എഴുത്തുകാർ എപ്പോഴും പ്രതിപക്ഷമാണ്: ഡോ. കെ എസ് രവികുമാർ

sponsored advertisements

sponsored advertisements

sponsored advertisements

24 April 2022

എഴുത്തുകാർ എപ്പോഴും പ്രതിപക്ഷമാണ്: ഡോ. കെ എസ് രവികുമാർ

(പി ഡി ജോർജ് നടവയൽ, ലാനാ വൈസ് പ്രസിഡൻ്റ്)

നാഷ്വിൽ: എഴുത്തുകാർ എപ്പോഴും പ്രതിപക്ഷമാണെന്ന് പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ. കെ എസ് രവികുമാർ. ലാനയുടെ രജത ജൂബിലി ആഘോഷങ്ങളിലെ, സാഹിത്യോത്സവ പരമ്പരയ്ക്ക്, തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു സംസ്കൃത സർവകലാശാലാ മുൻ പ്രോവൈസ്ചാൻസിലർ ഡോ. കെ എസ് രവികുമാർ. “സമകാല മലയാള കഥ” എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

ഡോ. കെ എസ് രവികുമാർ: “ബഹുമുഖമായ പരിവർത്തനങ്ങളിലൂടെ മലയാള കഥ കടന്നു പോകുന്നു. വൈവിദ്ധ്യത്തിൻ്റെയും ബഹുസ്വരതയുടെയും രീതിയാണിപ്പോൾ ചെറുകഥയിൽ നിറയുന്നത്. ഡിജിറ്റൽ വലയിലാണ് നാമിപ്പോൾ. സൈബർ സാഹിത്യം വളരുന്നു. സോഷ്യൽ മീഡിയായിലൂടെയുള്ള രചനകൾ പുതിയ ചക്രവാളമാകുന്നു. അടിച്ചമർത്തലിൻ്റെ കെട്ടു പാടുകളില്ലാതെ പുതു രീതികൾ കഥകളിൽ നിറയുന്നു. കേന്ദ്രീകൃതമായ ആശയങ്ങളിൽ നിന്ന് കഥയും മറ്റും വിമോചിതമാകുന്നു. കാര്യം എങ്ങനെ പറയുന്നൂ എന്നതിനാണ് പ്രസക്തി. സഹജാഭിരുചിയാണ് കഥാകൃത്തുക്കൾക്ക് കരുത്തേകുക. പ്രശ്ന രഹിതമായ അന്തരീക്ഷത്തിൽ പ്രതികരണമുണ്ടാകില്ല. പ്രശ്ന ഭരിതങ്ങളായ കാലങ്ങളിലാണ് പ്രതികരിച്ചു കൊണ്ടുള്ള സാഹിത്യ രചനകൾ ഉണ്ടാകുക. എഴുത്തുകാർ എപ്പോഴും പ്രതിപക്ഷമാണ്. സൃഷ്ടിപരമായ പ്രതിഭാശക്തികൊണ്ട് പ്രതികരിക്കാൻ കഴിയണം. മനുഷ്യ നമയെക്കുറിച്ചുള്ള കരുതലാണ് മുഖ്യം.”

“കഥാ പ്രപഞ്ചവുമായി ‘നറേറ്റോളജി’ ബന്ധപ്പെട്ടിരിക്കുന്നു. (സംഭവങ്ങളെ കാലക്രമമനുസരിച്ച് വിവരിക്കുന്ന ശാസ്ത്രം അഥവാ ആഖ്യാനശാസ്ത്രം, വിശാലമായി പറഞ്ഞാൽ, ആഖ്യാന ഘടനകളെയും മനുഷ്യർ അവ എങ്ങനെ ഗ്രഹിക്കുകയും സൃഷ്ടിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള പഠനമാണല്ലോ നറേറ്റോളജി). പത്ര വാർത്തകൾ പോലും ന്യൂസ് സ്റ്റോറിയാണ്. മലയാള സാഹിത്യത്തിൽ നോവലും കഥയും വേറിട്ട് നിലകൊള്ളുന്നു. കഥയില്ലാതെയും കഥ രചിക്കാനാവുമെന്ന് തെളിയിച്ച കഥകളുമുണ്ട്. സമകാലം-കൊണ്ടമ്പററി- എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ ദിവസം, ഈ മാസം, ഈ വർഷം എന്നല്ല, മറിച്ച് സമീപ ഭൂതകാലത്തെയും ഉൾക്കൊള്ളിച്ചാണ്.

