അനിൽ പെണ്ണുക്കര
“സ്വപ്നങ്ങളുടെ ഭംഗിയിൽ വിശ്വസിക്കുന്നവരുടേതാണ് ഭാവി “
ജീവിതം പാഠങ്ങളുടെ ഒരു തുടർച്ചയാണ്. അത് മനസിലാക്കുവാൻ ജീവിക്കുക തന്നെ വേണം. ഓരോ അണുവിലും ജീവിതത്തെ ആഘോഷമാക്കാൻ ശ്രമിച്ച ഒരാൾ ,തെയ്യാതീനം പാട്ടുകളും ഉഴവു പാട്ടുകളും കേട്ടുവളർന്ന ഒരാൾ കുട്ടനാട്ടെ പച്ചപ്പിൽ നിന്ന് അമേരിക്കയെന്ന ലോകതുരുത്തിലേക്ക് കടന്നുവന്ന് ജീവിതത്തിന്റെ മറുവശം കണ്ട കഥയുടെ കെട്ടഴിക്കുന്നു ഈ വഴിത്താരയിൽ.
ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ..
തോൽക്കുമെന്ന ഭയം നിങ്ങളെ ഗെയിം കളിക്കുന്നതിൽ നിന്ന് ഒരിക്കലും തടയരുത് എന്ന് പറയും പോലെയാണ് ജീവിതവും. കേരളത്തിന്റെ നെല്ലറായിയിരുന്ന ലോവർ കുട്ടനാട്ടിലെ കാഞ്ഞൂപ്പറമ്പിൽ ചാണ്ടി ജോസഫിന്റെ ജീവിതം ഒരു വലിയ ഗെയിം പോലെയായിരുന്നു. ആജീവിതം കണ്ടുവളർന്ന ജോസഫ് ചാണ്ടി എന്ന അദ്ദേഹത്തിന്റെ മകൻ കാർഷിക ജീവിതത്തിന്റെ അടിത്തറയിൽ നിന്ന് അമേരിക്കൻ മണ്ണിലേക്കെത്തിയപ്പോഴും ശേഷവും ഓർമ്മയിൽ സൂക്ഷിക്കുന്ന കഥ തന്റെ പിതാവിന്റേതാണ്. ഒരു കാലഘട്ടം എങ്ങനെയായിരുന്നു മലയാളിയെ നയിച്ചത് എന്ന് പറഞ്ഞു വയ്ക്കുന്നു ജോസഫ് ചാണ്ടി ഈ വഴിത്താരയിലൂടെ…
നെല്ല് കുത്തു മില്ലും
മൂവായിരം പറ നെല്ലും
ലോവർ കുട്ടനാട് കാഞ്ഞൂപ്പറമ്പിൽ ചാണ്ടി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും നാലാമത്തെ മകനാണ് ജോസഫ് ചാണ്ടി. പിതാവ് കുട്ടനാട്ടിലെ അറിയപ്പെടുന്ന കൃഷിക്കാരൻ . അതിലുപരി ദിനം പ്രതി രണ്ടായിരം പറ നെല്ല് കുത്തുന്ന മില്ലിന്റെ ഉടമ,ആലപ്പുഴ മുല്ലയ്ക്കലിൽ സജീവമായിരുന്ന മെഡിക്കൽ ഷോപ്പിന്റെ ഉടമസ്ഥൻ. ജീവിതത്തിന്റെ വ്യത്യസ്തതകളെ ആഘോഷമാക്കിയ കുടുംബത്തിലെ ജനനം
പൊങ്ങ ഗവ എൽ. പി സ്കൂൾ , ചേന്നങ്കരി സെന്റ് മേരീസ് യു.പി. സ്കൂൾ , ആലപ്പുഴ ലിയോ തേർട്ടീൻത് ഹൈസ്കൂൾ,മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം .പ്രീഡിഗ്രിക്ക് കെ. ഇ കോളേജ് മാന്നാനം, ഡിഗ്രി എസ്.എച്ച് കോളേജ് തേവര, ഇൻഡോർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.ജി, ഇൻഡോറിൽ നിന്ന് നിയമത്തിലും ബിരുദം.
