വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജോസഫ് ചാണ്ടി (വഴിത്താരകൾ )

sponsored advertisements

sponsored advertisements

sponsored advertisements


21 July 2022

വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജോസഫ് ചാണ്ടി (വഴിത്താരകൾ )


അനിൽ പെണ്ണുക്കര
“നമ്മള്‍ സന്തോഷപൂര്‍വ്വം നല്‍കുകയും നന്ദിയോടെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍, എല്ലാവരും അനുഗ്രഹിക്കപ്പെടും”
ഒരു അദ്ധ്യാപകന്‍റെ ദൗത്യം കാടുകളെ വെട്ടുക എന്നതല്ല, മരുഭൂമികളെ നനയ്ക്കുക എന്നതാണ്. കഴിഞ്ഞ അറുപത്തിയൊന്ന് വര്‍ഷമായി ഒരു അദ്ധ്യാപകന്‍റെ മനസ്സോടെ, കരുതലോടെ കാടുകളെ വെട്ടാത്ത, മരുഭൂമികള്‍ നനയിച്ചു കൊണ്ടിരിക്കുന്ന ഒരു ഉത്തമനായ അദ്ധ്യാപകനുണ്ട് അമേരിക്കയിലെ ഡാളസില്‍.
ജോസഫ് ചാണ്ടി.

കര്‍മ്മം കൊണ്ട് ബാങ്ക് ഉദ്യോഗസ്ഥനും പ്രവൃത്തികൊണ്ട് ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് തണലൊരുക്കിയ ഒരു വലിയ മനുഷ്യന്‍റെ വഴിത്താരയിലൂടെ സഞ്ചരിക്കാം. കഴിഞ്ഞ അറുപത്തിയൊന്ന് വര്‍ഷമായി കേരളത്തിലും, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമായി 3,11000 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, 24000 കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സഹായത്തിനും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി 11.61 കോടിയോളം രൂപ ചെലവഴിച്ചപ്പോള്‍ അതിനു പിന്നില്‍ ജോസഫ് ചാണ്ടി എന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍റെ അധ്വാനവും അര്‍പ്പണ ബോധവും ഉണ്ടെന്ന് തിരിച്ചറിയണം.15 കോടിയോളം രൂപ നാട്ടില്‍ സ്ഥിരമായി നിക്ഷേപിച്ചിരിക്കുകയാണ് .അതിന്‍റെ പലിശയെടുത്താണ് ഇപ്പോള്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ലോകാവസാനം വരെ ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കും. പക്ഷെ നമുക്കാര്‍ക്കും ഇങ്ങനെയാകാന്‍ സാധിക്കില്ല എന്ന് വിശ്വസിച്ചു കൊണ്ട് ജോസഫ് ചാണ്ടി എന്ന മനുഷ്യസ്നേഹിയുടെ കഥ കേള്‍ക്കാം.
കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം, പുന്നത്തുറ കിഴക്കിലെ കല്ലുവെട്ടുകുഴിയില്‍ വീട്ടില്‍ കുമ്മണ്ണൂര്‍ ചെറുശ്ശേരി കെ. ജെ. ചാണ്ടിയുടെയും (ചാണ്ടിസാര്‍), പുന്നത്തുറ പള്ളിക്കുന്നേല്‍ തറവാട്ടിലെ ഏലിയാമ്മയുടെയും മൂത്ത മകനായി 1944 ല്‍ ജനനം. പിതാവ് ചാണ്ടിസാര്‍ സ്കൂള്‍ ഹെഡ് മാസ്റ്ററും, പണ്ഡിതനുമായിരുന്നു. അമ്മ ഏലിയാമ്മയും പണ്ഡിതയായിരുന്നു. പിതാവ് വിവിധ സ്ഥലങ്ങളില്‍ അദ്ധ്യാപകനായി ജോലിനോക്കിയതു കൊണ്ട് ചെറിയ പ്രായത്തില്‍ത്തന്നെ വീട്ടുചുമതല ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടായി ജോസഫ് ചാണ്ടിക്ക്.
പുന്നത്തുറ സെന്‍റ് തോമസ് എല്‍. പി. സ്കൂളില്‍ ഒന്നാംക്ലാസ് മുതല്‍ അഞ്ചു വരെയും തുടര്‍ന്ന് വെള്ളാപ്പള്ളി സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലും പഠിച്ചു. പിന്നീട് പ്രീയൂണിവേഴ്സിറ്റി പാലാ സെന്‍റ് തോമസ് കോളേജില്‍ നിന്നും പാസ്സായി. കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കണക്കെഴുത്തുകാരനുമായി. രാത്രി പന്ത്രണ്ട് മണി വരെ ജോലി ചെയ്യുന്ന ഒരു ബാങ്ക് ജീവനക്കാരനെ അന്ന് എല്ലാവരും കണ്ടു. അവിടെ നിന്നും തുടങ്ങിയ കണക്കിലെ കളിയിലും, ജീവിതത്തിലും വിജയം കണ്ട അപൂര്‍വ്വ വ്യക്തിത്വമാണ് ജോസഫ് ചാണ്ടി.

