ക്യാപ്റ്റൻ നിലംപരിശായി;കെ സുധാകരൻ

sponsored advertisements

sponsored advertisements

sponsored advertisements

3 June 2022

ക്യാപ്റ്റൻ നിലംപരിശായി;കെ സുധാകരൻ

കണ്ണൂർ: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഓരോ റൗണ്ടും വോട്ടെണ്ണിയപ്പോൽ ഓരോ കാതം പുറകോട്ടുപോകുകയാണ് എൽഡിഎഫ് ചെയ്തത്. ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് കോടിയേരി ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം ഇത് സർക്കാരിന്റെ വിലയിരുത്തലാണ്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ സുധാകരൻ പറഞ്ഞു.

കഴിഞ്ഞ കാലത്തെക്കാൾ തൃക്കാക്കരയിൽ ഉമയ്ക്ക് ഭുരിപക്ഷം ഉയരും. 20,000 വോട്ടിന് ജയിക്കുമെന്നും സുധാകരൻ പറഞ്ഞു. കേരളത്തിന്റെ ജനഹിതത്തിന്റെ പ്രതിഫലനമാണ് തൃക്കാക്കരയിൽ കണ്ടത്. ഇത് നാടിന്റെ ചിന്തയാണ്, ലക്ഷ്യമാണ്. അന്തസും ആത്മാഭിമാനവും ഉണ്ടെങ്കിൽ പിണറായി രാജിവയ്ക്കണം. മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ഒരിടത്തുപേലും മുന്നേറ്റം നടത്താൻ ആയിട്ടില്ല. ഉപതെരഞ്ഞടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി ജനം കാതോർക്കുകയാണെന്നും സുധാകരൻ പറഞ്ഞു

ഇതുവരെ കേരളം കാണാത്ത രീതിയിലാണ് എൽഡിഎഫ് പ്രചാരണം നടത്തിയത്. എല്ലാ അധികരദുർവിനിയോഗവും നടത്തി. കണ്ണൂരിൽ നിന്ന് ഉൾപ്പെടെയാളുകൾ കള്ളവോട്ട് ചെയ്യാൻ പോയിട്ടുണ്ട്. ഇതിനായി ഇവിടെ വ്യാജ ഐഡി കാർഡുകൾ ഉണ്ടാക്കിയതായും സുധാകരൻ പറഞ്ഞു. തൃക്കാക്കര നഗരമേഖലയായതുകൊണ്ടു അവിടെ എൽഡിഎഫുകാർ ധാരാളം കള്ളവോട്ടുകൾ ചെയ്തിട്ടുണ്ട്. എന്നിട്ടും എൽഡിഎഫ് ജയിച്ചില്ല. വരാൻ പോകുന്ന കോൺഗ്രസ് ഇതാണ്. കേരളത്തിൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഇത് വ്യക്തമാക്കുന്നത്. ഇത് കോൺഗ്രസിന്റെ പുതിയ മുഖമാണെന്നും ഈ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പുതിയ പ്രവർത്തനശൈലി ജനം നോക്കിക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയിൽ കേരളത്തിന് വേണ്ടെന്ന പ്രഖ്യാപനമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. പിണറായുടെ വികസനമല്ല നാടിന് വേണ്ട വികസനം. ഇത് തിരുത്താൻ എൽഡിഎഫ് തയ്യാറാകണം. ഇതിനുള്ള അവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം. പാർട്ടി പ്രവർത്തകകരുടെ കൂട്ടായ്മയാണ് ഈ വിജയം സമ്മാനിച്ചത്. എല്ലാ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഭരണം തിരിച്ചുപിടിക്കാൻ ഈ പ്രവർത്തനം തുടരണമെന്നും സുധാകരൻ പറഞ്ഞു.