കെ-റെയിലിനെതിരെ കോട്ടയത്ത് പ്രതിഷേധം, നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം

sponsored advertisements

sponsored advertisements

sponsored advertisements

17 March 2022

കെ-റെയിലിനെതിരെ കോട്ടയത്ത് പ്രതിഷേധം, നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം

കോട്ടയം: കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം പൊലീസുകാരുമായുള്ള സംഘര്‍ഷത്തിലേക്ക് വഴിവച്ചു. നാട്ടുകാര്‍ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.

മനുഷ്യശൃംഖല തീര്‍ത്തായിരുന്നു രാവിലെ മുതല്‍ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കല്ലിടല്‍ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയില്‍ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടര്‍ന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീര്‍ത്ത് നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമഷക്കാര്‍ പറഞ്ഞു. മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.

പിന്നീട് കെ റെയില്‍ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കെ റെയില്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പൊലീസ് പ്രതിഷേധക്കാര്‍ക്ക് മുന്നറിപ്പ് നല്‍കി. എന്നാല്‍, പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗോ ബാക്ക് വിളികളുയര്‍ത്തി. തുടര്‍ന്നാണ് സമരക്കാരും പൊലീസും നേര്‍ക്കുനേര്‍ വരുന്ന സ്ഥിതിയുണ്ടായത്. പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. പ്രതിഷേധത്തില്‍ നിന്ന് പിന്മാറാതെ സമരക്കാര്‍ പൊലീസ് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ബലപ്രയോഗം വേണ്ടിവന്നത്.

മണ്ണെണ്ണ കയ്യിലെടുത്ത് വളരെ വൈകാരികമായി സ്ത്രീകള്‍ പ്രതിഷേധിച്ചു. മണ്ണെണ്ണ മാറ്റിവെക്കാനും കുട്ടികളെ സമരസ്ഥലത്തു നിന്ന് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് സമരക്കാര്‍ തയ്യാറായില്ല. ഇതോടെയാണ് വനിതാ പൊലീസ് അങ്ങനെയുള്ളവരെ ബലം പ്രയോഗിച്ച് നീക്കിയത്. ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ഉദ്യോഗസ്ഥര്‍ പൊലീസ് സുരക്ഷയില്‍ കെ റെയില്‍ സര്‍വ്വേക്കല്ലിട്ടു. ജില്ലയില്‍ 16 പഞ്ചായത്തുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്.

എറണാകുളം മാമലയിലും കെ റെയിലിനെതിരെ പ്രതിഷേധം ഉണ്ടായി. അതിരടയാള കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസഥരെ വീടുകളിലേക്ക് പ്രവേശിപ്പിക്കാതെ നാട്ടുകാര്‍ തടഞ്ഞു. പുരയിടങ്ങളിലാണ് ഇവിടെ കല്ലുകള്‍ സ്ഥാപിക്കേണ്ടത്. നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. കെ റെയില്‍ ഉദ്യോഗസ്ഥരും പൊലീസുകാരും മാത്രമാണ് എത്തിയത്. സര്‍വ്വേ ഉദ്യോഗസ്ഥരെത്താതെ സര്‍വ്വേ നടത്താനാവില്ലെന്ന നിലപാടിലാാണ് നാട്ടുകാര്‍. തുടര്‍ന്ന് പൊലീസിന്റെ സുരക്ഷയോടെ മതിലുകളും ഗേറ്റുകളും ചാടിക്കടന്നാണ് കല്ലുകള്‍ സ്ഥാപിക്കുന്നത്.