വല്യമ്മയും, സാമൂഹ്യ സേവനത്തിന്‍റെ ബാലപാഠവും

നാട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും പ്രിയങ്കരനായ ജോസഫ് ചാണ്ടിയെ സാമൂഹ്യ സേവനത്തിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത് പണ്ഡിത കൂടിയായിരുന്ന വല്യമ്മയായിരുന്നു. വല്യമ്മ നാട്ടിലെ വയറ്റാട്ടിയായിരുന്നു. പോകുന്ന ഇടങ്ങളിലൊക്കെ ജോസഫ് ചാണ്ടിയേയും കൊണ്ടുപോകുമായിരുന്നു. പ്രതിഫലമില്ലാതെ നാട്ടുചികിത്സ നടത്തിയും പ്രസവമെടുത്തും വല്യമ്മ ചെയ്ത സാമൂഹ്യ സേവനങ്ങള്‍ മനസില്‍ പതിപ്പിച്ച ജോസഫ് ചാണ്ടിക്ക് സേവന പാതകള്‍ പിന്തുടരാന്‍ വഴിമരുന്നിട്ടതും വല്യമ്മ തന്നെ.

കിടങ്ങൂരില്‍ നിന്ന് കട്ടപ്പനയിലേക്ക്

കിടങ്ങൂരില്‍ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായിരിക്കെ ബി.കോം പഠിക്കുന്നതിനായി പാലാ സെന്‍റ് തോമസ് കോളേജില്‍ ചേര്‍ന്നു. ബി.കോം ക്ലാസോടുകൂടി പാസ്സായി. തുടര്‍ന്ന് കേരള സര്‍ക്കാരിന്‍റെ കോ ഓപ്പറേറ്റിവ് ഡിപ്പാര്‍ട്ട്മെന്‍റില്‍ എറണാകുളം ജില്ലയില്‍ ജോലി ലഭിച്ചു. 1965 ഡിസംബര്‍ മുതല്‍ കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍ സീനിയര്‍ അക്കൗണ്ടന്‍റ് / സീനിയര്‍ ഇന്‍സ്പെക്ടറായി ജോലി ലഭിച്ചു. 1968ല്‍ അവധിയെടുത്ത് ഇന്‍റര്‍നാഷണല്‍ ബാങ്കിങ്ങില്‍ എം കോം പഠിച്ചു പാസ്സായി.1970 ല്‍ കോട്ടയം ജില്ലാ സഹകരണ ബാങ്കിന്‍റെ കട്ടപ്പന ബ്രാഞ്ച് മാനേജരായി ജോലി ആരംഭിച്ചു. അന്നുമുതലാണ് ജോസഫ് ചാണ്ടിയുടെ ജീവിതത്തിലെ വഴിത്തിരിവുകള്‍ക്ക് തുടക്കമാകുന്നത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു കാലമായിരുന്നു അത്.ആ സമയത്ത് സെന്‍റ് മേരീസ് കോളേജ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന പേരില്‍ ഒരു സ്ഥാപനം അദ്ദേഹം കട്ടപ്പനയില്‍ ആരംഭിച്ചു. ടൈപ്പ് റൈറ്റിംഗ്, ഡിഗ്രി കോഴ്സുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. കുടിയേറ്റ കര്‍ഷകരുടെ മക്കളായിരുന്നു വിദ്യാര്‍ത്ഥികളില്‍ അധികവും. ഇടുക്കിയുടെ പല ഭാഗങ്ങളിലും സ്ഥാപനത്തിന്‍റെ ബ്രാഞ്ചുകളും തുടങ്ങി. ഹൈറേഞ്ചിന്‍റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ ജോസഫ് ചാണ്ടിയുടെ, നാട്ടുകാരുടെ പ്രിയപ്പെട്ട റോയി സാറിന്‍റെ സെന്‍റ് മേരീസ് കോളേജ് അറിവിന്‍റെ സരസ്വതി ക്ഷേത്രം തന്നെ ആയിരുന്നു. കര്‍ഷകരുടെ മക്കള്‍ ആയതിനാല്‍ ഫീസ് സമയത്തിനു ലഭിക്കുകയില്ലായിരുന്നു. എങ്കിലും കുട്ടികളുടെ പഠനമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ഇവിടെയെല്ലാം രാത്രി ഒരുമണിവരെ അദ്ദേഹം ജോലി ചെയ്യുമായിരുന്നു. കാരണം ലോണ്‍ വാങ്ങാനെത്തുന്നവര്‍ കര്‍ഷകര്‍ ആയിരുന്നു.
