിൽ . തന്റെ പലപ്പോഴും നര്മത്തിൽകലർന്ന എന്നാൽ നേരിയ അശ്ലീലച്ചുവയുള്ള തമാശകളിലൂടെ ഒരു വൈദീകനും , മതംമാറി ക്രൈസ്‌തവരായ സുന്ദരനും സുന്ദരിയുമായ യുവ മിഥുനങ്ങളും , പിന്നെ വളരെ വേഗത്തിലും എന്നാൽ കാര്യമാത്രപ്രസക്തവുമായി മതബോധനങ്ങൾ അവതരിപ്പിക്കാൻ കഴിവുമുള്ള ഒരു മൗലവിയും യു ട്യൂബ് വിഡിയോകളിലൂടെ വീട്ടമ്മമാരെ കീഴടക്കി .
കിട്ടിയ അവസരം മുതലാക്കാൻ കേരളത്തിലെ ചില പിതാക്കന്മാരും തിരുമേനിമാരും . കൊച്ചച്ചന്മാർക്കും ഇത്തരമതസ്ഥരായ വൈദീകർക്കും തമാശ പറഞ് ആളെ കുട്ടാനും പണമുണ്ടാക്കാനും കഴിയുമെങ്കിൽ തങ്ങൾക്കുമൊരു കൈനോക്കാമെന്നവർ തീരുമാനിച്ചു . വേദം പറഞ്ഞാൽ ആളുകൂടുകയില്ലെന്ന്‌ മനസ്സിലാക്കിയവര് അല്പം തരൂറിസം ഇറക്കി . തരൂരിനെ പോലെ ആകാശത്തിനു കീഴെയുള്ള എല്ലാ സബ്ജെക്റ്റുകളും അനായാസം പറയാനും , ഒരേ സമയം ചിന്തിപ്പിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവുള്ള ചില പിതാക്കന്മാർ വിജയിച്ചുവെന്ന് പറയാം . നാട്ടിൽനിന്ന്ആരാധനാക്രമങ്ങളെക്കുറിച്ചുള്ള, നിത്യമായ കോലാഹലങ്ങളിൽ നിന്ന് രക്ഷപെടുകയും ചെയ്യാം , മാനഹാനിയില്ലാതെ രൂപതക്കുവേണ്ടി അല്പം ഡോളർ സമ്പാദിക്കുകയും ചെയ്യാം .
എത്രയൊക്കെ കഷ്ടപാടുകളിൽ കൂടി കടന്നുപോയാലാണൊരു പ്രവാസി ജീവിതം കരുപ്പിടിക്കുന്നതു . ലേഖകന്റെ അനുഭവത്തിലും വളരെയേറെയുള്ള പ്രവാസി ജീവിതത്തിലെ എളിയ അറിവുകളും അടിസ്ഥാനമാക്കി , നിസ്സംശയം പറയാൻ സാധിക്കും ; 99 .99 ശതമാനം പ്രവാസികളും രക്തം വിയർപ്പാക്കിയാണ് പണമുണ്ടാക്കി , എവിടെയാണോ അവിടത്തെ ജീവിത സാഹചര്യങ്ങളോടൊത്തു , മൂല്യങ്ങളെ മറക്കാതെ ജീവിക്കുന്നത് . നാട്ടിൽ രണ്ടോ മൂന്നോ മണിക്കുറുകൾ പ്രവർത്തി സമയമുള്ള ജോലിക്കാരെ താരതമ്മ്യപ്പെടുത്തിയാൽ , പ്രവാസി 24 മണിക്കൂറിൽ 8 മുതൽ 16 മണിക്കുറുകൾ ജോലി ചെയ്യുകയും ബാക്കിസമയം മക്കൾക്കും കുടുംബത്തിനും വേണ്ടി ചിലവഴിക്കുന്നു . കൂട്ടുകുടുംബത്തിന്റെ തണലും താങ്ങുമില്ലാതെയാണ് പലപ്പോഴും പ്രവാസി ജീവിക്കുന്നത് . ഒന്ന് കിതക്കാനോ ചിരിക്കാനോ സമയമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന യന്ത്ര മനുഷ്യനാണ് പ്രവാസി .
വല്ലപ്പോഴുമൊക്കെ ഒരു തീർത്ഥയാത്ര പോലവൻ നാട്ടിലേക്കു ഭാണ്ഡക്കെട്ടുകളുമായി , ജനിച്ച നാട്ടിലെ സ്നേഹപ്പുല്ലുകളെ ഒന്ന് തൊട്ടുതലോടാൻ . നാട്ടിലും പ്രവാസി ലോകത്തും എന്നും അവനു പരാതികൾ മാത്രം മറ്റുള്ളവരിൽ നിന്നും .
ഭാര്യയും ഭർത്താവും കുട്ടികളും അടുത്തബന്ധക്കാരും മാത്രമുള്ള ചെറിയൊരു ലോകത്തിൽ തളക്കപ്പെടുന്ന വണ്ടിക്കാളകൾ പ്രവാസികൾ . വലിച്ചും ചുമന്നും ഇവരുടെ കടവായിയിലുടെ ഒഴുകുന്ന പതഞ്ഞ തുപ്പലുകൾ .