കാർഷിക കുടുംബം ആയിരുന്നു എങ്കിലും പിതാവിന് മക്കളെ ലോകത്തിന്റെ ചിട്ടവട്ടങ്ങൾക്കൊപ്പം വളർത്തണമെന്ന ആഗ്രഹമാണ് ഉന്നത വിദ്യാഭ്യാസത്തിനായി മക്കളെ അയക്കാൻ കാരണമായത്. പക്ഷെ ജോസഫ് ചാണ്ടി ചെറുപ്പം മുതൽ തന്റെ കുട്ടനാടും, അതിന്റെ പച്ചപ്പും നെല്ലിന്റെയും, മണ്ണിന്റേയും മണം ഒപ്പം സൂക്ഷിച്ചിരുന്നു. 1960 ൽ കുട്ടനാട്ടിൽ ദിവസവും രണ്ടായിരത്തിലധികം പറ നെല്ല് കുത്തുന്ന ഒരു മില്ലിന്റെ ഉടമയായിരുന്നു ജോസഫ് ചാണ്ടിയുടെ പിതാവ്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അരി കച്ചവടക്കാർക്ക് വേണ്ടി ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ നെല്ല് കുത്ത് മിൽ, അവിടെയെത്തുന്ന തൊഴിലാളികൾ, അവരുടെ പാട്ടുകൾ, പ്രതിഷേധങ്ങൾ എല്ലാം ജോസഫ് ചാണ്ടിയ സ്വാധീനിച്ചു. കുട്ടനാട്ടിലെ സാധാരണ കർഷകരുടെ ഭാഷ, ജീവിതം, സംസ്കാരം എന്നിവ സ്വാധീനിക്കുന്നതോടൊപ്പം മുല്ലയ്ക്കൽ ഉണ്ടായിരുന്ന മെഡിക്കൽ ഷോപ്പിൽ വരുന്ന സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ ജോസഫ് ചാണ്ടിയെന്ന മനുഷ്യനെ രൂപപ്പെടുത്തുന്നതിന് വലിയ പങ്കു വഹിച്ചു.
പിതാവിന്റെ വലതുപക്ഷം
മകന്റെ ഇടതുപക്ഷം , എഴുത്ത്
മനുഷ്യന്റെ പ്രശ്നങ്ങളിലേക്ക് നോക്കുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്ന ഒരു പക്ഷം എക്കാലത്തും ഓരോ പ്രദേശത്തുമുണ്ട്. ജോസഫ് ചാണ്ടിയുടെ പിതാവ് പരിപൂർണ്ണ കോൺഗ്രസ് പ്രവർത്തകനായിരുന്നു. മകനാവട്ടെ ഇടതുപക്ഷ സഹയാത്രികനും . 1968 – 1970 കാലം പുതുതലമുറയുടെ പ്രതിഷേധ കാലം കൂടിയായിരുന്നു. പ്രതിഷേധങ്ങൾ എഴുത്തായി വന്ന കാലം. കോളേജ് മാഗസിന് വേണ്ടി അക്കാലത്ത് അദ്ധ്യാപകൻ ഓ. ലൂക്കോസ് സാറിന്റെ പ്രേരണയിൽ ഒരു കഥ എഴുതി.
” വെളിച്ചത്തെ ഭയക്കുന്ന കുട്ടി ” . കഥ വഴിയുടെ എഴുത്തു വഴിയുടെ തുടക്കം അവിടെയായിരുന്നു. അധികം എഴുതുവാൻ കഴിഞ്ഞില്ലങ്കിലും എഴുതുന്നതിൽ കഴമ്പുണ്ടാവണം എന്ന് പഠിച്ച സമയമായിരുന്നു അത്.