1962 മുതല്‍ നിരവധി കുട്ടികള്‍ക്ക് പഠന സഹായങ്ങള്‍ നല്‍കിയിരുന്ന ജോസഫ് ചാണ്ടി 1978ല്‍ കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍ ജോലിയിലിരിക്കെയാണ് അവധിയെടുത്ത് അമേരിക്കയിലേക്ക് പോന്നത്. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ക്ക് ഒരു സ്ഥിരം സംവിധാനമൊരുക്കാന്‍ പോകുന്നതിനു മുന്‍പ് അദ്ദേഹം തീരുമാനിച്ചു. പ്രോവിഡന്‍റ് ഫണ്ടില്‍ നിന്നും അറുപതിനായിരം രൂപ ലോണെടുത്ത് അയര്‍ക്കുന്നം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യുകയും അതിന്‍റെ പലിശ ചില കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നതിനായി ഉപയോഗിക്കുകയും ചെയ്തു. വിദേശത്തെ ജോലിയില്‍ നിന്നും കൂടുതല്‍ തുക അയച്ചുകൊടുത്ത് സ്കോളര്‍ഷിപ്പ് കൂടുതല്‍ കുട്ടികളിലേക്ക് വ്യാപിപ്പിക്കുവാന്‍ ശ്രമിച്ചു. സ്കൂള്‍ അധികാരികള്‍ ഈ ധനസഹായ പ്രവര്‍ത്തനങ്ങളെ കാര്യമായ രീതിയില്‍ പരിഗണിക്കാത്തതിനാല്‍ 1992 വരെ ഭാഗികമായി മാത്രമെ സ്കോളര്‍ഷിപ്പ് വിതരണം നടന്നിരുന്നുള്ളു. 1997 ല്‍ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി വിദ്യാലയങ്ങള്‍ക്ക് നേരിട്ട് സ്കോളര്‍ഷിപ്പ് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അതിനായി 1998 ല്‍ ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
1997 ല്‍ 5000 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും 400 കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിയാണ് വിദ്യാഭ്യാസ സഹായം നല്‍കിയത്. കേരളത്തിലെ എല്ലാ ജില്ലകളിലും തുടര്‍ന്ന് ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലേക്കും സ്കോളര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. പന്ത്രണ്ടായിരം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ആയിരം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സഹായം നല്‍കുന്ന ലോകോത്തര പ്രസ്ഥാനമായി ട്രസ്റ്റ് വളരുമ്പോള്‍ ജോസഫ് ചാണ്ടി എന്ന വിദ്യാഭ്യാസ വിചക്ഷണന്‍റെ ദീര്‍ഘവീക്ഷണത്തിന് ലോകം നല്‍കിയ അംഗീകാരമായി അത് മാറി.
312000 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും 23000 കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കും പതിനൊന്ന് കോടി വിദ്യാഭ്യാസ സഹായം.
സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏതാണ്ട് 335000 വിദ്യാര്‍ത്ഥികള്‍ക്കാണ് ജോസഫ് ചാണ്ടിയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. ഇതില്‍ റാങ്ക് ജേതാക്കള്‍ മുതല്‍, സ്വദേശത്തും, വിദേശത്തുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. ഒന്നാം ക്ലാസ്സ് മുതല്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന കുട്ടികള്‍ക്ക് മാസ്റ്റര്‍ ഡിഗ്രി വരെ തുടര്‍ സഹായം നല്‍കുന്നു എന്നതാണ് ജോസഫ് ചാണ്ടിയുടെ പ്രത്യേകത. അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതാകട്ടെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും സ്കൂള്‍ മാനേജ്മെന്‍റും ഉള്‍പ്പെട്ട അഞ്ചു പേരെങ്കിലും അടങ്ങുന്ന കമ്മറ്റിയാണ്. പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാണ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിക്കുക.

