ഇന്ന് രണ്ടു വർഷത്തെ ഒരു വലിയ ഇടവേളയ്ക്ക് ശേഷം , സ്കൂളുകൾ പൂർണമായ അർത്ഥത്തിൽ വീണ്ടും തുറക്കുകയാണ്.
രണ്ട് വർഷം മുൻപ്, ഒരു മാർച്ച് ഉച്ചയ്ക്ക് , വാർഷിക പരീക്ഷകൾ തുടങ്ങാൻ രണ്ടോ മൂന്നോ ദിവസം ബാക്കി നിൽക്കെ പാൻഡെമിക് പ്രതിരോധത്തിന് വേണ്ടി പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടലിന്റെ ഭാഗമായി സ്കൂൾ അടയ്ക്കുമ്പോൾ രണ്ടു മാസത്തെ വേനലവധി കഴിഞ്ഞ് ജൂണിൽ സ്കൂൾ തുറക്കും എന്ന് തന്നെയാണ് വിശ്വസിച്ചത്.ആദ്യ ദിവസങ്ങളിൽ ഒരു പക്ഷെ ജീവിതത്തിൽ ആദ്യമായി കിട്ടിയ, ഒന്നും ചെയ്യാനില്ലാത്ത അവധി ദിവസങ്ങൾ ആസ്വദിക്കുകയും ചെയ്തു.
പക്ഷെ, ഏപ്രിൽ അവസാനത്തോടെ തന്നെ ഇത് അത്ര വേഗം കടന്ന് പോയേക്കില്ലെന്നും ,ഒരു സമാന്തര മാർഗം തേടേണ്ടി വരുമെന്നും ഉള്ള യാഥാർഥ്യം തിരിച്ചറിയാൻ തുടങ്ങി.അതിനുള്ളിൽ തന്നെ സി.ബി.എസ്.സി ഗൂഗിൾ മീറ്റ് ഉപയോഗിച്ച് അധ്യാപക പരിശീലനം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും, അതിന് വേണ്ടി Resourse person training ആരംഭിക്കുകയും ചെയ്തു.പുതിയ വഴിയിലേക്ക് ഇറങ്ങാനുള്ള ആത്മവിശ്വാസം തന്നത് ആ പരിശീലനം ആണ്.
പിന്നെയുള്ള കുറച്ചു കാലം ഒരു നിശബ്ദ വിപ്ലവത്തിന്റേതായിരുന്നു.വിശാലവും, വെളിച്ചമുള്ളതുമായ ഒരു ക്ളാസ് മുറിയിൽ നിന്ന് ഒരു സ്ക്രീനിന്റെ മുൻപിലേക്ക് അധ്യയനം പരിവർത്തനം ചെയ്യുന്നതിന് വേണ്ടിയുള്ള കഠിന യത്നം.
അതിന് വേണ്ടിയുള്ള മുന്നൊരുക്കമോ, മനസൊരുക്കമോ, സാങ്കേതിക ജ്ഞാനമോ ഒന്നും ഞങ്ങൾ അധ്യാപകർ നേടിയിരുന്നില്ല.സാധാരണ കാലത്ത്, ഒരു പക്ഷെ, ഏതാനും വർഷങ്ങൾ കൊണ്ട് മാത്രം സാധിച്ചെടുക്കുമായിരുന്ന ഒരു പരിണാമം ഏതാനും ദിവസങ്ങൾ കൊണ്ടാണ് അധ്യാപകർ ആർജിച്ചത്.
എന്റെ ഒരു സഹപ്രവർത്തകയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ “ഉപയോഗിക്കുന്ന ഫോണിന്റെ ബ്രാൻഡ് ഏതെന്ന് പോലും ശരിക്ക് അറിയാത്ത” ഞങ്ങൾ, ഒരു സ്ക്രീനിന്റെ മുന്നിൽ ഇരുന്ന് ക്ളാസ് എടുക്കാൻ സ്വയം സഞ്ജരാക്കി. ഒപ്പം, സ്കൂൾ മാനേജ്മെന്റ്, രക്ഷിതാക്കൾ, കുഞ്ഞുങ്ങൾ എല്ലാവരും.