നെല്ലുകുത്ത് നിരോധനം
ഒരു അറിയാക്കഥ
ഒരു പക്ഷെ പുതുതലമുറയ്ക്ക് അറിയാത്ത ഒരു കഥയാണ് 1970 കാലയളവിലെ നെല്ല് കുത്ത് നിരോധനം സർക്കാർ നടപ്പിലാക്കുന്നു. ഒരു നിശ്ചിത പറയിൽ കൂടുതൽ മില്ലുകളിൽ കുത്തരുതെന്നും, സർക്കാരിലേക്ക് മിച്ചഭൂമി നൽകാത്തവരുടെ നെല്ല് കുത്തി നൽകുവാൻ മില്ലുടമകൾ തയ്യാറാകരുത് എന്നുമായിരുന്നു ഉത്തരവ്. ഈ നിയമം നടപ്പിലാക്കുവാൻ പോലീസ് ഉദ്യേഗസ്ഥർ സ്ഥാപനങ്ങളിൽ എത്തുമായിരുന്നു. അക്കാലത്ത് പുളിങ്കുന്നിലെ എസ്. ഐ. ഓരോ നെല്ലുകുത്ത് മില്ലുകളിൽ എത്തി 100 രൂപ വീതം കൈക്കൂലി വാങ്ങി പോകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിരോധനത്തിന്റെ മറ്റൊരു കാരണം അമിത ഇലക്ട്രിസിറ്റിയുടെ ഉപയോഗം ആയിരുന്നു. എഴുപതുകളിൽ കുട്ടനാട് പാടശേഖരങ്ങളിൽ നിന്ന് കേരളത്തിലും, , കേരളത്തിന് പുറത്തേക്കും പോയ അരിയുടെ കണക്കുകൾ എന്തായിരിക്കും പറയുക. ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗധേയം നിർണ്ണയിച്ചിരുന്ന കുട്ടനാടിന്റെ ഇന്നത്തെ അവസ്ഥയിൽ ജോസഫ് ചാണ്ടിക്ക് മാത്രമല്ല സങ്കടം. മലയാളികളെയെല്ലാം ആ സങ്കടം ചൂഴ്ന്ന് നിൽക്കുന്നു. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് വരുന്ന അരിയുടെ കണക്കെടുപ്പിൽ സർക്കാരുകൾ ഇല്ലായ്മ ചെയ്തത് കേരളത്തിന്റെ നെല്ലറകളെയാണ് പറയുമ്പോൾ നെൽ കൃഷിയുടെ സുവർണ്ണ കാലം കണ്ട ഒരാളിന്റെ മനസ്സ് നമുക്ക് വായിച്ചെടുക്കാം. കേരളത്തിൽ എക്കാലവും തുടരുന്ന അഴിമതിയും കൈക്കൂലിയും നേരെയാവാതെ വികസന പാതകൾ അന്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിലേക്ക്.
ഉരുകിപ്പഴുത്ത ജീവിതം
1974 ൽ തിരുവല്ല മലങ്കര സഭയിലെ ജേക്കബ് പറമ്പിൽ അച്ചന്റെ ആലോചനയിൽ അദ്ദേഹത്തിന്റെ സഹോദരി നേഴ്സ് കുഞ്ഞുമോളുമായി വിവാഹം. 1974 അവസാനത്തിൽ അമേരിക്കയിൽ എത്തി. നാട്ടിൽ പഠിച്ച ഇംഗ്ലീഷ് സാഹിത്യമോ, വക്കീൽ പണിയോ ഒന്നും അമേരിക്കയിൽ ഗുണം ചെയ്തില്ല. സതേൺ ഇല്ലിനോയിസിലെ സ്പാർട്ടൻ അലൂമിനിയം ഫാക്ടറിയിൽ ജോലി കിട്ടി. തിളച്ചു കിടക്കുന്ന അലുമിനിയം വലിയ തവികളിൽ പകർന്ന് മെഷീനിൽ സ്ഥാപിച്ച അച്ചുകളിൽ ഒഴിക്കണം. ബാർബിക്യു് ഗ്രിൽ പാർട്ട്സ് ഉണ്ടാക്കുന്ന കമ്പനിയിൽ പത്തുമാസത്തെ ജോലി ഉരുകിപ്പഴുത്ത ജോലിയായിരുന്നു. ഇരുപത്തിയേഴ് വയസു വരെ ഒരു ജോലിയും ചെയ്യാത്ത ഒരാൾ 1500 ഡിഗ്രിയിൽ ചൂടായ അലുമിനിയം പകർന്ന് അച്ചുകളിലേക്ക് പകരുമ്പോൾ ക്ഷീണിതനായി വായിൽ നിന്ന് നുരയും പതയും വരുമായിരുന്നു. ജീവിതത്തെ ഒരു ചലഞ്ചായി സ്വീകരിക്കാൻ കിട്ടിയ നിമിഷങ്ങളായി കണക്കാക്കി അദ്ദേഹം.