ബാങ്കര്‍

ജോസഫ് ചാണ്ടി വളരെ സമൃദ്ധനായ ഒരു ബാങ്കര്‍ കൂടിയാണ്. അദ്ധ്വാനമാണ് സമ്പത്ത്. സമ്പത്തിന്‍റെ ബുദ്ധിപൂര്‍വ്വമായ കൈകാര്യം ചെയ്യലാണ് ഒരു ബാങ്കറുടെ സാമര്‍ത്ഥ്യം. ലഭ്യമായ സമ്പത്ത് നിരവധിമടങ്ങായി വര്‍ദ്ധിപ്പിക്കുവാനുള്ള ഉപാധി സമര്‍ത്ഥനായ ഒരു ബാങ്കര്‍ക്ക് നന്നായി അറിയാം. പതിനാറാം വയസുമുതല്‍ ബാങ്കുമായി ബന്ധപ്പെട്ടയാള്‍, പിന്നീട് ഉന്നതമായ നിലയില്‍ എം കോം പരീക്ഷ പാസ്സായ വ്യക്തി, ജില്ലാ സഹകരണ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്നീ പരിവേഷങ്ങള്‍ക്കപ്പുറം ബാങ്കിന്‍റെ സഹായവും വളര്‍ച്ചയും എങ്ങനെ സത്യസന്ധമായിരിക്കണം എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥന്‍. അതുകൊണ്ടാണ് തനിക്ക് ലഭിച്ച സമ്പത്തിന്‍റെ വലിയൊരു ഭാഗം നൂറായി, ആയിരമായി, പതിനായിരമായി ലക്ഷമായി ഇരട്ടിക്കുന്ന വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിക്കുന്നത്.