ആദ്യമായി ഒരു ഗൂഗിൾ മീറ്റ് ലിങ്ക് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് രാകേഷ് പറഞ്ഞു തന്നപ്പോൾ എഴുതി വച്ച ,ഏകദേശം ഒരു പേജ് വരുന്ന കുറിപ്പ് എന്റെ പഴയ ഡയറിയിൽ ഇപ്പോഴും ഉണ്ട്.അതി സങ്കീർണമായ ഒരു അൽഗോരിത നിർമിതിക്ക് തുല്യമായിട്ടാണ് അന്ന് എനിക്ക് അത് തോന്നിയത്.ഇന്ന് അര നിമിഷം കൊണ്ട്, അർദ്ധ മയക്കത്തിലും ഒരു മീറ്റ് ലിങ്ക് ഉണ്ടാക്കാം എന്ന ആത്മ വിശ്വാസവും.അന്നോളം തീർത്തും അപരിചിതമായ ഒരു വിജ്ഞാന മേഖലയെ പരിചയപ്പെടുത്തി എന്നതാണ്, ഏറെ വെല്ലുവിളികൾക്ക് ഇടയിലും , കോവിഡ് കാലത്തിന്റെ, ഗുണഫലമായി തോന്നുന്നത്.
ഒപ്പം, വളരെ ബഹുമാനം തോന്നിയത് ഗൂഗിളിനോട് ആണ്.ഈ മഹാമാരിക്കാലത്തിനെ കുറിച്ചൊന്നും മുന്നറിവ് ഇല്ലെങ്കിലും, ഗൂഗിൾ മീറ്റും, ഫോമും, ഡോക്കും,ക്ളാസ് റൂമും, സ്ക്രീൻ ഷെയറിങ്ങും ഒക്കെ നിർമിച്ചു വച്ച അവർ പുപ്പുലികൾ തന്നെ !
സാധാരണ ക്ളാസ് റൂമിൽ ഉപയോഗിച്ച് വന്നിരുന്ന പദാവലി മാറി, വേറെ ഒരു കൂട്ടം വാക്കുകൾ കടന്നു വന്നു…ലിങ്ക് ഷെയറിങ്, ജോയിൻ, മ്യൂട്ട്, ക്യാമറ ഓൺ/ഓഫ്, സ്ക്രീൻ ഷെയറിങ്, അപ്ലോഡ്, ഗൂഗിൾ ക്ളാസ് റൂം, ലീവ്….
വരാന്തയിലൂടെയും, മുറ്റത്ത് കൂടെയും ചുറ്റി നടന്ന് ക്ളാസ് കാണുന്നതിന് പകരം മേശപ്പുറത്ത് വച്ച കംപ്യൂട്ടറിലും, ഫോണിലും ലിങ്കുകൾ മാറി, മാറി ക്ലിക്കി ക്ലാസ് മുറികളിൽ കയറി ഇറങ്ങി.
ആദ്യ കാലങ്ങളിൽ ഒരു യുദ്ധത്തിന് പോകുന്ന വേവലാതിയോടെ ഫോണും, ലാപ്പും, ട്രൈപോഡും,ഇയർ ഫോണും ഒക്കെ തൂക്കി പിടിച്ച് വിറച്ചു വിറച്ചു ക്ളാസ് എടുത്തിരുന്ന ഞങ്ങൾ പതുക്കെ , പതുക്കെ ആത്മവിശ്വാസമുളവർ ആയി.ഓൺ ലൈൻ ടൂളുകൾ ഉപയോഗിച്ച് രസകരമായി പഠിപ്പിക്കാൻ ശീലിച്ചു തുടങ്ങി. കുട്ടികളെ വീട്ടിൽ ഇരുത്തി പരീക്ഷകൾ നടത്തി, ഓണവും, ക്രിസ്തുമസും ആഘോഷിച്ചു, പഠനത്തിന് ഒപ്പം പാഠ്യേതര പ്രവർത്തനങ്ങളും കേമമായി നടന്നു തുടങ്ങി.
കഠിനാധ്വാനത്തിനും, അനവധി സംഘർഷങ്ങൾക്കും ഒപ്പം ഒരുപാട് തമാശകളും, ചിരികളും കൂടി കലർന്നത് ആയിരുന്നു കോവിഡ് കാല അധ്യയനം.
സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച കാലം ഒഴികെ, എല്ലാ ദിവസങ്ങളിലും സ്കൂളിൽ എത്തിയിരുന്നു. കുട്ടികളും, അധ്യാപകരും ഇല്ലാതെ വിരലിൽ എണ്ണാവുന്ന അനധ്യാപക ജീവനക്കാർ മാത്രമായി കഴിച്ചു കൂട്ടിയ ദിനങ്ങൾ. കുട്ടികൾ ഇല്ലാതെ തണുത്ത്, നിശബ്ദമായി നിൽക്കുന്ന സ്കൂളിലൂടെ വെറുതെ നടന്ന ദിവസങ്ങളിൽ ഒക്കെ എത്ര തീവ്രമായിട്ടാണ് അരികിൽ അവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയത്….
രണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും സ്കൂൾ തുറക്കുമ്പോൾ എന്റെ ജീവിതവും എത്ര ആകസ്മികതകളിലൂടെ കടന്നു പോയി.ജനിച്ചു, പഠിച്ചു, ജോലി ചെയ്ത് ജീവിച്ച നാടും, വീടും, സ്കൂളും ഒക്കെ വിട്ട് പുതിയ ഒരിടത്തെക്കുള്ള പറിച്ചു നടൽ… മുടി മുണ്ഡനം ചെയ്ത്, പുണ്യ തീർത്ഥത്തിൽ ആത്മ പിണ്ഡം വച്ചു, പൂർവാശ്രമത്തെ വിസ്മരിച്ചു കൊണ്ട് പുതിയ ഒരാൾ ആകുന്നത് പോലെ….ഏറെകാലം പഠിപ്പിച്ച റോബർട്ട് ഫ്രോസ്റ്റിന്റെ “റോഡ് നോട്ട് ടൈക്കൺ” എന്ന കവിത ജീവിതത്തിൽ അനുഭവിക്കുന്നത് പോലെ…അത്ര മേൽ സ്നേഹിക്കുമ്പോഴും ചില ഇടങ്ങളിൽ നിന്ന് സ്വയം അടർന്നു മാറേണ്ടത് ആവശ്യമാണെന്ന തിരിച്ചറിവോടെ….കനത്ത കയ്പ്പ് കുടിച്ചിറക്കുമ്പോഴും മുഖത്ത് ചിരി മാത്രമേ ഉണ്ടാകൂ എന്ന ദൃഢ നിശ്ചയത്തോടെ, കണ്ണീർ ഉള്ളിലേക്ക് ഒഴുകി ഇറങ്ങി ഹൃദയം നനഞ്ഞു കുതിരുമ്പോഴും മുന്നോട്ട് മാത്രം നോക്കി…ഇരുട്ടിനപ്പുറത്തു വെളിച്ചം ഉണ്ടെന്ന വിശ്വാസത്തോടെ.
നാളെ സ്കൂൾ തുറക്കുന്നു.കുട്ടികളുടെ ലോകം വീണ്ടും സ്വന്തമാകുന്നു.പത്തു വർഷം മുൻപ്, ഒരു ശൂന്യതയിൽ, എന്നെ കൊണ്ട് ഇനി പഠിപ്പിക്കാൻ കഴിയില്ല എന്ന ഭീതിയിൽ, ഒരു രാജിക്കത്തിന്റെ വരികൾ ഉള്ളിൽ ഇട്ട് മൂർച്ച കൂട്ടി ഒരു ക്ളാസ് മുറിയിൽ ചെന്ന് നിന്നിട്ടുണ്ട്.ദൈവത്തോളം വളർന്ന് എന്നെ ജീവിതത്തിലേക്കും, അധ്യാപനത്തിലേക്കും തിരിച്ചു കൊണ്ടു വന്നത് ആ ക്ളാസ്സിൽ ഉണ്ടായിരുന്ന ഏഴാം ക്ളാസുകാരാണ്… മുറിഞ്ഞും, നൊന്തും നിന്നവൾക്ക് മുക്തി തന്നവർ…കുട്ടികൾക്ക് ഇടയിൽ ആവുക എന്നാൽ ഈശ്വരന് ഒപ്പം ആയിരിക്കുന്നത് പോലെയാണ്….ഏതു വെന്ത ഇടവും അവർ അലിവിന്റെ ആലിപ്പഴം വച്ചു തണുപ്പിക്കും…
അവർക്ക് വേണ്ടി കാത്തിരിക്കുന്നു…എന്റെ ഹൃദയം കൊണ്ട് ചേർത്തു പിടിക്കുന്നു…ഞാൻ ഇനിയും തളർന്ന്, തകർന്ന് പോയേക്കാം…നിങ്ങൾ താങ്ങുമല്ലോ…നിങ്ങൾ കൂട്ടി ചേർക്കുമല്ലോ…
മൃദുല രാമചന്ദ്രൻ
ചിത്രം : ഒരു കോവിഡ് പൂർവ ഓണക്കാലത്ത് നിന്നും.