കഥാ സാഹിത്യത്തിൽ ഭാവുകത്വപരമായി വന്ന മാറ്റങ്ങളെ സാമാന്യമായിവിശദീകരിക്കാൻ ശ്രമിക്കാം. കഥയിൽ വന്ന സ്വാഭാവ വ്യതിയാനമാണ് ആദ്യത്തേത്. അതായത്, പരിണാമം. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്ത കാലം മുതൽ, കഥയുമുണ്ടായി. സംവേദന മാധ്യമമായിരുന്നു അത്. വാക്കിൻറെ കല ഉപയോഗിച്ച് ഗോത്ര നേതാക്കളും പുരോഹിതരും സ്വാധീനം ഉറപ്പിച്ചിരുന്നു.

വേട്ടയെടുത്ത് ഉപജീവനം തുടങ്ങിയ മനുഷ്യൻ്റെ കാലത്ത് , വേട്ട മാംസം ചുട്ടു വേകാനുള്ള കാത്തിരിപ്പു വേളകളിൽ വേട്ടക്കാർ വേട്ടക്കേമങ്ങളെക്കുറിച്ച് വിവരിച്ചിരുന്നപ്പോൾ കഥ പറച്ചിൽ തുടങ്ങി. അതു പിന്നീട് നാടോടി കഥാഖ്യാനമായി. മുത്തശ്ശിക്കഥകൾ, യക്ഷിക്കഥകൾ എന്നിങ്ങനെ അനവധി പ്രാചീന കഥാ സഞ്ചയങ്ങൾ പാരമ്പര്യമായി ഖനി നിധി പോലെ നിലകൊള്ളുന്നു. സംസ്കാരത്തിൻ്റെ വളർച്ചയ്ക്ക് അതുപകരിച്ചു. അച്ചടി വന്നതുകൊണ്ടാണ് കഥാ രീതി പിന്നെയും വികസി ച്ചത്. വായനക്കാരെ രസിപ്പിക്കുന്നതിനാണ് തുടക്കത്തിൽ ചെറുകഥാ രീതി രൂപം കൊണ്ട് വികസിച്ചത്. റ്റെയിൽസ് എന്ന കെട്ടുകഥാ രൂപങ്ങൾ ജിജ്ഞാസ ഉളവാക്കുന്നവയായിരുന്നു. അവസ്ഥയുടെ, സാഹചര്യത്തിൻ്റെ വൈകാരികമായ ചലനമോ വിവരണമോ എന്നതിനോടൊപ്പം മൂല്യങ്ങളുടെ വിലയനവും ഇത്തരം കഥകളിൽ നിറഞ്ഞു.

“വാസനാവികൃതി’ മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കപ്പെടുന്നു. 1891ൽ ‘വിദ്യാവിനോദിനി’ മാസികയിൽ പ്രസിദ്ധീകരിച്ച, മലയാളത്തിലെ, ആദ്യം അച്ചടിച്ചു വന്ന ചെറുകഥയായ ‘വാസനാവികൃതി’ എഴുതിയത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരാണ്. (കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ, പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി വിമർശിച്ചിരുന്നു).ഭാവ ശക്തിയും വൈകാരിക പ്രാധാന്യവും പകരുന്ന വിധത്തിൽ വർണ്ണനകൾ നിറച്ച് വേണം ചെറുകഥ ഉണ്ടാക്കേണ്ടത് എന്നായിരുന്നു അന്നത്തെ രീതി. എപ്പോഴും പുതുമയുള്ള രചനകൾ സൃഷ്ടിക്കണമെന്ന ശ്രമം എല്ലാ കഥാകൃത്തുക്കളിലും രചയിതാക്കളിലും കാണാൻ കഴിയും. ചിലത് മാറ്റിമറിക്കാൻ നോക്കുമ്പോഴും ചില കാര്യങ്ങൾ മാറാതെ നിൽക്കും.

കഥയിൽ സംഭവങ്ങൾ, കാലയളവ്, അനുബന്ധ ഘടകങ്ങൾ എന്നിവ സംക്ഷിപ്തമായിട്ടും ഏകാഗ്രമായിട്ടും വേണം. വായനയുടെ ആഹ്ലാദം, ശിക്ഷണം എന്നിവയൊക്കെ ലഭിക്കാൻ പുതിയ എഴുത്തുകാർ വായന ശീല മാക്കണം.