എത്ര കൊടുത്താലും മതിവരാതെ

വിദ്യാഭ്യാസ സഹായത്തിന് പുറമെ എന്ത് സഹായത്തിന് സമീപിക്കുന്നവരെയും ജോസഫ് ചാണ്ടി നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കാറാണ് പതിവ്. ആവശ്യങ്ങള്‍ അനുസരിച്ച് വേണ്ട സഹായം നല്‍കും. കേരളത്തിലെ വിവിധ അനാഥാലയങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും സഹായമെത്തിക്കുന്നു അദ്ദേഹം. തന്‍റെ 25-ാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ദ്ധനരായ 25 നവദമ്പതികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായം, കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, പുതുശ്ശേരി എന്നിവിടങ്ങളിലെ 37 ദമ്പതികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സഹായം, അംഗവൈകല്യം ഉള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്കായി ഓരോ വര്‍ഷവും സഹായം, വീട് പുതുക്കിപണിയാന്‍ അയര്‍ക്കുന്നം, കിടങ്ങൂര്‍, ചേര്‍ത്തല പഞ്ചായത്തുകളില്‍ ഇരുപത് കുടുംബങ്ങള്‍ക്ക് സഹായം തുടങ്ങി തന്നെ സമീപിക്കുന്ന അര്‍ഹതയുള്ളവര്‍ക്കെല്ലാം കനിവിന്‍റെ കൈത്തിരിയായി ജോസഫ് ചാണ്ടി ഒപ്പമുണ്ട്.

രോഗങ്ങള്‍ തളര്‍ത്താത്ത മനസ്സ്

പ്രശസ്തനായ അമേരിക്കന്‍ കോടീശ്വരന്‍ റോക് ഫെല്ലറിന്‍റെ ജിവിതവുമായി ഏറെ സാമ്യമുണ്ട് ജോസഫ് ചാണ്ടിയുടെ ജീവിതത്തിന്. മുപ്പത്തിയൊമ്പതാം വയസില്‍ മാരകരോഗങ്ങള്‍ പിടിപെട്ട റോക്ക് ഫെല്ലര്‍ തന്‍റെ രോഗത്തെ അവഗണിച്ചുകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി 93 വയസു വരെ ജീവിതത്തെ സരസമായി മുന്നോട്ടു കൊണ്ടുപോയി. ഒരാളുടെ വിഷമത്തില്‍ കൂടെ നില്‍ക്കുന്നതില്‍പ്പരം ആനന്ദം മറ്റൊന്നുമില്ല എന്ന് വിശ്വസിക്കുന്ന ജോസഫ് ചാണ്ടിയുടെ ജീവിതകഥയ്ക്കും റോക്ക് ഫെല്ലറുടെ ജീവിത കഥയോട് സാമ്യമുണ്ട്.
ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയും, സീറോ പാന്‍ക്രിയാസും, അഞ്ച് നേരമുള്ള ഇന്‍സുലിന്‍ കുത്തിവെയ്പ്പും, മറ്റനവധി രോഗങ്ങളും അലട്ടുമ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ഒരു വിദ്യാര്‍ത്ഥിക്കും പഠനം മുടങ്ങരുത് എന്നാണ് അദ്ദേഹത്തിന്‍റെ ചിന്ത. എല്ലാ വര്‍ഷവും കാലവര്‍ഷം തുടങ്ങുന്ന സമയത്താണ് അമേരിക്കയില്‍ നിന്നും അദ്ദേഹം നാട്ടിലെത്തുക. കേരളത്തിലുട നീളം സഞ്ചരിച്ച് വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ നല്‍കുവാന്‍ ഓടി നടക്കുമ്പോള്‍ എല്ലാ അസുഖങ്ങളെയും കീഴ്പ്പെടുത്താനുള്ള കരുത്ത് അദ്ദേഹത്തിന് ആയിരങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്നു.

എന്തുകൊണ്ട് വിദ്യാഭ്യാസ രംഗം?