തുടർന്ന് ചിക്കാഗോയിലേക്ക് മാറി. ജോലി സാധ്യതയുള്ള റെസ്പിറേറ്ററി തെറാപ്പി കോഴ്സിന് ചേർന്നു. ഇല്ലിനോയിലെ ആദ്യത്തെ ഗ്രാജുവേറ്റ് മലയാളി റെസ്പിറേറ്ററി തെറാപ്പിസ്റ്റായി തിരികെയെത്തി കൊളംബസ് ഹോസ്പിറ്റലിൽ ജോലിക്ക് കയറി. നാല് വർഷം കൊണ്ട് അസി.ഡയറക്ടർ പോസ്റ്റ് വരെയെത്തുവാൻ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് സാധിച്ചു. 7 വർഷക്കാലം ചിക്കാഗോ വൈ എം.സി.എ. കമ്യൂണിറ്റി കോളേജിലും, മാൽക്കം എക്സ് കമ്യൂണിറ്റി കോളേജിലും സായാഹ്ന സമയങ്ങളിൽ റസ്പിറേറ്ററി തെറാപ്പി അദ്ധ്യാപകനായും ജോലി നോക്കിയിരുന്നു.1981 ൽ ചിക്കാഗോ മെതഡിസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറി. ഡയറക്ടർ, ഡയറക്ടർ ഓഫ് ക്ലിനിക്കൽ ഓപ്പറേഷൻസ്, അസി . അഡ്മിനിസ്ടേറ്റർ, ഹോസ്പ്പിറ്റൽ അഡ്മിനിസ്ടേറ്റർ ആയി ഔദ്യോഗിക ജീവിതത്തിൽ ഉയർന്നു. 2020 മാർച്ചിൽ വിരമിച്ചതോടെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പൂർണ്ണമായും എഴുത്തിലേക്ക് തിരിഞ്ഞു.
വൈവിദ്ധ്യമുള്ള എഴുത്ത്,
പ്രചോദനമായി കേരളാ എക്സ് പ്രസ്സ്
കുട്ടനാടൻ ജീവിതത്തിന്റെ പച്ചപ്പ് ജോസഫ് ചാണ്ടിയുടെ എഴുത്തിന് തുടക്കമിട്ടുവെങ്കിലും അത് തുടരുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എഴുപതുകളിലും എൺപതുകളിലും എഴുത്തു വഴികൾക്ക് തുടക്കമിട്ട ജോസഫ് ചാണ്ടി ചിക്കാഗോയിലെത്തിയിട്ടും ജീവിതത്തിന്റെ വേവുന്ന ചൂടിലായിരുന്നു. ഔദ്യോഗികജീവിതത്തിന് ഒരാശ്വാസം ലഭിച്ചപ്പോൾ 2003 മുതൽ എഴുത്തിലേക്ക് ശ്രദ്ധ നൽകി. ചിക്കാഗോയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളാ എക്സ്പ്രസ് പത്രത്തിൽ കഥകളും ലേഖനങ്ങളും എഴുതി .