ചെറുകഥയുടെ അക്കാഡമിക് വശങ്ങൾ ഔപചാരികമായി പഠിക്കാതെ തന്നെ പ്രതിഭാ വിലാസം കൊണ്ട് മനോഹരമായ കഥകൾ രചിക്കാൻ കഴിഞ്ഞ കഥാകാരനാണ് കാരൂർ നീലകണ്ഠപ്പിള്ള. സൗന്ദര്യ ശാസ്ത്രം തിളങ്ങിയ കഥകളാണ് കാരൂരിൻ്റേത്. പ്രതിഭാശാലികൾക്ക് ഈ രീതിയിൽ കഥ രചിക്കാൻ കഴിയും. പ്രതിഭാപരമായ വ്യാപാരം ആണിത്. അതുകൊണ്ടാണ് ഭിന്നമായ രീതിയിൽ എഴുതിയത്. ബോധധാര, മനുഷ്യ മനസ്സിൻറെ ചിത്ത വൃത്തികൾ, ആഖ്യാതാവിൻറെ മനോഗതികൾ എന്നിവയൊക്കെ ഈ കഥകളിലുണ്ട്.

ആധുനിക കാലഘട്ടം, കടംകഥയുടെ സ്വഭാവം കഥകളിൽ സ്വീകരിച്ചു. മാധവിക്കുട്ടിയും മുകുന്ദനും അത്തരം രചനയുടെ ആൾക്കാരാണ്. ഒരു പ്രഹേളികാ സ്വഭാവം, ജീവിതത്തെ ദാർശനികമായി കാണുന്ന രീതി, അസ്തിത്വത്തിൻ്റെ പൊരുൾ തേടൽ, നിഷേധാത്‌മകമായ കാഴ്ച്ചപ്പാടുകൾ ഇതെല്ലാം അത്തരം കഥകളിൽ നിറഞ്ഞു.

തുടർന്നങ്ങോട്ട് ഇടതുപക്ഷ ചായ്വും ചുവന്ന പരിവർത്തനവും 1970കളിൽ മലയാളചെറുകഥാ മേഖലയിൽ കാണാൻ കഴിഞ്ഞു. ജെനുസൈഡിനെക്കുറിച്ച്, ലിംഗ പദവിയെക്കുറിച്ച്, ഭിന്ന ലൈംഗിക സാദ്ധ്യതകളെക്കുറിച്ച്, അവകാശങ്ങളെക്കുറിച്ച്, നിയമനിർമ്മാണങ്ങളെക്കുറിച്ച്, തൊഴിലവസരങ്ങളെക്കുറിച്ച്, ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച്, സ്വത്വ പ്രകാശനത്തെക്കുറിച്ച്, ശരീരത്തെ പ്രധാനപ്പെട്ട രൂപകമാക്കിക്കൊണ്ട് എല്ലാം കഥകൾ രചിക്കപ്പെട്ടു.അവകാശങ്ങൾ, നിയമനിർമാണം, തൊഴിലവസരങ്ങൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, സ്വത്വ പ്രകാശനം എന്നിങ്ങനെയുള്ള വിഷയങ്ങളും കഥകളിൽ നിറഞ്ഞു.

മാറ്റത്തിൻറെ രാഷ്ട്രീയത്തെക്കുറിച്ചും മാറുന്ന ദേശീയ സങ്കല്പങ്ങളെ കുറിച്ചും ആധിപത്യങ്ങളെ അതിവർത്തിക്കുന്ന ശ്രമങ്ങളെക്കുറിച്ചും കഥകൾ ഉണ്ടായി. ഭരണകൂടങ്ങളെ, ബൗദ്ധികമായ പ്രതിരോധങ്ങൾ നിറച്ച്, സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യുന്ന, പ്രമേയങ്ങൾ കഥകളിൽ ഉണ്ടായി. ഇന്ത്യയുടെ തനിമ അഹിംസയാണ്, ബുദ്ധനും ഗാന്ധിയും ഇന്ത്യക്ക് രാഷ്ട്രീയമായി പ്രധാനമാണ് എന്നിരിക്കിലും, അഹിംസയുടെ പ്രവാചകൻ ഇന്ത്യയിൽഹിംസയുടെ ഇരയായി.