തന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏറിയ പങ്കും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ക്കായി മാറ്റിവയ്ക്കുന്നതിന് അദ്ദേഹത്തിന്‍റേതായ ന്യായമുണ്ട്.
‘ഒരാള്‍ക്ക് മത്സ്യം വാങ്ങിക്കൊടുത്താല്‍ ഒരു നേരത്തെ ഭക്ഷണമായി. എന്നാല്‍ അയാളെ മീന്‍ പിടിക്കാന്‍ പഠിപ്പിച്ചാല്‍ ജീവിത കാലം മുഴുവന്‍ ഗുണമാകും’ എന്ന ചൈനീസ് പഴമൊഴിയാണ് ഈ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. കേരളത്തിന് ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കത്തക്ക തരത്തില്‍ കുട്ടികള്‍ക്കെല്ലാം മികച്ച വിദ്യാഭ്യാസം ലഭിക്കണം എന്ന ആഗ്രഹമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് അദ്ദേഹം അടിവരയിടുന്നു. ചെറിയ ക്ലാസില്‍ അദ്ദേഹം പഠിച്ച നാലുവരി കവിതയും ജീവിത വളര്‍ച്ചയുടെ ഭാഗമായി എന്നതില്‍ സന്തോഷിക്കാം.
കൊണ്ടു പോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും
മേന്മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാധനം.

കല്യാണാലോചനയുടെ ക്ലൈമാക്സ്

1977 ഒക്ടോബര്‍ 23നാണ് കോതമംഗലം കടവൂര്‍ മാതേക്കല്‍ മത്തായിയുടേയും മറിയാമ്മയുടേയും ഇളയമകള്‍ മേരി മാത്യുവിനെ ജോസഫ് ചാണ്ടി ജീവിത സഖിയാക്കിയത്.
ജോസഫ് ചാണ്ടിക്ക് വിദേശത്ത് ജോലിയുള്ള നേഴ്സിന്‍റെ ആലോചന ആദ്യം വന്നിരുന്നു എങ്കിലും സമയത്ത് പെണ്ണ് എത്തിയില്ല. അമേരിക്കയില്‍ നിന്നെത്തിയ മേരിക്ക് പറഞ്ഞ ചെറുക്കന്‍റെ പിതാവായിരുന്നു പെണ്ണുകാണാനെത്തിയത്. എന്തോ കാരണത്താല്‍ ആലോചന അലസിപ്പിരിഞ്ഞു. കല്യാണം നടത്തുകയും വേണം. ആരോ കറങ്ങിത്തിരിഞ്ഞ് ജോസഫ് ചാണ്ടിയെ പെണ്ണു കാണിച്ചു. അങ്ങനെയാണ് ജോസഫ് ചാണ്ടി-മേരി വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് നാലാം ദിവസം മേരി അമേരിക്കയിലേക്ക് വിമാനം കയറി. ഏറ്റവും രസകരമായ ഒരു ട്വിസ്റ്റ് കൂടിയുണ്ട്. മേരിക്ക് പറഞ്ഞ ചെറുക്കനും ജോസഫിന് പറഞ്ഞ പെണ്ണും തമ്മില്‍ കല്യാണം നടന്നു. മേരിയും ജോസഫും തമ്മിലും കല്യാണം കഴിച്ചു.
ദൈവം കൂട്ടിച്ചേര്‍ത്ത ബന്ധമാണ് ജോസഫ് മേരി ദമ്പതികളുടേത് എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയമില്ല. തന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ വഴിത്തിരിവിനും ഈ ഒരുമിക്കല്‍ നിമിത്തമായി.