എഴുത്തിന്റെ രണ്ടാമൂഴത്തിന് തുടക്കം. പത്രത്തിന്റെ എക്സിക്യുട്ടീവ് എഡിറ്റർ ജോസ് കണിയാലി നൽകിയ പ്രോത്സാഹനം കൂടിയായപ്പോൾ എഴുത്ത് ഒഴുക്കായി മാറി. ഇതിനോടകം അറുപതോളം ലേഖനങ്ങൾ, ഇരുപതോളം ചെറുകഥകൾ എഴുതിക്കഴിഞ്ഞു. കഥകളിലും എഴുത്തിലും ജോലി സംബന്ധമായ വിഷയങ്ങൾ, കോളേജ് ജീവിതം, കുട്ടനാടൻ കാർഷിക ജീവിതവുമെല്ലാം സന്നിവേശിപ്പിച്ചു. ലേഖനങ്ങളിൽ ഭൂരിഭാഗവും ഇടതുപക്ഷ രാഷ്ട്രീയം ചർച്ച ചെയ്യുന്നവയായിരുന്നു. കുട്ടനാടൻ ജന്മി കുടിയാൻ വ്യവസ്ഥകളിൽ തൊഴിലാളി സമൂഹം അനുഭവിച്ചിരുന്ന വിഷയങ്ങളുടെ നേർക്കാഴ്ചകൾ പകർത്തുമ്പോൾ മനുഷ്യൻ ഇടതു സഹയാത്രികനാകും എന്നാണ് ജോസഫ് ചാണ്ടിയുടെ പക്ഷം. അന്ന് തൊഴിലാളികൾക്ക് എട്ടണയാണ് ശമ്പളം .തന്റെ പിതാവിന്റെ നെല്ല് കുത്തു മില്ലിൽ അന്നത്തെക്കാലത്ത് ഒരു ദിവസത്തെ വരുവാനം 300 രൂപയായിരുന്നു എന്ന് ചിന്തിക്കുമ്പോൾ എട്ടണ കൊണ്ട് ജീവിതം തള്ളി നീക്കുന്ന സാധാരണക്കാരെക്കുറിച്ചായിരുന്നു ജോസഫ് ചാണ്ടിയുടെ ചിന്ത . ഈ ചിന്തകളാണ് എഴുത്ത് വീണ്ടും തുടങ്ങിയപ്പോഴും കഥകളായും ലേഖനങ്ങളായും പുനർജ്ജീവിച്ചത്. 1987 മുതൽ 2020 ൽ റിട്ടയർമെന്റ് വരെ ഔദ്യോഗികജീവിതത്തിൽ തന്നെയായിരുന്നു ശ്രദ്ധ. അതിനിടയിൽ ഗവൺമെന്റ് സംബന്ധമായ പേപ്പർ അവതരണങ്ങൾ , ഗവ. ഇൻസ്പെക്ഷൻ എന്നിവയ്ക്കെല്ലാം സമയം കണ്ടെത്തി. പൂർണ്ണമായും ഒരു കോർപ്പറേറ്റ് ഉദ്യാഗസ്ഥന്റേതായ എല്ലാ ഉത്തരവാദിത്വങ്ങളും വഹിക്കുമ്പോൾ വളരെ ചെറിയ അവധികൾ മാത്രമേ അദ്ദേഹം എടുത്തിരുന്നുള്ളു എന്നതാണ് സത്യം.
വിമോചന സമരവും
പതിനൊന്ന് വയസുകാരനും
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ പുറത്താക്കലിൽ അവസാനിച്ച കേരളത്തിന്റെ രാഷ്ട്രീയ പ്രക്ഷോഭമായ വിമോചന സമരത്തിൽ പതിനൊന്നാം വയസ്സിൽ ജോസഫ് ചാണ്ടിയും പങ്കാളി ആയിരുന്നു. വിദ്യാഭ്യാസ ബില്ല്, ഭൂപരിഷ്ക്കരണ നിയമങ്ങൾക്കെതിരെ നടത്തിയ സമരം പരിപൂർണ്ണ വിഡ്‌ഢിത്തരമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അഭിപ്രായം. വിമോചന സമരത്തിന്റെ ശരിയേയും നൈതികതയേയും സംബന്ധിച്ച ചർച്ചകൾ കേരള സമൂഹത്തിൽ ഇന്നും തുടരുന്നു എന്നതാണ് സത്യം.
