കെ -റെയിൽ പടിയിറക്കലോ, വികസനോന്മുഖമോ (ബേബി മണക്കുന്നേൽ)

sponsored advertisements

sponsored advertisements

sponsored advertisements

1 April 2022

കെ -റെയിൽ പടിയിറക്കലോ, വികസനോന്മുഖമോ (ബേബി മണക്കുന്നേൽ)

കേരളത്തിൻ്റെ തെരുവോരങ്ങൾ പിന്നിട്ട് അടുക്കളയിൽ കയറി വീട്ടുകാരെ കൈപിടിച്ച് പുറത്താക്കി കല്ലിടുന്നതിൽ എത്തി നിൽക്കുന്നു ഇന്ന് കെ-റെയിൽ പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി നടത്തുന്ന കോലാഹലം .വേണ്ടത്ര മുൻധാരണകളോ പഠനങ്ങളോ കൂടിയാലോചനകളോ ഇത്തരം ബ്രഹത്തായ ഒരു പദ്ധതിക്ക് വേണ്ടി നടത്തിയിട്ടില്ല എന്ന് വാർത്താമാധ്യമങ്ങളിൽ നിന്നും ജനങ്ങളുടേയും വിദഗ്ധരുടേയും പ്രതികരണങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയും .മനുഷ്യൻ്റെ ഭൗതിക സാഹചര്യങ്ങളുടെ ഉയർച്ച ലക്ഷ്യമാക്കി പ്രയത്നിക്കുക എന്നത് വ്യക്തികളുടേയും ,സംഘടനകളുടേയും രാഷ്ട്രീയ പാർട്ടികളുടേയും ധർമ്മമാണ് .എന്നാൽ നമ്മൾ ഭൗതീക സാഹചര്യങ്ങൾ വർധിപ്പിക്കുമ്പോൾ നമ്മുടെ നിലനിൽപ്പിനാധാരമായ പ്രകൃതിയേക്കൂടി ചിന്തിക്കേണ്ടതുണ്ട് .ഏകദേശം മൂന്ന് ലക്ഷത്തിൽ അധികം കോടി രൂപ പൊതുകടം ഉള്ള ഒരു സംസ്ഥാനം (അത് ഇപ്പോഴും ഉയർന്നു കൊണ്ടിരിക്കുന്നു) 10- 13 വർഷം ചുരുങ്ങിയതെങ്കിലും വേണ്ടിവരുന്ന പദ്ധതിക്കായി രണ്ട് ലക്ഷത്തോളം കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു .ഇതേൽപ്പിക്കുന്ന സാമ്പത്തികഭാരം എത്രയാണെന്ന് നാം ഒരു നിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു .അഞ്ച് ലക്ഷം കോടിയോളം ബാധ്യതയും ഇനിയും ഉയരാവുന്ന മറ്റ് ചിലവുകളിലെ കടമെടുപ്പും കൂടിയാകുമ്പോൾ കേരള ജനത ഇന്ന് ശ്രീലങ്കയിലെ ജനങ്ങൾ അനുഭവിക്കുന്ന അവസ്ഥയിലേക്ക് എത്തുമെന്ന് ഉറപ്പിച്ച് പറയാം. ഇത് സംസ്ഥാന സാമ്പത്തിക രംഗത്തെ ഒരു വശം, മറുവശത്ത് ഇതേൽപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എന്തെല്ലാം .ഇത്ര വലിയ പദ്ധതിക്കായി നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കുന്നുകളും മലകളും ഇടിക്കുക .പദ്ധതിക്കാവശ്യമായ വിഭവങ്ങൾക്കായി സഹ്യപർവ്വതം ഇനിയും തുരക്കപ്പെട്ടേക്കാം .ഫലമോ കാലാവസ്ഥാ വ്യതിയാനവും ,2018 ലെ ഭീകരമായ പ്രളയത്തെപ്പോലെ വീണ്ടും വിളിച്ചു വരുത്താവുന്ന അപകടവും .വിഴിഞ്ഞം പദ്ധതി പാറക്കല്ലിൻ്റെ ലഭ്യതക്കുറവ് കാരണം ഇനിയും പൂർത്തിയാക്കാൻ പറ്റിയിട്ടില്ല എന്നോർക്കണം .അപ്പോഴാണ് കെ റെയിലിന് വേണ്ടി വീണ്ടും വാദം ഉയരുന്നത് . സ്റ്റാൻഡേർഡ് ഗേജിൽ വിഭാവനം ചെയ്യുന്ന കെ-റെയിൽ ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകാൻ ഒരു തരത്തിലും സാധിക്കില്ല .ഇതിനർഥം കേരള റയിൽ ചുരുക്കത്തിൽ കേരളത്തിനു മാത്രമായി ഉപകരിക്കുന്ന സ്ഥിതിയാകും .ഭാരിച്ച നിർമ്മാണ ചെലവ് കേരളത്തിന് ഇന്നത്തെ നിലയ്ക്ക് താങ്ങാവുന്നതുമല്ല .അവിടെയാണ് ഇ.ശ്രീധരനെ പോലെയുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്ന ബദൽ നിർദ്ദേശങ്ങളുടെ പ്രാധാന്യം .വളരെയേറെ വളവുകൾ ഉള്ള ഭാഗത്ത് സ്ഥലമേറ്റെടുത്ത് നിവർത്തി പുതിയ ലൈൻ സ്ഥാപിക്കുന്നതിലൂടെ കെ റെയിൽ വിഭാവനം ചെയ്യുന്ന സമയക്രമത്തിലും വേഗതയിലും ഏകദേശം പതിനായിരത്തിനും പതിനയ്യായിരത്തിനും കോടി രൂപ ചിലവിൽ ഒതുക്കി കേരളത്തിന് റയിൽ വികസനം റയിൽവേയുമായി ബന്ധപ്പെടുത്തി പകുതി ചിലവിൽ പൂർത്തിയാക്കാം ….. അങ്ങിനെ വരുമ്പോൾ വലിയ അഴിമതികൾക്ക് സ്ഥാനമില്ലാതാകുന്നത് ചിലർക്ക് ഇഷ്ടമില്ലാതാകും അതാണ് ഇപ്പോഴത്തെ പിടിവാശി .ഇരുപതിനായിരം കുടുംബങ്ങളെ തെരുവിലേക്കിറക്കുന്ന ഈ പദ്ധതി ചിലവ് കുറച്ച് ഭംഗിയായി ചെയ്യാവുന്ന മേൽപ്പറഞ്ഞ നിർദ്ദേശമാണ് കൂടുതൽ അഭികാമ്യം .അതിന് സംസ്ഥാന സർക്കാർ ധാർഷ്ട്യം വെടിയണം .

ബേബി മണക്കുന്നേൽ,
പ്രസിഡൻ്റ്,
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC ) യു.എസ്.എ