അമേരിക്കയില്‍

വിവാഹശേഷം അമേരിക്കയിലെത്തിയ ജോസഫ് ചാണ്ടി വിവിധ ജോലികള്‍ ചെയ്തു. ഇലക്ട്രീഷ്യന്‍, ടെക്നിക്കല്‍ ഓപ്പറേറ്റര്‍, ഒപ്ടിക്ക് എന്‍ജിനീയറിംഗ്, എം. ബി. എ എന്നിവ പഠിച്ചു. ഇജഅ പരീക്ഷ എഴുതി. വിവിധ ജോലികള്‍ ചെയ്തു. എങ്കിലും ഒന്നിലും കൃത്യമായി ശ്രദ്ധിച്ചില്ല. 8 വര്‍ഷത്തിന് ശേഷം വീണ്ടും നാട്ടിലെത്തി ഒന്നര മാസം കോട്ടയം ജില്ലാബാങ്കില്‍ ജോലിയില്‍ തുടര്‍ന്നു. വീണ്ടും അമേരിക്കയില്‍ (ടെക്സാസ്) എത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ശ്രദ്ധ നല്‍കി. ഏഞഋ പാസ്സായി. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ രജിസ്ട്രേഷന്‍ എടുത്ത ആദ്യത്തെ മലയാളികളില്‍ ഒരാളാണ് ജോസഫ് ചാണ്ടി. 1981 മുതല്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കം ഓണര്‍ എന്ന നിലയില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയങ്ങളാണ് സമ്മാനിച്ചത്. അദ്ദേഹത്തിന്‍റെ കമ്പനിയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ ജോലി ചെയ്യുന്നുണ്ട്.

അമേരിക്കന്‍ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ മിഷന്‍

1997ല്‍ ജോസഫ് ചാണ്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അമേരിക്കന്‍ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ മിഷന്‍ ഇന്ന് വലിയ പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. ‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’ എന്ന തത്വത്തിന്‍റെ അടിസ്ഥാനത്തില്‍ പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് അവരെ കുടുംബത്തിനും രാഷ്ട്രത്തിനും പ്രയോജനം നല്‍കുന്ന ഉത്തമ പൗരന്മാരായി മാറ്റുകയാണ് ട്രസ്റ്റിന്‍റെ ലക്ഷ്യം. ഇന്ത്യയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വേണ്ടിയാണ് 1998 ല്‍ ഇന്ത്യന്‍ ജീവകാര്യണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപം കൊണ്ടത്. അമേരിക്കന്‍ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ മിഷന്‍റെ പ്രസിഡന്‍റായും ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റിയായും ജോസഫ് ചാണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഈശ്വരന്‍ നേരിട്ട് ഏല്‍പ്പിച്ച ഒരു ദൗത്യത്തിനായി പ്രവര്‍ത്തിക്കുന്ന അനുയായിയുടെ റോള്‍ മാത്രമാണ് തന്‍റേത് എന്ന് പറയുവാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.

കനിവിന്‍റെ സൂര്യ തേജസ്

ജോസഫ് ചാണ്ടിയുടെ ജീവചരിത്രം ഒരു കഥ പോലെ രേഖപെടുത്തിയ ആത്മകഥാഖ്യായികയാണ് ‘കനിവിന്‍റെ സൂര്യ തേജസ്’ ഡോ. എം. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ രചിച്ച ഈ ഗ്രന്ഥത്തിന്‍റെ നാലാം പതിപ്പ് ഈ മാസമാണ് പ്രകാശനം ചെയ്തത്. ഒരു കഥപോലെ വായിച്ചു പോകാവുന്ന മഹത്തായ ഒരു ഗ്രന്ഥം കൂടിയാണ് ഈ പുസ്തകം. ഈയിടെ അന്തരിച്ച ഗാന്ധിയന്‍ പത്മശ്രി: പി.ഗോപിനാഥന്‍ നായരാണ് അവതാരിക എഴുതിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ എ.പി. ജിനന്‍റെ ആമുഖം ജോസഫ് ചാണ്ടിയുടെ ജീവിതത്തിന്‍റെ ചെറുപതിപ്പാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. കാരുണ്യം എന്ന ഭാവത്തിന് ഒരു ശാന്ത തേജസ് മാത്രമല്ല മാനവ രാശിയുടെ ഹൃദയത്തിനു ചൂടും വെളിച്ചവും നല്‍കുന്ന ഒരു സാത്വിക ചൈതന്യമാകുവാനും കഴിയുമെന്ന കണ്ടെത്തല്‍ കൂടിയാണ് ഈ ഗ്രന്ഥം.

