കെ.റെയിലിന് ബദലായി ‘ഫ്ലൈ ഇന്‍ കേരള’ എന്ന പേരില്‍ ചെലവ് കുറഞ്ഞ അതിവേഗ വിമാന സര്‍വിസ് എന്ന ആശയവുമായി കോണ്‍ഗ്രസ് രംഗത്ത്. ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും കേരള ജനതക്കും മുന്പില് കെ.പി.സി.സി. പ്രസിഡന്റ് അവതരിപ്പിക്കുന്നത്. വിമാനങ്ങള്‍ വാങ്ങുന്നതിനടക്കം 1000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കെ റെയിലിന്റെ പോരായ്മകളും ‘ഫ്ലൈ ഇന്‍ കേരള’യുടെ മേന്മകളും വിശദമാക്കുന്ന റിപ്പോട്ടി െന്റ പൂര്‍ണരൂപമിങ്ങനെ:
ഒരു വികസന പദ്ധതി സംബന്ധിച്ചു കേരളചരിത്രത്തിലെ ഏറ്റവും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമിട്ട പദ്ധതിയാണ് കെ. റെയില്‍ സില്‍വര്‍ലൈന്‍. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെയെത്താന്‍ സൗകര്യമൊരുക്കാം എന്നാണ് വാഗ്ദാനം. പലര്‍ക്കും അത് പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
പക്ഷെ, അതിനു കേരളം എന്ത് വിലകൊടുക്കേണ്ടിവരും എന്നതാണ് ഈ ലേഖനത്തിന്റെ ആദ്യ ഭാഗം. ഇതേ പ്രശ്നത്തിന് കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്ന വളരെ ചിലവ് കുറഞ്ഞ, കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടാത്ത ഒരു ബദല്‍ പദ്ധതിയാണ് ഈ ലേഖനത്തിന്റെ ബാക്കി ഭാഗം. അത് വിലയിരുത്തി ഏറ്റവും ഉചിതം ഏതാണെന്നു നിങ്ങള്‍ തീരുമാനിക്കുക.
കെ. റെയില്‍ വിഭാവനം ചെയ്യുന്നത് ഒരാള്‍ക്ക് നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 1,457 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാമെന്നാണ്. ഈ ടിക്കറ്റ് നിരക്കില്‍ ആദ്യത്തെ വര്‍ഷം, അതായത്2025-26ല്‍ ഒരു ദിവസം ശരാശരി 79,934 യാത്രക്കാരുണ്ടാകുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. ആ വര്‍ഷം 2,276 കോടി വരുമാനമുണ്ടാകുമെന്നും ഡി.പി.ആറില്‍ പറയുന്നു.