സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് കേന്ദ്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി

sponsored advertisements

sponsored advertisements

sponsored advertisements


12 January 2022

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് കേന്ദ്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് കേന്ദ്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പബ്ലിക് ഹിയറിംഗ് നടത്തുമെന്നും ‘ചിന്ത’ വാരികയില്‍ എഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

പുനരധിവാസത്തിന് ഉള്‍പ്പെടെ ആവശ്യമായ 1383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ട് പോകാന്‍ കേന്ദ്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് റെയില്‍വെയും തത്വത്തില്‍ അംഗീകാരം നല്‍കി. സാമ്പത്തിക സഹായം നല്‍കാന്‍ അന്താരാഷ്ട്ര സ്ഥാപനമായ ജൈക്ക ഉള്‍പ്പെടെ മുന്നോട്ട് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

ഇത്തരം വിദേശ വായ്പകള്‍ക്ക് നീതി ആയോഗും കേന്ദ്ര ധന റെയില്‍വെ മന്ത്രാലയങ്ങളും അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു. പശ്ചാത്തല വികസനത്തിന് കടമെടുക്കാത്ത ഒരു സര്‍ക്കാരും ഇവിടെയില്ല. ജനങ്ങളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പബ്ലിക് ഹിയറിംഗ് നടത്തും. റെയില്‍വെ ലൈന്‍ കടന്ന് പോകുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികളോട് പദ്ധതി വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു.

എന്നാല്‍ മുഖ്യമന്ത്രി വെറുതെ ലേഖനമെഴുതിയാല്‍ പോരെന്നും കേന്ദ്രാനുമതി എത്തരത്തിലുള്ളതാണെന്ന് കൃത്യമായി വിശദീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും സാങ്കേതിക സാമ്പത്തിക സാധ്യത പരിശോധിച്ചേ പദ്ധതി നടപ്പാക്കൂവെന്നും റെയില്‍വേ സഹമന്ത്രി റാവുസാഹെബ് ധാന്‍വെ അറിയിച്ചിരുന്നു.

അതിനിടെ പദ്ധതിക്കായി കോടികള്‍ മുടക്കിയുള്ള പ്രചരണത്തിന് സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.