സമീപ ഭൂതകാലം രാജ്യത്തിൻറെ ഐഡൻറിറ്റി നഷ്ടപ്പെടുനഷ്ടപ്പെടുന്നതിൻ്റേതായിരുന്നു. 1990-കളിൽ സൂക്ഷ്മ വിതാനത്തിലുള്ള രാഷ്ട്രീയവും പാരിസ്ഥിതിക പ്രശ്നങ്ങളും പുതിയ കഥാ പ്രമേയങ്ങളുടെ ഭാഗമായി. സുഗതകുമാരിയുടെ ‘സൈലൻറ് വാലിയെ’ ഈ അവസരത്തിൽ ഓർക്കുന്നു. ഏകാകിയുടെ വിഷാദഛായ കഥകളിൽ കാണായി. വായു, വെള്ളം, മണ്ണ് ഇതെല്ലാം നമ്മിൽ നിന്ന് പിടിച്ചെടുക്ക പ്പെടുന്നു. ഇന്നിപ്പോൾ കുടിവെള്ളം വിലകൊടുത്ത് വാങ്ങുന്ന അവസ്ഥയാണ്. ഓക്സിജൻ കിയോസ്ക്കുകൾ ഡൽഹിയിൽ പോലും നിലവിലായി; കേരളത്തിലേക്ക് വരുവാൻ അധികം കാലം ഉണ്ടോ? സ്വന്തം കിടപ്പാടത്തിൽ നിന്ന് സ്വന്തം വേരുകൾ മുറിച്ചു മാറ്റേണ്ടിവരുന്നവരുടെ കഥകൾ 1990-കളിൽ നിറഞ്ഞിരുന്നു. ആത്മവിശ്വാസത്തോടുകൂടി, സ്വത്വ ബോധത്തോടുകൂടി, ജനിച്ചുവളർന്ന വംശീയ ബോധത്തോടുകൂടി ദളിത് സാഹിത്യം രൂപപ്പെട്ടു.

മാനവികത, വിശ്വപൗരൻ, എന്നെല്ലാമുള്ള കാഴ്ചപ്പാടുകളിലൂടെ മനുഷ്യനെ നിർവചിക്കുന്ന മേഖലകളിലേക്ക് കഥാ സാഹിത്യം ഒരുപടികൂടി കടന്നു. വെളുത്തവർ, പുരുഷൻ എന്നീ നിലപാടുകൾക്കു പ്രാധാന്യം നൽകുന്ന യൂറോപ്യൻ വിലയിരുത്തലുകളെ ചോദ്യം ചെയ്തുകൊണ്ടുള്ള രചനകളുടെ കാലമായി. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതൊക്കെയും ഹിംസയാണെന്ന പ്രമേയങ്ങളിലുള്ള കഥകളുണ്ടായി. പ്രതിരോധ സാന്നിധ്യം കഥകളിൽ നിറഞ്ഞു. വളരെ വ്യത്യസ്തമായ രീതിയിൽ കഥകളുടെ സ്വഭാവം മാറി.

കടങ്കഥാ സ്വഭാവം പോയി, ഇപ്പോൾ റിയലിസം തിരിച്ചു വരികയാണോ എന്നു തോന്നും. ആദിമവാസ്സികളെക്കുറിച്ച്, തെരുവു തെണ്ടികളെക്കുറിച്ച്, പാർശ്വവത്ക്കരിക്കപ്പെട്ടവരെക്കുറിച്ച് എല്ലാം കഥകൾ പുതുതായി വരുന്നു. ബഹുമുഖമായ പരിവർത്തനങ്ങളിലൂടെ മലയാള കഥ കടന്നു പോകുന്നു. വൈവിദ്ധ്യത്തിൻ്റെയും ബഹുസ്വരതയുടെയും രീതിയാണിപ്പോൾ ചെറുകഥയിൽ നിറയുന്നത്. ഡിജിറ്റൽ വലയിലാണ് നാമിപ്പോൾ.സൈബർ സാഹിത്യം വളരുന്നു. സോഷ്യൽ മീഡിയായിലൂടുള്ള രചനകൾ പുതിയ ചക്രവാളമാകുന്നു. അടിച്ചമർത്തലിൻ്റെ കെട്ടു പാടുകളില്ലാതെ പുതു രീതികൾ കഥകളിൽ നിറയുന്നു. കേന്ദ്രീകൃതമായ ആശയങ്ങളിൽ നിന്ന് കഥയും മറ്റും വിമോചിതമാകുന്നു. കാര്യം എങ്ങനെ പറയുന്നൂ എന്നതിനാണ് പ്രസക്തി. സഹജാഭിരുചിയാണ് കഥാകൃത്തുക്കൾക്ക് കരുത്തേകുക. പ്രശ്ന രഹിതമായ അന്തരീക്ഷത്തിൽ പ്രതികരണമുണ്ടാകില്ല. പ്രശ്ന ഭരിതങ്ങളായ കാലങ്ങളിലാണ് പ്രതികരിച്ചു കൊണ്ടുള്ള സാഹിത്യ രചനകൾ ഉണ്ടാകുക. എഴുത്തുകാർ എപ്പോഴും പ്രതിപക്ഷമാണ്. സൃഷ്ടിപരമായ പ്രതിഭാശക്തികൊണ്ട് പ്രതികരിക്കാൻ കഴിയണം. മനുഷ്യ നമയെക്കുറിച്ചുള്ള കരുതലാണ് മുഖ്യം.”

