കല സജീവൻ
എന്നെങ്കിലും ഒരു വീട് പണിയുകയാണെങ്കിൽ
അതിന് വാതിലുകളേ വേണ്ടെന്ന്
നതാഷ തീരുമാനിച്ചിട്ടുണ്ട്.
കാറ്റും വെളിച്ചവും മഴയുമൊക്കെ
അനുവാദം കാക്കാതെ അകത്തുവരണം.
തോന്നുമ്പോൾ കേറി വരാനും
മടുക്കുമ്പോൾ ഇറങ്ങിപ്പോകാനും
പറ്റുന്നൊരു കവാടം മതി –
മനുഷ്യനായാലും വീടിനായാലും-
ഓർത്തു നോക്കൂ – വാതിൽ മറന്ന് ,
ശ്വാസം മുട്ടിപ്പിടഞ്ഞ്,
ഓരോ ചുമരിലും തട്ടിത്തടഞ്ഞു വീണ് ,
മരിക്കുവോളം ചോര വാർന്ന് …….
ഒരിക്കലെങ്കിലും നിങ്ങൾ?
കുട്ടിക്കാലത്ത് വലിയ തറവാടിൻ്റെ
ഉമ്മറ വാതിലിലൂടെ കേറുമ്പോഴെല്ലാം
നതാഷയെ ഒരു ഭൂതം വന്ന്
തല പുറത്തേയ്ക്കിട്ട്
വഴക്കു പറയുമായിരുന്നു.
സന്ദർശക മണിയൊച്ചകൾ
വിരുന്നുകാർക്കുള്ളതാണ്.
കുട്ടികൾക്കുള്ളതല്ല.
പിച്ചളച്ചുറ്റുതിരിച്ചാലേ വാതിൽ തുറക്കൂ –
ഓരോ തവണയും കരകരയൊച്ച മുഴക്കി
കോട്ടവാതിൽ ദുർഭൂതത്തിൻ്റെ ഉറക്കം മുറിച്ചു.
നതാഷയെ ഒറ്റിക്കൊടുത്തു.
കൂട്ടുകുടുംബത്തിലെ
ദരിദ്രരായ കുട്ടികൾ
പണിക്കാർക്കൊപ്പം പിന്നാമ്പുറത്തു കൂടി
വീട്ടിൽ കയറണമെന്ന കാര്യം
വീണ്ടും വീണ്ടും അവൾ മറന്നു.
രാക്ഷസൻ കാവലിരിക്കുന്ന
പൂന്തോട്ടമെന്ന കഥ സ്കൂളിൽ പഠിച്ചതിൽ
പിന്നെയാണ് അവളുടെ സ്വപ്നത്തിൽ
വാതിലുകളില്ലാത്ത വീടുകൾ
പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.
പകലെല്ലാം പ്രകാശത്തിൻ്റെ പുഴയിൽ
തോണിയിറക്കിക്കളിക്കാവുന്നതും
രാത്രി നിലാവത്ത് നീന്തിക്കുളിക്കാവുന്നതുമായ വീട്.
അടച്ചുറപ്പില്ലാത്ത തുറസ്സെന്ന സ്വപ്നം.
കയറി വരുംപോലെത്തന്നെ
ചിരിച്ചുംകൊണ്ട് ഇറങ്ങിപ്പോരാൻ പറ്റുന്ന
അത്തരം വീടുകളുടെ ശില്പിയെ കണ്ടാൽ
ദൈവമെന്നു വിളിക്കണമെന്ന്
അവൾ സത്യമായും ആഗ്രഹിക്കുന്നു.