സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ല; മാറ്റുന്നത് കല്ലിടല്‍ മാത്രം: ഇപി ജയരാജന്‍

sponsored advertisements

sponsored advertisements

sponsored advertisements

17 May 2022

സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ല; മാറ്റുന്നത് കല്ലിടല്‍ മാത്രം: ഇപി ജയരാജന്‍

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നും നടപ്പിലാക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കല്ലിടൽ മാത്രമാണ് മാറ്റിയത്. സർക്കാർ സംഘർഷത്തിന് ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷം ഇപ്പേൽ പദ്ധതിയെ അനുകൂലിച്ച് തുടങ്ങിയോ എന്നും ജയരാജൻ ചോദിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുമോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരമുള്ള സർവെ വൈകാതെ ആരംഭിക്കുമെന്ന് കെ റെയിൽ വ്യക്തമാക്കി. കല്ലിടൽ നിർത്തുമെന്ന് ഉത്തരവിൽ പറയുന്നില്ലെന്ന് കെ റെയിൽ എംഡി വി അജിത് കുമാർ പറഞ്ഞു.

എതിർപ്പില്ലാത്ത ഭൂമിയിൽ കല്ലിടും. അല്ലാത്ത സ്ഥലങ്ങളിലാണ് അടയാളമിടുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ചാൽ മതിയെന്ന് റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. കെ റെയിൽ കല്ലിടലുകൾക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

സർവെകൾക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു.കെ റെയിൽ നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി.

സർവെ നടത്താൻ സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതുമാറ്റുന്നത് പതിവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമഠത്ത് ഉൾപ്പെടെ പ്രതിഷേധങ്ങൾ അരങ്ങേറി. ഇതേത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കെ റെയിൽ കല്ലിടൽ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.