ഇവരോടാണ് ഒരു പിതാവ് അടുത്തനാളിൽ ചോദിക്കുന്നത് “ എന്താ നിങ്ങൾക്കൊക്കെ ? ഒന്ന് ചിരിച്ചുകൂടെ ഇപ്പോഴും ഇപ്പോഴും “ .

കരഞ്ഞുപോയി , പിതാവിന്റെ ഈ ചോദ്യം കേട്ടിട്ട് . ചിരിക്കാൻ സമയം കിട്ടാത്ത പ്രവാസിയുടെ ജീവിത സാഹചര്യം അറിയില്ലാത്തതുകൊണ്ടായിരിക്കും അദ്ദേഹം ഇങ്ങനെ ചോദിച്ചതും , സുസ്മേരവദനനനായി പ്രസംഗം തുടങ്ങിയതും നിർത്തിയതും . ഒരു പക്ഷെ അദ്ദേഹം കണ്ടിരിക്കുന്നതും അനുഭവിച്ചിരിക്കുന്നതുമായ
നാട്ടിലെ ഓഫീസുകളിലെ ജോലിക്കാർക്ക് ഇപ്പോഴും എപ്പോഴും ചിരിക്കാനുമുള്ള സാഹചര്യം ഉണ്ടല്ലോ , അതവരുടെ അവകാശം .
ലേഖകന് അനുഭവങ്ങൾ വളരെയധികം നാട്ടിലെ ഓഫീസുകളിലെ പ്രവർത്തനങ്ങൾ . കൈക്കൂലി കൊടുക്കാനും കൊടുക്കാതിരിക്കാനും നടത്തിയ അനുഭവപരിചയങ്ങൾ . എ ജി ഓഫീസിൽ ബന്ധുവിനെ കാണാൻ ചെന്നപ്പോൾ ഒക്കെ “ സാറ് ക്യാന്റീനിൽ ആണെന്നുള്ള “ മറുപടിയാണ് എന്റെ ചെറുപ്പത്തിൽ പലപ്പോഴും കേട്ടിട്ടുള്ളത് . കഴിഞ്ഞ തവണ നാട്ടിൽ ചെന്നപ്പോൾ രണ്ടു താലൂക്കുകളിലെ റെജിസ്ട്രർ ഓഫീസുകളിൽ കേറിയിറങ്ങാനിടയായി . ഒന്നല്ല , കുറഞ്ഞത് 14 തവണ . ഒന്നടുത്തു കിട്ടിയാൽ നല്ല ഹൃദ്യമായ പെരുമാറ്റം , പക്ഷെ ഓഫീസറെ കണ്ടു കിട്ടാനാണ് പ്രയാസം . ഓഫീസിൽ വരുന്നത് തന്നെ രാവിലെ പത്തുമണിയോട് , വന്നാൽ പിന്നെ സഹപ്രവർത്തകരുമായി 45 മിനുട്ടുകളോളം സൗഹാർദ്ദസഭാഷണങ്ങൾ , ആടക്കം പറച്ചിലുകൾ . 11 മണിയോടുകൂടി ഓരോരുത്തരെ അകത്തേക്കുവിളിക്കുന്നു . ഓഫീസറെ കാണണമെങ്കിൽ ഏറ്റവും ചുരുങ്ങിയതു രണ്ടു ഇട നിലക്കാർ , ക്ലാർക്കായും ആധാരം എഴുത്തുകാരനായും . മുന്നാധാരവും , പിന്നാധാരവും , തണ്ടപ്പേരും സ്റ്റാന്പുപേപ്പറായും അങ്ങനെ മറ്റെന്തെല്ലാമോ . തണ്ടപ്പേരും തന്തപേരും ഒന്നാണെന്ന് കരുതി തന്തയുടെ പേരെഴുതി കൊടുക്കാൻ ശ്രേമിച്ചവരും . 12 മണിയാകുമ്പോൾ സുന്ദരാക്ഷിയും , പ്രേമാനന്ദനും , ചാക്കോസാറും , വിശാലാക്ഷിയുമൊക്കെ ലഞ്ചിന്‌ പിരിയും . ഭാഗ്യമുണ്ടെങ്കിൽ അവർ ഉച്ചയുറക്കത്തിന് ശേഷം തിരിച്ചുവരും . മറിമായത്തിലെ സത്യശീലനെയും പാരിജാതനെയും ഉണ്ണിയേയുമൊക്കെ കാണാനിടവന്നു പലതവണ .

എന്റെ പിതാവേ ഇവർക്കൊക്കെ കരയാനും ചിരിക്കാനുമൊക്കെ ഒത്തിരി സമയം . പക്ഷെ ഞങ്ങൾ പ്രവാസികൾ ഒരു കൺവേയർ ബെൽറ്റിലൂടെ സഞ്ചരിക്കുന്നു . ഒരിക്കലും നിലക്കാത്ത കൺവെയർ ബെൽറ്റ് . മരണം വരെ ഈ ബെൽറ്റിൽ , കരയാൻ കഴിയാതെ , ചിരിക്കാൻ കഴിയാതെ .
വെറുതെ വിട്ടുകൂടെ പാവം പ്രവാസികളെ , തെറ്റ് ചെയ്യാൻ സമയമോ അവസരമോ ലഭിക്കാത്ത ഗെഹീനയിലെ പാവം മനുഷ്യരെ .