പുസ്തകവായന
അന്നും,ഇന്നും
കുട്ടനാടിന്റെ കഥാകാരൻ തകഴി, ദേവ്, ബഷീർ എന്നിവരെ വായിക്കുമെങ്കിലും ചെറുപ്പം മുതൽ മുട്ടത്തുവർക്കിയുടെ കഥകളോടായിരുന്നു ചെറുപ്പം മുതൽ ആഭിമുഖ്യം .കാനം ഇ.ജെ, മലയാറ്റൂർ, കെ.സുരേന്ദൻ തുടങ്ങി പല എഴുത്തുകാരും അന്നേ മനസ്സിൽ കുടിയേറി. അമ്മയുടെ സഹോദരിയെ വിവാഹം കഴിപ്പിച്ച് അയച്ച പെരുമ്പെട്ടി അത്യാലിൽ വീട്ടുകാർക്ക് സ്വന്തമായി വായനശാല ഉണ്ടായിരുന്നു. വായനയിലേക്ക് തനിക്കായി തുറന്നു വച്ച ഒരു വാതിൽ കൂടിയായിരുന്നു ആ അക്ഷര ജാലകം. 1973 ൽ തിരുവനന്തപുരത്ത് സിവിൽ സർവീസ് ട്രെയിനിംഗ് ആൻഡ് യോഗ കോച്ചിംഗിന് ചേർന്ന സമയത്ത് പാളയം ലൈബ്രറി സമൃദ്ധമായി ഉപയോഗിച്ചു. ഇൻഡോ അമേരിക്കൻ ലൈബ്രറിയിൽ നിത്യ സന്ദർശകൻ ആയിരുന്നു. ബിമൽ മിത്രയുടെ ” പ്രഭുക്കളും ഭൃത്യൻമാരും ” നോവൽ ഏറെ സ്വാധീനിച്ച പുസ്തകം. 300 വർഷത്തെ ജന്മി കുടിയാൻ ബന്ധത്തെ വിശദീകരിക്കുന്ന ഈ പുസ്തകവും എസ്. കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയും മലയാളികൾ വായിക്കേണ്ട പുസ്തകമെന്ന് ജോസഫ് ചാണ്ടി സാക്ഷിപ്പെടുത്തുന്നു.വിദേശ എഴുത്തുകാരായ ആർദർ ഹെയ്‌ലി , വിൽബർ സ്മിത്ത്, വിക്ടർ യൂഗോ എന്നിവരെല്ലാം അദ്ദേഹത്തിന്റെ എഴുത്തിന്റെ സ്വാധീന ഘടകങ്ങൾ തന്നെ.തന്റെ എഴുത്തിന് ക്ഷമയില്ല എന്നതാണ് താൻ സ്വയം കാണുന്ന പരിമിതിയെന്ന് തുറന്നു പറയുന്നു ജോസഫ് ചാണ്ടി. അതിന് കാരണം ഒന്നേയുള്ളു. ഒന്നും നാളത്തേക്ക് മാറ്റിവയ്ക്കാനില്ല. എല്ലാം തീരുമാനിക്കുമ്പോൾ നടക്കണം. എഴുത്തായാലും അങ്ങനെ തന്നെ.ഈ സ്വഭാവം എഴുത്തിലും കുടുംബ ജീവിതത്തിലും പരിമിതികൾ സൃഷ്ടിച്ചപ്പോൾ ഔദ്യോഗിക ജീവിതത്തിൽ വിജയം കണ്ടു .
കമ്യൂണിറ്റി പ്രവർത്തനങ്ങൾ
സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ 1986 മുതൽ സജീവം. പാരിഷ് കൗൺസിൽ സെക്രട്ടറി, 2001 ൽ സീറോ മലബാർ കാത്തലിക് സമൂഹം സംയുക്തമായി സംഘടിപ്പിച്ച നാഷണൽ കൺവൻഷനിൽ ജനറൽ സെക്രട്ടറിയായിരുന്നു.ചിക്കാഗോ മലയാളി അസോസിയേഷന്റെ ആജീവനാന്ത മെമ്പർ കൂടിയാണ് .മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയറിന്റെ പ്രസിഡന്റ് ,ഇല്ലിനോയി റെസ്പിറേറ്ററി കെയറിന്റെ ലൈസൻസിങ് ബോർഡ് മെമ്പർ എന്നെ നിലകളിലും പ്രവർത്തിച്ചിരുന്നു .
