തിരുവനന്തപുരം: അതിരടയാള കല്ലിടല്‍ നിര്‍ത്തിവച്ചിട്ടില്ലെന്ന് കെ റെയില്‍ എം ഡി വി അജിത് കുമാര്‍. സര്‍ക്കാരിന്റെയോ ഏജന്‍സിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സില്‍വര്‍ലൈന്‍ സര്‍വേ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ റെയില്‍ എം ഡി വ്യക്തമാക്കി.
സംസ്ഥാനത്ത് കല്ലിടല്‍ നിര്‍ത്തിവച്ചതായി കരാര്‍ ഏറ്റെടുത്ത ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു.പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജന്‍സി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം.പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കും സര്‍വേ ഉപകരണങ്ങള്‍ക്കും കേട് പാടുകള്‍ വരുത്തുന്നു. വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സര്‍വേ തുടരാന്‍ ബുദ്ധിമുട്ടാണെന്നും ഏജന്‍സി വ്യക്തമാക്കിയിരുന്നു.
എറണാകുളം ജില്ലയില്‍ സില്‍വര്‍ലൈന്‍ സര്‍വേ നിര്‍ത്തിവച്ചിരുന്നു. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇക്കാര്യം കെ റയില്‍ അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം എറണാകുളം ജില്ലയില്‍ 12 കിലോമീറ്റര്‍ മാത്രമേ സര്‍വേ പൂര്‍ത്തീകരിക്കാനുള്ളൂ. വടക്കന്‍ കേരളത്തിലും ഇന്ന് സര്‍വേ നടപടികളില്ല. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്നത് വരെ സര്‍വേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്.