സാഹിത്യ നിരൂപകനും ഗ്രന്ഥകാരനുമായ ഡോ. കെ എസ് രവികുമാർ 1983 മുതൽ പന്തളം, നിലമേൽ എൻ.എസ്.എസ് കോളേജുകളിലും തിരുവനന്തപുരം മഹത്മാഗാന്ധി കോളേജിലും അധ്യാപകനായിരുന്നു. 2010 മുതല്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയില്‍ മലയാളവിഭാഗം പ്രൊഫസറും വകുപ്പുമേധാവിയുമായി പ്രവർത്തിച്ചു.

ചെറുകഥ- വാക്കും വഴിയും, കഥയും ഭാവുകത്വപരിണാമവും, ആഖ്യാനത്തിന്റെ അടരുകള്‍, കഥയുടെ കഥ, ആധുനികതയുടെ അപാവരണങ്ങള്‍, കഥയുടെ വാര്‍ഷികവലയങ്ങള്‍ (സാഹിത്യനിരൂപണം), 100 വര്‍ഷം 100 കഥ (ആമുഖപഠനം), ജാതക കഥകള്‍, ഹിതോപദേശ കഥകള്‍ (പുനരാഖ്യാനം) എന്നിവയാണ് കൃതികള്‍. കടമ്മനിട്ടക്കവിത, ബഷീറിന്റെ നൂറ്റാണ്ട്, കെ സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണകൃതികള്‍, നവോത്ഥാനകഥകള്‍, ആദ്യകാലകഥകള്‍ എന്നിവ എഡിറ്റുചെയ്തു.കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാരതീയ സാഹിത്യശില്പികൾ പരമ്പരയിൽ വിലാസിനി, തകഴി എന്നീ മോണോഗ്രാഫുകളും കേരള സർവകലാശാലയുടെ മലയാള സാഹിത്യനായകന്മാർ പരമ്പരയിൽ ‘കാരൂർ’ എന്ന പുസ്തകവും പുറത്തുവന്നു.കേന്ദ്രസാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലും മലയാളം ഉപദേശകസമിതിയിലും അംഗമായിരുന്നു. സാഹിത്യനിരൂപണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി തായാട്ട് അവാര്‍ഡ്, ഡോ. സി പി മേനോന്‍ സ്മാരക പുരസ്‌കാരം, ടി എം ചുമ്മാര്‍ സ്മാരക സുവര്‍ണ്ണ കൈരളി പുരസ്‌കാരം,നരേന്ദ്രപ്രസാദ് സ്മാരക സാഹിത്യനിരൂപണ പുരസ്കാരം, ഫാദര്‍ ഏബ്രഹം വടക്കേല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് യു എസ് എ. യിലേയ്ക്കും കാനഡയിലേയ്ക്കും കുടിയേറിപ്പാർത്ത ഭാഷാസ്നേഹികളുടെ ദേശീയ സാഹിത്യ സംഘടനയാണ് ലാന. അനിലാൽ ശ്രീനിവാസൻ (പ്രസിഡണ്ട്), ജോർജ്ജ് നടവയൽ (വൈസ് പ്രസിഡണ്ട്), ശങ്കർ മന (ജനറൽ സെക്രട്ടറി), ഷിബു പിള്ള (ജോയിന്റ് സെക്രട്ടറി), ഗീതാ രാജൻ (ട്രഷറർ), ഹരിദാസ് തങ്കപ്പൻ (ജോയിന്റ് ട്രഷറർ), പ്രസന്നൻ പിള്ള (പബ്ലിക്ക് റിലേഷൻസ് ചെയർ), സാമുവൽ യോഹന്നാൻ (പ്രോഗ്രാം കമ്മിറ്റി ചെയർ), കെ. കെ. ജോൺസൺ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം) എന്നിവരാണ് ലാനാ ഭാരവാഹികൾ.