തേടിയെത്തിയ പുരസ്ക്കാരങ്ങള്‍

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വഴികളില്‍ താങ്ങും തണലുമായി നിലകൊള്ളുന്ന ജോസഫ് ചാണ്ടിയെ തേടി വന്ന പുരസ്കാരങ്ങള്‍ ചെറുതല്ല. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള മഹാത്മാ ഗാന്ധി ഗ്ലോബല്‍ അവാര്‍ഡ്, മദര്‍ തെരേസ ഫൗണ്ടേഷന്‍റെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്, വീരരാഘവ ഫൗണ്ടേഷന്‍ അവാര്‍ഡ്, കേരള ക്രിസ്ത്യന്‍ ഫൗണ്ടേഷന്‍ സെന്‍റ് വിന്‍സെന്‍റ്ഷ്യന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളതെങ്കിലും അറിവിന്‍റെ വഴിത്താരയിലേക്ക് ഒരു വിദ്യാര്‍ത്ഥി ചുവട് വയ്ക്കുമ്പോള്‍ അവരില്‍ നിന്ന് വരുന്ന മന്ദസ്മിതം പോലെ വലുതല്ല ഒരു പുരസ്കാരവുമെന്ന് അദ്ദേഹം തുറന്നു പറയുന്നു.

കുടുംബം ശക്തി

ഈ വഴിത്താരയില്‍ അദ്ദേഹത്തിന്‍റെ ശക്തി അദ്ദേഹത്തിന്‍റെ കുടുംബമാണ്.
ജോസഫ് ചാണ്ടി – മേരി (നേഴ്സ്) ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ്. ജോഷി ജോസഫ് (എം.ബി.എ), ജയ്നി ജോസഫ് (ടീച്ചര്‍), നാന്‍സി ജോസഫ് (ടീച്ചര്‍) എന്നിവരുടെ പിന്തുണ ഒരു അനുഗ്രഹമാണ്. ഒരു നന്മയ്ക്കൊപ്പം പല നന്മകള്‍ കൂടിച്ചേരുന്ന അനര്‍ഘനിമിഷങ്ങളാണ് ഈ കുടുംബത്തില്‍ നിന്നും വന്ന സഹായ ഹസ്തങ്ങള്‍.
കേരളത്തിന്‍റെ വിദ്യാഭ്യാസ പ്രക്രിയയില്‍ കോടികളുടെ സഹായമെത്തിച്ച് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അറിവിന്‍റെ വഴികളിലേക്ക് നടന്നു കയറാന്‍ സഹായവുമായി നില്‍ക്കുന്ന ഒരു വലിയ മനുഷ്യന്‍.
അതെ, ഈ വഴിത്താരയില്‍ ജോസഫ് ചാണ്ടി വ്യത്യസ്തനാകുന്നത് അങ്ങനെയാണ്. കനിവിന്‍റെ സൂര്യ തേജസ്സായി ആയിരങ്ങള്‍ക്ക് പ്രകാശമായി നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ ചിന്തകളും, പ്രവര്‍ത്തനങ്ങളും സ്നേഹത്തില്‍ അധിഷ്ഠിതമാണ്. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മനുഷ്യന്‍റെ ധന്യജീവിതം പുതുതലമുറയ്ക്ക് വഴിത്താരയാകുവാന്‍ ഈ ‘കനിവിന്‍റെ സൂര്യ തേജസിന്‍റെ’ ഒരു കിരണമേറ്റാല്‍ മതിയാകും.
ഇനിയും ആയിരങ്ങളുടെ ജീവിതം ധന്യമാക്കാനുള്ള നന്മയുടെ വഴികള്‍ തെളിയിക്കാന്‍ ജോസഫ് ചാണ്ടിക്ക് ഈശ്വരന്‍ കരുത്ത് നല്‍കട്ടെ… പ്രാര്‍ത്ഥനകള്‍.