കുടുംബം, പിതാവ് റോൾ മോഡൽ
അമ്മ വീടിന്റെ കണക്കുസൂക്ഷിപ്പുകാരി
എക്കാലവും ജോസഫ് ചാണ്ടിക്ക് കുടുംബമാണ് വലുത്. പിതാവ് ചാണ്ടി ജോസഫ് റോൾ മോഡൽ ആയിരുന്നു എങ്കിൽ അമ്മ വീടിന്റെയും, നെല്ലുകുത്തുമില്ലിന്റേയും, മെഡിക്കൽ ഷോപ്പിന്റേയും അനൗദ്യോഗിക കണക്കുസൂക്ഷിപ്പുകാരി ആയിരുന്നു. കണക്കു ബുക്കും കാഷും അപ്പൻ വൈകിട്ട് അമ്മയെ ഏൽപ്പിക്കും. അമ്മ അത് വിശദമായി പരിശോധിക്കും. അത് അപ്പന് ഒരു ധൈര്യം കൂടിയായിരുന്നു. എങ്കിലും അപ്പൻ റോൾ മോഡലായി എന്ന് ചോദിച്ചാൽ ജോസഫ് ചാണ്ടിക്ക് ഒരുത്തരമേ ഉള്ളു. ” അപ്പന്റെ ദീർഘവീക്ഷണം ” . കുട്ടനാട്ടിൽ നിന്ന് ലോകത്തിന്റെ വിവിധയിടങ്ങളിൽ ചേക്കേറാൻ ചിറകൊരുക്കിയ വലിയ മനുഷ്യൻ.അതുപോലെ തനിക്ക് പ്രചോദനമായി നിന്ന വൈദികൻ റവ .ഡോ.ജേക്കബ് തെക്കേപ്പറമ്പിലിനേയും,സിസ്റ്റർ മരിയ മാർട്ടിൻ സി എം സി യെയും ഈ വഴിത്താരയിൽ ഓർക്കേണ്ടതുണ്ട് .ചില മനുഷ്യർ ഇല്ലായിരുന്നു എങ്കിൽ നമ്മുടെയൊക്കെ ജീവിതം മറ്റു വഴികൾക്കൊപ്പം സഞ്ചരിക്കുമായിരുന്നു ഓർമിക്കുമ്പോൾ കൂടിയാണ് ജീവിതത്തിനു ധന്യതയുണ്ടാകുന്നത് .
ഇപ്പോൾ ജോസഫ് ചാണ്ടിയുടെ കുടുംബവും തന്റെ എഴുത്തിനും സർവ്വ പിന്തുണയുമായി ഭാര്യ കുഞ്ഞുമോൾ (അന്നമ്മ ) നേഴ്സ്, മക്കളായ എലിസബത്ത് ചാണ്ടി ചെക്കനാട് (ഫിസിഷ്യൻ), റെമി ചാണ്ടി കുഴിപ്പിള്ളിൽ ( സ്കൂൾ ടീച്ചർ ), സിമി ചാണ്ടി പള്ളത്ത് (നേഴ്സ് പ്രാക്ടീഷണർ ),ഒൻപതു കൊച്ചുമക്കളും ഒപ്പം. മക്കൾ ഡാളസിൽ സെറ്റിലായപ്പോൾ ചിക്കാഗോയിൽ നിന്ന് ഡാളസിലേക്ക് മാറിയ ജോസഫ് ചാണ്ടിയുടെ ലോകം കുടുംബവും ഒൻപത് കൊച്ചുമക്കളുമാണ്. പിതാവ് പകർന്ന് നൽകിയ കുടുംബ പാതയിൽ കുടുംബത്തോളം വലിയ ശക്തി വേറെയില്ല എന്ന വിശ്വാസത്തിൽ എഴുത്തിനെ സജീവമാക്കി മുന്നോട്ട്..
ജോസഫ് ചാണ്ടിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ കഥയാണ്. ഒരു കാർഷിക സംസ്കാരത്തിന്റെ കഥയാണ്. പച്ച മണ്ണിന്റേയും, പച്ചപ്പിന്റേയും ധന്യതയിൽ പടുത്തുയർത്തിയ കഥ. ഈ കഥ അമേരിക്കൻ മലയാളി സമൂഹത്തിന് ഒരു ജീവിത പാഠം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല. കാരണം ജോസഫ് ചാണ്ടി മണ്ണിനെ അറിഞ്ഞ , അറിയുന്ന മനുഷ്യനാണ്. ഒരു പച്ച മനുഷ്യൻ.ഈ മനുഷ്യനിൽ നിന്ന് ഇനിയും കഥകൾ വരാനുണ്ട് ,നമുക്ക് കാത്തിരിക്കാം ..ആ അറിയാക്കഥകൾക്കായി .